real life stories

ഓഫീസില്‍ നിന്നും നേരുത്തേ ഇറങ്ങി അതി ഭയങ്കരമായ ട്രാഫിക്കിനോടും ഇടിച്ചു കുത്തി പെയ്യുന്ന മഴയോടും മല്ലിട്ട്… 4.30 ആയപ്പോള്‍ ഒരുവിധം വീട്ടില്‍ എത്തി.. അടുത്ത രണ്ടു ദിവസം വയനാട്ടിലെ മേപ്പാടിക്ക് സമീപമുള്ള ഒരു റിസോര്‍ട്ടില്‍ ,  കോളേജില്‍  എന്റെ കൂടെ പഠിച്ച മറ്റു പതിനൊന്നു പേരുമായി  അടിച്ചു പൊളിക്കാനുള്ള യാത്രക്കുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ്  നേരുത്തേ എത്തിയത് .. 6.30 നു പുറപ്പെടുന്ന മലബാര്‍ എക്സ്പ്രെസ്സില്‍ ബിജുവും ഉണ്ട് കൂട്ടിന്.. .. ബിജു കോളേജ് പഠന കാലത്ത് എന്റെ സഹമുറിയാനായിരുന്നു.. കൊല്ലത്ത്കാരനാണ്..   പഠിത്തം കഴിഞ്ഞു പൂനെ, ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ട് ഇപ്പോള്‍ തിരുവനന്തപുരത്തെ  ടെക്നോപാര്‍ക്കില്ലാണ് ജോലി ..  നല്ല ഒരു ഗായകനാണ് ബിജു…. കോളേജില്‍ പാട്ടുകാരന്‍ ബിജു എന്നാണ് അറിയപ്പെട്ടിരുന്നത്.. കിഷോര്‍ കുമാറിന്റെ ആരാധകനാണ്.. മേരേ നൈനയും.. ചാഹൂങ്ക മേ തുജ്ചെയും.. മാണിക്യ വീണയുമെല്ലാം ബിജുവിന്റെ കയ്യില്‍ ഭദ്രം.. പക്ഷെ എറിയാനറിയുന്നവന്റെ കയ്യില്‍ ദൈവം  കല്ല് കൊടുക്കില്ല എന്ന് പറയുന്ന പോലെ ബിജു കോളേജ് ഡേയ്സില്‍ ഈ കഴിവ് അത്ര കാര്യമായി വിനിയോഗിച്ചില്ല എന്നാണ് എന്റെ വിശ്വാസം … എനിക്ക് എങ്ങാനും ആ കഴിവുണ്ടായിരുന്നെങ്കില്‍ പറയണോ ….പൊളിച്ചടുക്കിയേനെ…ഞങ്ങളുടെ ഒത്തുചേരലുകളിലെ ഒരു അവിഭാജ്യ ഘടകമാണ്  ബിജുവും ബിജുവിന്റെ പാട്ടും. സ്വതവേ ശാന്ത സ്വഭാവക്കരനാനെങ്കിലും ബിജുവിന്റെ ടെന്‍ഷന്‍ ലോക പ്രസിദ്ധമാണ്…

ബാഗ്‌ പായ്ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ ചിലച്ചു….പ്രതീക്ഷിച്ച പോലെ  ബിജുവിന്റെ കോള്‍ ആണ് .. സമയം 5.00 മണി.. ബിജു റെഡി ആണ് എന്ന് അറിയിക്കാന്‍ വിളിച്ചതാണ്.. ഒരു പക്ഷെ ബിജു നേരുത്തേ റെഡി ആയിക്കാണും.. ഞാന്‍ കൂടെ ചെല്ലുന്നില്ലായിരുന്നെങ്കില്‍ എപ്പോഴേ റെയില്‍വേ സ്റ്റേഷനില്‍ എത്തിയേനെ… ഇവിടെ എന്റെ പായ്ക്കിംഗ് പോലും കഴിഞ്ഞിട്ടില്ല .. പണ്ട് ജോലി അന്വേഷിച്ചു നടന്ന സമയത്ത് അടുത്ത ദിവസത്തെ ഇന്റര്‍വ്യൂ വിനു തലേന്നേ ഡ്രസ്സ്‌  ചെയ്യുന്ന ആളാണ്‌ കക്ഷി എന്നാണ് അസൂയക്കാര്‍ പറയുന്നത്  .. അങ്ങിനെ ഉള്ള ബിജുവിനെ കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കേണ്ട എന്ന് കരുതി ഞാനും പെട്ടന്ന് റെഡി ആയി.. ഏകദേശം 5.30 നു സഖിയോടും കുട്ടികളോടും യാത്രപറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങി.. റെയില്‍വേ  സ്റ്റേഷന്‍ 10 മിനിട്ട് യാത്ര ചെയ്യാനുള്ള ദൂരമേ  ഉള്ളൂ  ..   അധികം താമസമില്ലാതെ തന്നെ ഒരു ഓട്ടോറിക്ഷ കിട്ടി, ബിജുവിന്റെ താമസസ്ഥലം ലക്ഷ്യമാക്കി യാത്ര ചെയ്തു.. പ്രതീക്ഷിച്ച പോലെ ബിജു എന്നെ കാത്തു നിന്ന് ക്ഷമ കെട്ട്… ടെന്‍ഷന്‍ അടിച്ചു… മെയിന്‍ റോഡ്‌ ലക്ഷ്യമാക്കി നടന്നു വരുന്നത് ദൂരെ വച്ചേ ഞാന്‍ കണ്ടു… ഓട്ടോ നിര്‍ത്തി ബിജുവിനേയും കയറ്റി റെയില്‍വേ സ്റ്റേനിലേക്ക് യാത്രയായി … ഞങ്ങള്‍ അടുത്തടുത്താണ് താമസിക്കുന്നതെങ്കിലും തമ്മില്‍ കാണാറില്ല… കുറെ കാലത്തിനു ശേഷം കണ്ടത് കൊണ്ടാണന്നു തോന്നുന്നു .. ബിജു ആകെ ക്ഷീണിച്ചിരിക്കുന്നു…തലയില്‍ വെളുത്ത മുടികള്‍ ഭൂരിപക്ഷം നേടിയിരിക്കുന്നു…. “എനിക്കും വയസ്സായി എന്റെ മുടിക്കും വയസ്സായി” എന്ന് ബിജു മനസ്സില്‍ പറയുന്ന പോലെ തോന്നി .. ഏകദേശം ആറു മണിയായപ്പോഴേക്കും റെയില്‍വേ സ്റ്റേഷനില്‍ എത്തി… ഞങ്ങളുടെ ട്രെയിനും കേറാനുള്ള കോച്ച് കണ്ടെത്തി അതില്‍ കയറി ഇരുന്നു..

ട്രെയിന്‍ കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു.. ജോലി, കുടുംബം, പ്രാരബ്ധം .. തുടങ്ങിയവ സംബന്ധമായ ചില ചര്‍ച്ചകള്‍ ഞങ്ങളുടെ യാത്രവേളയിലെ വിരസതയെ അകറ്റി നിര്‍ത്തി..  ഏകദേശം 7.30 നു ആഹാരം കഴിച്ചു ..കഴിപ്പു കഴിഞ്ഞപ്പോള്‍ ചെന്നൈയില്‍ നിന്നും വയനാടിനു വരുന്ന ജിതേഷിനെ വിളിച്ചു .. അവനും ട്രെയിനിലാണ്…. ടിക്കറ്റ്‌ കണ്‍ഫേം ആയതു ലാസ്റ്റ് മിനിറ്റില്‍ ആണ്…. വരാന്‍ പറ്റുമെന്ന് വിചാരിച്ചില്ല…  എന്നൊക്കെ പറഞ്ഞു.. ഞങ്ങളുടെ ട്രെയിനും ജിതേഷ് വരുന്ന ട്രെയിനും ഏകദേശം ഒരേ സമയത്ത് കോഴിക്കോട്ട് എത്തും.. രാവിലെ കാണാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു..

ജിതേഷ് ആയിരുന്നു ചെങ്ങന്നൂരില്‍ എന്റെ ആദ്യ സഹ മുറിയന്‍ … ജിതേഷ്  എറണാകുളത്തുകാരനാണ് ….. ഒരുമിച്ചു താമസിച്ചപ്പോള്‍ പലപ്പോഴും അവന്റെ തുണികള്‍ എന്നെ കൊണ്ട് കഴുകിച്ചിട്ടുണ്ട്.. ഞങ്ങളുടെ ലോഡ്ജ് പമ്പയാറിന്റെ വളരെ അടുത്തായിരുന്നു…. അതുകൊണ്ട് തന്നെ തുണി കഴുകല്‍ മുഴുവന്‍ പമ്പയാറിലായിരുന്നു.. ഞാന്‍ രാവിലെ തുണികള്‍ സോപ്പുവെള്ളത്തില്‍ മുക്കി വക്കും… ഞാന്‍ റൂമില്‍ ഇല്ലാത്ത തക്കം നോക്കി ജിതേഷ് അവന്റെ തുണിയും അതില്‍ മുക്കും..  വെള്ള ഉടുപ്പും ഗ്രേ കളര്‍ പാന്റ്സും ആയിരുന്നു കോളേജ് യൂണിഫോം .. പലപ്പോഴും തുണി കഴുകി കഴിഞ്ഞാ അറിയുന്നത് ഞാന്‍ കഴുകിയത്തില്‍ ജിതേഷിന്റെ ഷര്‍ട്ടും പാന്റ്സും  ഉണ്ടെന്നുള്ള സത്യം.. തിരികെ റൂമില്‍ വന്നു ഇടിയുണ്ടാക്കുന്നതും മറ്റും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരും.. അങ്ങിനത്തെ ഒരു ഇടിയിലാണെന്ന് തോന്നുന്നു എന്നെയും അണ്ണനെയും  ശിവപാര്‍വതി ലോഡ്ജില്‍ നിന്നും പുറത്താക്കിയതും അതിനോട് ഐക്കദാര്‍ട്യം പ്രഖ്യാപിച്ചു ബിജുവും സ്വരൂപും കൂടി ശിവപാര്‍വതി ലോഡ്ജിന്റെ പടി ഇറങ്ങിയതും മറ്റൊരു വീട്ടില്‍ കുടിയേറിയതും…. ഏതായാലും ജിതേഷ് മിടുക്കനാ.. ഞങ്ങളുടെ സഹപാഠിയായ ലതെയും വേളികഴിച്ചു (പ്രേമ വിവാഹമായിരുന്നു.. ഞങ്ങളാരും അറിഞ്ഞില്ല അവര്‍ പ്രേമിച്ചത് ) ഇപ്പോള്‍ ചെന്നൈയില്‍ ആണ് താമസം..

4.൦൦ മണിക്ക് അലാറം വച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു… അടുത്തദിവസങ്ങളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സംഭവബഹുലവും സാഹസികവും രസകരവുമായ സംഭവങ്ങിലൂടെ ഊളിയിട്ടു എപ്പോഴോ ഉറങ്ങി…കൃത്യം 4 മണിക്ക് തന്നെ അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു… നോക്കിയപ്പോള്‍ ബിജു ഉണര്‍ന്നിരിക്കുന്നു…. അന്വേക്ഷിച്ചപ്പോള്‍ അര മണിക്കൂര്‍ മുമ്പേ ബിജു ഉണര്‍ന്നു എന്നറിഞ്ഞു .. ബിജു ഉണര്‍ന്നില്ലങ്കിലേ അത്ഭുദം ഉള്ളൂ…   സ്ഥലം ഏതാണെന്ന് രണ്ടാള്‍ക്കും ഒരു പിടുത്തോം കിട്ടിയില്ല.. ഗൂഗിള്‍ മാപ്സിനാണോ സ്ഥലത്തിന് പഞ്ഞം..  നോക്കിയപ്പോള്‍ തിരൂരായാതെ ഉള്ളൂ … വീണ്ടും ഒരു മണിക്കൂര്‍ യാത്രയുണ്ട് .. ഏതായാലും ഇനി ഉറങ്ങേണ്ടാ എന്ന് തീരുമാനിച്ചു.. ഏതായാലും ജിതേഷിനെ വിളിച്ചുനോക്കാം എന്ന് ബിജു പറഞ്ഞു..  ജിതേഷിനെ വിളിച്ചപ്പോള്‍ അവന്‍ പത്തു മിനിറ്റില്‍ കോഴിക്കോടെത്തും എന്ന് പറഞ്ഞു..

എന്നെയും ബിജുവിനെയും ജിതെഷിനേയും കൂടാതെ ബംഗ്ലൂരില്‍ നിന്നും 9 പേര്‍ കൂടി വരുന്നുണ്ട് ഈ ഒത്തു ചേരലിന്..അതുകൊണ്ട് അടുത്ത കോള്‍ ഷിറാസിനെ ആയിരുന്നു.. ഷിറാസ് എല്ലാ ഒത്തു ചേരലുകളുടെയും മുഖ്യ കണ്ണിയാണ് .. തിരുവനന്തപുരത്തുകാരനാണ് കക്ഷി.. ഇപ്പോള്‍ ബാംഗ്ലൂരില്‍ ആണ് താമസം.. വിളിച്ചപ്പോള്‍ ഷിറാസ് വീട്ടില്‍ നിന്നും ഇറങ്ങി… ബാക്കിയുള്ള ആള്‍ക്കാരെ കൂട്ടാനായി അവരുടെ വീട്ടിലേക്കുള്ള യാത്രയില്‍ ആണ്.. ഷിറാസിനെ കൂടാതെ സ്വരൂപ്‌, പ്രമോദ് , സുമേഷ്, ബിനു ബാലകൃഷ്ണന്‍ , ബോബ്ബി , സഫീര്‍ എന്നിവരാണ് ബംഗ്ലൂരില്‍ നിന്നും വരുന്നത്.. ഈ ഒത്തുചേരല്‍ പ്ലാന്‍ ചെയ്യാന്‍ തന്നെ കാരണക്കാരനായ സുശാന്ത് എന്ന വല്യേട്ടന് രാവിലെ തിരിക്കാന്‍ സാധിക്കില്ല.. പുള്ളിക്കാരനെ സാന്‍ഡി കൊടുംകാറ്റ് ചതിച്ചിരിക്കുന്നു..കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന ഏതോ റിലീസ് സാന്റി കാരണം ഒരാഴ്ച മാറി വീശി സുസാന്തിന്റെ വയനാട്‌ ട്രിപ്പിനെ തകിടം മറിച്ചു…ഏതായാലും സുശാന്ത് ആദ്യ ദിവസം രാത്രി തന്നെ എത്തുമെന്നാണ് ലാസ്റ്റ് അപ്ഡേറ്റ്…

സഫീര്‍ ബംഗ്ലൂരില്‍ നിന്നുമാണ് വരുന്നതെങ്കിലും ഇപ്പോള്‍ ബംഗ്ലൂരിലല്ല സ്ഥിര താമസം.. കഴിഞ്ഞ മൂന്നു വര്‍ഷമായി സൌദിയില്‍ ആണ്.. ഇപ്പോള്‍ വിപ്രോയുടെ സൗദിയിലെ രാജാവാണ് .. സ്വന്തമായി കിങ്ങ്ഡം ഒക്കെ ഉള്ള കക്ഷിയാണ്.. ഈ ഒത്തുചേരലിന് വേണ്ടി രണ്ടു ദിവസം മുമ്പേ ബാംഗ്ലൂരില്‍ ലാന്‍ഡ്‌ ചെയ്തു …അങ്ങനെ പലരും പലതും ത്യജിച്ചാണ് ഈ ഒത്തുചേരലിന് എത്തുന്നത്‌…….

കൃത്യം 5 മണിക്ക് തന്നെ ട്രെയിന്‍ കോഴിക്കോടെത്തി.. ഞങ്ങളെ കാത്തു ജിതേഷ് സ്റ്റേഷനില്‍ നില്‍പ്പുണ്ടായിരുന്നു.. തലയില്‍ കുറച്ചു മുടി കുറഞ്ഞു എന്നതൊഴിച്ചാല്‍ ജിതെഷിനു വലിയ മാറ്റം ഒന്നുമില്ല.. ശരീരം മെലിഞ്ഞിട്ടു തന്നെ.. കാലം പലര്‍ക്കും സംഭാവന ചെയ്ത കുടവയറും നരയും ഒന്നും ജിതേഷിനെ ബാധിച്ചിട്ടില്ല.. ജിതേഷ് പഴയ ജിതേഷ് തന്നെ.. സ്വതസിദ്ധമായ ചിരിയും ഹസ്ത ദാനവുമായി ജിതേഷ് ഞങ്ങളെ സ്വാഗതം ചെയ്തു.. കഴിഞ്ഞതവണ ചെന്നൈയ്യില്‍ നിന്നും ജിതേഷിനൊപ്പം സ്വരൂപും ഉണ്ടായിരുന്നു… സ്വരൂപ്‌ ഇപ്പോള്‍ ബംഗ്ലൂരാണ്.. പതിനാലു വര്‍ഷം ചെന്നൈല്‍ ജോലി ചെയ്തിട്ട് കഴിഞ്ഞ വര്‍ഷം ചെന്നൈ ഉപേക്ഷിച്ച് ബാംഗ്ലൂരില്‍ ചേക്കേറി..

സ്വരൂപ്‌ കോട്ടയം കാരന്‍ അച്ചായനാണ്‌ .. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി സാറിന്റെ ബന്ധുവും അയല്‍വാസിയുമാണ് .. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍  ഉള്‍പ്പടെ പലരും ക്രിക്കറ്റിന്റെയും.. ഫുട്ബോളിന്റെയും .. ഷട്ടിലിന്റെയും.. മറ്റു പലതിന്റെയും പിറകെ പോയപ്പോള്‍ സ്വരൂപ്‌ , കമ്പ്യൂട്ടറിന്റെയും..ബ്ലൂ ചിപ്പിന്റെയും .. മൈക്രോ പ്രോസസ്സറിന്റെയും  .. പ്രോഗ്രമ്മിന്റെയും പിറകെ ആയിരുന്നു.. ഷിറാസ് ആയിരുന്നു കൂട്ട്.. അതിന്റെ ഫലവും അവനുണ്ടായി… ഞാന്‍ ഉള്‍പെട്ട കമ്പ്യൂട്ടര്‍ വിരോധികള്‍.. കായിക പ്രേമികള്‍ … ഒരു  ജോലി കിട്ടാന്‍ വേണ്ടി തേരാ പാരാ ബാംഗ്ലൂരില്‍ പരതി  നടന്നപ്പോള്‍ … സ്വരൂപ്‌  ചെന്നൈയില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു ഓഫീസില്‍ ജോലി ചെയ്യുക ആയിരുന്നു…

കഴിഞ്ഞ വര്‍ഷം രാവിലെ 5 മണിക്ക് സ്വരൂപും ബിജുവും ജിതെഷും കൂടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒരു ഹോട്ടലില്‍ നിന്നും പുട്ടും സ്ടൂവും കഴിച്ചിരുന്നു.. അതിന്റെ രുചി ഓര്‍ത്തപ്പോള്‍ ബിജുവിന്റെ  നാവില്‍  വെള്ളമൂറി.. ബിജു, പുട്ടും സ്ടൂവും കഴിച്ചേ സ്റ്റേഷന്‍ വിട്ടു ബസ്‌ സ്ടാന്റിലേക്ക് ഉള്ളന്നു വാശി പിടിച്ചു .. ബിജുവിന്റെ ഒരു ആഗ്രഹമല്ലേ.. സാധിച്ചു കളയാം എന്ന് തീരുമാനിച്ചു.. ഞങ്ങള്‍ ഹോട്ടല്‍ തപ്പി യാത്രയായി.. സ്റ്റേഷനില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നത് മാത്രം മിച്ചം.. ബിജുവിന്റെ നാവിലെ വെള്ളവും വറ്റി.. ഇത്തവണ ഹോട്ടലുമില്ല.. പുട്ടുമില്ല.. സ്ടൂവുമില്ല.. പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് ഞങ്ങള്‍ ഒരു ഓട്ടോയില്‍ കയറി ബസ്‌ സ്റ്റാന്റ് ലക്ഷ്യമാക്കി യാത്രയായി..

ഓട്ടോയില്‍ നിന്നും ഇറങ്ങിയത്‌ ഒരു തട്ടുകടയുടെ മുമ്പിലാണ്.. അവിടെനിന്നൊരു കാപ്പിയും അകത്താക്കി കല്പറ്റയിലേക്കുള്ള ബസ്‌ അന്വേക്ഷിച്ച്‌ നടന്നു.. ചെന്നപ്പോള്‍ ഒരു ഓര്‍ഡിനറി ബസ്‌ മാത്രമേ സ്റ്റാന്‍ഡില്‍ ഉള്ളൂ.. അതില്‍ കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോള്‍ മാനന്തവാടി എക്സ്പ്രസ്സ്‌  ബസ്‌ ഞങ്ങളുടെ ബസിന്റെ തൊട്ടടുത്തായി കൊണ്ട് പാര്‍ക്ക് ചെയ്തു.. ഞങ്ങള്‍ ഓര്‍ഡിനറിയില്‍ നിന്നും എക്സ്പ്രേസ്സിലേക്ക് പലായനം ചെയ്തു.. അതില്‍ കയറി ഇരുന്നപ്പോള്‍ ഒരു അന്നൌന്‍സ്മെന്റ് കേട്ടു .. ബസ്‌ നമ്പര്‍ PT 356 കോഴിക്കോട് – താമരശ്ശേരി – ചുണ്ടേല്‍ – കല്പറ്റ- സുല്‍ത്താന്‍ ബത്തേരി – മാനന്തവാടി സൂപ്പെര്‍ എക്സ്പ്രസ്സ്‌ കൃത്യം ആറരക്കു പുറപ്പെടും… ഞങ്ങള്‍ സമയം നോക്കി 5.45.. മുക്കാല്‍ മണിക്കൂര്‍ കൂടി കഴിഞ്ഞേ ബസ്‌ വിടൂ.. പക്ഷെ സൂപര്‍ എക്സ്പ്രസ്സ്‌ അല്ലേ.. അതില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു.. അപ്പോഴാണ്‌ അണ്ണനെ പറ്റി ഓര്‍ത്തത്‌.. ബിജു ഉടന്‍ തന്നെ ഫോണ്‍ എടുത്തു അണ്ണനെ വിളിച്ചു.. സമയം 5.50 , അണ്ണന്‍ കിടക്കപ്പായില്‍ നിന്നും എണീറ്റില്ല.. ഫോണ്‍ എടുത്തതുമില്ല…

ശിവപാര്‍വതി ലോഡ്ജില്‍ നിന്നും പുറത്താക്കിയതിനു ശേഷം ഞാനും, ബിജുവും, സ്വരൂപും, അണ്ണനും ഒരുമിച്ചായിരുന്നു താമസം..  അണ്ണന്‍ അഥവാ വിനോദ് ജോര്‍ജ് ഇപ്പോള്‍ കാസര്‍ഗോഡ്‌ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ ആണ്.. ഞങ്ങള്‍ ഒക്കെ പ്രീ ഡിഗ്രീ കഴിഞ്ഞു എഞ്ചിനീയറിംഗ് പഠിക്കാന്‍ വന്നപ്പോള്‍ അണ്ണന്‍ ഡിഗ്രി കഴിഞ്ഞാണ് വന്നത്.. കണ്ണൂര്‍കാരന്‍.. അഞ്ചടി എഴിഞ്ചു പൊക്കം…. ഒത്ത തടി… പക്വതയുള്ള പെരുമാറ്റം.. പ്രായത്തിലും ഞങ്ങളെക്കാള്‍ അല്‍പ്പം മൂപ്പുണ്ട്.. അങ്ങനെ കണ്ണൂര്‍കാരന്‍ വിനോദ് ജോര്‍ജ് കോളേജിലെ ഞങ്ങള്‍ എല്ലാവരുടെയും അണ്ണന്‍ ആയി.. ഞാനുള്‍പ്പടെ പലരും അച്ഛനും, അമ്മയും , അമ്മാവനും, അപ്പൂപ്പനും ഒക്കെയായി അട്മിഷന് വന്നപ്പോള്‍ അണ്ണന്‍ കണ്ണൂരില്‍ നിന്നും ഒറ്റക്കാണ് വന്നത്.. അതാ കക്ഷി.. പഠിത്തം ഒക്കെ കഴിഞ്ഞു കാസര്‍ഗോട് എം ഇ എസ്  എഞ്ചിനീയറിംഗ് കോളേജില്‍ പഠിപ്പിക്കാന്‍ കയറിയപ്പോള്‍ അവിടുത്തെ സ്റ്റാഫ്‌ യൂണിയന്റെ മെമ്പര്‍ ആയി.. പിന്നെ സംസ്ഥാന സക്രട്ടറി ആയി.. അങ്ങിനെ എല്ലാ രീതിയിലും പ്രഗത്ഭനാ കക്ഷി … സാധാരണ എല്ലാ ഒത്തു ചേരലിനും അണ്ണന്‍ എത്തുന്നതാ.. ഇത്തവണ ഏതോ മന്ത്രി കോളേജില്‍ വരുന്നന്നോ.. അണ്ണന്‍ അവിടെ ഇല്ലങ്കില്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലന്നോ.. അണ്ണനെ കണ്ടില്ലെങ്കില്‍ മന്ത്രി പരിഭവം പറയുമെന്നോ .. എന്തൊക്കയോ പറഞ്ഞു ഒഴിവായി …. ഏതായാലും അണ്ണനെ രാവിലെ വിളിച്ചുണര്‍ത്താമെന്നുള്ള മോഹം വെറുതെ ആയി…

6.00 മണിക്ക് ബിജുവിന്റെ ഫോണ്‍ ചിലച്ചു.. അണ്ണനാണ്…വരാത്തതിന്റെ കാരണം ബോധിപ്പിക്കലിനു വിളിച്ചതാണ്.. ആദ്യം പല രീതിയില്‍ അണ്ണനെ വയനാട്ടിലേക്ക് വരാന്‍ പ്രലോഭിഭിച്ചു നോക്കി.. നടന്നില്ല… അവസാനം  ബിജുവിന്റെയും.. എന്റെയും.. ജിതേഷിന്റെയും വായില്‍ നിന്നും വയറു നിറച്ചു കിട്ടിയപ്പോള്‍ അണ്ണന് തൃപ്തിയായി.. പതിയെ ഫോണ്‍ കട്ട്‌ ചെയ്തു പുള്ളിക്കാരന്‍ പിന്‍വാങ്ങി..  അപ്പോഴേക്കും ബസും സ്റ്റാര്‍ട്ട്‌ ചെയ്തു.. ഞങ്ങള്‍ കോളേജിലെ ചില്ലറ തമാശകളും കൂടെ പഠിച്ച ചിലരുടെ ഇപ്പോഴത്തെ നിലയും വിലയും അവസ്ഥയും പഴയകാലവും മറ്റും ചര്‍ച്ച ചെയ്തു സമയം കൊന്നു..  ഒന്നര മണിക്കൂര്‍ യാത്ര ചെയ്തപ്പോഴേക്കും ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലമെത്തി..അവിടെ ഇറങ്ങി ഒരു ഹോട്ടലില്‍ നിന്നും ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു റിസോര്‍ട്ട് ലക്ഷ്യമാക്കി ഒരു ഓട്ടോ റിക്ഷയില്‍ യാത്രയായി…

റിസോര്‍ട്ടിന്റെ മാനേജര്‍ കോട്ടയം കാരന്‍ ഒരു സണ്ണിച്ചായനാണ്.. മാണി സാറിന്റെ പാര്‍ട്ടിക്കാരനും കേരള കോണ്‍ഗ്രസിന്റെ വയനാട്‌ ജില്ലാ പ്രസിഡന്റും ആണ്.. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് മേപ്പാടിക്ക് അടുത്തുള്ള തൊള്ളായിരം എന്ന സ്ഥലത്താണ്.. തൊള്ളായിരം എന്ന് പേര് പണ്ട് ആ സ്ഥലം മൊത്തത്തില്‍ തൊള്ളായിരം ഏക്കര്‍ ഉണ്ടായിരുന്നു.. മുഴുവന്‍ ഒരാളുടെ സ്ഥലം ആയിരുന്നു പിന്നെ പലര്‍ക്കായി വിറ്റു.. പക്ഷെ സ്ഥലം ഇപ്പോഴും തൊള്ളായിരം തന്നെ..  മേപ്പാടിയില്‍ നിന്നും ജീപ്പില്‍ വേണം അങ്ങോട്ട്‌ പോകാന്‍ .. ഓട്ടോ കയറില്ല..  അതിനാല്‍ മേപ്പാടി എത്തിയപ്പോള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി ജീപ്പ് അന്വേക്ഷിച്ചു … സണ്ണിച്ചായന്റെ റിസോര്‍ട്ട് എന്ന് പറഞ്ഞപ്പോഴേ ഒരു ജീപ്പ് തയ്യാറായി… അതില്‍ കയറി ഞങ്ങള്‍ റിസോര്‍ട്ടിലേക്ക്  തിരിച്ചു ..

ഏകദേശം 20 മിനിട്ടുകൊണ്ട് ഞങ്ങള്‍ റിസോര്‍ട്ടിലേക്ക് ഉള്ള വഴിയുടെ സ്റ്റാര്‍ട്ടിങ്ങ് പൊയന്റില്‍ എത്തി.. മേപ്പാടിയില്‍ നിന്നും സൂചിപ്പാറ ബസ്‌ റൂട്ടില്‍ മൂന്നാമത്തെ വലിയ പാലം കഴിഞ്ഞാല്‍ റിസോര്‍ട്ടിലേക്ക് ഉള്ള വഴിയായി .. … അവിടെ നിന്നും പിന്നെ പാറകളും കല്ലുകളും  നിറഞ്ഞ വഴിയാണ്…. 4 വീല്‍ ഡ്രൈവുള്ള ജീപ്പുകള്‍ക്ക് മാത്രം റെക്കമെന്റ് ചെയ്തിട്ടുള്ളതാണ്‌ … റിസ്ക്‌ എടുത്താല്‍ വേണമെങ്കില്‍ കാറുകളും ഒരുവിധം പോകും .. ഏതായാലും അവിടെ നിന്നുള്ള യാത്ര തികച്ചും ദുഷ്കരമാണ്  .. കാടിന്റെ നടുവിലൂടുള്ള  ഈ വഴിയിലൂടെ മസ്സിലു പിടിച്ചു വേണം വണ്ടി ഓടിക്കാന്‍ … അതിലും മസ്സിലു പിടിച്ചു വേണം ജീപ്പിലിരിക്കാന്‍ …. കഷ്ടിച്ചു ഒരു വണ്ടിക്കു പോകാനുള്ള സ്ഥലമേ ഉള്ളൂ  … എതിരെ ഒരു വണ്ടി വന്നാല്‍ പണി പാളും….ഏതായാലും കുലുങ്ങി കുലുങ്ങി ശരീരം ഒരു പരുവമാവും റിസോര്‍ട്ടില്‍ എത്തുമ്പോള്‍ .. ഞങ്ങളുടെ ജീപ്പ്  ആ വഴിയില്‍ പ്രവേശിച്ചു … ജീപ്പ് ഓരോ കുഴിയില്‍ വീഴുമ്പോഴും  അന്യോന്യം നോക്കി ഞങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിവിധ ഭാവങ്ങള്‍ പ്രകടനങ്ങളിലൂടെ  പങ്കു വക്കുന്നുണ്ടായിരുന്നു ..

അതുവരെ മിണ്ടാതിരുന്നു ജീപ്പ് ഡ്രൈവര്‍ രണ്ടു വരി പാതയില്‍ കയറിയപ്പോഴേക്കും വാചാലനായി.. തന്റെ ഡ്രൈവിംഗ് പാടവം മുഴുവന്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ കാട്ടിത്തരാനുള്ള വ്യഗ്രതിയിലായിരുന്നു കക്ഷി..  പോകുന്ന വഴിക്ക് ഇടയ്ക്കിടെ ആന, പുലി, മാന്‍ തുടങ്ങിയ വന്യ മൃഗങ്ങള്‍ വരാറുണ്ടെന്നും…ചിലപ്പോഴൊക്കെ നേരിട്ട് കണ്ടിട്ടുണ്ടന്നും ജീപ്പിന്റെ ഡ്രൈവര്‍ തള്ളുന്നുണ്ടായിരുന്നു.. ഒരാഴ്ച മുമ്പ് മേപ്പാടിക്കടുത്ത് ഒരു ആദിവാസിയെ ആന കുത്തി കൊന്നു  എന്ന പത്ര വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ ഞാനും ബിജുവും ചര്‍ച്ച ചെയ്തിരുന്നു … അതിനെ പറ്റി ചോദിച്ചപ്പോള്‍  നമ്മള്‍ വന്ന വഴിക്കാണ് അത് സംഭവിച്ചതെന്നും പുള്ളി പറഞ്ഞു .. അത് കേട്ടപ്പോള്‍ ഞങ്ങളുടെ ഉള്ളൊന്നു കാളിയെങ്കിലും ആരും യാതൊരു ഭാവ വത്യാസവും കാട്ടിയില്ല …  റിസോര്‍ട്ടില്‍ എത്തുന്ന വരെ അയാളുടെ ബഡായി കേള്‍ക്കാതെ തരമില്ലാത്തത്  കൊണ്ട്  പറയുന്നതെല്ലാം ഞങ്ങള്‍ സമ്മതിച്ചു കൊടുത്തു…. ഏതായാലും ആ കത്തിയും സഹിച്ചു അധികനേരം ഇരിക്കേണ്ടി വന്നില്ല … 10 മിനിറ്റില്‍ കുലുങ്ങി കുലുങ്ങി ഒരു പരുവമായി ഞങ്ങള്‍ റിസോര്‍ട്ടില്‍ എത്തി ..

റിസോര്‍ട്ട് എന്ന് പറഞ്ഞാല്‍ അത്ര വലിയ സംഭവം ഒന്നും അല്ല …  ഏകദേശം 25 ഏക്കര്‍ കാടിന് നടുവില്‍  ചെറിയ ഒരു വീടും രണ്ടു ഷെഡും.. അതാ ഗ്രീന്‍ മൌണ്ടന്‍ റിസോര്‍ട്ട് …. പക്ഷെ വീടും ഷെഡും വൃത്തിയായി മെയ്‌ന്റൈന്‍ ചെയ്തിട്ടുണ്ട് .. അതിലുമുപരി വയനാടിന്റെ അനിര്‍വച്ചനീയമായ  പ്രകൃതി സൗന്ദര്യം  തുളുമ്പി നില്‍ക്കുന്ന ഒരു സ്ഥലത്താണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. വരുന്ന വഴിക്ക് സണ്ണിച്ചായനെ ബന്ധപെട്ടത്‌ കൊണ്ട് ഞങ്ങളെ കാത്തു റിസോര്‍ട്ട് ജീവനക്കാരന്‍ മുരളി വാതിലില്‍ തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു …

ജീപ്പില്‍ നിന്നും ഇറങ്ങി സാധന സാമഗ്രികള്‍ മുരളിക്ക് കൈമാറി കഴിക്കാന്‍ പുട്ടും കടലയും ഏത്തക്കായ് പുഴുങ്ങിയതും ഓര്‍ഡര്‍ ചെയ്തു ജീപ്പ് ഡ്രൈവറെയും സെറ്റില്‍ ചെയ്തു റൂം ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു… റൂമില്‍ ചെന്നപ്പോള്‍ ഒരു വല്ലാത്ത സന്തോഷം തോന്നി .. കഴിഞ്ഞ തവണ വന്നപ്പോള്‍ കറന്റ്‌ ഇല്ലായിരുന്നു .. കള്ളാടി പുഴയില്‍ നിന്നും സ്വന്തം ജല വൈദ്യുത പദ്ധതി ഉപയോഗിച്ചാണ് അച്ചായന്‍ കറന്റ്‌ ഉണ്ടാക്കുന്നത്‌ .. കഴിഞ്ഞ തവണ അച്ചായനെയും ഞങ്ങളെയും പവര്‍ പ്ലാന്റ് ചതിച്ചു .. പവര്‍ പ്ലാന്റിലെ ഏതോ കപ്പാസിറ്റര്‍ കത്തി പോയി….  തുള്ളിക്കൊരു കുടം പേമാരി എന്ന് പറയുന്ന പോലെ  വമ്പന്‍ മഴയും..  ആ പെരുമഴയത്ത്   കപ്പാസിറ്റര്‍ മാറ്റി വക്കാനുള്ള കപ്പാസിറ്റി അച്ചായനില്ലായിരുന്നു… അതിനാല്‍ ഡീസല്‍ ജെനറേറ്ററിനെ രാത്രി കാലങ്ങളില്‍ ഞങ്ങള്‍ അഭയം പ്രാപിച്ചു.. ഏതായാലും ഇത്തവണ കഥ മാറി.. ലൈറ്റുകള്‍ തെളിഞ്ഞിരിക്കുന്നു … കഴിഞ്ഞ തവണ രാത്രികളില്‍ ഡീസല്‍ ജെനറേറ്ററില്‍ നിന്നും കിട്ടുന്ന ഷയറില്‍ നിന്നും മിന്നാമിനുങ്ങിനെ പോലെ.. കണ്ടാ പറയത്തില്ലെങ്കിലും ഞാന്‍ കത്തുന്നുണ്ട് എന്ന് മൊഴിഞ്ഞ   സി എഫ് എല്ലുകള്‍ ഇത്തവണ അഹങ്കാരത്തോടെ ഞങ്ങളെ നോക്കെ കത്തി ജ്വലിച്ചു തുറിച്ചു നോക്കിക്കൊണ്ട്‌ നില്‍ക്കുന്നു .. ജിതേഷ് ഓടി ചെന്ന് ഗീസര്‍ ഓണാക്കി നോക്കി .. അത്ഭുതം അതും പ്രവര്‍ത്തിക്കുന്നു …സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു ..

തലേ ദിവസം മുതല്‍ നിര്‍ത്താതെയുള്ള യാത്രയും .. ജീപ്പിലിരുന്നുള്ള കുലുക്കവും… ഡ്രൈവറിന്റെ ബടായി എങ്കിലും പേടി പെടുത്തുന്ന കഥകളും ഞങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും ഒപ്പം വയറിനെയും വല്ലാതെ പരീക്ഷിച്ചു കളഞ്ഞു…  പെട്ടന്ന് തന്നെ എല്ലാവരും കുളിക്കാനും മറ്റുമുള്ള തയാറെടുപ്പായി.. മൂന്ന് റൂമാണ് ഞങ്ങള്‍ ബുക്ക്‌ ചെയ്തിരുന്നത് .. ബംഗ്ലൂര്‍ ബോയ്സ് എത്താത്തത് കൊണ്ട് ഓരോത്തര്‍ക്കും ഓരോ ടോയിലറ്റ് സ്വന്തമായി കിട്ടി.. അല്‍പ്പ സമയത്തിനകം ഞങ്ങള്‍ റെഡി ആയി .. ഞങ്ങള്‍ താമസിക്കുന്ന ഷെഡില്‍ നിന്നും സ്വല്‍പ്പം മാറിയാണ് കഴിക്കാനുള്ള സ്ഥലം.. അടുക്കളയും അതിനടുത്തുതന്നെ ….

മുരളി ചേട്ടോ .. കൂയീ …. പുട്ട് റെഡി ആയോ ..

ജിതേഷാണ്.. ചോദ്യം കേട്ടാല്‍ രാവിലെ ചുണ്ടേല്‍ ജംഗ്ഷനിലെ ഹോട്ടലില്‍ നിന്നും തട്ടിയ നൂലപ്പവും മുട്ടയും ആവിയായി പോയെന്നു തോന്നും..

ചേട്ടാ…. ഒരു അഞ്ചു മിനിട്ട് ഇപ്പൊ ശരിയാക്കി തരാം .. അടുക്കളയില്‍ നിന്നും മുരളിചേട്ടന്‍ വിളിച്ചു പറഞ്ഞു  (വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെ അനുസ്മരിപ്പിക്കുവാണോ എന്ന് ഞങ്ങള്‍ ഒരു നിമിഷം സംശയിച്ചു ) ..  ഞങ്ങള്‍ ഡൈനിങ്ങ്‌ ഷെഡ്‌ ലക്ഷ്യമാക്കി നടന്നു… ഏതായാലും മുരളി ചേട്ടന്‍ പപ്പുവായില്ല… നിമിഷങ്ങള്‍ക്കകം  ആവി പറക്കുന്ന പുട്ടും കടലക്കറിയും ഞങ്ങളുടെ മുന്‍പിലെത്തി .. കൂടെ എത്തക്കായ് പുഴുങ്ങിയതും.. കുറച്ചു ബ്രഡും ബട്ടറും ജാമും… പിന്നൊരു മത്സരമായിരുന്നു… ആറു കുറ്റി പുട്ടും.. കടലക്കറിയും.. എത്തക്കായും.. ബ്രഡും..ബട്ടറും …  പോയ വഴി കണ്ടില്ല ..

സണ്ണിച്ചായന്റെ റിസോര്‍ട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റാണ് അവിടുത്തെ ഫുഡ്‌ .. എന്നാ ടേസ്റ്റ് ആണെന്നോ അവിടുത്തെ ഓരോ കറിയും .. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വായില്‍ കപ്പലോടും.. അത്രയ്ക്കുണ്ട് അവിടുത്തെ കുക്കുകളുടെ കൈപ്പുണ്യം… അവിടെ വരുന്ന ടെക്കികളായ ഞാനുള്‍പ്പടെ എന്റെ സുഹൃത്തുക്കളില്‍ പലരും ഭയങ്കര ഡയറ്റിങ്ങാണെന്നാ പറച്ചില്‍ .. എല്ലാവര്‍ക്കും  പി എസ്‌ സി  (പ്രഷര്‍ ,ഷുഗര്‍ , കൊളസ്ട്രോള്‍ ) -യില്‍ ഒന്നും രണ്ടും ചിലര്‍ക്ക് മൂന്നും അപ്പോയിന്റ്മെന്റ് കിട്ടീന്നും പറയുന്നുണ്ട്.. ഏതായാലും സണ്ണിച്ചായന്റെ റെസ്ടോറന്റിലെ ഭക്ഷണത്തിന്റെ മണം അടിച്ചാല്‍ ആര്‍ക്കും പ്രഷറുമില്ല, ഷുഗറുമില്ല, കൊളസ്ട്രോളുമില്ല… എല്ലാവരും അസുഖങ്ങള്‍ മറന്നു  ആരോഗ്യകരമായ ഒരു തീറ്റി മത്സരം കാഴ്ച്ച വെക്കും …. അവസാനം റിസോര്‍ട്ടിലെ കുക്കുകള്‍ സുല്ലിടും .. പ്ലേറ്റുകളും .. ഭക്ഷണം കൊണ്ടുവന്ന പാത്രങ്ങളും വടിച്ചു നക്കും .. അതാ രീതി …

ആഹാരം കഴിഞ്ഞു ഞങ്ങള്‍ തിരികെ റൂമിലെത്തി .. റൂമിന്റെ അടുത്തുള്ള മൊബൈല്‍ പോയിന്റില്‍ നിന്നും  ഷിറാസിനെ വിളിച്ചു .. അച്ചായന്റെ റിസോര്‍ട്ടിലെ മറ്റൊരു പ്രത്യേകത എല്ലായിടത്തും മൊബൈലിനു റേഞ്ച് ഇല്ലാ എന്നതാണ്.. എന്നെ പോലെ പലര്‍ക്കും അതൊരു അനുഗ്രഹമാണ്.. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ജോലിയില്‍ നിന്നും ഒക്കെ ഒരു മുക്തി ആഗ്രഹിച്ചാണ് നമ്മള്‍ വര്‍ഷാ വര്‍ഷം എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്… ഏതായാലും ആ പ്രൈവസി അച്ചായന്‍ ഉറപ്പിച്ചിട്ടുണ്ട്.. റിസോര്‍ട്ടിലെ ഒരു പ്രത്യേക പോയിന്റില്‍ നിന്നാല്‍ മാത്രമേ മൊബൈല്‍ റേഞ്ച് കിട്ടൂ .. അവിടെ നിന്നാണ് ഷിറാസിനെ വിളിച്ചത് .. അവര്‍ ഗുണ്ടല്‍പേട്ടു കഴിഞ്ഞു  കേരള ബോര്‍ഡര്‍ എത്തിയിരിക്കുന്നു.. വരുന്ന വഴി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും വയനാടിന്റെ സ്വന്തം പുത്രനായ സജിയെയും കൂട്ടി എത്രയും പെട്ടന്ന് എത്താമെന്നു ഷിറാസ് വാക്ക് തന്നു.. ഫോണ്‍ കട്ട് ചെയ്തു… കഴിഞ്ഞ തവണയും ഇവന്മാര്‍ ഇതേ പരിപാടിയാണ് കാട്ടിയത്.. ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നും ചെന്നൈയില്‍ നിന്നും ഒക്കെ വെളുപ്പാന്‍ രാവിലെ വയനാട്ടില്‍ എത്തിയിട്ടും ബംഗ്ലൂരുള്ള മഷ്കുണന്‍മാര്‍ക്ക് ഉച്ചയായാലെ എത്താന്‍ കഴിയൂ.. എന്താ ചെയ്ക .. കലികാലം ….

കണ്ടാല്‍ പറയത്തില്ലെങ്കിലും വയനു എന്ന സജി ശരിക്കും ബത്തേരിയിലെ സുല്‍ത്താനാണ് … സ്വന്തമായി കാപ്പി… കുരുമുളക്.. ഏലം, ഓറഞ്ച്… മറ്റു സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവയുടെ തോട്ടങ്ങള്‍ ഇഷ്ടം പോലെ ഉണ്ട് …   ആദിവാസികളുടെ ഇടയിലെ അവന്റെ സ്വാധീനം ഒരിക്കല്‍ അവന്‍ കാട്ടി തന്നിട്ടുമുണ്ട് … കോളേജില്‍ പഠിച്ചിരുന്ന കാലത്ത്  പഠിത്തം അവസാനിക്കാറായപ്പോള്‍ ഞങ്ങള്‍ ഒരു ബൈക്ക് യാത്ര നടത്തി .. ഞാനും രഞ്ജിത്തും സ്വരൂപും ആയിരുന്നു സജിയെ കൂടാതെ ആ യാത്രയില്‍ …. ആ യാത്ര തന്നെ ഒരു കഥയ്ക്കുള്ള സംഭവമുണ്ട്… അത് മറ്റൊരവസരത്തില്‍ പറയാം ….. അന്ന് വയനാട്ടില്‍ വന്നപ്പോള്‍  അവന്‍ ഞങ്ങളെ മേല്‍പ്പറഞ്ഞ  തോട്ടങ്ങളില്‍ കൊണ്ടുപോയി .. അവിടെ ജോലിക്ക് നിന്നിരുന്ന ആദിവാസികള്‍ അവനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട്   തമ്പ്രാന്‍ വന്ദാച്ച് .. തമ്പ്രാന്‍ വന്ദാച്ച് .. എന്നലറുന്നതും… പിന്നെ സജി പറയുന്ന കാര്യങ്ങള്‍ക്കെല്ലാം ഓംബ്രാ … ഓംബ്രാ… എന്ന് പറയുന്നതും കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സില്ലായി സജിയുടെ വില ..കോളേജില്‍ വള്ളിയെന്നും വയനുവെന്നും ഒക്കെയാണ് അവനെ വിളിച്ചിരുന്നത് .. യഥാര്‍ത്ഥത്തില്‍ സജി ബത്തേരിയിലെ സുല്‍ത്താന്‍ തന്നെയാണന്നു അന്ന് ഞങ്ങള്‍ക്ക് മനസ്സില്ലായി .. ഈ ഒത്തുചേരല്‍ വയനാട്ടില്‍ വെച്ചായത്‌ കൊണ്ട് അവന്‍ ഒരു ദിവസം മുന്‍പേ ഇങ്ങു പോന്നു.. ഇപ്പോള്‍ ബത്തേരിയിലെ അവന്റെ സ്വന്തം വീട്ടില്‍ ഉണ്ട്.. ബാംഗ്ലൂര്‍ ബോയ്സ് വരുന്നവഴി അവനെയും കൂട്ടും എന്നാണ് ധാരണ … അതാണ്‌ ഷിറാസ് പറഞ്ഞത് സജിയേം കൂട്ടി വരാമെന്ന്…. ഏതായാലും ബിജു അത് കേട്ടപ്പോള്‍ ബാംഗ്ലൂര്‍  ബോയിസ്സിനെ ഉച്ചത്തില്‍ പള്ള് പറഞ്ഞു …

അതാണ്‌ അച്ചായന്റെ റിസോര്‍ട്ടിലെ അടുത്ത അട്രാക്ഷന്‍ … ആര്‍ക്കും എന്തും പറയാം … റിസോര്‍ട്ടിലെ ജീവനക്കാരല്ലാതെ ആരും കേള്‍ക്കില്ല … അടുത്തെങ്ങും  ആള്‍ താമസമില്ല.. എത്ര വേണേ അട്ടഹസിക്കാം.. അര്‍മാദിക്കാം… അഹങ്കരിക്കാം… പരാതിയുമായി ഒരുത്തനും വരില്ല.. ബംഗ്ലൂരിലെയും ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകളിലും.. 5 സെന്റിലെ വീടുകളിലും മാന്യത നടിച്ചു ജീവിക്കുന്ന ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആര്‍ത്തട്ടഹസിക്കാനുള്ള സൗകര്യം അച്ചായന്‍ തന്റെ റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.. ഇതൊക്കെയാണ് ഇനിയും ഒരു ഒത്തുചേരല്‍ ഉണ്ടെങ്കില്‍ അത് അച്ചായന്റെ ഗ്രീന്‍ മൌണ്ടന്‍ റിസോര്‍ട്ട് തന്നെ എന്ന് ഞങ്ങള്‍ തീരുമാനിക്കാന്‍ കാരണമായതും ….

ബിജു ജി പി എസ് ഓണാക്കി നോക്കി  ഗുണ്ടല്‍പേട്ടില്‍ നിന്നും മേപ്പടി വരെ ഏകദേശം 90 കിലോമീറ്റര്‍ ഉണ്ട് .. ഏതായാലും ബംഗ്ലൂര്‍ ബോയ്സ് വരുമ്പോള്‍ ഉച്ചകഴിയും എന്നുറപ്പിച്ചു ഞങ്ങള്‍ പ്രകൃതി സൌന്ദര്യം ആസ്വദിക്കാനായി പുറപ്പെട്ടു..

അച്ചായന്റെ റിസോര്‍ട്ടിനെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ് … എവിടെ നോക്കിയാലും പ്രകൃതി സൌന്ദര്യം തുളുമ്പി നില്‍ക്കും .. കാപ്പിച്ചെടികളും.. കൊക്കോയും.. പേരറിയാത്ത ഒരുപാട് മരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് അച്ചായന്റെ റിസോര്‍ട്ട് .. പോരാത്തതിനു ഒരുപാട് കിളികളും മലയണ്ണാനും ഇടക്കിട പ്രത്യക്ഷപ്പെടുന്ന മാനുകളും ആരെയും ആകര്‍ഷിക്കും .. റിസോര്‍ട്ടില്‍ കുറെ വ്യൂ  പോയിന്റ്സ് ഉണ്ട്.. നല്ല ഉരുളന്‍ പാറപ്പുറങ്ങളാണ് അച്ചായന്‍ വ്യൂ  പോയിന്റ്സ് ആയി സെറ്റ് ചെയ്തിട്ടുള്ളത് … അവിടേക്ക് കയറാന്‍ തടികൊണ്ട് പലതരത്തിലുള്ള ഏണിയും വച്ചിട്ടുണ്ട്.. അങ്ങിനെയുള്ള ഒരു ഏണിയില്‍ ഞാന്‍ എന്റെ ക്യാമറയും കടിച്ചു തൂക്കി ഫോട്ടോസ് പിടിക്കാന്‍ കയറിയതും പടി ഒടിഞ്ഞു താഴെ വീണതും… കാമറയും അതിനെ മൂടിയും രണ്ടായി പോയതും ഒരുമിച്ചായിരുന്നു.. ഏതായാലും വലിയ പരിക്കില്ലാതെ ഞാനും എന്റെ ക്യാമറയും രക്ഷപെട്ടു… അല്ലെങ്കില്‍ ഇത്തവണത്തെ ടൂര്‍ ഊജ്വലമായേനെ…

ഏതായാലും പിന്നെ വലിയ സാഹസിത്തിനൊന്നും മുതിരാതെ ഞങ്ങള്‍ വലിയ പഴക്കമില്ലാത്ത ഒരു ഏണിയില്‍ കയറി മറ്റൊരു പാറപ്പുറത്ത് വിശ്രമിച്ചു…ഏതായാലും ഭാഗ്യത്തിന് ആ പാറപ്പുറത്ത് മൊബൈലിനു റേഞ്ച് ഉണ്ടായിരുന്നു .. എല്ലാവരും വീട്ടില്‍ വിളിച്ചു കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തു.. പിന്നെ പാറപ്പുറത്ത് കിടന്നും ഇരുന്നും ബംഗ്ലൂര്‍ ബോയിസിനെ തെറിപറഞ്ഞും … ജോലി സംബന്ധമായ പല കാര്യങ്ങളും ചര്‍ച്ചചെയ്തു സമയം കൊന്നു .. റിസോര്‍ട്ട് വരെയുള്ള യാത്രയും… രാവിലെ രണ്ടു തവണയായുള്ള ഭക്ഷണവും… റിസോര്‍ട്ടിലെ ശാന്ത സുന്ദരമായ അന്തരീക്ഷവും… ഞങ്ങളെ തഴുകി തലോടുന്ന തണുത്ത കാറ്റും .. ഉണര്‍ന്നിരിക്കാനുള്ള ഞങ്ങളുടെ വ്യഗ്രതയെ കെടുത്തി കളഞ്ഞു… ആ പാറപ്പുറത്ത് കിടന്നു ഞങ്ങള്‍ അല്പം മയങ്ങി പോയി … എപ്പോഴോ ഏതോ വലിയ ശബ്ദം കേട്ട് ഞങ്ങള്‍ ഞെട്ടി ഉണര്‍ന്നു …  (തുടരും)

അങ്ങിനെ കഴിഞ്ഞ ബുധനാഴ്ച മകന്റെ അഞ്ചാമത്തെ പല്ലും കൊഴിഞ്ഞു.. കഴിഞ്ഞ നാല് പല്ലുകള്‍ക്കും ടൂത്ത് ഫെയറി മുടക്കം കൂടാതെ ഗിഫ്റ്റ് കൊടുത്തിരുന്നു… ടോയ് ലാപ്ടോപില്‍ തുടങ്ങി ടിപ്പറും, കാറും അവസാനം ബൈക്കും  ആയിരുന്നു ടൂത്ത് ഫെയറി സമ്മാനമായി നല്‍കിയത്… ഞാന്‍ കരുതിയിരുന്നത് ആദ്യത്തെ നാല് പല്ലുകള്‍ക്കേ ടൂത്ത് ഫെയറി ഗിഫ്റ്റ് കൊടുക്കൂ  എന്നായിരുന്നു.. നാലാമത്തെ പല്ല് കൊഴിഞ്ഞപ്പോള്‍ തന്നെ ഇത് മകനെ അറിയിച്ചതും ആണ്..  അങ്ങിനെ മകന്റെ പല്ല് കൊഴിയലിന്റെ കേസ്ഡയറിയില്‍ നിന്നും ടൂത്ത് ഫെയറിയെ വെട്ടികളഞ്ഞു സ്വസ്ഥമായി ഇരുന്നപ്പോഴാണ് അപ്രതീക്ഷിതമായി അഞ്ചാമത്തെ പല്ലിനു ആട്ടം തുടങ്ങിയത്…ചെറിയ ആട്ടം അല്ല… ഉഞ്ഞാല് പോലെ കിടന്നാടുന്നു..  അന്വേഷിച്ചപ്പോള്‍ ആട്ടം നേരുത്തേ തുടങ്ങിയതാ.. പക്ഷെ പയ്യന്‍സ് നമ്മളോട് മിണ്ടിയില്ല…. സഖിയോടു പറഞ്ഞിരിക്കുന്നു.. നാല് പല്ലിന്റെ ആട്ടത്തിനും …. അതിന്റെ പറിക്കലിനും..പറിക്കാന്‍ തുടങ്ങുമ്പോഴുള്ള മകന്റെ ഓട്ടത്തിനും.. ഒക്കെ മൂക സാക്ഷിയായ സഖിയും അഞ്ചാമത്തെ പല്ലിന്റെ ആട്ടം അത്ര ഗൌരവത്തില്‍ എടുത്തില്ല… അങ്ങിനെ ഇരുന്നപ്പോഴാണ് നാട്ടില്‍ നിന്നും കൊണ്ടുവന്ന പേരയ്ക്കാ മകന്‍ എടുത്തു കടിച്ചതും പല്ലിന്റെ പിടിവള്ളി പൊട്ടിയതും…  ആട്ടം തുടങ്ങിയതും.. അതും രാത്രിയില്‍ …

സ്ഥിരം പറയാറുള്ള പോലെ…  അച്ഛ പല്ലില്‍ തൊടില്ല.. പിടിക്കില്ല ..വേദനിപ്പിക്കില്ല…, പറിക്കില്ല…,  നോക്കട്ടെ എന്ന് ഒക്കെ പറഞ്ഞു മകനെ അടുത്ത് വിളിച്ചു.. നാല് പല്ലുകള്‍ പറിച്ചത് കാരണം ഒരു മാതിരി നമ്പറുകള്‍ ഒക്കെ മകന് അറിയാം.. പക്ഷെ അവനും ആഗ്രഹമുണ്ട് ഈ പല്ല് എങ്ങിനെ എങ്കിലും പറിക്കണമെന്ന്.. ഞാന്‍ വിളിച്ചപ്പോഴേക്കും പതിവ് പോലെ അവന്‍ ഓട്ടം ആരംഭിച്ചു.. അവസാനം അച്ഛ തൊടില്ല കുട്ടാ എന്ന് സഖിയും ഉറപ്പു കൊടുത്തപ്പോള്‍ മകന്‍ മടിച്ചു മടിച്ചു അടുത്ത് വന്നു.. ഇത്തവണ പുതിയ നമ്പര്‍ പ്രയോഗിച്ചു.. അവനോടു തന്നെ പല്ല് വിരല്‍ കൊണ്ട് താഴോട്ട് അമര്‍ത്താന്‍  പറഞ്ഞു.. മനസ്സില്ലാ മനസ്സോടെ അവന്‍ പല്ലില്‍ വിരല്‍ വെച്ച് താഴോട്ടു അമര്‍ത്തിയതും  … അവന്റെ കൈക്കിട്ടു ഞാന്‍ ഒരു തട്ട് കൊടുത്തതും… പല്ല് കൊഴിഞ്ഞതും.. അവന്‍ അയ്യടാ എന്നായതും… എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു..

പതിവുപോലെ പല്ല് കൊഴിഞ്ഞപ്പോള്‍ തന്നെ മകന്‍ ടൂത്ത് ഫെയറിയെ പറ്റി പറഞ്ഞു തുടങ്ങി.. ഇത്തവണ ഞാന്‍ അത് കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ നിന്നില്ല.. ആദ്യത്തെ നാല് പല്ലുകള്‍ക്കെ  പുള്ളിക്കാരി ഗിഫ്റ്റ് തരൂ എന്ന് ഞാന്‍ പണ്ടേ പറഞ്ഞതല്ലേ….തന്നെയുമല്ല സൈഡിലെ പല്ലുകള്‍ പുള്ളിക്കാരിക്കു ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞു നോക്കി.. പക്ഷെ മകന്‍ വിട്ടില്ല… അവന്റെ ഏതോ ഒരു ഫ്രെണ്ടിനു അഞ്ചാമത്തെ പല്ലിനും ഗിഫ്റ്റ് കിട്ടി പോലും.. ഓ… ഈ ഫ്രെണ്ട്സിനെ കൊണ്ട് തോറ്റൂ…

കൊഴിഞ്ഞ പല്ല് കഴുകി വൃത്തിയാക്കി ഒരു പേപ്പറില്‍ പൊതിഞ്ഞു തലയണയുടെ അടിയില്‍ വച്ച് മകന്‍ ഉറങ്ങാന്‍ കിടന്നു.. ആദ്യത്തെ പല്ല് കൊഴിഞ്ഞപ്പോള്‍ രക്തത്തിന്റെ അംശം ഉള്ളത് കാരണം ടൂത്ത് ഫെയറി വരുമോ എന്നവന്‍ സംശയിച്ചിരുന്നു.. അത് കൊണ്ട് അതിനു ശേഷം കൊഴിഞ്ഞ പല്ലുകള്‍ വൃത്തിയായി കഴുകി പേപ്പറില്‍ പൊതിഞ്ഞു തലയണയുടെ അടിയില്‍  വെക്കുന്നതാ അവന്റെ  രീതി.. പാവം പയ്യന്‍സ്… ഇപ്പോഴും എല്ലാ ഗിഫ്റ്റുകളും ടൂത്ത് ഫെയറി തന്നെയാ കൊടുത്തിരിക്കുന്നത്‌ എന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്നു… പലരോടും വളരെ ആധികാരികമായി തന്നെ ടൂത്ത് ഫെയറിയെ പറ്റിയും പുള്ളിക്കാരി കൊടുത്ത ഗിഫ്റ്റിനെ പറ്റിയും പറഞ്ഞിട്ടുമുണ്ട്.. ഏതായാലും ഇത്തവണയും ടൂത്ത്ഫെയറി ഗിഫ്റ്റ് കൊടുക്കുമെന്ന പ്രതീക്ഷയില്‍ പഴയപോലെ കൂടുതല്‍ സംശയങ്ങള്‍ ഒന്നും ചോദിക്കാതെ അവന്‍ ഉറങ്ങി പോയി..

അവന്‍ ഉറങ്ങിയതോടെ പല്ലിന്റെയും ടൂത്ത് ഫെയറിയുടെയും ഗിഫ്റ്റിന്റെയും കാര്യം മറന്നു ഞങ്ങളും ഉറങ്ങാന്‍ കിടന്നു

************************************************

രാവിലെ സ്കൂളില്‍ പോകാനായി ഞാന്‍ മകനെ ഉണര്‍ത്താന്‍ ശ്രമം ആരംഭിച്ചു .. സാധാരണ ഉണര്‍ത്തുക എന്നത് ഒരു യജ്ഞമാണ്.. 6 30 നു വിളി തുടങ്ങിയാല്‍ 6 50 ആകും എണീക്കാന്‍ … പതിവിനു വിപരീതമായി ഒറ്റ തട്ടിന് തന്നെ അവന്‍ ചാടി എണീറ്റു..  എണീറ്റ്‌ വന്നതും തലയണ പൊക്കി നോക്കുന്നു…. മെത്ത പൊക്കി നോക്കുന്നു.. ബെഡ് ഷീറ്റും പുതപ്പും വലിച്ചു മാറ്റി നോക്കുന്നു .. ആകെ ഒരു ബഹളം .. എനിക്ക് കാര്യം ആദ്യം കത്തിയില്ല .. ഞാന്‍ ചോദിച്ചു എന്താ കുട്ടാ നീ ഈ കാട്ടുന്നത്?? എന്തിനാ ഷീറ്റും തലയണയും മെത്തയും ഒക്കെ മറിച്ചിടുന്നത് ?? അവന്റെ മുഖം ആകെ വിളറി.. ചുണ്ടുകള്‍ വിതുമ്പി.. എന്നെ വന്നു കെട്ടിപ്പിടിച്ചു വിതുമ്പി കൊണ്ട് പറഞ്ഞു .. അച്ചേ.. ടൂത്ത്ഫെയറി വന്നു പല്ല് എടുത്തുകൊണ്ടു പോയി.. പക്ഷെ ഗിഫ്റ്റ് തന്നില്ല… അപ്പോഴാ എന്നിക്ക് സംഗതി കത്തിയത്… ഗിഫ്റ്റിനു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ പല്ലിന്റെ പൊതി അവന്‍ കണ്ടില്ല… ആദ്യം ചിരി വന്നെങ്കിലും ഞാനും അവന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു.. അവനെ അടുത്ത് പിടിച്ചു ബെഡ് റൂമില്‍ നിന്നും വെളിയില്‍  കൊണ്ട് വന്നു.. അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു .. അവന്‍ വിതുമ്പി കൊണ്ടേ ഇരുന്നു…  ഗിഫ്റ്റ് ഒന്നും വച്ചില്ലല്ലോ എന്നാ നിരാശയില്‍ ഞാനും വിഷമിച്ചു….

ഇതൊക്കെ കണ്ടു കൊണ്ട് സഖി നില്‍ക്കുന്നുണ്ടായിരുന്നു.. പെട്ടന്ന് ഒരു 100 രൂപ എടുത്തു സഖി തലയണയുടെ കവറിലിട്ടു… ഷീറ്റിന്നടിയില്‍ നിന്നും പൊതിഞ്ഞു വച്ച പല്ലും കണ്ടെത്തി അവിടനിന്നും മാറ്റി.. ബെഡ് റൂമില്‍ നിന്നും മാറി ഞാനും ഇതൊക്കെ കാണുന്നുണ്ടായിരുന്നു… സഖിയില്‍ നിന്നും സംഗതി എല്ലാം ഒക്കെ ആയെന്ന സിഗ്നല്‍ കിട്ടിയപ്പോള്‍ ഞാന്‍ മകനോട്‌ ചോദിച്ചു..

കുട്ടാ.. നീ അവിടെ എല്ലാം നോക്കിയോ ?

മകന്‍ : നോക്കി.. ഒരിടത്തും ഇല്ല

ഞാന്‍ : പൊതിഞ്ഞു വച്ച പല്ല് അവിടെയുണ്ടോ ?

മകന്‍ : ഇല്ല .. ഞാന്‍ അവിടെല്ലാം നോക്കി.. കണ്ടില്ല.. അത് ടൂത്ത്ഫെയറി കൊണ്ടുപോയി…. ഉറപ്പാ.. (അവന്‍ അങ്ങിനെ തന്നെ ഉറച്ചു വിശ്വസിക്കുന്നു.. എന്ത് ചെയ്യാന്‍ പറ്റും )

ഞാന്‍ : കുഞ്ഞു പില്ലോ കവറില്‍ തപ്പിയോ? ചിലപ്പോള്‍ അതില്‍ കാണും..

മകന്‍ : ഇല്ല നോക്കിയില്ല.. ടൂത്ത്ഫെയറി പില്ലോ കവറില്‍ എങ്ങിനാ ഗിഫ്റ്റ് വെക്കുന്നത്.. ഞാന്‍ അതില്‍ കിടക്കുവല്ലായിരുന്നോ ?

ഞാന്‍ : കുട്ടാ , ടൂത്ത്  ഫെയറിക്ക് മെത്തയെന്നോ , പില്ലോയെന്നോ, പില്ലോ കവറെന്നോ….എന്നോന്നും വേര്‍തിരിവില്ല .. എവിടെ വേണമെങ്കിലും ഗിഫ്റ്റ് വെക്കും.. കുഞ്ഞു പോയി നോക്ക് .. ചിലപ്പോള്‍ കാണും..

മകന്‍ :   ഞാന്‍ നോക്കട്ടെ..

ഗിഫ്റ്റ് കിട്ടുമെന്ന പ്രതീക്ഷയോടെ അവന്‍ ബെഡ് റൂം ലക്ഷ്യമാക്കി നടന്നു… കട്ടിലിനരുകില്‍ ചെന്ന് പില്ലോ എടുത്തു.. പില്ലോ കവറിനുള്ളില്‍ പരതി നോക്കി.. എന്തോ അവന്റെ കയ്യില്‍ തടഞ്ഞിരിക്കുന്നു… അവന്റെ മുഖത്തെ ദുഃഖ ഭാവം മാറി.. കയ്യില്‍ തടഞ്ഞ 100 ന്റെ നോട്ട് അവന്‍ പയ്യെ പില്ലോ കവറില്‍ നിന്നും വലിച്ചെടുത്തു.. വിതുമ്പി കൊണ്ടിരുന്ന അവന്റെ ചുണ്ടുകളില്‍ പ്രസാദവും കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ പ്രകാശവും ദൃശ്യമായി.. 100 ന്റെ നോട്ട് കണ്ടു അവന്‍ സന്തോഷത്തോടെ ഉച്ചത്തില്‍ പറഞ്ഞു… അച്ചേ,  ഇത്തവണ ടൂത്ത്ഫെയറി എനിക്ക് 100 രൂപയാ തന്നത്.. ചിലപ്പോള്‍ ടൂത്ത് ഫെയറിക്ക് ഗിഫ്റ്റ് മേടിക്കാന്‍ സമയം കിട്ടി കാണില്ല. അതുകൊണ്ടായിരിക്കും പൈസ വച്ചത്..

അവന്റെ സന്തോഷം കണ്ടപ്പോള്‍ എന്റെയും സഖിയുടെയും കണ്ണുകള്‍ നിറഞ്ഞു .. കുട്ടികളുടെ മോഹങ്ങളും.. സ്വപ്നങ്ങളും, പ്രതീക്ഷകളും, ചിന്തകളും … നമ്മള്‍ വിചാരിക്കുന്നതിലും എത്രയോ അപ്പുറത്താണ്… പല്ലുകൊഴിയാലും ഗിഫ്റ്റും ഒക്കെ ഈ ചെറുപ്രായത്തില്‍ അവര്‍ക്ക് ഉണ്ടാകുന്ന നല്ല അനുഭവങ്ങളല്ലേ… അടുത്ത പല്ല് കൊഴിയുമ്പോള്‍ അവന്റെ പ്രതീക്ഷക്കൊത്ത് ഉയരുമെന്ന് ഉറപ്പിച്ചുകൊണ്ട്‌ നിര്‍ത്തുന്നു …

ശുഭം !-

ഉറക്കത്തില്‍ ഒരു തട്ടലും മുട്ടലും വല്ലാത്ത ഒരു  ഒച്ചയും കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു.. മകന്‍ എന്തോ ഉറക്കത്തില്‍  പറയുകയാണ്‌ .. സ്കൂള്‍ തുറന്നതിനു ശേഷം ദിവസവും വഴക്ക് പറഞ്ഞും വിരട്ടിയും ഒക്കയാണ്  ഉറങ്ങാന്‍ കിടത്തുന്നത് .. ഇനി അതിന്റെ സൈഡ്  ഇഫെക്ക്റ്റ്സ്സ് വല്ലതും…… മനസ്സൊന്നു പിടച്ചു …..  ചെവി വട്ടം പിടച്ചു ….പകുതി മയക്കത്തില്‍ കേട്ടതിതാണ്

ഐ ഡോണ്ട് ഗീവ്  യു  മൈ  കാര്‍ ..

അവന്റെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമാണ് കാര്‍ … ആരെന്തു മേടിച്ചു കൊടുക്കാമെന്നു പറഞ്ഞാലും അത് അവസാനം അവന്‍  കാറിലെത്തും… ഇന്ത്യയില്‍ ഇറങ്ങിയ ഒരുമാതിരി എല്ലാ കാറിന്റെയും മോഡല്‍ അവന്‍ പലപ്പോഴായി എന്നെയും മറ്റു പലരെയും സ്വാധീനിച്ചു സ്വന്തമാക്കിയിട്ടുണ്ട്.. കാറുകളെ പറ്റി അത്യാവശ്യം നല്ല  ധാരണയും അവനുണ്ട്  .. പത്രങ്ങളില്‍ ആക്സിടെന്റ്റ്  ആയി കിടക്കുന്ന കാറുകള്‍ ഏതാണെന്ന്  നമ്മള്‍ക്ക് മനസ്സിലായില്ലെങ്കില്‍ അവനോടു ചോദിച്ചാല്‍ മതി. ഹെഡ് ലൈറ്റോ ടെയില്‍ ലാംപോ കണ്ടാല്‍ മതി,  കിറു കൃത്യമായി കാറിന്റെ മോഡല്‍ ഏതാണെന്ന് അവന്‍ പറയും.. ഇങ്ങനെ എന്നെ രണ്ടു മൂന്നു തവണ അവന്‍ ഞെട്ടിചിട്ടുമുണ്ട്  ….

അങ്ങിനെ കാറുമായി അടങ്ങാത്ത  അഭിനിവേശം ഉള്ള  അവന്റെ ഏതോ ഒരു കാര്‍ ഉറക്കത്തില്‍ ആരോ അടിച്ചോണ്ട്   പോകാന്‍ വന്നതാണെന്ന് തോന്നുന്നു.. ഏതായാലും സംഗതി കലിപ്പാണ് …. പയ്യെ എണീറ്റ്‌ ലൈറ്റ്  ഇട്ടു.. അപ്പോള്‍ കണ്ട കാഴ്ച  പയ്യന്‍സ്  കട്ടിലില്‍ അസ്വസ്ഥനായി കിടക്കുന്നതാണ്.. സംഗതി അവന്റെ കാറല്ലേ.. അപ്പോള്‍ കലിച്ചില്ലങ്കിലേ അതിശയമുള്ളൂ……

ഏതായാലും പയ്യന്‍സ്   വിട്ടുകൊടുക്കുന്ന ഭാവമില്ല. കട്ടിലില്‍ കിടന്നു തിരിയുന്നു മറിയുന്നു..കയ്യിട്ടടിക്കുന്നു..  കാലിട്ടടിക്കുന്നു എന്ന്   വേണ്ടാ വല്ലാത്ത പുകില് തന്നെ … തിരുന്തോരം ഭാഷയില്‍ പറഞ്ഞാല്‍ വല്ലാത്ത പൊളപ്പ് തന്നെ…..

സ്വന്തം മകന്‍ ആയി പോയില്ലേ അല്ലെങ്കില്‍  .. തള്ളേ.. ഇവന്‍ എന്തര് പൊളപ്പ് പൊളക്കുണത്   എന്ന് ചോദിക്കാവാരുന്നു..

കുറെ നേരം ഈ കലാപരിപാടികള്‍ പാതി മയക്കത്തില്‍ വീക്ഷിച്ചു ഉറക്കത്തില്‍ നിന്നും ഒരു വിധം മുക്തനായി ഞാന്‍ പയ്യെ മകനെ തട്ടി..

ഞാന്‍: കുട്ടാ … എന്തുവാടാ പ്രശ്നം

മകന്‍: ഐ ടോള്‍ഡ്‌ യു .. ഐ ഡോണ്ട്  ഗിവ് യു മൈ കാര്‍ ….

ഞാന്‍: വേണ്ട കുട്ടാ.. അച്ചക്ക് നിന്റെ കാറ് വേണ്ടാ.. പ്രശ്നം തീര്‍ന്നല്ലോ..

ചെറുക്കന്‍ വിടുന്ന മട്ടില്ല… വീണ്ടും പറഞ്ഞു .. ഐ ഡോണ്ട് ഗീവ്  യു മൈ കാര്‍ …

ഞാന്‍ അവനെ ശക്തിയായി പിടിച്ചു കുലുക്കി… ഉറക്കെ വിളിച്ചു .. കുട്ടാ…..നിഞ്ചു കുട്ടാ…

സ്വപനത്തില്‍ നിന്നും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു അവന്‍ അമ്പരപ്പോടെ ചുറ്റും നോക്കി .. ഉണര്‍ന്നിരിക്കുന്ന എന്നെ അവന്‍ കണ്ടു …..

അടുത്തിരുന്നത് ഞാനാണെന്ന്  മനസ്സിലായപ്പോള്‍ അവന്റെ നോട്ടത്തില്‍ ഒരു വല്ലാത്ത ദേഷ്യ ഭാവം…എന്നെ ദഹിപ്പിക്കുന്ന രീതിയുള്ള  ഒരു നോട്ടം….

ഇറ്റാലിയന്‍ പട്ടാളക്കാര്‍ കേരള ഫിഷര്‍മാനെ  കണ്ട ഒരു പ്രതീതി… കയ്യില്‍ തോക്കുണ്ടായിരുന്നെങ്കില്‍ വെടി വെച്ചിട്ടേനെ……

ഞാന്‍: കുട്ടാ, സത്യമായിട്ടും നിന്റെ കാര്‍ എനിക്ക് വേണ്ടാ കുട്ടാ..

വീണ്ടും എന്നെ ദഹിപ്പിക്കുന്ന അത്ര തീഷ്ണത  ഉള്ള  ഒരു നോട്ടം നോക്കി അവന്‍ തിരിഞ്ഞു കിടന്നുറങ്ങി..

സ്വപ്നം കണ്ടു സംസാരിക്കുന്നവരെ വിളിച്ചുണര്‍ത്തിയാല്‍ അവര്‍ക്ക്  ഭയങ്കര  ദേഷ്യമാണ്… ഇതുപോലെ പല സംഭവങ്ങള്‍ക്കും എന്റെയീ ചുരുങ്ങിയ ജീവിതത്തില്‍  ഞാന്‍ സാക്ഷിയായിട്ടുണ്ട്..

കോട്ടയത്തുകാരന്‍ ഒരു മോനാ മോഹന്‍ ജോര്‍ജ് കോളേജില്‍ എന്റെ സഹപാഠി ആയിരുന്നു.. ആറടി പൊക്കം മെലിഞ്ഞ ശരീര പ്രകൃതം. മുഖം കണ്ടാല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ നിഷ്കളങ്കത…ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല…പഠിക്കുന്ന കാലത്ത്  സ്വന്തമായി ഒരു റൂം ഉണ്ടെങ്കിലും അവിടെ കിടക്കുന്നത് വല്ലപ്പോഴും മാത്രമാണ്  … ഉറക്കത്തില്‍ സംസാരിക്കുക എന്നത് കക്ഷിയുടെ സ്ഥിരം ഹോബ്ബിയാണ്…

കോളേജില്‍ പഠനം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഞങ്ങളെ മൈക്രോ പ്രോസസ്സറിന്റെയും, പി സി ബി കളുടെയും, ഐ സി കളുടെയും ഇതുങ്ങളുടെ കാലുകളുടെയും, ഓരോ കാലിന്റെയും കലാ പരിപാടികളുടെയും…  ഒക്കെ പുതിയ ഒരു ലോകത്തേക്ക് ഞങ്ങളുടെ അധ്യാപകര്‍ കൂട്ടികൊണ്ട് പോയി.. അങ്ങിനെ ഐ സി കളും അതിന്റെ കാലുകളുമായി മല്ലിട്ട്  ജീവിച്ച  കാലഘട്ടത്തില്‍ മിക്ക ദിവസങ്ങളിലും സജിയുടെ വീട്ടിലാണ്  മോനാ ഉറങ്ങിയത് …. സജി വയനാട്ടുകാരനാണ്….  അഞ്ചേകാല്‍  അടി പൊക്കം… കുറുകിയ ശരീരം…. ദിലീപിന്റെ (സിനിമാ നടന്‍) സംസാര ശൈലി.. പോക്കമില്ലങ്കിലും ആരെയും കൂസില്ല.. ഉറച്ച മനസ്സ് …അതാ പ്രകൃതം.. അങ്ങിനെയുള്ള ആളാ സജി..  രാത്രിയില്‍ ആരോ പേടിച്ചു നിലവിളിക്കുന്ന  ഒച്ച കേട്ട് സജി  ഞെട്ടിയുണര്‍ന്നു…

അയ്യോ പാറ്റ…  മൈക്രോ പ്രോസസ്സറില്‍ പാറ്റ….

ആരോ കിടന്നു  അലറുകയാണ്  … ഉറക്കത്തിന്റെ പിടിയില്‍ നിന്നും പൂര്‍ണമായും മുക്തനാകാത്ത  സജിക്ക് സംഗതി എന്തുവാണെന്നു മനസ്സിലായില്ല .. അങ്ങിനെ സംശയിച്ചിരുന്നപ്പോള്‍  വീണ്ടും കേട്ടു…

അയ്യോ പാറ്റ…  മൈക്രോ പ്രോസസ്സറില്‍ പാറ്റ….

സജി തപ്പി തടഞ്ഞു എണീറ്റ്‌ലൈറ്റ് ഓണാക്കി നോക്കിയപ്പോള്‍ വീണ്ടും……

അയ്യോ പാറ്റ…  മൈക്രോ പ്രോസസ്സറില്‍ പാറ്റ….

മോനാ ഉറക്കത്തില്‍ മൊഴിയുകയാണ്… സജി കുറെ നേരം സംഗതി വീക്ഷിച്ചു.. മോനാ വീണ്ടും പുലമ്പി …അയ്യോ പാറ്റ…  മൈക്രോ പ്രോസസ്സറില്‍ പാറ്റ.

സജിക്ക് കാര്യം മനസ്സിലായില്ല… ഇനി മൈക്രോ പ്രൊസസ്സര്‍ എന്നുദ്ദേശിച്ചത് വേറെ വല്ലതും ആണോ…. ഏതായാലും മോനയോട് ചോദിയ്ക്കാന്‍ തീരുമാനിച്ചു….

സജി: എവിടാടാ പാറ്റ ?

മോനാ: മൈക്രോ പ്രോസസ്സറിന്റെ നാലാമത്തെ ലെഗ്ഗില്‍ അവന്‍ ഒളിച്ചിരിക്കുവാ… (ഉള്ളടക്കം എന്നാ സിനിമയില്‍ ജഗതിയുടെ വയറ്റില്‍ കുതിര ഉണ്ടെന്നു പറയുന്ന മാതിരി)

ഏതായാലും സംഗതി യഥാര്‍ത്ഥ മൈക്രോ പ്രൊസസ്സര്‍ തന്നെ ….  സജിക്ക് സമാധാനമായി …..

സജി: എടാ.. അതിനു നീ ബേജാറാവേണ്ട…  ഞാന്‍ മൈക്രോപ്രൊസസ്സര്‍ അതിന്റെ ബോര്‍ഡില്‍ നിന്നും ഊരിയെടുക്കാം.. എന്നിട്ട് പാറ്റയെ അടിച്ചു കൊല്ലാം..

മോനാ: അയ്യോ  വേണ്ടാ…. നിന്റെ കൈ മുറിയും.. ഐ സി പ്ലക്കര്‍ ഉപയോഗിക്കൂ… നിന്റെ കൈകള്‍ സംരക്ഷിക്കൂ… (സ്വപ്നത്തില്‍ ഒരു ഉപദേശം കൂടി …കൈ വിരലുകള്‍ക്കും ..ഐ സി ക്കും.. അതിന്റെ കാലുകള്‍ക്കും.. കേടു കൂടാതെ ഊരിയെടുക്കുന്ന ഒരു ഉപകരണമാണ് ഐ സി പ്ലക്കര്‍ )

സജിക്ക് പിടിച്ചു നില്‍ക്കാനായില്ല.. അവന്‍ ഉച്ചത്തില്‍ ചിരിച്ചു.. ചിരികേട്ട് മോനാ ഞെട്ടിയുണര്‍ന്നു…. സജിയെ തീഷ്ണമായ  ഒരു നോട്ടം നോക്കി തലയുള്‍പ്പടെ മൂടിപ്പുതച്ചു തിരിഞ്ഞു കിടന്നുറങ്ങി ….. ഏതാണ്ട് അതെ നോട്ടം തന്നെയാണ്   എന്റെ മകന്‍ എന്നെ നോക്കിയതും ..

മറ്റൊരവസരത്തില്‍ ഓള്‍ ഇന്ത്യ ടൂറിന്റെ ഭാഗമായി ഡല്‍ഹി, ആഗ്ര, നേപ്പാള്‍,  കാട് മണ്ടു   തുടങ്ങിയ സ്ഥലങ്ങളില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ രാത്രിയില്‍ മോനാ കണ്ട സ്വപ്നം ഞെട്ടിപ്പിക്കുന്നതായിരുന്നു.. ഉറക്കത്തില്‍ അവന്‍ അലറി…

കാട് മണ്ടുവില്‍ കക്കൂസ് ദുരന്തം… ഒന്‍പതു പേര്‍ മരിച്ചു.. മുപ്പതു പേര്‍ ആശുപത്രിയില്‍ …. അന്നത്തെ സ്വപ്നത്തിനു സാക്ഷി രഞ്ജിത്ത് പോള്‍ ആയിരുന്നു …മോനയുടെ ഉറക്ക  സംവാദത്തെ പറ്റി ബോധവാനായ  രഞ്ജിത്തും വിട്ടുകൊടുത്തില്ല  .. അവനും മോണയും തമ്മില്‍ ബാക്കിയുള്ള സംവാദത്തിന്റെ സഭ്യത നോക്കുമ്പോള്‍ ഇവിടെ പ്രതിപാദിക്കാന്‍ എന്റെ സംസാകാരം അനുവദിക്കാത്തത് കൊണ്ട് ഞാന്‍ അത് ചെയ്യുന്നില്ല.. എന്നാലും ക്ലൈമാക്സില്‍ രൂക്ഷമായ അതേ നോട്ടം തന്നെ രഞ്ജിത്തിനെ നോക്കി മോനാ തിരിഞ്ഞു കിടന്നുറങ്ങി….

മറ്റു ചിലര്‍ ഉറക്കത്തില്‍ സ്വപ്നം കണ്ടു വല്ലാതെ വൈലെന്റ്റ് ആകും…

ഞങ്ങള്‍ കോളേജ് ജീവിതം കഴിഞ്ഞു ജോലി അന്വേക്ഷിച്ച്‌ ബാംഗ്ലൂരില്‍ താമസമായി.. ശിവാജി നഗറിന്  സമീപം റൂബിന്‍ ഹൌസ് എന്ന് പേരുള്ള ഒരു ലോഡ്ജിലാണ് മിക്കവരും…  ഒരു റൂമില്‍ മൂന്നും നാലും പേരാണ് താമസം.. ഈ ലോഡ്ജിന്റെ നടത്തിപ്പുകാരന്‍ ഒരു സായിപ്പാണ്‌ … സായിപ്പിനെ സ്വന്തം ഗേള്‍ ഫ്രെണ്ടിനെക്കാള്‍ പ്രേമം പൂച്ചകളോട് ആണ് (എഴുപതു വയസ്സിനു മേല്‍ പ്രായമുണ്ടെങ്കിലും സ്വന്തമായി ഭാര്യ  ഇല്ലായിരുന്നു.. പക്ഷെ ഒരു ഗേള്‍ ഫ്രെണ്ട്  ഉണ്ടായിരുന്നു) .. ലോഡ്ജില്‍ ആകെ ഇരുപതു റൂമാണ് ഉള്ളത് … അതിന്റെ ഇരട്ടി പൂച്ചകളുണ്ട്..അവിടുത്തെ അന്തേവാസികളുടെ ഉറക്കത്തിന്റെ പല യാമങ്ങളും പൂച്ചകള്‍ പലരീതിയില്‍ കുളമാക്കിയിട്ടുമുണ്ട് …………

അങ്ങിനെ മൂന്നും നാലും പേരും കുറെ പൂച്ചകളും ഓക്കെ കൂടി സുഖമായി കഴിഞ്ഞു കൂടി ജോലി അന്വേക്ഷിച്ച്‌ നടക്കുന്ന കാലം… ചിര്‍ക്കൊക്കെ ജോലി കിട്ടി.. ഭൂരിപക്ഷം പേര്‍ക്കും  ജോലി അന്വേക്ഷിച്ച്‌ തേരാ പാരാ നടപ്പ് തന്നെ ആയിരുന്നു പണി..  പലര്‍ക്കും സാമ്പത്തിക പരാധീനത ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന  കാലം… വീട്ടില്‍ നിന്നും വീണ്ടും അക്കൗണ്ട്‌ ടോപ്‌ അപ്പ്‌ ചെയ്യിക്കാനുള്ള  മടി കാരണം മുണ്ടും മുറുക്കി അഡ്ജസ്റ്റ്  ചെയ്തു ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട്  ഒരു വശത്ത്  ….. ജോലി കിട്ടാത്തതിലുള്ള  വിഷമവും അമര്‍ഷവും മറു വശത്ത് …

അങ്ങിനെ എല്ലാം ഉള്ളിലൊതുക്കി  കഴിഞ്ഞു കൂടുന്ന ഒരു ദിവസം രാത്രി, കവിളത്ത്  ശക്തമായ ഒരു അടി കൊണ്ട് ഷിറാസ് ഞെട്ടിയുണര്‍ന്നു… (ഞങ്ങളുടെ ബാച്ചിലെ പൊതുവേ ശാന്ത സ്വഭാവക്കാരനും ശുദ്ധനും ആണ്  ഷിറാസ് …. ആര്‍ക്കും ഷിറാസിനോട് എന്ത് സഹായവും അഭ്യര്‍ഥിക്കാം… ജീവനുണ്ടെങ്കില്‍ ഷിറാസ് ചെയ്തു കൊടുക്കും..ഷിറാസ്  ആരോടും അറിഞ്ഞു കൊണ്ട് ഒരു വഴക്കിനും പോകാറില്ല  ..)  അങ്ങിനെയുള്ള ഷിറാസിനെയാണ്  ഉറക്കത്തില്‍ ആരോ തല്ലിയത് ….. ഷിറാസ് ഞെട്ടി തരിച്ചു പോയി…

കവിളും തുടച്ചു തപ്പി തടഞ്ഞു ലൈറ്റ് ഇട്ടു നോക്കിയപ്പോള്‍ ബിജു കിടക്കിയില്‍ കിടന്നു ഞെളിപിരി കൊള്ളുന്നു… ബിജു പൊതുവേ പ്രശ്നകാരനല്ല ..ജെന്റില്‍മാന്‍ ആണ് … എപ്പോഴും ടിപ് ടോപ്‌ ആയട്ടെ നടക്കൂ.. ഇന്റര്‍വ്യൂ  നു പോകുന്നതും …. ചായകുടിക്കാന്‍ പോകുന്നതും….. രണ്ടിന് പോകുന്നതും…… ഉറങ്ങുന്നതും……. എല്ലാം ഫുള്‍ സ്ലീവ്സും… പാന്റ്സും… ബെല്‍റ്റും ഒക്കെ അണിഞ്ഞു എക്സിക്യൂട്ടീവ് സ്റ്റൈലില്‍ തന്നെ.. അങ്ങിനെയുള്ള ജെന്റില്‍മാന്‍ ബിജുവാണ് ഷിറാസിനെ തല്ലിയത്..  കവിളിലെ വേദന ഒരു സൈഡില്‍ ……തല്ലിയത് ബിജുവാണെന്ന് അറിഞ്ഞപ്പോള്‍ ഉള്ള  മാനസിക സങ്കര്‍ഷം മറു സൈഡില്‍ .. ഷിറാസിന്  പിടിച്ചു നില്ക്കാന്‍ പറ്റിയില്ല.. തല്ലു കൊണ്ട  കവിളിലൂടെ അശ്രു കണങ്ങള്‍ ധാര ധാരയായി ഒഴുകി …പരിഭവത്തോടെ ബിജുവിനെ തട്ടി ചോദിച്ചു…. എന്തിനാ എന്നെ തല്ലിയത് ??

ബിജു  ഉറക്കത്തില്‍  ഷിറാസിന്റെ കഴുത്തില്‍ കുത്തി പിടിച്ചുകൊണ്ടു ചോദിച്ചു: ഇനി നീ ഓട്ടോ ചാര്‍ജ് കൂടുതല്‍ മേടിക്കും അല്ലേടാ  ???

സംഭവ ദിവസം ബിജുവിന്  ഇന്ദിരാ നഗറില്‍ എവിടെയോ  ഒരു ഇന്റര്‍വ്യൂ  ഉണ്ടായിരുന്നു .. അവിടെ പോകാന്‍ വിളിച്ച  ഓട്ടോക്കാരന്‍ മുപ്പതു രൂപ  മീറ്ററില്‍ കാണിച്ചപ്പോള്‍ അറുപതു രൂപ  മേടിച്ചു.. കാര്യം അതാണ്‌.. സംഗതി ഷിറാസിനും അറിയാമായിരുന്നു…

ഷിറാസ്: ബിജൂ…ഇത്  ഷിറാസ് ആണ്… ഒട്ടോക്കാരനല്ല… പിടി വിടൂ ബിജൂ …പ്ലീസ്….

ബിജു പിടി വിടുന്ന മട്ടില്ല.. ബിജു ഇപ്പോഴും  ഉറക്കത്തില്‍ തന്നെ…

ഷിറാസ് പിന്നെയും കേണപേക്ഷിച്ചു.. ബിജു പിടി വിടാതെ പിറുപിറുത്തു കൊണ്ടേ ഇരുന്നു.. സംഭവം ആകെ കലിപ്പായി.. സംഗതി കേട്ട് അടുത്തുകിടന്ന കിഷോര്‍ ഉറക്കച്ചുവടോടെ ചാടി എണീറ്റു.. കിഷോര്‍ ആളൊരു സംഭവമാ.. ആറടി പൊക്കം.. ഉരുക്ക് പോലത്തെ ശരീരം.. കാട്ടാനയുടെ ശക്തി..ഒരു നാലഞ്ചു ആള്‍ക്കാര്‍ ഒരുമിച്ചു പിടിച്ചാല്‍ പോലും നില്‍ക്കില്ല.. അത്രയ്ക്ക് കരുത്താണ് കക്ഷിക്ക്  …… ബിജുവും ഷിറാസും ഒക്കെ ജോലി അന്വേക്ഷിച്ച്‌ നടക്കുന്ന സമയത്ത് കിഷോര്‍ ഐ ബി എമ്മില്‍ ജോലിക്ക് കയറിയിരുന്നു… അങ്ങിനെ കമ്പ്യൂട്ടെറിന്റെയും, ബ്ലൂച്ചിപ്പിന്റെയും, കറങ്ങുന്ന കസേരകളുടെയും, ചല പില ചിലക്കുന്ന കന്നടക്കാരെന്റെയും ലോകത്ത് അര്‍ദ്ധരാത്രി വരെ പണിയെടുത്തു…. ബസ്സിലെ തള്ളും കൊണ്ട് വന്നു….  ക്ഷീണിച്ച് കിടന്നു ഉറങ്ങുമ്പോഴാണ് ബിജുവിന്റെ സ്വപ്നവും …. ഷിറാസിന്റെ കരച്ചിലും … അതിന്റെ പേരിലുള്ള പൊല്ലാപ്പും …..

കിഷോറിന് കലി അടക്കാനായില്ല… കിഷോര്‍ ബിജുവിനെ കട്ടിലില്‍ നിന്നും വലിച്ചു പൊക്കി.. ആ പിടി വലിയുടെ ആഘാതത്തില്‍ ബിജു ഞെട്ടിയുണര്‍ന്നു.. സംഗതി മനസ്സിലായ ബിജു കിഷോറിന് നേരെ രൂക്ഷമായ അതേ നോട്ടം നോക്കി വീണ്ടും കിടന്നു.. കിഷോര്‍ എണീക്കുന്നത്  കണ്ടപ്പോള്‍ തന്നെ  ഷിറാസ് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ  എന്ന മട്ടില്‍ പുതപ്പെടുത്തു തലയും മൂടി കിടന്നു .. കിഷോര്‍ പിറുപിറുത്തു കൊണ്ട്  ലൈറ്റും ഓഫ്  ചെയ്തു വീടും ഉറങ്ങാന്‍ കിടന്നു..    എല്ലാവരും ഉറക്കം പിടിച്ചു വന്നപ്പ്പോള്‍ സായിപ്പിന്റെ പൂച്ച  കട്ടിലിന്റെ അടിയിലിരുന്നു മ്യാവൂ എന്നലറിക്കരഞ്ഞു… ഏതായാലും മൂവരുടെയും അന്നത്തെ ഉറക്കം അവിടെ അവസാനിച്ചു ..

ഏതായാലും ഉറക്കത്തില്‍ സ്വപ്നം കണ്ടു സംസാരിക്കുന്നവരെയും പ്രതികരിക്കുന്നവരെയും തട്ടി ഉണര്‍ത്തിയാല്‍ … പ്രതികരണം അതി രൂക്ഷമായ  ദഹിപ്പിക്കുന്ന  ഒരു നോട്ടമാണെന്നു യാതൊരു സംശയവുമില്ല ..  ഇനിയും ശേഷമുള്ള എന്റെ ജീവിതത്തില്‍ ഇതുപോലെ എത്ര സ്വപ്നങ്ങള്‍ക്ക് സാക്ഷിയാകണം എന്നറിഞ്ഞു  കൂടാ… ഏതായാലും തല്ലു മേടിക്കാതിരുന്നാല്‍ മതി എന്ന്  സ്വയം ആഗ്രഹിച്ചു കൊണ്ട് ഇനിയും എന്റെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന  രീതിയില്‍ ആരും സ്വപ്നം കാണരുതേ എന്നും പ്രാര്‍ഥിച്ചു കൊണ്ട് നിര്‍ത്തുന്നു….

നന്ദി… നമസ്കാരം… !-

അണലി

മറ്റൊരു വെള്ളിയാഴ്ച…സമയം ഏകദേശം മൂന്നു മുപ്പത് പി എം ….. വാരാന്ത്യതിന്റെ വിരസതയില്‍ .. ഉച്ച ഭക്ഷണത്തിന്റെ ഹാങ്ങോവറില്‍ മയങ്ങി ഇരിക്കുന്ന മുപ്പതില്‍ പരം സഹപ്രവര്‍ത്തകര്‍ക്ക്, ജോലി സംബന്ധമായ  ഒരു ട്രെയിനിംഗ്  നടത്തി കൊണ്ടിരുന്നപ്പോള്‍ എന്റെ ജീന്‍സിന്റെ പോക്കെറ്റില്‍ കിടന്നു മൊബൈല്‍ ഫോണ്‍ ഒന്ന് വിറച്ചു തുള്ളി  .. ഇതുപോലെ ഉള്ള കലാ സാംസ്കാരിക  പരിപാടികള്‍ നടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ സൈലന്റ് ആക്കണമെന്ന് നിയമമുള്ളതാ  .. അതുകൊണ്ടാണ്  ഒച്ചയില്ലാത്ത  ഈ വിറയല്‍ …  ഒരു റൌണ്ട്  കഴിയുമ്പോള്‍ വിളിച്ചയാള്‍ ഇനീം വിളിക്കില്ല എന്ന് വിചാരിച്ചു  വിറയല്‍ വകവയ്ക്കാതെ ഞാന്‍ ക്ലാസ്സ്‌ തുടര്‍ന്നു… .. പക്ഷെ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് പിന്നെയും മൊബൈല്‍ വിറയിലാരംഭിച്ചു… ഡയലോഗ്  തുടര്‍ന്നുകൊണ്ടു പോക്കറ്റില്‍ നിന്നും ഒരു വിധം ഫോണെടുത്തു നോക്കി… സഖിയാണ് വിളിക്കുന്നത്‌… നിസംശയം കട്ട്‌ ചെയ്തു.. വീണ്ടും ഫോണ്‍ തിരികെ പോക്കെറ്റില്‍ ഇട്ടു… ട്രെയിനിംഗ് തുടര്‍ന്നു… നിമിഷങ്ങള്‍ക്കകം വീണ്ടും ഫോണ്‍ വിറയല്‍ തുടങ്ങി…. സാധാരണ കട്ട്‌ ചെയ്‌താല്‍ സഖി പിന്നെ വിളിക്കാറില്ല…… രാവിലെ ഇറങ്ങിയാപോള്‍ മകന് നല്ല സുഖമില്ലായിരുന്നു.. ഇനി അവന്റെ അസുഖം കൂടുകയോ മറ്റോ !!..

സഹപ്രവര്‍ത്തകരായ  പ്രേക്ഷകരോട് ക്ഷമാപണം നടത്തി തെല്ല് പരിഭവത്തോടെ ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തു..

ഞാന്‍: ഹലോ ..

സഖി: ബൈജുവേട്ടാ… തിരക്കാണോ…

ഞാന്‍: എന്നാ പറ്റി.. പറയൂ

സഖി: നമ്മുടെ വീട്ടില്‍ വീണ്ടും പാമ്പ്‌… ഇത്തവണ ശരിക്കും പാമ്പ് തന്നെയാ.. ഞാനും ഉഷ ചേച്ചിയും കണ്ടു… (വീട്ടില്‍ ജോലിക്കുവരുന്ന ആളാണ് ഉഷ ചേച്ചി..)

പ്രേക്ഷകരോട് വീണ്ടും ക്ഷമാപണം നടത്തി ഞാന്‍ പയ്യെ കോണ്‍ഫറന്‍സ് റൂമിന്റെ പുറത്തിറങ്ങി..

ഞാന്‍: വീടിനകത്താണോ അതോ പുറത്താണോ ?

സഖി: പുറത്താണ്.. പുറത്തു തേങ്ങ ഇട്ടു വച്ചിരിക്കുന്ന ചാക്കിന്റെ അടിയില്‍ .. അധികം വലിപ്പമില്ല.. ചുരുണ്ട് കൂടി ഇരിക്കുവാ.. പുറത്തൊക്കെ വട്ടത്തിലുള്ള പുള്ളികളുണ്ട് .. വിഷമുള്ള  ഐറ്റമാ.. സംശയമില്ല…

ഞാന്‍: ഇപ്പോഴും അവിടെ ഉണ്ടോ?

സഖി: ഉണ്ടെന്നാ തോന്നുന്നത് … ബൈജുവേട്ടന്‍ ഒന്ന് വേഗം വരുവോ ?? ഞങ്ങള്‍ ആകെ പേടിച്ചിരിക്കുവാ…

ഞാന്‍: വേഗം വരാം.. അവിടെ നിന്നും ഇഴഞ്ഞു പോകുന്നോ എന്ന് നോക്കി കൊള്ളണം.

ഫോണ്‍ കട്ട്‌ ചെയ്തു..

ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യണമെന്നു ആലോചിച്ചു… കഴിഞ്ഞ തവണ ചേര കേറിയതും.. വാവ സുരേഷിനെ വിളിച്ചതും.. സുരേഷ് ചേരയെ പിടിച്ചതും.. അതിന്റെ പേരിലുള്ള പുകിലുകളും..സംഭാവന നല്‍കിയപ്പോള്‍ .. ഇത്തവണ വേണ്ട ചേട്ടാ… അടുത്ത തവണ മേടിക്കാം എന്ന് പറഞ്ഞതും ..  എല്ലാം കൂടി എന്റെ മനസ്സിലൂടെ കടന്നു പോയി.. വാവ സുരേഷിന്  പാമ്പ് പിന്നയും വരുമെന്ന് ഗണിച്ചറിയാനുള്ള കഴിവുമുണ്ടോ ആവോ ?? ഈ  പാമ്പുകള്‍ക്കും ചേരകള്‍ക്കും കേറാന്‍ എന്റെ വീട് മാത്രമേ ഉള്ളോ ?? അങ്ങിനെ പലതും ചിന്തിച്ചു…

ഏതായാലും അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല.. കഴിഞ്ഞത് കഴിഞ്ഞു.. ഇപ്പോള്‍ വിഷയം അതല്ല.. ഈ പാമ്പിനെ എന്ത് ചെയ്യും.. ലക്ഷണം കേട്ടിട്ട് അണലിയാണെന്ന് തോന്നുന്നു.. പണ്ടൊക്കെ പാമ്പെന്നു കേട്ടാല്‍ പേടിയില്ലായിരുന്നു.. ഒരു മടിയും കൂടാതെ തല്ലി കൊല്ലുമായിരുന്നു… ഇപ്പോള്‍ അങ്ങിനെ അല്ല.. പണ്ടത്തെപോലെ മനസ്സിന് ധൈര്യം ഇല്ല … തന്നെയുമല്ല സംഗതി അണലിയാണ് …. നമ്മള്‍ പണ്ട് കിടിലമായിരുന്നു എന്ന് അണലി ഉണ്ടോ അറിയുന്നു… കടി കിട്ടിയാല്‍ എന്റെ കാര്യം ഒരു തീരുമാനത്തിലെത്തും.. സഖി .. കുട്ടികള്‍ .. പ്രാരാബ്ധങ്ങള്‍ .. വേണ്ട … ഏതായാലും വാവ സുരേഷിനെ തന്നെ വിളിക്കാം.. മൊബൈലില്‍ നോക്കിയപ്പോള്‍ സുരേഷിന്റെ നമ്പറും ഉണ്ട്.. കഴിഞ്ഞ തവണ സേവ് ചെയ്തതാ…

അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ വാവ  സുരേഷിന്റെ നമ്പര്‍ കിട്ടാന്‍ ഒരു പാടുമില്ല.. അത്രയ്ക്ക് പബ്ലിസിറ്റി ഉണ്ട്  .. കക്ഷിക്ക് സ്വന്തമായി ഫാന്‍സ്‌ അസോസിയേഷനും വെബ്‌ സൈറ്റും ഒക്കെ ഉണ്ട്..പോരെങ്കില്‍ വിക്കി പീഡിയയില്‍ ഒരു എന്ട്രിയും…..ഏതായാലും വീട്ടില്‍ ചെന്നിട്ടു പാമ്പിനെ കണ്ടിട്ട്  മതി വിളി എന്ന് തീരുമാനിച്ചു …

കോണ്‍ഫറന്‍സ്  റൂമില്‍ തിരികെ കയറി …ചില  സാങ്കേതിക  കാരണങ്ങളാല്‍ ഇന്നത്തെ ട്രെയിനിംഗ്  അവസാനിച്ചു എന്ന് പ്രഖ്യാപിച്ചു ..  ഒരു ധൈര്യത്തിനായി ഓഫീസിലെ സെക്യൂരിറ്റി  ലീസ്റ്റെര്‍  ഭായിയേയും കൂട്ടി വീട്ടിലേക്കു തിരിച്ചു.. പോകുന്ന വഴി വീട്ടിലെ സംഭവ വികാസങ്ങള്‍ ഒക്കെ  ലീസ്റ്റെര്‍ ഭായിയെ ധരിപ്പിച്ചു…  ലീസ്റ്റെര്‍ ഭായിക്ക്  പൊതുവേ ഒന്നിനേം പേടിയില്ല..

വീട്ടിലെത്തിയപ്പോള്‍ സഖിയും മക്കളും ഉഷ ചേച്ചിയും പേടിച്ചു വിറച്ചു പാമ്പിരിക്കുന്നു എന്ന് കരുതപ്പെടുന്ന ചാക്കില്‍ നിന്നും ദൂരെ മാറി നില്‍ക്കുന്നു….

പാമ്പിരുന്ന  സ്ഥലം സഖി കാട്ടിത്തന്നു..  ലീസ്റ്റെര്‍ ഭായി തേങ്ങ  ഇരുന്ന  ചാക്ക് മറിച്ചിട്ടു.. ചാക്കിനടിയിലെങ്ങും പാമ്പില്ല.. ഇനി ചാക്കിനകത്ത്‌ കാണുമോ.. ചാക്കിനകത്തെ തേങ്ങ  മുഴുവന്‍ കുടഞ്ഞിട്ടു .. പാമ്പിനെ കണ്ടില്ല  … അവിടെ വച്ചിരുന്ന  മറ്റു ചാക്കുകളും കവറുകളും  പാത്രങ്ങളും മുഴുവന്‍ അരിച്ചു പെറുക്കി… പാമ്പ് പോയിട്ട് പാമ്പിന്റെ പടം പോലുമില്ല കണ്ടുപിടിക്കാന്‍…

ചാക്കിരുന്നതിന്റെ സമീപത്തു ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നു അതില്‍ കുറച്ചു വെള്ളമൊഴിച്ച് നോക്കി … അനക്കമില്ല.. അവസാനം പാമ്പ് രക്ഷപെട്ടു എന്നനുമാനിച്ചു ഞങ്ങള്‍ തിരികെ പോകാന്‍ തീരുമാനിച്ചു… ആ ദ്വാരത്തില്‍ കുറച്ചു പഴയ തുണി തിരുകി കയറ്റി ഞങ്ങള്‍ ഓഫീസിലേക്ക്  തിരികെ പോന്നു …

ഓഫീസില്‍ ചെന്ന് ഏകദേശം  ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടു ഫോണ്‍ ചിലച്ചു… സഖി തന്നെ… പിന്നെയും പാമ്പിനെ കണ്ടു … തുണി തിരുകി കയറ്റിയ ദ്വാരത്തില്‍ തന്നെ ഉണ്ട്.. തിരുകി കയറ്റിയ തുണി പാമ്പ് തള്ളി പുറത്തിട്ടു … മിട്ടു ഇവിടെ ഉണ്ട് … അവന്‍ കൊല്ലാമെന്ന് പറഞ്ഞു ..ഞാന്‍ പറഞ്ഞു ബൈജുവേട്ടനും കൂടി വന്നിട്ട് മതി എന്ന്…. ഒന്ന് വേഗം വരുമോ ??… ഒറ്റ ശ്വാസത്തില്‍ സഖി ഇത്രയും പറഞ്ഞു കട്ട്‌ ചെയ്തു…

മിട്ടു, ഗീതുവിന്റെ കുഞ്ഞമ്മയുടെ മകനാണ്… ആറടി പൊക്കം ഒത്ത ശരീരം.. കാരിരുമ്പിന്റെ കരുത്ത്… കാര്‍മുകിലിന്റെ വര്‍ണ്ണം… കേരളത്തിലെ അറിയപ്പെടുന്ന  ക്രിക്കറ്റ്‌ കളിക്കാരന്‍ ആണ് … ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍  ആകാനുള്ള  തയ്യാറെടുപ്പിലാ…  പാമ്പ്, തവള, പെരുച്ചാഴി, അണ്ണാന്‍, തുടങ്ങിയ ക്ഷുദ്ര  ജീവികളെ എവിടെ കണ്ടാലും പുള്ളി ക്യാമറയും കൊണ്ട് ഓടി എത്തും… നിന്നും ഇരുന്നും കിടന്നും ഒക്കെ ഫോട്ടോ എടുക്കും…അതെല്ലാം ഫേസ്‌ബുക്കില്‍ പബ്ലിഷ്  ചെയ്യും… അതാ കക്ഷി .. ഏതായാലും അവന്‍ വന്നത് നന്നായി.. സഖിയും കുട്ടികളും ഒറ്റക്കല്ലല്ലോ… എനിക്ക് സമാധാനമായി…

വീണ്ടും ഓഫീസില്‍ നിന്നുമിറങ്ങി…  ലീസ്റ്റെര്‍ ഭായിയെ അന്വേഷിച്ചപ്പോള്‍ അയാള്‍ വീട്ടില്‍ പോയി.. അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പോലും… നെഞ്ചില്‍ ഒരിടിത്തീ വെട്ടി … മനസ്സിന് ധൈര്യമേകാന്‍ പണ്ട് പാമ്പിനെ കൊന്ന സംഭവങ്ങള്‍ പലതും ഓര്‍ത്തു… (പലതും എന്ന് പറഞ്ഞാല്‍ രണ്ടോ.. മൂന്നോ .. അത്രെയുമേ ഉള്ളൂ ) .. ഏതായാലും ആലോചിച്ചു നിന്നിട്ട് കാര്യമില്ല…  ലീസ്റ്റെര്‍  ഭായിക്ക് പകരം വന്ന സെക്യൂരിറ്റി അയൂബ്ഖാന്‍ പാമ്പിന്റെ പാ… എന്ന് കേട്ടാല്‍ മതി ..ബോധം കെടും …. ആ ടൈപ്പാ…അതുകൊണ്ട് അങ്ങേരെ വിളിച്ചിട്ട് കാര്യമില്ല ..

പിന്നെയുള്ളത് ഓഫീസ് അസിസ്റ്റന്റ്‌  ഹരിയാണ്.. പണ്ട് എന്റെ ഓഫീസിലുള്ള  റോയ് ഓണ്‍ സൈറ്റ് പോയപ്പോള്‍ റോയിയുടെ വീട്ടില്‍ ചേര കയറി.. റോയിയുടെ ഭാര്യ അമ്പിളി ഓഫീസില്‍ വിളിച്ചു കാര്യം പറഞ്ഞു.. ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ റോയിയുടെ വീട്ടിലേക്കു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഹരിയും ഓടിവന്നു ബൈക്കില്‍ കയറി.. വീട്ടില്‍ ചെന്നപ്പോള്‍  ചേര അടുക്കളിയില്‍ കയറി ഒളിച്ചിരിക്കുകയാണ്. ഒരു കമ്പിട്ടു കുത്തി ചേരയെ അവിടെ നിന്നും ഇളക്കി.. ചേര ഇഴഞ്ഞു നീങ്ങിയതും ഹരിയെ കാണാനില്ല.. അവസാനം ഞങ്ങള്‍ ചേരയെ തല്ലി കൊന്നു കഴിഞ്ഞപ്പോള്‍ ഹരി ടെറസ്സില്‍ നിന്നും ഇറങ്ങി വരുന്നു.. അത്രയ്ക്ക് ധൈര്യമാ കക്ഷിക്ക്.. എന്നാലും ഒരു ഓളമുണ്ടാക്കാന്‍ ഹരി മിടുക്കനാ. അന്വേക്ഷിച്ചപ്പോള്‍ ഹരിയും ഡ്യൂട്ടി കഴിഞ്ഞു പോയിരിക്കുന്നു ….

ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല .. വീണ്ടും സാറിനോട്  കാര്യം പറഞ്ഞു  ഓഫീസില്‍ നിന്നും പെട്ടന്നിറങ്ങി ..

സാധാരണ പത്തു മിനിട്ട്  കൊണ്ട്  കവറ് ചെയ്യുന്ന ദൂരം  ആറു മിനിറ്റില്‍ പൂര്‍ത്തിയാക്കി  വീട്ടില്‍ വന്നിറങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ വിറക്കുന്നു ..

നോക്കിയാപോള്‍ ഓഫീസില്‍ നിന്നാണ് …

ആരാ ഇപ്പൊ ഫോണ്‍ ചെയ്യാന്‍ .. അറ്റന്‍ഡ് ചെയ്തപ്പോള്‍ സര്‍ ആണ്  …

ഞാന്‍: എന്താ സര്‍

സര്‍ : പാമ്പിനെ കണ്ടോ ?

ഞാന്‍: ഇല്ല സര്‍ .. ഞാന്‍ വീട്ടിലേക്കു എത്തിയതെ ഉള്ളൂ

സര്‍ : തിരിച്ചു ഓഫീസില്‍ വരുമല്ലോ അല്ലെ ? യു എസ്സില്‍ നിന്നും വിളിച്ചിരുന്നു… അവര്‍ക്ക് എന്തോ ഡിസ്കസ്സ് ചെയ്യണം എന്ന്..

ഞാന്‍: ഉറപ്പില്ല്ല സര്‍ .. പാമ്പിനെ പിടിച്ചാല്‍ വരും… ഇല്ലെങ്കില്‍ അറിയില്ല സര്‍ .. ഞാന്‍ നോക്കാം…

ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.. ഒരു മാതിരി പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഏര്‍പ്പാട്.. എന്ത് ചെയ്യാം .. ജോലിക്കാരനായി പോയില്ലേ… ഡിസ്കഷന്  പറ്റിയ സമയം..

വീട്ടില്‍ കയറി നോക്കിയപ്പോള്‍ എല്ലാവരും പാമ്പിരിക്കുന്ന സ്ഥലത്ത്  കൂട്ടം കൂടി നില്‍പ്പുണ്ട് …. മിട്ടു പാമ്പിരുന്ന ദ്വാരം കുറച്ചു വലുതാക്കി.. അതില്‍ ചുരുണ്ട് കൂടിയിരിക്കുന്ന പാമ്പിനെ വ്യക്തമായി കാണാം.. ശരീര ഘടനയും അതിലെ പുള്ളികളും കണ്ടപ്പോള്‍ തന്നെ അണലിയാണെന്ന്  ഉറപ്പിച്ചു…. തലയും വാലും അണലി ഒളിപ്പിച്ചു വച്ചിരിക്കുവാ… ബോഡി മാത്രമേ കാണാന്‍ പറ്റൂ…. ഏതായാലും ബോഡി കണ്ടപ്പോള്‍ ഇത് നമ്മുടെ കയ്യില്‍ ഒതുങ്ങുമെന്ന് മനസ്സ് പറഞ്ഞു.. വാവ സുരേഷിനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് തീരുമാനിച്ചു.. ഇതുപോലുള്ള  ക്ഷുദ്ര   ജീവികളില്‍ നിന്നും മറ്റു ശത്രുക്കളില്‍ നിന്നും രക്ഷപെടാന്‍ കരുതിയിരുന്ന  ഒരു ഇരുമ്പ് വടി എടുത്തുകൊണ്ടു വന്നു…. അണലിയെ അടിച്ചു കൊല്ലാന്‍ തീരുമാനിച്ചു…

അപ്പോഴാണ്‌ മനസ്സിലായത്‌ ആ ദ്വാരത്തില്‍ ഇട്ടു തല്ലി കൊല്ലാന്‍ പറ്റില്ല എന്ന് .. പുറത്തിറക്കിയാലേ തല്ലാന്‍ പറ്റൂ…. പുറത്തിറക്കിയാല്‍ പാമ്പിന്റെ രൂപം ഭാവം എന്നിവ മാറാനുള്ള സാധ്യത തളളിക്കളയാനും പറ്റില്ല… അതുകൊണ്ട് കുത്തി കൊല്ലാം എന്ന് തീരുമാനിച്ചു.. രണ്ടും കല്‍പ്പിച്ച്  ഇരുമ്പ് കമ്പി പാമ്പിന്റെ ഉടലിലേക്ക് കുത്തിയിറക്കി.. പാമ്പൊന്നു പുളഞ്ഞു… ഒളിപ്പിച്ചു വച്ചിരുന്ന തലയും വാലും എല്ലാം പുറത്തു വന്നു… പാമ്പിന്റെ ഈവക  അഭ്യാസങ്ങള്‍ക്കൊന്നും വശംവദനാകാതെ ഞാന്‍ പാമ്പിന്റെ ഉടല് കമ്പികൊണ്ട് കുത്ത് രണ്ടാക്കി .. മിട്ടു ദ്വാരത്തില്‍ നിന്നും പാമ്പിനെ മറ്റൊരു കമ്പ് കൊണ്ട് തോണ്ടി പുറത്തിട്ടു… ഇരുമ്പു വടി പാമ്പിന്റെ തല ലക്ഷ്യമാക്കി പാഞ്ഞു.. ഠിം.. പാമ്പ് ക്ലോസ്സ് … മിഷന്‍ അക്കംപ്ളിഷ്ട്…. ചത്ത പാമ്പിനെ കത്തിച്ചു കളയണമെന്നാ  പ്രമാണം.. അത് കൊണ്ട് അതും ചെയ്തു ആ പാമ്പിന്റെ ആത്മാവിനു നിത്യ ശാന്തിയും നേര്‍ന്നു വിനീത വിധേയനായി ഞാന്‍ ഓഫീസിലേക്ക് മടങ്ങി…

അങ്ങനെ മറ്റൊരു പാമ്പും ചരിത്രത്തിന്റെ ഭാഗമായി.. ഇനിയും അടുത്ത പാമ്പ് ഞങ്ങളുടെ ഉള്ളില്‍ തീ കോരിയിട്ടു എന്നാണാവോ വരുന്നത് എന്ന  ഉത്കണ്‍ഠയോടെ നിര്‍ത്തുന്നു…..

തിരുവനന്തപുരത്ത് താമസം തുടങ്ങിയതിനു ശേഷം എല്ലാ വര്‍ഷവും ജനുവരി മാസം മുതല്‍ ഏപ്രില്‍ മാസം വരെ ഭക്തി സന്ദ്രമാണ്… കല്യാണം കഴിഞ്ഞ ശേഷം ഈ മാസങ്ങളില്‍ ഭക്തി അല്‍പ്പം കൂടിയോ എന്നൊരു സംശയവും ഉണ്ട്..  ഏതായാലും ഈ മാസങ്ങളില്‍ പൊങ്കാലകളുടെ  പൊങ്കാലയാണ്… ആറ്റുകാല്‍ , കരിക്കകം, വെണ്‍പാലവട്ടം, തോഴുവങ്കോട്, ഇടിയടീക്കോട്,  കാഞ്ഞിരവിളാകം തുടങ്ങി  തിരുവനന്തപുരത്തെ ഒട്ടു മിക്ക അമ്പലങ്ങളിലും പൊങ്കാലയാണ്……. ഞാന്‍ ഇവിടെ താമസം തുടങ്ങിയിട്ട് ഏകദേശം പതിമൂന്നു വര്‍ഷമായി.. ഓരോ വര്‍ഷം കഴിയുന്തോറും പൊങ്കാലകളും….. അത് നടത്തുന്ന അമ്പലങ്ങളും…. അവിടെ കൂട്ടുന്ന അടുപ്പുകളും…. അതില്‍ പങ്കെടുക്കുന്ന ആളുകളും …വര്‍ധിച്ചു കൊണ്ടേ ഇരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്‌ ……  ഈ വര്‍ഷത്തെ പോലെ  പൊങ്കാലകളുടെ  ആധിക്യം ഉച്ചസ്ഥായീലെത്തിയ ഒരു വര്‍ഷം ഇതുവരെ ഉണ്ടായിട്ടുമില്ല…. അടുത്ത വര്‍ഷത്തെ അവസ്ഥ എന്താണോ ആവോ ….. ഉത്സവ സമയത്ത് അമ്പലങ്ങളില്‍ ദര്‍ശനം നടത്തണമെന്നത്   സഖിയുടെ അജണ്ടയിലെ ആദ്യത്തെ ഐറ്റം ആയതു കൊണ്ട്  ആ സമയങ്ങളില്‍ ഞങ്ങള്‍ കുടുംബ സമേതം മിക്ക  അമ്പലങ്ങളിലും ദര്‍ശനം നടത്താറുണ്ട്‌

അങ്ങിനെ ഒരു ബുധനാഴ്ച  കരിക്കകം ശ്രീ ചാമുണ്ടേശ്വരി  ക്ഷേത്രത്തില്‍ ഉത്സവത്തിനു  കൊടിയേറി.. വ്യാഴാച്ച   തന്നെ അമ്പലം വിസിറ്റ് ചെയ്തേക്കാമെന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്തു ..ഉത്സവ സമയങ്ങളില്‍ മിക്ക അമ്പലങ്ങളും രാത്രി പത്തുമണിവരെ തുറന്നിരിക്കുമെന്നത് എന്നെ പോലെ ഉള്ള ടെക്കി ഭക്തന്മാര്‍ക്ക് ഒരു അനുഗ്രഹം  തന്നെയാണ്   .അതുപോലെ തന്നെ ആദ്യ ദിനങ്ങളില്‍ തിരക്കും കുറവായിരിക്കും… എങ്കിലും അരമണിക്കൂര്‍ ക്യു നിന്ന് …ദര്‍ശനം പൂര്‍ത്തിയാക്കി  പുറത്തിറങ്ങി …. .ആ സമയത്ത് പുറത്തു വിശാലമായ സ്റ്റേജില്‍ കലാപരിപാടികള്‍ നടക്കുന്നുണ്ടായിരുന്നു….  സ്റ്റേജില്‍ മോഹിനികള്‍ നടനമാടുകയാണ് … പൊതുവേ ഡാന്‍സില്‍ തല്‍പ്പരയായ എന്റെ അഞ്ചു വയസ്സുകാരി മകള്‍ക്ക് മോഹിനിയാട്ടം കണ്ടേ പറ്റൂ.. കുഞ്ഞി പെണ്ണിന്റെ ആഗ്രഹം അല്ലേ …. സാധിച്ചു കൊടുത്തേക്കാം എന്ന് കരുതി ഞങ്ങള്‍ മോഹിനിയാട്ടം കാണാനായി സ്റ്റേജിന്റെ മുമ്പില്‍ നിലയുറപ്പിച്ചു.. അമ്പലത്തില്‍ നിന്നും മേടിച്ച കടിച്ചാല്‍ പൊട്ടാത്ത ഉണ്ണിയപ്പം   കൊണ്ട്   താടി  മസ്സിലുകള്‍ക്ക് വ്യായാമവും നല്‍കി,  മോഹിനികളുടെ മോഹന നടനത്തില്‍ മുഴുകി നിന്നു..    കണ്ണുകള്‍ മോഹിനികളില്‍ ആയിരുന്നെങ്കിലും ചിന്ത ഉണ്ണിയപ്പത്തെ കുറിച്ചായിരുന്നു.. ഇതെന്തിനാ  ഇങ്ങിനെ ഉണ്ടാക്കുന്നത്‌ .. ഇതിനെന്താ ഇത്ര കട്ടി …ഇതിന്റെ കൂട്ടെന്നതായിരിക്കും… ഇത് ആള്‍ക്കാര്‍ക്ക്  കഴിക്കനല്ലേ ഉണ്ടാക്കുന്നത്‌ … തുടങ്ങി ഉണ്ണിയപ്പത്തിന്മേല്‍   ഉണ്ടാകുവുന്ന ഒരമാതിരി ചോദ്യങ്ങള്‍ എല്ലാം ഞാന്‍ എന്നോട് തന്നെ ചോദിച്ച് മോഹിനിയാട്ടവും ആസ്വദിച്ചു കൊണ്ട് നിന്നപ്പോള്‍ ആരോ എന്നെ തട്ടി വിളിച്ചു  .. മകനാണ് ….

അച്ചേ, ദേ, അച്ചേ കാട്ടിലും പൊക്കമില്ലാത്ത ഒരാള്‍  …. നോക്കിയപ്പോള്‍ കുള്ളന്‍   കാറ്റഗറിയില്‍ പെട്ട  ഒരു മനുഷ്യന്‍ എന്റെ സൈഡില്‍ നില്‍ക്കുന്നു …..

എന്റെ നെഞ്ചില്‍ ഒരു ഇടിത്തീ വെട്ടി.. കുള്ളനും മകന്റെ അതിശയം കലര്‍ന്ന ആ  ഡയലോഗ്  കേട്ടു… അടുത്ത് നിന്ന മറ്റു ചിലര്‍ കൂടി സംഗതി കേട്ടു ഒരു ആക്കിയ ചിരിയും പാസ്സാക്കി..

കുള്ളനു സംഗതി പിടിച്ചില്ല… കുള്ളന്‍ തന്റെ അതൃപ്തി,  രൂക്ഷമായ ഒരു നോട്ടത്തിലൂടെ എന്നെ അറിയിച്ചു…. എല്‍ പി സ്കൂള്‍ കുട്ടികള്‍ വരെ വടിവാളും, പിച്ചാത്തിയും, വെട്ടുകത്തിയും എടുത്തു കൊട്ടേഷനിറങ്ങുന്ന കലാമാണ്.. കുപ്രസിദ്ധരായ പല ഗുണ്ടകളുടെയും സ്ഥലമാണ് കരിക്കകം… ഇനി ആ ലിസ്റ്റില്‍ പെട്ട വല്ലവരുമാണോ ഈ കുള്ളന്‍ എന്ന് ആര്‍ക്കറിയാം …സ്ഥലം വിടുന്നതാ ബുദ്ധി എന്നെനിക്കു തോന്നി …

പിന്നെ ഒന്നും ആലോചിച്ചില്ല ….മകന്റെ വായും പൊത്തിപിടിച്ച്‌ എല്ലാ മോഹിനി മാരെയും അവരുടെ ആട്ടത്തെയും ഉപേക്ഷിച്ച്.. പകുതി കടിച്ച ഉണ്ണിയപ്പവും ദൂരെ എറിഞ്ഞു ….കാറ് ലക്ഷ്യമാക്കി തിരിഞ്ഞു നടന്നു.. തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ കുള്ളന്‍ എന്ന വാക്കും മകന്റെ ഡയലോഗും  എന്നെ നോക്കി ഇളിച്ചു കൊണ്ടേ ഇരുന്നു…

“ദേ അച്ചേ കാട്ടിലും പൊക്കമില്ലാത്ത ഒരാള്‍ ” ..

എന്റെ ചിന്തകളില്‍ ഇതുമായി ബന്ധപെട്ട ചില പഴയകാല കഥകള്‍ ഇടപിടിച്ചു…

എഞ്ചിനീയറിംഗ് പഠനം  തുടങ്ങിയപ്പോള്‍ മുതലുള്ള  പ്രശ്നമാണ്  പൊക്കവും അതെ പിടിച്ചുള്ള പുകിലുകളും…..

കോളേജില്‍ പോക്കമില്ലത്തവര്‍ ഒരുപാട് ഉണ്ടായിരുന്നു…. പല ടൈപ്പ് കുള്ളന്മാര്‍ ഉണ്ടായിരുന്നെങ്കിലും കുള്ളന്‍ പട്ടം വയനാട്ടില്‍ നിന്നുള്ള ഒരു കൊച്ചു മനുഷ്യനാണ് മറ്റുള്ളവര്‍ കല്‍പ്പിച്ചു നല്‍കിയത്.. അവനെ പഠിപ്പിക്കാന്‍ വന്ന ഒരു അധ്യാപകന് അവന്റെ അത്രയും പൊക്കമില്ലായിരുന്നു…. അങ്ങിനെ ഒരാളെ ആദ്യമായി കണ്ടതിന്റെ ആവേശത്തില്‍  അവന്‍ അദ്ദേഹത്തെ കുള്ളന്‍ സര്‍ എന്ന്   വിളിച്ചു….. ആ  കുള്ളന്‍ വിളിയും…. അതിനെ ചുറ്റിപറ്റിയുള്ള പുകിലുകളും .. അത് അന്വേക്ഷിക്കാനായി മറ്റൊരു കുള്ളനായ പ്രിന്‍സിപ്പളും.. അദ്ദേഹം നിയമിച്ച കുള്ളന്‍ സാറുമ്മാരുടെ പാനലും…അവരുടെ ചോദ്യം ചെയ്യലുകളും…. അതിനെ തുടര്‍ന്നുള്ള സസ്പെന്‍ഷനുകളും…… സസ്പെന്‍ഷനിലായവര്‍ക്കു ഐക്കദാര്‍ഡ്യം പ്രകടിപ്പിച്ചു കുള്ളന്മാരും പൊക്കമുള്ളവരും  സംയുക്തമായി നടത്തിയ പ്രകടനങ്ങളും… വീട്ടില്‍നിന്നും കാരണവന്മാരുടെ വരവും… അവരുടെ കോപ പ്രകടനങ്ങളും… കോപ്രായങ്ങളും…എല്ലാം കൂടി ആകെ സംഭവ ബഹുലമായിരുന്നു…

കഴിഞ്ഞ വര്‍ഷം ഇതേ കുള്ളന്‍ അധ്യാപകന്റെ പടം പത്രത്തില്‍ വന്നു… പുള്ളിക്കാരന് പി എച് ഡി കിട്ടിയിരിക്കുന്നു എന്ന കുറിപ്പോടെ.. അതുകഴിഞ്ഞ് കുറച്ചുകാലത്തിനുള്ളില്‍ അദ്ദേഹത്തെ നേരിട്ട് കാണാനും എനിക്ക് അവസരം ഉണ്ടായി.. നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ “ഡോക്ടര്‍ കുള്ളന്‍ സര്‍ ” എന്ന് അഭിസംബോധന ചെയ്തതും…. അതിന്റെ മറുപടിയായി എന്റെ പുറത്തു കിട്ടിയ സമ്മാനവും ഞാന്‍ മറന്നട്ടില്ല..

അങ്ങിനെ സെന്‍സിറ്റീവായ ഒരു വിഷയമാണ് പൊക്കം…. അപ്പോഴാണ്‌ മകന്റെ ആസ്ഥാനത്തെ ഡയലോഗ്….

ഇതുപോലുള്ള അവസരങ്ങള്‍ ജീവിതത്തില്‍ ഇനിയും ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല…. മാനവും തടിയും രക്ഷിക്കാന്‍ എന്താ വഴിയെന്നു ചിന്തിച്ചപ്പോള്‍ “വെര്‍ട്ടിക്കലി ഹാന്റിക്യാപ്പ്ട്”  എന്ന  കുറച്ചുകൂടി  മാന്യമായ പദം എന്റെ സിരകള്‍ക്കു ഉണര്‍വ് പകര്‍ന്നു ഒഴുകിയെത്തി ….  കോളേജിലെ ഏതോ ഒരു കലാപരിപാടിക്ക്‌ ആളുകളെ പൊക്കം കൊണ്ടും വണ്ണം കൊണ്ടും വേര്‍തിരിച്ചു കുറെ ടീം ഉണ്ടാക്കിയിരുന്നു … അതില്‍ കുള്ളന്മാരെ പ്രതിനിധാനം ചെയ്ത ടീമിന് കല്‍പ്പിച്ചു നല്‍കിയ പേരായിരുന്നു “കോളേജ്  ഓഫ്  വെര്‍ട്ടിക്കലി  ഹാന്റി ക്യാപ്പ്ട്  “…. വേണമെങ്കില്‍ ഇതുപോലെ ഉള്ള അവസരങ്ങളില്‍ “അച്ചേ ദോ വെര്‍ട്ടിക്കലി ഹാന്റിക്യാപ്പ്ട് ആയ ഒരാള്‍ നില്‍ക്കുന്നു ” എന്ന് പറയാന്‍ പഠിപ്പിക്കാം.. അതാവുമ്പോള്‍ എല്ലാവര്‍ക്കും കത്തില്ലല്ലോ… കമ്യൂണികേഷന്‍ നടക്കുകയും ചെയ്യും…  മകനെ വിളിച്ചു കാര്യം പറഞ്ഞു…

കുഴപ്പം പിടിച്ച ആ വാക്ക് കേട്ടതും സഖി പറഞ്ഞു

ബൈജുവേട്ടാ, അവന്‍ അതൊന്നും പറയാറായിട്ടില്ല.. വെറുതെ ഇതൊന്നും പഠിപ്പിക്കേണ്ട. അവന്‍ അവസരത്തിലും അനവസരത്തിലും അതുപയോഗിക്കും.. കുഴപ്പമാകും..

ഇനി സ്കൂളില്‍ പോയി ആരെയെങ്കില്ലും അങ്ങിനെ വിളിക്കുമോ ?? അതിന്റെ പേരില്‍ ഞാന്‍ സ്കൂളില്‍ പോകേണ്ടിവരുമോ?? അങ്ങിനെ പലതും ഞാന്‍ ചിന്തിച്ചു ..

ഏയ്‌ ഇല്ല അങ്ങിനെ ഒന്നും ഉണ്ടാവില്ല ..എന്ന് സ്വയം സമാധാനിച്ചു … സഖിയുടെ വാക്കിനു വില കല്‍പ്പിക്കാതെ അവനെ കൊണ്ട് ആ വാക്ക്  പറഞ്ഞു പഠിപ്പിച്ചു….

രണ്ടുമൂന്നു തവണത്തെ പ്രാക്ടീസുകൊണ്ട് അവന്‍ സംഗതി പഠിച്ചു…

ഹാവൂ  സമാധാനമായി…. ഇനീം അവന്‍ മാനേജ് ചെയ്തുകൊള്ളും എന്ന് ആശ്വസിച്ചു കാര്‍ സ്റ്റാര്‍ട്ട് ചെയ്തു..

തടി കേടാകാതെ തിരിച്ചു വീട്ടിലെത്തി.. വീട്ടില്‍ ചെന്ന് കേറിയപ്പോള്‍ മകന്‍  ചോദിച്ചു

അച്ചേ, പൊക്കമില്ലത്തവരെ വിളിക്കാന്‍ അച്ഛ പറഞ്ഞു തന്ന പേരെന്താ…  ഞാന്‍  മറന്നു  പോയി  …..

ഠിം … എന്റെ മുഖമടച്ചൊരു അടി കിട്ടിയ പ്രതീതി…

ഹിറ്റ്ലെര്‍ സിനിമയില്‍ അടൂര്‍ ഭവാനി മമ്മൂട്ടിയെ കണ്ടപ്പോള്‍ വിളിക്കാന്‍ പഠിപ്പിച്ച  പേര്  ജഗദീഷിനോടും ഇടവേള  ബാബുവിനോടും ചോദിച്ച പോലെ…..

അടുത്ത അവസരത്തില്‍ അവന്‍ ഇങ്ങനെ ചോദിച്ചാല്‍ മിക്കവാറും എന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും ….

ഞാന്‍ :  എന്താ കുട്ടാ ഇപ്പോള്‍ ആ വാക്കിന്റെ ആവിശ്യം…

മകന്‍ : എന്റെ  ക്ലാസ്സിലെ രാഹുലിന്റെ അച്ഛന്, അച്ചേടെ അത്രേം പൊക്കമില്ല … രാഹുലിന് പറഞ്ഞു കൊടുക്കാനാ

ഞാന്‍ : കുട്ടാ, മറ്റുള്ളവരോട് പറയാന്‍ വേണ്ടിയല്ല അച്ഛ അത് പറഞ്ഞു തന്നത്…

മകന്‍ : എന്നെ പോലെ രാഹുലും ഇതുപോലുള്ള ആള്‍ക്കാരെ കണ്ടിട്ട് പൊക്കമില്ലാത്ത ആള്‍ എന്ന് പറഞ്ഞാല്‍ പ്രശ്നമാവില്ലേ ?

എന്റെ കരിക്കകത്തമ്മേ…  ചതിച്ചല്ലോ .. ഞാന്‍ ചിന്താമഗ്നനായി….

ഗീതൂ …. നീ ഇത്തവണ കരിക്കകത്തു കൂടി പൊങ്കാല ഇടണം..

സാധാരണയായി  ആറ്റുകാല്‍  പൊങ്കാലക്ക് മാത്രമേ സഖി ഭാഗഭാക്കാകാറുള്ളൂ .. ഇത് കേട്ടതും

സഖി: അതെന്തിനാ ബൈജുവേട്ടാ കരിക്കകത്തു പൊങ്കാല ഇടേണ്ടത്…

ഞാന്‍ : ഇവന്‍ ആ വാക്ക് ഇനി ആരോടും പറയാതിരിക്കാന്‍ വേണ്ടി എന്റെ നേര്‍ച്ചയാ…. നീ എതിരൊന്നും പറയരുത്…

സഖി: പറ്റത്തില്ല.. ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ അവനെ അതൊന്നും പഠിപ്പിക്കരുതെന്ന്.. അവനതൊന്നും മനസ്സിലാക്കാനുള്ള പ്രായമായില്ല…

സംവാദം ഉച്ചത്തിലായപ്പോള്‍ മകന്‍ ഇടപെട്ടു..

മകന്‍: നിങ്ങള്‍ വഴക്കിടെണ്ടാ… ഞാന്‍ ഇനി അങ്ങിനെ പറയില്ല… അതോടെ പ്രശ്നം തീരുവല്ലോ….

ഏതായാലും അതോടുകൂടി ഈ സംഗതി ഇവിടെ അവസാനിക്കുമെന്ന പ്രത്യാശയോടെ ഞാന്‍ നിര്‍ത്തുന്നു

ശുഭം !!!!

ജനുവരി  മാസം മുതല്‍ എന്റെ മകള്‍ സ്കൂളില്‍  നിന്നും വീട്ടില്‍ വന്നാല്‍ സമയം കിട്ടുമ്പോഴൊക്കെ ഡാന്‍സ് ആണ് പരിപാടി. ടി വി കാണുമ്പോഴും കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒക്കെ ഡാന്‍സ് തന്നെ ഡാന്‍സ്… ചോദിക്കുമ്പോള്‍ സ്കൂള്‍ഡേ ആണ്, അതിനുള്ള ഡാന്‍സ് ആണ്, അതിന്റെ പ്രാക്ടീസാണ് എന്നൊക്കെ പറയുന്നുമുണ്ട്… ഏതു പാട്ടാണെന്ന് ചോദിച്ചപ്പോള്‍ “ചാമ ചുന്ദര കേര കേതാര പൂമി ” … എന്ന് തുടങ്ങുന്ന പാട്ടാണെന്ന് അവള്‍ പാടി പറഞ്ഞു..

ഫെബ്രുവരി  മാസം ആയപ്പോഴേക്കും രാവിലെ കുളിപ്പിച്ച്,  ഒരുവിധം ഒരുക്കിയെന്നു വരുത്തി തീര്‍ത്തു, കണ്ണുമെഴുതി, പൊട്ടും കുത്തി, യൂണീഫോമിനു മാച്ചു  ചെയ്യുന്ന സ്ലൈയിടും തലയില്‍ തിരുകി കയറ്റി, മാച്ചിംഗ് കമ്മലും കാതില്‍ ഇട്ടു  സ്കൂളില്‍ വിടുന്ന മകള്‍ ……..  കണ്ണും കലങ്ങി, മുടിയും അഴിച്ചിട്ടു, പൊട്ടും സ്ലൈടുമില്ലാതെ വിയര്‍ത്തു കുളിച്ചു, കുഴഞ്ഞുള്ള വരവും അത് കഴിഞ്ഞു ക്ഷീണിച്ചു അവശയായി ബോധമില്ലാതെ ഉള്ള ഉറക്കവും, ഉറക്കത്തിനിടക്കുള്ള അബോധാവസ്ഥയിലുള്ള സംസാരവും കാണുമ്പോള്‍ …. ഈ സ്കൂള്‍ ഡേ എന്ന സമ്പ്രദായം വേണ്ടേ വേണ്ട എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരുടെ കൂടെ നില്ക്കാന്‍ എന്നെ പോലുള്ള പലരും തയ്യാറായി പോകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല …ഏതായാലും കൊച്ചു  കുട്ടികളെ ഇങ്ങനെ ഇട്ടു കഷ്ടപ്പെടുത്തുന്നത്‌ ടീച്ചറിനോട് ഒന്ന് ചോദിച്ചിട്ട് തന്നെ ബാക്കി കാര്യമെന്ന് തീരുമാനിച്ചു…

ഒന്‍പതരക്ക്  മണി അടിച്ചു പ്രയര്‍ തുടങ്ങുന്ന സ്കൂളില്‍ … പ്രയറും കഴിഞ്ഞു  വ്യായാമങ്ങളും (എല്‍ കെ ജി, യു കെ ജി ക്ലാസ്സിലെ കുട്ടികളെ രാവിലെ ടീച്ചര്‍മാര്‍ വ്യായാമം അഥവാ എക്സര്‍സൈസ് ചെയ്യിക്കും .. കാണേണ്ട കാഴ്ചയാണ് …) കഴിഞ്ഞു പിള്ളേര് തിരിച്ചു ക്ലാസ്സില്‍ കയറുമ്പോഴാണ്  മിക്കവാറും വെടിയുണ്ട കണക്കെ ബൈക്കില്‍   പാഞ്ഞു  പറിച്ചാണ് ഞാനും എന്റെ മകളും സ്കൂളില്‍ എത്തുന്നത്‌.. ….. ….

ഒന്‍പതരക്ക്  മുമ്പ്  കുട്ടിയെ സ്കൂളില്‍ എത്തിക്കണമെന്ന് ആദ്യമൊക്കെ അവിടുത്തെ ടീച്ചര്‍ മാര്‍ പല രീതിയില്‍ പറഞ്ഞു നോക്കി.. ആദ്യം ക്ലാസ്സ്‌ ടീച്ചറും, പിന്നെ എല്‍ കെ ജി ഹെഡും, അത് കഴിഞ്ഞു കിന്റെര്‍ ഗാര്‍ടെന്‍ പ്രിന്‍സിപ്പളും മാറിയും കേറിയും എന്റെ അടുത്ത് പറഞ്ഞു.. ആഗ്രഹാമില്ലഞ്ഞിട്ടല്ല ടീച്ചര്‍ , ശ്രമിക്കാഞ്ഞിട്ടുമല്ല..  കഴിയുന്നില്ല….  എന്ന എന്റെ ഉത്തരം അവര്‍ക്കുമുന്നില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചെന്നു  തോന്നുന്നു…. ഏതായാലും ഈയിടെയായി ചോദ്യവുമില്ല പറച്ചിലുമില്ല… രാവിലെ കൊച്ചിനെ കൊണ്ടുവിടുമ്പോള്‍ ബൈക്ക് തിരിച്ചു നിര്‍ത്തി… മകളെ ഇറക്കി… ടീച്ചറുമ്മാര്‍ക്ക് മുഖം കൊടുക്കാതെ മകള്‍ക്കൊരു റ്റാ റ്റാ യും കൊടുത്തു ഞാന്‍ എസ്കേപ് ചെയ്യും…അങ്ങിനെ സംഗതികള്‍ ഒരുവിധം ഭംഗിയായി പോയികൊണ്ടിരിക്കുമ്പോഴാണ് ഈ സ്കൂള്‍ ഡേയും അതിന്റെ പേരിലുള്ള പുകിലുകളും ..

ഏതായാലും ഡാന്‍സിന്റെ കാര്യം ചോദിച്ചില്ലെങ്കില്‍ ഒരു അച്ഛനെന്ന നിലയില്‍ അത് എന്റെ ഭാരിച്ച ഉത്തരവാദതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാവില്ലേ  എന്ന തോന്നല്‍ എന്റെ മനസ്സിനെ സാരമായി അലട്ടികൊണ്ടേ ഇരുന്നു.. ഏതായാലും സംഗതി ചോദിച്ചുകളയാം എന്ന് തീരുമാനിച്ചു.. അടുത്ത ദിവസം രാവിലെ  സ്കൂളില്‍ ചെന്നു … എന്നും തിരിച്ചു നിര്‍ത്താറുള്ള ബൈക്ക് അന്ന് നേരെ കൊണ്ട് നിര്‍ത്തി.. മകള്‍ക്ക് അകമ്പടിയായി വിനീതനായി ഞാനും ചെന്നു..

ഇതെല്ലാം വീക്ഷിച്ചു  കൊണ്ട് സ്കൂള്‍ വരാന്തയില്‍ ഒരു ടീച്ചര്‍ എന്നെ തുറിച്ചു നോക്കി നില്‍പ്പുണ്ടായിരുന്നു …എല്‍ കെ ജി ഹെഡ് ആണ് ആ ടീച്ചര്‍ .. മകനും ആ സ്കൂളില്‍ തന്നെയാണ് പഠിച്ചത് … അതുകൊണ്ട് ഇപ്പോള്‍ നാലഞ്ചു വര്‍ഷമായി അവര്‍ക്കെന്നെ അറിയാം..

ടീച്ചര്‍ : ഇതാരാ…. കാണാനേ ഇല്ലല്ലോ? ബൈക്ക് നേരെ കൊണ്ട് നിര്‍ത്താന്‍ ഒക്കെ അറിയാമോ? പിന്നെ എന്നാ പറ്റി ഇങ്ങോട്ടൊക്കെ ഇറങ്ങാന്‍… ….?

അപ്രതീക്ഷിതമായ ആ  കുശല ചോദ്യത്തില്‍ എന്റെ ഉള്ളൊന്നു കിടുങ്ങി.. കാര്യം മകളുടെ ടീച്ചര്‍ ആണെങ്കിലും ഞാന്‍ ആ സ്കൂളില്‍ പഠിക്കാന്‍ ചെന്ന ഒരു കുട്ടിയാണോ എന്ന്  ഒരു നിമിഷം ഞാന്‍ സംശയിച്ചു.. കുറ്റം ചെയ്ത കുട്ടിയെ ഹെഡ് മാസ്റ്റര്‍ ചോദ്യം ചെയ്യുന്ന ഒരവസ്ഥ…..കിടുങ്ങലില്‍ നിന്ന് ഞെട്ടിയുണര്‍ന്നു ഞാന്‍ പറഞ്ഞു…

ഞാന്‍ :  കുറെ കാലമായി ഇങ്ങോട്ടൊന്നു കേറണമെന്ന് വിചാരിക്കുന്നു.. പക്ഷെ സാഹചര്യം അനുവദിക്കുന്നില്ല… ബൈ ദി ബൈ .. മകള്‍ എങ്ങിനെ ഉണ്ട്   ? (ഒരു ജോസ് പ്രകാശ് സ്റ്റൈലില്‍ ചോദിച്ചു )

ടീച്ചര്‍ : ഷി ഈസ്‌ സ്മാര്‍ട്ട്‌…… …

(ഹാവൂ സമാധാനം… ഇനിം കാര്യത്തിലേക്ക് കടക്കാം….)

ഞാന്‍ : എന്നാണ് ടീച്ചര്‍ സ്കൂള്‍ ഡേ….

ടീച്ചര്‍ : ഫെബ്രുവരി 16-18 … കെ ജി സെക്ഷന്‍ 17 ന് .  നന്ദന വെല്‍ക്കം ഡാന്‍സില്‍ ഉണ്ടല്ലോ.. നന്നായിട്ട് ചെയ്യുന്നുണ്ട്… വീട്ടില്‍ വന്നു പറഞ്ഞില്ലേ ?

ഞാന്‍ : പറഞ്ഞു… ദിവസവും ഡാന്‍സ് കഴിഞ്ഞു വിയര്‍ത്തു കുളിച്ചു ക്ഷീണിച്ചാണ് വരുന്നത്….. കൊച്ചു കുട്ടികളല്ലേ …. അവരെ ഇത്രക്കൊക്കെ ബുദ്ധിമുട്ടിക്കണോ??

ടീച്ചര്‍ : അവരുടെ ബുദ്ധിമുട്ടൊരു ബുദ്ധിമുട്ടാണോ….  ഞങ്ങളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ…. പലതരം കുട്ടികളാണ്.. ചിലര്‍ പെട്ടന്ന് ചെയ്യും… ചിലരെ വലിയ പാടാണ് പഠിപ്പിച്ചെടുക്കാന്‍ … ഇരിക്കാന്‍ പറഞ്ഞാല്‍ എണീക്കും, കൈ താഴോട്ടുവക്കാന്‍ പറഞ്ഞാല്‍ മേലോട്ട് വക്കും, ചിരിക്കാന്‍ പറഞ്ഞാല്‍ കരയും, കരയാന്‍ പറഞ്ഞാല്‍ ചിരിക്കും… അങ്ങിനെ പലതരം കുട്ടികളാ….  ഞങ്ങളുടെ ആഗ്രഹം സ്കൂള്‍ ഡേയില്‍ എല്ലാ കുട്ടികളും സ്റ്റേജില്‍ കേറണം.. അതാണ്‌.. ഞങ്ങള്‍ ഇത്രയും പാടുപെടുന്നത് ..

ടീചെറുമാരുടെ കഷ്ടപ്പാട് കേട്ടപ്പോള്‍ പുലി പോലെ വന്ന ഞാന്‍ എലി  പോലെയായി…. കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല…

ഞാന്‍ : എന്നാല്‍ ശരി ടീച്ചര്‍ , കാര്യങ്ങള്‍ ഒക്കെ ഭംഗിയായി നടക്കട്ടെ … സ്കൂള്‍ഡേയ്ക്ക് കാണാം… എന്നും പറഞ്ഞു സ്കൂളിന്റെ പടി ഇറങ്ങി

വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ മകള്‍ പറഞ്ഞു .. അച്ഛാ .. അച്ചക്ക് എന്റെ ഡാന്‍സ് കാണണോ ? ..  ഏതായാലും കണ്ടുകളയാം എന്ന് തീരുമാനിച്ചു..  ഒരു ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി… “ശ്യാമ സുന്ദര കേര കേദാര ഭൂമി” എന്നാ പാട്ട് ഡൌണ്‍ലോഡ് ചെയ്തു  കേള്‍പ്പിച്ചു….

പാട്ട്  തുടങ്ങിയപ്പോഴക്കും സ്വിച്ച് ഇട്ടാല്‍ ഡാന്‍സ് ചെയ്യുന്ന ഒരു പാവകുട്ടിയെ പോലെ അവള്‍ ഡാന്‍സ് തുടങ്ങി.. പാട്ട് തീരാറായപ്പോള്‍ ഡാന്‍സ് പെട്ടന്ന് നിര്‍ത്തിയിട്ടവള്‍ പറഞ്ഞു

അച്ചേ .. ഞങ്ങളുടെ പാട്ടിതല്ല…  ഞാന്‍ ഒന്ന് സംശയിച്ചു …. പാട്ടിതല്ലങ്കില്‍ ഇവള്‍ എങ്ങനെ ഇത്ര കാര്യമായി ഡാന്‍സ് ചെയ്തു…

ഞാന്‍ : ഇത് തന്നാ കുട്ടാ … അതല്ലേ നീ ഡാന്‍സ് ചെയ്തത്…

മകള്‍ : അതല്ല .. ഇതില്‍  വന്ദേ മാതരം ഇല്ല…

അപ്പോഴാണ്‌ സംഗതി മനസ്സിലായത്‌ ….. സ്കൂളില്‍ അവര്‍ പല പാട്ടുകള്‍ മിക്സ്‌ ചെയ്താണ് ഡാന്‍സ് ചെയ്യിപ്പിക്കുന്നത്… ഇവളുടെ ഡാന്‍സ് കഴിഞ്ഞാല്‍ ഉടന്‍ വന്ദേ മാതരം തുടങ്ങും.. ടീച്ചേര്‍സിന്റെ ഓരോരോ ഐഡിയാസേ…. (ഏതായാലും അഭിഷേക് ബച്ചന്‍ കാണേണ്ട ….)

അങ്ങിനെ സ്കൂള്‍ ഡേ വന്നെത്തി.. വൈകുന്നേരം 6.30 നു സ്കൂളില്‍ എത്തണമെന്ന് അറിയിപ്പുകിട്ടി… വെല്‍ക്കം ഡാന്‍സ് ആയതു കൊണ്ട് ഫസ്റ്റ് പ്രോഗ്രാം ആയിരിക്കുമല്ലോ… അതുകൊണ്ട് 6.൦൦ മണിക്ക് തന്നെ സ്കൂളില്‍ എത്തി..

പ്രോഗ്രാം തുടങ്ങി… ആദ്യം കിന്റെര്‍ ഗാര്‍ടെന്‍ പ്രിന്‍സിപ്പലിന്റെ വക ഒരു പ്രസംഗം, അതിനു ശേഷം ഹൈ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വക മറ്റൊരു പ്രസംഗം.. അതിനു ശേഷം മാനേജിംഗ് ഡയറക്ടര്‍ വക മറ്റൊരു പ്രസംഗം.. പ്രസംഗം തീര്‍ന്നപ്പോള്‍ സമയം 7.30 … വെല്‍ക്കം ഡാന്‍സ് ഇനി ഗുഡ് ബൈ ഡാന്‍സ് ആകുമോ എന്നൊരാശങ്ക..

ആശങ്കള്‍ക്ക് വിരാമമിട്ടുകൊണ്ട് അറിയിപ്പ് വന്നു… നെക്സ്റ്റ് പ്രോഗ്രാം ഈസ്‌ വെല്‍ക്കം ഡാന്‍സ്….

സ്റ്റേജിന്റെ ഇരുവശത്തുമുള്ള സ്ക്രീനുകളില്‍ വെല്‍ക്കം ഡാന്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ടെ പേരുവിവരങ്ങള്‍ മേല് കീഴായി ഒഴുകിക്കൊണ്ടേ ഇരുന്നു.. ഏകദേശം അന്‍പതോളം പേരുകള്‍ കണ്ട് എന്നെ പോലെ പല പെരെന്റ്റ്സും ഞെട്ടി .. പലരും അവരുടെ പരിഭവങ്ങള്‍ പിറുപിറുപ്പിലൂടെ പങ്കുവച്ചു. ഇത്രയും പേര്‍ ഒരു ഡാന്‍സില്‍ എങ്ങിനെ പങ്കെടുക്കുമെന്ന് ഞാനടക്കം പലരും സംശയിച്ചു… ഏതായാലും ആ പേരുകള്‍ക്കിടയില്‍  “നന്ദന ബി” എന്ന എന്റെ മകളുടെ പേരും കണ്ടു ഞാന്‍ ആനന്ദ നിര്‍വൃതി അണഞ്ഞു…

ഡാന്‍സ് തുടങ്ങാനായി കര്‍ട്ടന്‍ പൊക്കി… നോക്കിയപ്പോള്‍ സ്റ്റേജ് മുഴുവന്‍ കുട്ടികള്‍ .. എല്ലാം ഒരേ പോലത്തെ വേഷങ്ങള്‍ ധരിച്ച പാവക്കുട്ടികളെ പോലെ നിരനിരയായി ഇരിക്കുന്നു..എല്ലാവരും തല കുനിച്ചിരിക്കനാണ് പഠിപ്പിച്ചതെന്നു തോന്നുന്നു.. ഇടയ്ക്കിടെ ചിലര്‍ തല പൊക്കി നോക്കുന്നുമുണ്ട്… അതില്‍  എന്റെ മകള്‍ ഏതാണെന്ന് കണ്ടു പിടിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.. അവസാനം ഫ്രെണ്ടില്‍ ഒരു സൈഡില്‍ എന്റെ മകളെ ഞാന്‍ കണ്ടു പിടിച്ചു.. ഞങ്ങളുടെ കാതുകളെ കുളിരണിയിച്ചു കൊണ്ട് “ശ്യാമ സുന്ദര കേര കേദാര ഭൂമി” കേട്ടു  തുടങ്ങി… ഒപ്പം കുട്ടികള്‍ ഡാന്‍സും തുടങ്ങി… ഏതായാലും ഒരുവിധം ഭംഗിയായി അവളും കൂടെയുള്ളവരും ഡാന്‍സ് ചെയ്തു.. അവളുടെ ഡാന്‍സ് തീരാറായപ്പോള്‍ വന്ദേമാതരം സ്റ്റാര്‍ട്ട്‌ ചെയ്തു.. മറ്റൊരു സെറ്റ് പിള്ളേര്‍ സ്റ്റേജിലേക്ക് വന്നു… എന്റെ മകളടക്കം ബാക്കിയുള്ളവര്‍  സ്റ്റേജോഴിഞ്ഞു.. വന്ദേമാതരം ടീമും ആടി തിമര്‍ത്തു…… ഏതായാലും കുട്ടികളുടെ പ്രായവും അവരുടെ കഴിവുകളും വച്ച് അവര്‍ ഭംഗിയായി ഡാന്‍സ് ചെയ്തു…. ഏകദേശം 350 ഓളം കുട്ടികളെ ഇങ്ങനത്തെ 5 പ്രോഗ്രാമ്മുകളില്‍ സ്റ്റേജില്‍ കയറ്റി ടീച്ചേര്‍സ് അവരുടെ ദൌത്യം പൂര്‍ത്തീകരിച്ചു… പരെന്റ്സും ടീച്ചേര്‍സും ഹാപ്പി…

ഡാന്‍സ് കഴിഞ്ഞ കുട്ടികളെ ടീച്ചേര്‍സ് ഒരു ക്ലാസ് റൂമിലേക്ക്‌ മാറ്റും.. അവിടെ ചെന്ന് പേരന്റ്സ്‌ കുട്ടിയെ കളക്റ്റ് ചെയ്യണം… അതാണ്‌ ചട്ടം.. ഇടയ്ക്കിടെ അവര്‍ അത് മൈക്കിലൂടെ അന്നൌന്‍സ് ചെയ്യുന്നുണ്ടായിരുന്നു.. അവസാനം അന്നൌണ്‍സ്മെന്റ് വന്നു..

പേരന്റ്സ്‌,  പ്ലീസ് കളക്റ്റ് പാര്‍ട്ടിസിപ്പെന്റ്സ് ഓഫ് വെല്‍ക്കം ഡാന്‍സ് ഫ്രം റൂം നമ്പര്‍ 102

അങ്ങിനെ ഞാന്‍ മകളെ വിളിക്കാനായി  റൂം നമ്പര്‍ 102 ലേക്ക്  ചെന്നു… അപ്പോള്‍ റൂമിന്റെ മുമ്പില്‍ അതാ നില്‍ക്കുന്നു എല്‍ കെ ജി ഹെഡ്.. എന്നെ കണ്ടതും അവര്‍ ആധികാരികമായി ഒരു ചിരിചിരിച്ചു കൊണ്ട് ചോദിച്ചു..

മിസ്റ്റര്‍ ബൈജു , താങ്കള്‍ക്കു ഇപ്പോള്‍ ഞങ്ങളുടെ കഷ്ടപ്പാട്  ബോദ്ധ്യമായല്ലോ? കുട്ടികളുടെ ബുദ്ധിമുട്ടിന് ഭലം ഉണ്ടായോ? ഡാന്‍സ് എങ്ങിനെ ഉണ്ടായിരുന്നു?

എല്ലാം കിടിലമായിരുന്നു ടീച്ചര്‍ .. നിങ്ങളുടെ കഷ്ടപ്പാട് തീര്‍ച്ചയായും ഭലം കണ്ടു.. അഭിനന്ദനങ്ങള്‍ ….. 

മകളെയും കൂട്ടി തിരിച്ചു നടന്നപ്പോള്‍ മനസ്സില്‍ ഒരു കുറ്റബോധം…. ടീച്ചേര്‍സിന്റെ ആത്മാര്‍ഥതയെ ഞാന്‍ സംശയിച്ചല്ലോ …..

ഏതായാലും പാസ്റ്റ് ഈസ്‌ പാസ്റ്റ് … അതിനെ പറ്റി ചിന്തിച്ചിട്ട് കാര്യമില്ല… ഇത്രയും കുട്ടികളെ സ്റ്റേജില്‍ കയറ്റാന്‍ പ്രയത്നിച്ച എല്ലാ ടീച്ചേര്‍സിനും അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.. വീണ്ടും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഇതുപോലത്തെ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിയട്ടെ……  

 


കോളേജ് ജീവിതം കഴിഞ്ഞു എല്ലാവരും സ്വന്തം കാര്യം സിന്ദാബാദ് എന്ന  മുദ്രാവാക്യം  മുഴക്കി  അവനവന്റെ കാര്യം നോക്കി അടങ്ങി ഒതുങ്ങി ജീവിച്ചു തുടങ്ങി.. എങ്കിലും ഈമെയിലുകളും  മെയില്‍ ഗ്രൂപ്പുകളും എല്ലാവരും തമ്മില്‍ സംവദിക്കാനുള്ള വേദി സംജാതമാക്കികൊണ്ടേയിരുന്നു.. കോളേജില്‍ നിന്നും പടി ഇറങ്ങിയട്ടു ഏകദേശം പത്തു വര്‍ഷം കഴിഞ്ഞു.. മിക്കവാറും എല്ലാവരും വേളി കഴിച്ചു.. പലര്‍ക്കും കുട്ടികളുമായി.. പ്രാരാബ്ധ പങ്കിലമായ ആ  ജീവിതം ഒരു വിധത്തില്‍ ആസ്വദിച്ചു ജീവിച്ചു കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ ഒരു ദിവസം രാവിലെ തിട്ടമേല്‍ കൂട്ടം ഇ-മെയില്‍ ഗ്രൂപ്പില്‍ ഒരു ഇമെയില്‍ പ്രത്യക്ഷ പെട്ടു … അതിന്റെ സാരാംശം ഇതായിരുന്നു…

രണ്ടു ദിവസം ഭാര്യമാരില്‍ നിന്നും മറ്റു പ്രാരാബ്ധങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഗ്രഹിക്കുവര്‍ വരുന്ന ശനിയാഴ്ച കൊച്ചിയിലേക്ക് വരിക.. അവിടെ കായല്‍ കൊഞ്ച്, ഞണ്ട് , കപ്പ, കരിമീന്‍  പൊള്ളിച്ചത്,  ചൂര തല കറി, മധുര കള്ള് എന്നീ കൊതിയൂറും വിഭവങ്ങളും…. എ സി റൂമും നിങ്ങളെ കാത്തിരിക്കുന്നു.. മുഴുവന്‍ ചെലവ് എന്റെ വക… എന്ന് സ്വന്തം രഞ്ജിത്ത് (ഗപ്പല്‍ രഞ്ജിത്ത്) …..

ഓപ്പറേഷന്‍   വാഷ്‌ബേസിനില്‍  പങ്കെടുത്ത പതിനഞ്ചു പേരും അവരുടെ കൂടെ കൂട്ടാവുന്ന മറ്റൊരു അഞ്ചു പേരുമായിരുന്നു തിട്ടമേല്‍ കൂട്ടം മെയില്‍ ഗ്രൂപ്പിലെ മെംബേര്‍സ്.. നിമിഷങ്ങള്‍ക്കുള്ളില്‍ കുറെ മെയിലുകള്‍ അതിനു മറുപടിയായി വന്നു… വളരെ ചെറിയ നോട്ടീസ് പിരീഡ് ആയിരുന്നിട്ടും നാല് പേര്‍ ബാംഗ്ലൂരില്‍ നിന്നും കൊച്ചിയില്‍ എത്താമെന്ന് സമ്മതിച്ചു.. മറ്റു പലരും ഈ ചെറിയ നോട്ടീസ് പിരീഡിനു രഞ്ജിത്തിനെ പള്ള് പറഞ്ഞു…  പലരും തമ്മില്‍ നേരിട്ട് കണ്ടിട്ട് ഒരുപാട് കാലമായി…..എല്ലാവര്‍ക്കും ഒരുമിച്ചു കൂടി അര്‍മാദിക്കണം എന്ന അതിയായ മോഹവും ഉണ്ട്….. അത് കൊണ്ട് എങ്ങിനെ എങ്കിലും ഈ അപൂര്‍വ സംഗമത്തിന് എത്താന്‍ ശ്രമിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല…

ആ ശനിയാഴ്ച ഉച്ചക്ക് ഞങ്ങള്‍ ആറു പേര്‍ കൊച്ചി കായലിന്റെ തീരത്തുള്ള പ്രകൃതി രമണീയമായ, സ്വാദിഷ്ടമായ, കൊതിയൂറുന്ന വിഭവങ്ങള്‍ വിളമ്പുന്ന, നെട്ടൂര്‍ ഷാപ്പില്‍ ഒത്തുകൂടി.. മൂക്ക് മുട്ടെ  ആഹാരവും അടിച്ച്… മേമ്പോടിക്ക് ഇളം കള്ളും മോന്തി വൈകുന്നേരം ഫോര്‍ട്ട്‌ കൊച്ചി ബീച്ചിലും കറങ്ങി രാത്രി ജോസ് ജംഗ്ഷനില്‍ ഉള്ള ഏതോ ഒരു ഹോട്ടലില്‍ ഒത്തുകൂടി …പഴയ കാല വെടികളും പൊട്ടിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാവര്‍ക്കും ഒരു ആശ..  ഇനിമുതല്‍ എല്ലാ വര്‍ഷവും വീണ്ടും ഒത്തു കൂടണം… തിട്ടമേല്‍ കൂട്ടത്തിലുള്ള എല്ലാവരെയും ഒരുമിച്ചു കൂട്ടണം.   കൂട്ടത്തിലുള്ള പലരെയും അപ്പോള്‍ തന്നെ ഡയല്‍ ചെയ്തു.. ഞങ്ങളുടെ ചര്‍ച്ചകളുടെ സാരാംശം അറിയിച്ചു… ആര്‍ക്കും എതിരഭിപ്രായമില്ല…  എല്ലാവരും തയ്യാര്‍ … അങ്ങിനെ അടുത്ത ഒത്തു ചേരല്‍ കുമരകത്തെ കോട്ടയം ക്ലബ്ബില്‍ വച്ചാകാമെന്ന് തീരുമാനിച്ചു… വേര്‍പാടിന്‍ വേദനയോടെ അടുത്ത ദിവസം രാവിലെ ഞങ്ങള്‍ പിരിഞ്ഞു…..

നിര്‍ദ്ദിഷ്ട ഒത്തു ചേരല്‍ മൂന്നും  മാസം മുമ്പേ പ്ലാന്‍ ചെയ്തു.. രഞ്ജിത്തിന്റെ വരവിനോട് അനുബന്ധിച്ചാണ് സംഗതി പ്ലാന്‍ ചെയ്തത്…  ഇങ്ങനെ ഒരു ഒത്തു കൂടല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും ഭാര്യമാര്‍ പ്രശ്നം ഉണ്ടാക്കും.. അത് നിസംശയം ഊഹിക്കാവുന്ന കാര്യമാണ്.. പ്രധിക്ഷേധങ്ങള്‍ ഉണ്ടാകും.. കുടുംബ കലഹം ഉണ്ടാകും… മറ്റു പലതും ഉണ്ടാകും … അതിനെ മറികടക്കാന്‍ വേണ്ടിയാണ് മൂന്നു മാസം അഡ്വാന്‍സായി പ്ലാനിംഗ് ആരംഭിച്ചത് …

അതുവരെ ഫാമിലിയുമായി ഒരു ടൂറ് പോലും പോകാത്ത പലരും ഈ കാലയളവില്‍ ഒന്നും രണ്ടും ഫാമിലിടൂറുകള്‍  പോയി… പലരും പലതരം ഗിഫ്റ്റുകള്‍ ഭാര്യമാര്‍ക്ക് വാങ്ങി കൊടുത്തു… ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ ദൃശ്യമായപ്പോള്‍ ഭാര്യമാര്‍ പലരും ബ്ലിങ്കസ്യാന്നു കണ്ണും മിഴിച്ചു നിന്നു…. കല്യാണത്തിന്റെ ആദ്യ ദിനങ്ങളില്‍ ഒഴിച്ച് ഇത്രയം കാലം കാണാത്ത പലതരം സവിശേഷതകളും സ്നേഹപ്രകടനങ്ങളും അവര്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും കാണുകയും അനുഭവിച്ചു അറിയുകയും ചെയ്തു.. ബുദ്ധിമതികളായ ചില ഭാര്യമാര്‍ ഈ അവസരം നല്ലവണ്ണം മുതലാക്കി അവരുടെ പല ഇഷ്ടങ്ങളും നേടിയെടുത്തു… ഏതായാലും അവസാനം എങ്ങിനെയെക്കയോ ഭാര്യമാരെ കുപ്പിയിലിറക്കി പതിനഞ്ചു പേര്‍ കുമരകം കോട്ടയം ക്ലബ്ബില്‍ ഒത്തു കൂടി….

അമേരിക്കയില്‍ നിന്നും രഞ്ജിത്തും, ബാംഗ്ലൂരില്‍ നിന്നും മോന, പരമു, കുഴി, വയനു, ഷിറാസ്, ഷാഹിന്‍, സുമേഷ്, ബോബ്ബി, സൂരജ്, ബിനു എന്നിവരും.. ചെന്നൈയില്‍ നിന്നും സ്വരൂപും, കേരളത്തില്‍ നിന്നും ബിജുവും, അണ്ണനും പിന്നെ ഞാനുമായിരുന്നു ആ പതിനഞ്ചു പേര്‍ ..

എല്ലാവരും എത്തിയപ്പോഴേക്കും സന്ധ്യയായി… വളരെ കാലത്തിനു ശേഷമുള്ള ആ ഒത്തു ചേരല്‍ എല്ലവര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു… പലരുടെയും രൂപത്തിനും ഭാവത്തിനും പ്രകടമായ മാറ്റം ദ്രിശ്യമായിരുന്നു…പലര്‍ക്കും വയറിന്റെ സ്ഥാനത്ത് പല സൈസുകളിലുള്ള ബോളുകള്‍ സ്ഥാനം പിടിച്ചിരുന്നു, പലരുടെയും മുടി നരച്ചിരിക്കുന്നു, പലര്‍ക്കും മുടിയില്ല…നൂറു രൂപ മുതല്‍ ആയിരം രൂപ വരെ ഉള്ള കഥ പറഞ്ഞിരുന്നവര്‍ ലക്ഷങ്ങളുടെയും കോടികളുടെയും കഥകള്‍ പറഞ്ഞു തുടങ്ങി… അങ്ങനെ പ്രകടമായ മാറ്റങ്ങള്‍ പലതും… ഏതായാലും എല്ലാവരും കൂടി കോളേജില്‍ പഠിച്ചിരുന്ന കാലത്തെ പല വീര സാഹസിക കഥകളും,  പല കെട്ട് കഥകളും, പറ്റിയ അബദ്ധങ്ങളും, അനുബന്ധ സംഭവങ്ങളും, വെടികളും  പൊട്ടിച്ചു…..രഞ്ജിത്ത് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അമേരികന്‍ പുളുകള്‍ അടിച്ചു കൊണ്ടേ ഇരുന്നു.. അങ്ങിനെ സംഭവ ബഹുലമായ ആ രാത്രി നിദ്രക്കു വഴിമാറി…

അടുത്ത ദിവസത്തെ പ്ലാന്‍ രാവിലെ കുമരകം പക്ഷി സങ്കേതവും അതിനു ശേഷം ഒരു ഹൌസ് ബോട്ട് ട്രിപ്പുമായിരുന്നു .. രാവിലെ ഉറക്കത്തില്‍ നിന്നും എല്ലാവരെയും വിളിച്ചുണര്‍താന്‍ ഷിറാസ് നന്നേ കഷ്ടപെടുന്നുണ്ടായിരുന്നു.. എപ്പോഴും എത്ര ചീത്ത വിളി കേട്ടാലും  ഇതൊക്കെ ഷിറാസിന്റെ ജോലി തന്നെ.. ഏതായാലും എല്ലാവരും ഒരുവിധം റഡിയായി പക്ഷി സങ്കേതം ലക്ഷ്യമാക്കി ഇറങ്ങി..

ഒന്നര മണിക്കൂറോളം കുമരകം പക്ഷി സങ്കെതത്തിലൂടെ തേരാ പാരാ നടന്നിട്ടും പേരിനു പൊലും ഒരു വിദേശി പക്ഷിയെ കണ്ടില്ല. ആകെ കാണാൻ പറ്റിയതു രണ്ടു കാക്ക ഒരു കൊക്ക് പിന്നെയൊരു കുളക്കൊഴി. ഏതായലും അത്രയും നേരം നടന്നതു കൊണ്ട് എല്ലാവരുടേയും ഹാങ്ങോവേരും  ഉറക്ക ക്ഷീണവും ഒക്കെ മാറി. അവിടെ നിന്നും എല്ലവരും കൂടി നേരെ ഹൌസ് ബോട്ടുകളുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റ്‌ ആയ കവണാറ്റിങ്കരയിലേക്കു ചലിച്ചു.

അവിടെ ചെന്നപ്പൊൾ പല തരം ഹൌസ് ബൊട്ടുകൾ നിര നിര ആയിട്ടു ഇട്ടിരിക്കുന്നു. അന്വേക്ഷിച്ചപ്പോള്‍ ഞങ്ങൾ ബുക്ക് ചെയ്ത ബോട്ട് ക്രൂയിസിന് പോയിരിക്കുവാനെന്നും ഉടന്‍ മടങ്ങി വരുമെന്നും പറഞ്ഞു. ഞങ്ങൾക്കുള്ള മധുര കള്ളും മറ്റു സ്ഥാവര ജംഗമ വസ്തുക്കളും ഓർഡെർ ചെയ്തിട്ട് കായലിലൂടെ പൊകുന്ന ബോട്ടുകളും അതിൽ സഞ്ചരിക്കുന്ന നാടന്‍ / ഫോറിന്‍  മദാമ്മകളെയും വായിനോക്കി, വെടിയും പൊട്ടിച്ചവിടെ നിന്നു. അപ്പോഴാണ് നമ്മുടെ കഥാനായകൻ “കൊതുംബുവള്ളം” അതുവഴി കടന്നു വന്നത്. ഹൌസ് ബൊട്ടുകൾ തൊടുത്ത് വിട്ട ഓളങ്ങളിൽ ആടി ഉലഞ്ഞ് തിരമാലകള്‍ കീറി മുറിച്ചു താളത്തില്‍ നൃത്തം ചെയ്യുന്ന ഒരു നര്‍ത്തകിയെ പോലുള്ള അതിന്റെ പൊക്കു കണ്ടപ്പോള്‍ അതു തുഴയുന്ന ആളിന്റെ ബാലൻസിനെ അവിടെ കൂടിനിന്ന ഞങ്ങളില്‍ ഭൂരിഭാഗം പേരും പ്രകീര്‍ത്തിച്ചു.. നല്ല ബാലന്‍സും സ്കില്ലും ഉണ്ടെങ്കില്‍ മാത്രമേ കൊതുമ്പു വള്ളം തുഴയാന്‍ പറ്റൂ എന്ന് പലരും അഭിപ്രായ പെട്ടു.

കൂട്ടത്തില്‍ ഉണ്ടായിരുന്ന ബോബിക്ക്  മാത്രം അത് അത്ര രസിച്ചില്ല .. .. അവന്‍ പറഞ്ഞു “കൊതുംബുവള്ളം” തുഴയാൻ വലിയ പാ‍ടൊന്നും ഇല്ല. അവന്റെ പൂഞ്ഞാറിൽ (പെരിയാറിന്റെ തീരത്തു) താമസിക്കുന്ന ആന്റിക്കു ഒരു കൊതുംബുവള്ളം ഉണ്ട്. ആവൻ അവിടെ പോകുമ്പോള്‍ എല്ലാം കൊതുമ്പുവള്ളം തുഴയാരുണ്ട്. വലിയ ബാലന്‍സിന്റെ കാര്യം ഒന്നും ഇല്ല. നമ്മള് കയറി ഇരുന്നാല് മതി ബാക്കി വള്ളം ചെയ്തോളും. ലോകത്ത്  തുഴയാന്‍ ഏറ്റവും എളുപ്പം  ഉള്ള വള്ളം കൊതുമ്പു വള്ളം ആണ്. വള്ളം  എന്ന് പറഞ്ഞാല്‍ തന്നെ കൊതുമ്പു  വള്ളമാണ് എന്നൊക്കെ കൊതുമ്പുവള്ളത്തെ പറ്റി ഒരു നൂറു നൂറു കാര്യം പറഞ്ഞു. സ്വരൂപ് സ്ഥിരം പറയാറുള്ള പോലെ എന്തൊക്കെയോ ആര്‍ക്കും  മനസിലാകാത്ത ലോജിക് പറഞ്ഞു എതിര്‍ക്കാന്‍  നോക്കി. പക്ഷെ ബോബിക്ക് സംശയം ലവലേശം ഇല്ലായിരുന്നു. അവന്‍ അവന്റെ വാദങ്ങളില്‍  ഉറച്ചു നിന്നു…   ആണുങ്ങള്‍ ആയാല്‍  അങ്ങിനെ വേണം..  പറഞ്ഞ വാക്കിനു വില വേണം….

അങ്ങനെ രസകരമായ പല ചര്‍ച്ചകളും വാഗ്വാദങ്ങള്‍ക്കും വേദിയൊരുക്കി അര മണിക്കൂര്‍ കടന്നു പോയി.. അപ്പോഴേക്കും ഞങ്ങള്‍ ബുക്ക്‌ ചെയ്ത ബോട്ട് തീരമണഞ്ഞു..

ഒരു അര മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍  ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ബോട്ടില്‍  ബോട്ടിലടിക്കാനുള്ള സെറ്റപ്പ് റെഡി ആയി. അങ്ങനെ ഞങ്ങള്‍ ക്രൂയിസ്  തുടങ്ങി. ബോട്ട് കവണാട്ടിന്‍കര   വിട്ടു ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഊണ് കഴിക്കാന്‍ സമയമായി. ഉടന്‍ തന്നെ ലഞ്ച് എത്തി… നല്ല കരിമീന്‍ പൊരിച്ചതും,  നാടന്‍  കോഴി കറിയും, തോരനും, സാമ്പാറും, അവിയലും ഒക്കെയുള്ള ഒരു നാടന്‍ ഊണ്. എല്ലാവരും വയറു നിറച്ചു കഴിച്ചു. വള്ളിയുടെയും സുമേഷിന്റെയും കുഴിയുടെയും ഒക്കെ കരിമീന്‍ കൊതി ഒരു പരിധി വരെ തീര്‍ന്നു. എക്സ്ട്രാ ഉള്ള കരിമീനുകള്‍ അവര്‍ ഷെയര്‍  ചെയ്തു തീര്‍ത്തു.

അങ്ങിനെ ഊണും കഴിച്ചു ഞങ്ങള്‍ നേരെ പോയത് കുമരകം കായലിലെ ദ്വീപ് ആയ പാതിരാ മണലിലേക്ക് ആണ്. അവിടെ ചെന്ന് ബോട്ട്  കായലിന്റെ സൈഡില്‍ നങ്കൂരമിട്ടു…. ഞങ്ങള്‍ ഓരോരുത്തരായി കായലിലേക്ക് എടുത്തു ചാടി. അപ്പോഴും ബോബി ചാടിയില്ല. അവന് ഒരു വെള്ള ബനിയനും വെള്ള ഷോര്‍ട്സും  ഇട്ടു…. വസ്ത്ര ധാരണത്തില്‍ വെള്ളക്കാരനെ അനുസ്മരിപ്പിക്കുമാറ്…ബോട്ടിന്റെ ചാരുപടിയില് മറ്റുള്ളവരുടെ തവള ചാട്ടവും കണ്ടു രസിച്ചു ഇരുന്നു. വെള്ളത്തില്‍ ഇറങ്ങുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു – “ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ, പൂഞ്ഞാറിലെ പെരിയാറില്‍  ഒരുപാട് ചാടിയും നീന്തിയും ഊളിയിട്ടും എനിക്ക് നല്ല പരിചയമാ… നിങ്ങള്‍ എന്‍ജോയ് ചെയ്യൂ…. ഞാന്‍ പിന്നെ വരാം” …

ഞങ്ങള്‍ അങ്ങിനെ കായലിലെ അഗാധ ഗര്‍ത്തങ്ങിലെക്കു ഊളിയിട്ടു. എനിക്ക് കഴുത്തറ്റം വെള്ളമേ ഉണ്ടായിരുന്നു. എല്ലാവരും ശരിക്കും അര്‍മാദിച്ചു.. അങ്ങിനെ കായലിലൂടെ നടന്നപ്പോള്‍ എന്തോ ഉരുണ്ട സാധനം കാലില്‍ തട്ടി. മുങ്ങി തപ്പി എടുത്തപ്പോള്‍ കക്ക. അതില്‍ നിന്നുമാണ് കക്ക ഇറച്ചി കിട്ടുന്നത്….

നമുക്ക് കുറെ കക്ക വാരിയാലോ?? കക്ക കണ്ടതും കുഴി തന്റെ ഇങ്കിതം വ്യക്തമാക്കി.. കക്ക വാരി കൊടുത്താല്‍ ബോട്ടുകാര്‍ കറി വച്ച് തരുമോ എന്ന് അവരോടു ചോദിച്ചു.. തരാമെന്നു കേട്ടതും  എല്ലാവര്‍ക്കും ഒരു ആവേശം ആയിരുന്നു….. ഞങ്ങള്‍ എല്ലാവരും കൂടി ബോട്ടില്‍ നിന്നും ഒരു കൊച്ചു ഉരുളി വാങ്ങി അത് നിറയെ കക്ക വാരി എടുത്തു. ഏകദേശം ഒരു രണ്ടു മനിക്കൂഒറോളം അവിടെ കിടന്നു… അതിനു ശേഷം ഓരോരുത്തരായി ബോട്ടിലേക്ക് തിരിച്ചു കയറി. ചാടാന്‍ വളരെ സിമ്പിള്‍ ആയിരുന്നു…. തിരിച്ചു കയറാന്‍ പെട്ട പാട് ആരും മറക്കാന്‍ ഇടയില്ല. 100 കിലോയ്ക്ക് മേലെ ഭാരമുള്ള പരമു പഠിച്ച പണി പതിനെട്ടും നോക്കി ബോട്ടില്‍ തിരിച്ചു കയറാന്‍…… നടന്നില്ല .. അവസാനം ലൈഫ് ജക്കെറ്റില്‍ കയറു കെട്ടി 7 പേര്‍ ചേര്‍ന്ന് പൊക്കി എടുത്തു ബോട്ടില്‍ കയറ്റിയ കാഴ്ച ബാക്കിയുള്ളവര്‍ക്ക് നയനാനന്തകാരവും.. കയറ്റിയവര്‍ക്ക്  വേദനാജനകവും ആയിരുന്നു… ഏതായാലും ബാക്കിയുള്ളവരും ഒരു വിധത്തില്‍ ബോട്ടില്‍ കടന്നു കൂടി. എല്ലാരും ഓരോ കുളിയും പാസ്‌ ആക്കി തണ്ണീര്‍മുക്കം മാര്‍ക്കറ്റ്‌ ലക്ഷ്യമാക്കി വീണ്ടും  യാത്ര തുടങ്ങി.

നേരെ ചെന്നെത്തിയത് തണ്ണീര്‍മുക്കം ഫിഷ്‌  മാര്‍ക്കറ്റില്‍ …  അവിടെ  നിന്നും ഒരു കിലോ നല്ല മുഴുത്ത കായല്‍ കൊഞ്ചും വാങ്ങി നേരെ ആളൊഴിഞ്ഞ ഒരു സ്ഥലം ലക്ഷ്യംമാക്കി ഞങ്ങള്‍ ചലിച്ചു. സമയം കൊള്ളാന്‍ ചീട്ടു കളി തുടങ്ങി… കുറച്ചു കഴിഞ്ഞപ്പോഴേക്കും  കാട വറുത്തതും കപ്പയും മീന്‍കറിയും പിന്നെ ഞങ്ങള്‍ പിടിച്ച കക്ക ഇറച്ചിയും വാങ്ങിയ കൊഞ്ചും റഡിയായി വന്നു…..  എല്ലാവരും വീണ്ടും ഒരു തീറ്റ മത്സരവും കൂടി നടത്തി. മത്സരം അവസാനിച്ചപ്പോഴേക്കും ബോട്ട് ആളൊഴിഞ്ഞ ഒരു തീരത്തെത്തി..

ബോട്ട് അവിടെ അടുപ്പിച്ചു ഞങ്ങള് എല്ലാം ഇറങ്ങി. അന്ന് രാത്രി അവിടെയാണ് സ്റ്റേ ചെയ്യുന്നത്…  സജി ക്യാമറയും തൂക്കി കിലുക്കത്തിലെ നിശ്ചല്‍ നടക്കുന്ന പോലെ അവിടൊക്കെ നടന്നു കുറെ ഫോട്ടോ എടുത്തു. ഈ സമയത്താണ് ഒരു കൊതുമ്പുവള്ളവും തുഴഞ്ഞു കൊണ്ട് ഒരാള്‍ അവിടെ എത്തിയത്.

കള്ള് ചെത്താന്‍  വന്ന ഒരു ചേട്ടന്റെ വാഹനം ആണ് ഈ കൊതുമ്പു വള്ളം. ചെത്തുകാരന്‍  വള്ളം അടുപ്പിച്ചിട്ട് കരക്കിറങ്ങി. അടുത്ത ഒരു തെങ്ങില്‍ കയറി ചെത്ത്‌ തുടങ്ങി…

ചെത്തുകാരന്റെ വരവും… തെങ്ങില്‍ കയറ്റവും…. തെങ്ങ് ചെത്തുന്നതും …. എല്ലാം സുസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് ഒരാള്‍  കരയില്‍  നില്‍പ്പുണ്ടായിരുന്നു- മറ്റാരുമല്ല…  കൊതുംബുവള്ളത്തിന്റെ ആരാധകനായ നമ്മുടെ ബോബി… കൊതുമ്പു വള്ളം കണ്ടതും ബോബിക്ക്  എന്തെന്നില്ലാത്ത ഒരു സന്തോഷവും ആവേശവും. അവന്‍ പൂഞ്ഞാറില്‍ ചെല്ലുമ്പോള്‍ തുഴയുന്നതല്ലേ….

ചെത്തുകാരന്‍ താഴെ ഇറങ്ങിയപ്പോള്‍ അയാളെ  സമീപിച്ചു ബോബി തന്റെ ഇങ്കിതം അറിയിച്ചു. കള്ള് മേടിക്കാമെങ്കില്‍ വള്ളം തുഴയാന്‍ തരാം എന്ന ഒരു  ബാര്‍ട്ടര്‍ സമ്പ്രദായ വ്യവസ്ഥയില്‍ ചെത്തുകാരന്‍ ബോട്ട് കൊടുക്കാമെന്നു ഏറ്റു… ലിറ്ററിന് നാല്‍പ്പതു രൂപ വിലയുള്ള കള്ളിന് ചെത്തുകാരന്‍ നൂറു രൂപ വിലയിട്ടു. അതൊന്നും വകവയ്ക്കാതെ അഞ്ചു ലിറ്റര്‍ കള്ള് അഞ്ഞൂറ് രൂപ കൊടുത്തു വാങ്ങി വള്ളത്തില് കയറാന്‍ ബോബി  തയാറായി….

വലതു കാല്‍ വച്ച് വള്ളത്തിലോട്ടു  ഇറങ്ങുന്നതിനു മുന്‍പ് തന്നെ ചെരുപ്പും പേഴ്സും വാച്ചും എല്ലാം ഊരി ഹൌസ്ബോട്ടില്‍ വച്ചു . ഞങ്ങ  എല്ലാവരും ബോബി  കൊതുമ്പുവള്ളം തുഴയുന്നത് കാണാന്‍ ആകാംഷാഭരിതരായി കരയില്‍ തടിച്ചു കൂടി…

ബോബി  വലതു കാല്‍ വച്ച് വെള്ളത്തിലോട്ട് ഇറങ്ങി.  നെഹ്‌റു ട്രോഫി മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കാരിച്ചാല്‍  ചുണ്ടന്റെ ക്യാപ്റെന്റെ ഭാവത്തോടെ ഞങ്ങളെ ഒക്കെ നോക്കി കൈവീശി. തുഴ എടുത്തു പിടിച്ചു. ചെത്തുകാരന്‍ വെള്ളത്തില്‍ ഇറങ്ങി നിന്നു ബോട്ടില്‍ പിടിച്ചു കൊടുത്തു. ബോബി തപ്പി തടഞ്ഞു ഒരു വിധത്തില്‍ അതില്‍ കയറി ഇരുന്നു. ചെത്തുകാരനോട് പിടി വിട്ടു കൊള്ളാന്‍ ബോബി പറഞ്ഞു.

ചെത്തുകാരന്‍ : സൂക്ഷിക്കണം, ബാലന്‍സ് ഇല്ലങ്കില്‍ വള്ളം മറിയും

ബോബി: ഓ ഒന്ന് പോ  ചേട്ടാ…. ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ. പൂഞ്ഞാറില് എന്റെ ആന്റിക്ക് കൊതുമ്പു വള്ളം ഉണ്ട്. ഞാന്‍  അവിടെ പോകുമ്പോള്‍ സ്ഥിരമായി അത്  തുഴയാറുണ്ട്. എനിക്ക് നല്ല ബാലന്‍സ്  ഉണ്ട്. ചേട്ടന് ധൈര്യമായി പിടി വിട്ടു കൊള്ളൂ. ഒരു പ്രശ്നവും ഇല്ല.

ചെത്തുകാരന്:  ചേട്ടന്‍ പൂഞ്ഞാറില്‍  തുഴഞ്ഞിട്ടുള്ളത് തടി കൊണ്ടുള്ള വള്ളം ആയിരിക്കും. ഇത് ഫൈബര്‍ ബോട്ട് ആണ്. തടിയുടെ അത്രയും ഭാരമില്ല… അതുകൊണ്ട് സൂക്ഷിക്കണം.

ബോബി: ചേട്ടന് പറഞ്ഞാല്‍ മനസിലാവില്ലേ. എനിക്ക് നല്ല പരിചയം ഉണ്ട്… ഞാന്‍  തുഴഞ്ഞു കൊള്ളം. ധൈര്യമായി പിടി വിട്ടു കൊള്ളൂ…..

ചെത്തുകാരന്‍ പിടി വിട്ടു. ബോബ്ബി എല്ലാവരെയും നോക്കി കൈ വീശി.

ബ്ലും….. പിന്നെ കാണുന്നത് വീശികൊണ്ടിരിക്കുന്ന കൈ മാത്രം വെള്ളത്തിന് മുകളില്‍ .  വള്ളം ബോബിയെയും കൊണ്ട് വെള്ളത്തിലേക്ക് മറിഞ്ഞു. വള്ളവും ബോബിയും തുഴയും എല്ലാം വെള്ളത്തിനടിയില്‍ …. കൈ മാത്രം വെള്ളത്തിന്റെ മുകളില്‍ . ഏതായാലും  ബോബ്ബി കാര്യം മനസിലാക്കി പെട്ടന്ന് വെള്ളത്തില്‍ നിന്ന് പുറത്തു വന്നു ഞങ്ങളെ എല്ലാവരെയും നോക്കി വളിച്ച ഒരു ചിരി ചിരിച്ചു….. ചുറ്റും ഒന്ന് കണ്ണോടിച്ച്  നോക്കി. ഭാഗ്യം… വേറെ ആരും കണ്ടില്ല……   ഫൈബര്‍  വള്ളമായത്  കൊണ്ട് വള്ളം  താനേ പൊങ്ങി വന്നു. ബോബിക്ക്  ആശ്വാസം ആയി….

ബോബിയുടെ കൊതുമ്പു വള്ളം തുഴയുന്നതിലുള്ള അപാര പാടവം കാണാന്‍ കൊതിച്ചു നിന്ന ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങി പൊങ്ങി വന്ന ബോബിയെ കണ്ടപ്പോള്‍  ചിരിച്ചു ചിരിച്ചു ഒരു മണ്ണ് കപ്പി…. പലരുടെയും കണ്ണുകള്‍ നിറഞ്ഞു.. അപ്പോഴേക്കും ചെത്തുകാരന്‍ വീണ്ടും ഇടപെട്ടു…

ചെത്തുകാരന്‍  : അവിടെ നിന്ന് ചിരിക്കേണ്ട. മുങ്ങി പോയ തുഴ തപ്പിയെടുക്കാതെ കരയ്ക്കോട്ടു കയറണ്ടാ….

അത് കേട്ടതും  വളിച്ച ചിരിയും ചിരിച്ചു നിന്ന ബോബിയുടെ മുഖത്ത് അണ്ടി പോയ അണ്ണന്റെ വികാര വിക്ഷോഭങ്ങള്‍ പ്രകടമായി … മനസ്സില്ലാ മനസ്സോടെ  ബോബി പിന്നെയും വെള്ളത്തിനടിയിലേക്ക്  മുങ്ങി . ഏതായാലും പൊങ്ങി വന്നപ്പോള്‍ തുഴ കയ്യില്‍ ഉണ്ട്. ഭാഗ്യം…. ചെത്തുകാരന്‍ ഹാപ്പി ആയി….

ചെത്തുകാരന്‍  : ചേട്ടനോട്  ഞാന്‍  അപ്പോഴേ  പറഞ്ഞതല്ലേ  ഇത് ഫൈബര്‍  ‍ബോട്ട് ആണ്, ബാലന്‍സ് ഇല്ലങ്കില്‍ വള്ളം മറിയും എന്ന്. അപ്പോള്‍ ചേട്ടന്‍ കേട്ടില്ല…

ബോബി : ബാലന്‍സിന്റെ  പ്രശ്നം  അല്ല. ഫൈബര്‍ വള്ളം തടി വള്ളത്തിന്റെ അത്ര പോര. പെട്ടന്ന് മറിയും. ഏതായാലും നനഞ്ഞില്ലേ… ഇനി കുളിച്ചു കയറാം.  ഇത് തുഴഞ്ഞിട്ടു തന്നെ കാര്യം. ചേട്ടന്‍ വള്ളത്തെലൊന്നു പിടിച്ചേ.. ഞാന്‍ ഒന്ന് കൂടി ശ്രമിച്ചു നോക്കാം….

ചെത്തുകാരന്‍  : വേണ്ട ചേട്ടാ.. ശരിയാവില്ല.. വള്ളം മറിയും..

ബോബി : കുഴപ്പമില്ല… ഏതായാലും ഞാന്‍ നനഞ്ഞു.. ഇനി ഇത് തുഴഞ്ഞിട്ടു തന്നെ ബാക്കി കാര്യം..

ബോബി വീണ്ടും വള്ളത്തില്‍ കയറാന്‍ ഒരുങ്ങി… ഇത്തവണ കാലെടുത്തു വച്ചതേ ഉള്ളൂ …. കൂടുതല്‍ അഭ്യാസത്തിന് മുതിരാതെ വീണ്ടും വള്ളം മറിഞ്ഞു… കരയില്‍ കൂടി നിന്ന ഞങ്ങള്‍ ചിരിച്ചു ചിരിച്ചു ഒരു പരുവമായി….. ഏതായാലും ബോബി കഴിഞ്ഞതവണത്തെ അബദ്ധം മനസിലാക്കി ഇത്തവണ തുഴയില്‍ നിന്നും പിടിവിട്ടില്ല. വെള്ളത്തില്‍ നിന്നും വന്നപ്പോള്‍ കയ്യില്‍ ഏതായാലും തുഴ ഉണ്ട്… വീണ്ടും എല്ലാവരെയും നോക്കി ആ പഴയ ചമ്മിയ ചിരി പാസ്സാക്കി

ചെത്തുകാരന്‍ അത് തീരെ പിടിച്ചില്ല….

ചെത്തുകാരന്‍ : ബോട്ടില്‍ കയറുമ്പോള്‍ വലതു കാല്‍ വച്ച് വേണ്ടേ ചേട്ടാ കയറാന്‍.

ബോബ്ബി: ചേട്ടന്‍ ശരിക്ക് പിടിച്ചില്ല അതുകൊണ്ടാ വള്ളം മറിഞ്ഞത്. ഏതായാലും ചേട്ടന്‍ ഒന്ന് കൂടി പിടിക്ക്. ഞാന്‍ ഇത് തുഴഞ്ഞിട്ടേ ഇന്ന് ഇവിടുന്നു പോകുവോള്ളൂ .

നൂറു രൂപയുടെ കള്ളിന് അഞ്ഞൂറ് രൂപ കൊടുത്ത ആളല്ലേ …ചെത്തുകാരന്‍  മുറുമുറുത്ത്  കൊണ്ട് മനസ്സില്ലാ മനസ്സോടെ വീണ്ടും ബോട്ടില്‍ പിടിച്ചു

ബോബി ഒരു നിമിഷം കണ്ണടച്ച് …കുരിശു വരച്ചു….. കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ചു…… വലതു കാല്‍ ഏതാണെന്ന് രണ്ടു വട്ടം ഉറപ്പു വരുത്തി അതെടുത്ത് വള്ളത്തില്‍ വച്ചു…  പിന്നെ പതുക്കെ ഇടതു കാലും എടുത്ത് വച്ച് ഒരുവിധം വള്ളത്തില്‍ ഇരുപ്പുറപ്പിച്ചു. ചെത്തുകാരന്‍ തുഴ ബോബ്ബിക്ക് കൈമാറി. ഇത്തവണ വള്ളം മറിഞ്ഞില്ല… ബോബ്ബി ഞങ്ങളെ എല്ലാവരേം നോക്കി വീണ്ടും ആ ചിരി ചിരിച്ചു… കൈ വീശാന്‍ ഉള്ള ധൈര്യം ഇത്തവണ ബോബിക്കില്ലായിരുന്നു.

ചെത്തുകാരന്‍ വള്ളത്തില്‍ നിന്നും പിടിവിട്ടു. ബോബ്ബി തുഴ പയ്യെ വെള്ളത്തിലിട്ടു തുഴഞ്ഞു…. ആദ്യമായി സൈക്കിള്‍ ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന പോലത്തെ ഒരു വിറയില്ലും സൈഡ് പിടുത്തവും ബോട്ടില്‍ ദ്രിശ്യമായിരുന്നു. ഏതായാലും ബോബ്ബിയേം വഹിച്ചുകൊണ്ട് ബോട്ട് മെല്ലെ ആ പുഴയുടെ നടുക്കോട്ടു നീങ്ങി.

പുഴയുടെ നടുക്കെത്തിയതും അതാ വരുന്നു മറ്റൊരു വില്ലന്‍. ….. വലിയ ഒരു ഹൌസ് ബോട്ട്…… ഇടി വെട്ട് ഏറ്റവനെ പാമ്പ് കടിച്ച ഒരു പ്രതീതി. ബോബി ഞങ്ങളെ നോക്കി വീണ്ടും ആ ചമ്മിയ ചിരി ചിരിച്ചു….ഞങ്ങള്‍ നിസ്സഹായരായി കരയില്‍ നിന്ന് ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചുകൊണ്ടേയിരുന്നു …

ഹൌസ് ബോട്ട് തൊടുത്ത വിട്ട ശക്തമായ ഓളത്തില്‍ പിടിച്ചു നില്‍ക്കാനുള്ള സാങ്കേതിക വിദ്യ ബോബിക്ക് അത്ര വശമില്ലായിരുന്നു…. തീഷ്ണമായ ആ തിരകളില്‍ ആടി ഉലഞ്ഞു ബോബിയും കൊതുമ്പുവള്ളവും… തുഴയും … വീണ്ടും വെള്ളത്തിനടിയിലേക്ക്‌ ഊളിയിട്ടു….

മുങ്ങിയത് പുഴയുടെ നടുക്കായത് കൊണ്ട് അട്ടഹസിച്ചു ചിരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ നെഞ്ചിലും ഒരു ഇടിത്തീ വെട്ടി… എന്നാല്‍ ബോബി ആള് മിടുക്കനല്ലേ. എവിടെ മുങ്ങിയാലും അവന്‍ പൊങ്ങും.  അതും  തുഴയും  കൊണ്ട്.  പഴയപോലെ ബോബി വീണ്ടും തുഴയുമായി പൊങ്ങി വന്നു ..വള്ളം താനേ പൊങ്ങി വന്നു……

ഞങ്ങള്‍ക്ക് ചിരി അടക്കാനായില്ല മോനാ ചിരിച്ചു ചിരിച്ചു താഴെ വീണു.. . ഷിറാസ് ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു. പരമു കുടവയര്‍ കുലുക്കി ചിരിച്ചു. ഏതായാലും ബോബി അതിലൊന്നും തളരാതെ ആ ചമ്മിയ ചിരിയുമായി വള്ളവും തുഴയുമായി കരയിലേക്ക് നീന്തി.

ഇത്രയുമായപ്പോള്‍ രഞ്ജിത്ത് ഒരു അഞ്ഞൂറിന്റെ നോട്ടുമായി ചെത്തുകാരന്‍ ചേട്ടനെ സമീപിച്ചു പറഞ്ഞു .. ചേട്ടാ എത്രയും പെട്ടന്ന് ഇവിടെ നിന്നും പോയി തരണം… അല്ലെങ്കില്‍ ഞങ്ങള്‍ ചിരിച്ചു ചിരിച്ചു ചത്ത്‌ പോകും…അതുകൊണ്ട് ചേട്ടന്‍ ദയവായി പോയി തരണം. അതിന്റെ പ്രതിഭാലമായി ഇതിരിക്കട്ടെ എന്ന് പറഞ്ഞു അഞ്ഞൂറിന്റെ നോട്ടെടുത്ത് നീട്ടി..

ഉള്ളില്‍ ചിരിയുമായി  അത് വാങ്ങാതെ ചെത്തുകാരന്‍  ബോബിയില്‍ നിന്നും ബോട്ടും തുഴയും വാങ്ങി ദൂരേക്ക്‌ തുഴഞ്ഞു പോയി… ബോബി നിശ്ചലനായി.. നിര്‍വികാരനായി.. ചമ്മിയ ചിരിയും ചിരിച്ചു നിന്നു……

അന്ന് രാത്രി പല അവസരങ്ങളില്‍ ചിരിക്കാനുള്ള വക ആ കൊതുമ്പുവള്ളം സമ്മാനിച്ചു..

ഇന്നും ഓര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള അവസരം നല്‍കുന്ന “കൊതുമ്പുവള്ളം” ഇവിടെ അവസാനിക്കുന്നു………………………………………..

 

 

 

 

 

ഒരു ദിവസം  വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ എന്റെ മകള്‍ ഈ പാട്ട്  പാടി കൊണ്ട് നടക്കുന്നത് കേട്ടു..കുപ്രസിദ്ധനായ ഡോക്ടര്‍.  സര്‍ . ശ്രീ. സന്തോഷ്‌ പണ്ഡിറ്റ്‌ ജിയുടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈരടികളല്ലേ അല്ലേ അത് ….അതിശയത്തോടെ ഞാന്‍ വീണ്ടും ശ്രദ്ധിച്ചു…. എന്റെ കാതുകള്‍ക്കും കണ്ണുകള്‍ക്കും വിശ്വസിക്കാന്‍ പ്രയാസം തോന്നി… നാലര വയസ്സ് മാത്രമുള്ള എന്റെ മകളുടെ ബോധ മണ്ഡലത്തില്‍ കയറിപറ്റാന്‍ ഈ പാട്ടിനു സാധിച്ചല്ലോ എന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് വല്ലാത്തൊരു  അപകര്‍ഷതാ ബോധം .. അവള്‍ പാടിയത് അത് തന്നെ എന്നുറപ്പ് വരുത്താന്‍ മകളെ അടുത്ത് വിളിച്ചു ചോദിച്ചു..

മോളൂ .. നീ ഏതു പാട്ടാ ഇപ്പോള്‍ പാടിയത് ??

മകള്‍ : രാത്തി ചിവരാത്തി… ഇനിയെന്നും ചുപ രാത്തി…

സംഗതി അത് തന്നെ……. സംശയം ഇല്ല!!!!!!!

ഞാന്‍ ഞെട്ടി തരിച്ചു നിന്നു.. കേരളം മുഴുവന്‍ കോളിളക്കം ഉണ്ടാക്കിയ കൃഷ്ണനും രാധയും സിനിമെയും… യൂ ടൂബിലൂടെ കുപ്രസിദ്ധി ആര്‍ജ്ജിച്ച അതിലെ പാട്ടുകളും…..അതിനെ ചുറ്റി പറ്റിയുള്ള ചര്‍ച്ചകളും… സര്‍വ ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌ ജിയുടെ പല്ല് ഞെരിച്ചു കൊണ്ടുള്ള ചാനല്‍ ഇന്റര്‍വ്യൂ കളും എല്ലാം എന്റെ മനസ്സിലൂടെ ഒരു  സീരിയല്‍ കണക്കെ കടന്നു പോയി.. മനോരമ ന്യൂസ് ചാനലില്‍ പ്രശസ്ത സിനിമാ നടന്‍  ബാബുരാജിനെയും റിപ്പോര്‍ട്ടര്‍ ചാനലില്‍ ശ്രീ നികേഷ് കുമാറിനെയും.. ഏഷ്യ നെറ്റ് നമ്മള്‍ തമ്മിലില്‍ ശ്രീ വിധേയന്‍ ഗോപകുമാറിനെയും അടിച്ചിരുത്തിയ ആ മഹത് വ്യക്തിയുടെ കോട്ടിട്ട രൂപം ഒരു പ്രേതം കണക്കെ എന്റെ ചുറ്റിനും അലഞ്ഞു നടന്നു..

അച്ചക്ക്‌ ഈ പാട്ട് ഇഷ്ടമല്ല അല്ലെ ??

മകളുടെ ആ ചോദ്യം എന്നെ വീണ്ടും പാട്ടിലേക്ക് തിരികെ കൊണ്ടുവന്നു..

ഞാന്‍: വെറും പൊട്ട പാട്ടല്ലേ അനീ അത്… നീ എന്തിനാ ഇതൊക്കെ പാടി നടക്കുന്നത്….

അനി:  അച്ചക്ക്‌ ആ അങ്കിളിനോട് ഇത്ര ദേഷ്യം എന്താ ? നല്ല പാട്ടല്ലേ ? അച്ച ചുമ്മാ കളിയാക്കുവാ… നല്ല പാട്ടാ രാത്തി ചിവരാത്തി….

ഇതും പറഞ്ഞു അവള്‍ വീണ്ടും ആ പാട്ട് മൂളികൊണ്ട് കാര്‍ടൂണ്‍ കാണാനായി ടി വി ലക്ഷ്യമാക്കി നടന്നു…

നല്ല പാട്ടല്ലേ… നല്ല പാട്ടാ രാത്തി ചിവരാത്തി… അവളുടെ ആ കമന്റ് എന്നെ ഇരുത്തി ചിന്തിച്ചു.. വാസ്തവത്തില്‍ ഈ സന്തോഷ്‌ പണ്ടിറ്റിനു വട്ടാണോ.. അതോ അവന്‍ അതി ബുദ്ധിമാനാണോ ???  ഈ രണ്ടു ചോദ്യങ്ങളുമാണല്ലോ മിക്ക ചാനല്‍ ചര്‍ച്ചകളുടെയും വിഷയം…. അതോ അവനെ തെറിവിളിക്കുകയും കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നമുക്കാണോ വട്ട്……

കൃഷ്ണനും രാധയും സിനിമ ഞാന്‍ കണ്ടിട്ടില്ല.. അതുകൊണ്ട് പണ്ഡിറ്റ്‌ ജിയുടെ അഭിപ്രായം മാനിച്ചു സിനിമയെ വിശകലനം ചെയ്യാന്‍ ഞാന്‍ ആളല്ല.. എന്നാലും ഒരു ആത്മ വിശകലനം നടത്തി നോക്കിയപ്പോള്‍ തോന്നിയ ചില വസ്തുതകള്‍ ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ പൊതുജന ശ്രദ്ധയില്‍ പെടുതിയില്ലങ്കില്‍ അതൊരു അപരാധമായി പോകും എന്ന് തോന്നുന്നു .. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ദ്ര്യം നമ്മുക്ക് ഭരണ ഘടന വിഭാവനം ചെയ്യുന്ന മാനുഷിക അവകാശങ്ങളില്‍ പെടുന്നതല്ലേ…

അങ്ങിനെ ചിന്തിക്കുമ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്തത് എന്താണ്.. പണ്ഡിറ്റ്‌ ജിയുടെ കഴിവിന്റെ പരിധിയില്‍ ഒതുങ്ങുന്ന അല്ലെങ്കില്‍ കഴിവിന്റെ പാരമ്യത്തില്‍ എത്തുന്ന ഒരു സിനിമ എടുത്തു.. അതിലെ പതിനെട്ടു കാര്യങ്ങള്‍ നെഞ്ചും വിരിച്ചു നിവര്‍ന്നു നിന്നങ്ങു ചെയ്തു.. ഒരു ഗിന്നെസ്സ് ബുക്ക്‌ റെക്കോര്‍ഡ്‌ ആണ്..  ആ സിനിമ മലയാള സിനിമ അനുശാസിക്കുന്ന നിലവാരത്തിന്റെ അടുത്തെങ്ങും എത്തിയില്ല എന്ന് നിരൂപക, മാധ്യമ, കലാ സാംസ്കാരിക, പ്രബുദ്ധ പ്രേക്ഷക ലോകവും  അവകാശ പെടുന്നു.. സൂപ്പര്‍ സ്റ്റാറുകളുടെ പല പടങ്ങളും ഹോളീവൂഡില്‍ നിന്നും നോക്കിയാല്‍ ഏതാണ്ട് മലയാള സിനിമയില്‍ കൃഷ്ണനും രാധയ്ക്കും ഉള്ള സ്ഥാനമാനെന്നു ചില ഊശാന്‍ താടി വച്ച നിരൂപക വര്‍ഗ്ഗം താടി ഉഴിഞ്ഞു കൊണ്ട് അഭിപ്രായ പ്രകടനം നടത്തി. പണ്ഡിറ്റ്‌ ജി അതീവ ബുദ്ധിമാന്‍ ആണെന്ന് ചില സമകാലീന സിനിമ പ്രവര്‍ത്തകര്‍ അഭിപ്രായപെടുന്നു. പണ്ഡിറ്റ്‌ ജി ക്ക് മുഴു പ്രാന്താണെന്നു അസൂയ മൂത്ത ചില പഴയകാല സംവിധായകര്‍ പൊട്ടിത്തെറിക്കുന്നു.. പണ്ഡിറ്റ്‌ ജി യെ തല്ലി കൊല്ലണമെന്ന് അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്ന ചില പുത്തന്‍ സൂപ്പര്‍ സ്റ്റാറുകളുടെ ഫാന്‍സും അവകാശപ്പെട്ന്നു…

തന്നെ കരിവാരി തേക്കുന്ന നിരൂപക വര്‍ഗ്ഗത്തോട്‌ പണ്ഡിറ്റ്‌ ജി പ്രതികരിക്കുന്നതിങ്ങനെ – നിങ്ങളോടൊക്കെ എനിക്കൊന്നേ പറയാനുള്ളൂ .. നിങ്ങള്‍ക്കൊക്കെ ഒന്നുകില്‍ നാണം വേണം… അല്ലെങ്കില്‍ മാനം വേണം…. ഇത് രണ്ടും ഇല്ലെങ്കില്‍ നാണവും മാനവുമുള്ള എന്നെ പോലെയുള്ളവര്‍ കുളിച്ച കുളത്തില്‍ പോയി ഒന്ന് കുളിക്കുകയെങ്കിലും വേണം … കാരണം നിരൂപകരില്‍ ഭൂരിഭാഗവും പ്രേക്ഷകര്‍ മാത്രമാണ് . ഒരു സിനിമയിലെ പതിനെട്ടു കാര്യങ്ങളും ചെയ്ത പണ്ഡിറ്റ്‌ ജി യെ അധിക്ഷേപിക്കാനും മാത്രം അവരൊന്നും വളര്‍ന്നിട്ടില്ല എന്ന് സാരം..

അങ്ങിനെ എല്ലാം കൊണ്ടും സമ്മിശ്ര പ്രതികരണം ആണ് കൃഷ്ണനും രാധയ്ക്കും പണ്ഡിറ്റ്‌ ജിക്കും … ഏതായാലും ചാനലുകളെല്ലാം കൂടി സന്തോഷ്‌ പണ്ഡിറ്റ്‌ ജിയെ ഒരു മെഗാ സ്റ്റാറാക്കി….. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തന്നാല്‍ ഇനിയും സിനിമ എടുക്കുമെന്ന് പണ്ഡിറ്റ്‌ജി പല ചര്‍ച്ചകളിലും പ്രഖ്യാപിച്ചിട്ടുണ്ട്..

പണ്ഡിറ്റ്‌ ജി ഇനിയും സിനിമ എടുക്കണം എന്ന അഭിപ്രായമാണ്  ഈയുള്ളവനും ….

കാരണം സിനിമ എന്നത് ആസ്വദിക്കാനും ആഘോഷിക്കാനുള്ള ഒരു മാധ്യമം ആണ്.. ആള്‍ക്കാര്‍ ആസ്വദിക്കുന്നതും ആഘോഷിക്കുന്നതും പല  രീതിയിലാണ്.. ചിലര്‍ അട്ടഹസിക്കും, ചിലര്‍ ചിരിക്കും, ചിലര്‍ തെറി വിളിക്കും, ചിലര്‍ കരയും, ചിലര്‍ അടി കൂടും.. നാട്ടിന്‍പുറത്ത് നമ്മള്‍ സ്ഥിരമായി കാണുന്ന ആഘോഷ വേളകള്‍ ആനന്തമാക്കുന്ന കാഴ്ചയാണിത്.. അങ്ങനെ നോക്കുമ്പോള്‍ കൃഷ്ണനും രാധയും കണ്ടവര്‍ തെറിവിളിച്ചു എന്ന കാരണം കൊണ്ട് അത് ലോകത്തെ ഏറ്റവും മോശം പടമാണെന്ന് എഴുതി തള്ളാന്‍ ആര്‍ക്കും പറ്റില്ല..അത് സംവിധാനം ചെയ്തു നിര്‍മിച്ച പണ്ഡിറ്റ്‌ജിക്ക് വട്ടാണെന്നു പറയാന്‍ പറ്റുമോ???

കൃഷ്ണനും രാധയും തീയേറ്ററുകളില്‍ തെറിയുടെ മാലപ്പടക്കങ്ങള്‍ സൃഷ്ടിക്കുകയാണ്…. തെറിവിളിച്ചും കൂക്കുവിളിച്ചും അണ്ണാക്ക് കീറിയും കസേരകള്‍ ചവിട്ടി പൊളിച്ചും ആള്‍ക്കാര്‍ ആഘോഷിക്കുകയാണ്… മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷ രീതികള്‍ക്ക് തുടക്കം കുറിച്ച പണ്ഡിറ്റ്‌ജി ക്ക് ആയിരം അഭിവാദ്യങ്ങള്‍ .. ഇനിയും വേറിട്ട ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പുതിയ പടങ്ങള്‍ പണ്ഡിറ്റ്‌ജി അഭിനയിച്ചു, സംവിധാനം ചെയ്തു, സംഗീതം നല്‍കി, ചായാഗ്രഹണം നിര്‍വഹിച്ചു, ഡബു ചെയ്തു… ബാക്കി പന്ത്രണ്ടു കാര്യങ്ങളും ചെയ്തിറക്കട്ടെ.. കേരള ജനത അത്തരം പടങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കട്ടെ…

ഏതായാലും പിള്ള മനസ്സില്‍ കള്ളമില്ല എന്നല്ലേ പ്രമാണം…  കൊച്ചു കുട്ടികളെ കയ്യിലെടുക്കാനുള്ള ശാസ്ത്രം പണ്ഡിറ്റ്‌ ജി വശത്താക്കിയിട്ടുണ്ട് അതിനു സംശയം ഇല്ല.. മ മ മ മ മായാവി….. ലു ലു ലു ലു ലുട്ടാപ്പി ഇനി എന്നാണാവോ എന്റെ മകള്‍ പാടി തുടങ്ങക.. ഏതായാലും കാത്തിരിക്കാം ….ഇപ്പോള്‍ ചെളി വാരി എറിയുന്നവര്‍ നാളെ പൂമാല ഇട്ടു സ്വീകരിക്കില്ലെന്ന് ആര് കണ്ടു…………..

എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാന കാലഘട്ടത്ത് സെന്റി ടൂര്‍ എന്നൊരു കലാ പരിപാടി ഉണ്ട്. ദീര്‍ഖകാല കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ മിക്കവാറും ഹോസ്റ്റലിലോ അല്ലെങ്കില്‍ കോളേജിന്റെ പ്രാന്ത പ്രദേശത്തുള്ള മറ്റേതെങ്കിലും വീടുകളിലോ അതും അല്ലെങ്കില്‍ ഏതെങ്കിലും വീടിന്റെ ഒരു മൂലയില്‍ പേയിംഗ്  ഗസ്റ്റായോ  താമസിച്ചാണ് പഠനം പൂര്‍ത്തിയാക്കുന്നത്.. പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അത്രയും  കാലം ഒരുമിച്ചു കഴിഞ്ഞിട്ട് പല വഴിക്ക് പിരിയേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അതിതീവ്രമായ ആ മനോവേദന, അല്ലെങ്കില്‍ ആ ആത്മനൊമ്പരം തെല്ലൊന്നു ശമിപ്പിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് ഈ സെന്റി ടൂര്‍ എന്ന കലാപരിപാടിയെ എല്ലാവരും കാണുന്നത് ..

ഞങ്ങളുടെ കോളേജിനു സ്വന്തമായി ഒരു ഹോസ്റ്റല്‍ ഇല്ലായിരുന്നിട്ടും ചെങ്ങന്നൂര്‍ ടൌണിന്റെ പ്രാന്ത പ്രദേശങ്ങളിലെ പല വീടുകളിലെ താമസക്കരായിട്ടും.. എല്ലാവര്‍ക്കും കൂടി ഒത്തു ചേരാനുള്ള സാഹചര്യം വളരെ വിരളമായിരുന്നിട്ടും…. “തിട്ടമേല്‍ കൂട്ടം” എന്നൊരു ഗ്രൂപ്പിന് രൂപം നല്‍കി ഞങ്ങള്‍ ഒരു പത്തു-പതിനഞ്ച് പേര്‍ മിക്കവാറും തിട്ടമേല്‍ എന്ന് പേരുള്ള ഒരു വീട്ടില്‍ ഒത്തു ചേരുമായിരുന്നു.. അഞ്ചു പേര്‍ മാത്രമായിരുന്നു തിട്ടമേല്‍ വീട്ടിലെ താമസക്കാരെങ്കിലും ബാക്കിയുള്ള പത്തു പേര്‍ ഈ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു.. ഞങ്ങളുടെ കാലത്ത് കോളേജിലെ ഏറ്റവും പ്രബലമായ ഗ്യാംഗ്  ആയിരുന്നു അത്.  കോളേജില്‍ അടുത്ത ദിവസങ്ങളില്‍ എന്ത് നടക്കണം..ആരൊക്കെ എന്തൊക്കെ ചെയ്യണം.. ആര്‍ക്കൊക്കെ പണി കൊടുക്കണം.. തുടങ്ങി കോളേജിലെ മിക്ക കാര്യങ്ങളും ഈ ഗാംഗിലെ പ്രബുദ്ധരായ അംഗങ്ങളുടെ ഔദ്യോഗിക പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ആയിരുന്നു.. കുപ്രച്ചരണത്തിന്  ആര്‍ എസ് എസ്  എന്ന ഒരു ന്യൂസ്‌ ആന്‍ഡ്‌ പബ്ളിസിറ്റി  സംഘടനയും തിട്ടമേല്‍ കൂട്ടത്തിന്റെ സബ്  ആയിട്ട് പ്രവര്‍ത്തിച്ചിരുന്നു… കോളേജില്‍ ഒരു ഇല അനങ്ങിയാല്‍ പോലും ആര്‍ എസ് എസ്  അറിയും.. അത്രയ്ക്ക് വലിയ നെറ്റ്‌വര്‍ക്ക് ആര്‍ എസ് എസിന്  ഉണ്ടായിരുന്നു… ആര്‍ എസ് എസ് എന്നത് തിട്ടമേല്‍ ഗ്യാങ്ങിലെ മൂന്നു അംഗങ്ങളുടെ പേരിന്റെ ആദ്യ അക്ഷരങ്ങള്‍ ആണ്… രഞ്ജിത്ത്, ഷാഹിന്‍, സ്വരൂപ്‌ എന്നിവരാണ് ആര്‍ എസ് എസ് -ഇന്റെ ശില്‍പ്പികള്‍ ….

രഞ്ജിത്ത് തിട്ടമേല്‍ ഗ്യംഗിന്റെ ഒരു പ്രമുഖ മെമ്പര്‍ ആയിരുന്നു. അഞ്ചര അടിക്കുമേല്‍  പൊക്കം, തടിച്ച ശരീരം, കുടവയര്‍ , പഴുതാര മീശ, സാദാ ചിരിക്കുന്ന മുഖം ഇതൊക്കെയാണ് രഞ്ജിത്തിന്റെ ലക്ഷണങ്ങള്‍ .. അത്യാവശ്യം മോശമല്ലാത്ത ഒരു  കുടവയറിന് ഓണര്‍  ആയതുകൊണ്ട് രഞ്ജിത്ത് ബോള്‍ എന്നാണ് അറിയപെട്ടിരുന്നത്.    പുളുവടിയുടെയും കഥകള്‍ മെനയുന്നതിന്റെയും കാര്യത്തില്‍ രഞ്ജിത്തിനെ വെല്ലാന്‍ ഞങ്ങളുടെ ബാച്ചില്‍ ആരും തന്നെ ഇല്ലായിരുന്നു.. മനസ്സില്‍ ഒരു കഥാ തന്തു രൂപം കൊണ്ടാല്‍ അതിനെ വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുത്ത്, എരുവും പുളിയും മസാലകളും ചേര്‍ത്ത് കറിവച്ചു എല്ലാവര്‍ക്കും ത്രിപ്തിയാകുന്ന രീതിയില്‍ വിളമ്പാന്‍ ബഹുമിടുക്കനാണ് രഞ്ജിത്ത്.. ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക അവതരണ ശൈലി അവനു പാരമ്പര്യമായി കിട്ടിയതാണോ അതോ സ്വന്തമായി വളര്‍ത്തി എടുത്തതാണോ എന്ന് എനിക്കറിയില്ല.. ഏതായാലും സകലകലാ വല്ലഭനും  പൊതുജന തല്‍പ്പരനും ആയിരുന്നു കക്ഷി.. ഒരിക്കല്‍ ഒരു ഓണാഘോഷത്തില്‍ വടം വലി മത്സരത്തില്‍ കൈക്കരുത്തിലും മേയ്ക്കരുത്തിലും ഞങ്ങളുടെ ബാച്ചിനെ വെല്ലുന്ന ഞങ്ങളുടെ തൊട്ടു ജൂനിയര്‍ ബാച്ചിലെ കരി വീരന്മാരെയും കാള കരുത്തന്‍മാരെയും തന്ത്രങ്ങള്‍ കൊണ്ടും വാചക കസര്‍ത്ത് കൊണ്ടും മലര്‍ത്തിയടിച്ചപ്പോള്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ രഞ്ജിത്ത് ഒരു പാട്ട് പാടി.. അതില്‍ കപ്പല്‍ ആയിരുന്നു നായകന്‍.. അന്നു മുതല്‍ രഞ്ജിത്ത് ബോള്‍ ” ഗപ്പല്‍ രഞ്ജിത്ത്” ആയി….. രഞ്ജിത്ത് തിട്ടമേല്‍ വീട്ടിലാണ് താമസിച്ചിരുന്നത്..

ഷാഹിന്‍ തിരുവനന്തുപുരം കാരനാണ്… വേദനിക്കുന്ന കോടീശ്വരന്‍ എന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്..ആറടിക്ക് മുകളില്‍ പൊക്കം, മെലിഞ്ഞ ശരീര പ്രകൃതി… സമ്പന്ന കുടുംബാംഗം.. ഭക്ഷണ പ്രിയന്‍…  പലപ്പോഴും ഷാഹിന്റെ ചിലവില്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും പലരും കഴിച്ചിട്ടുണ്ട്…

സ്വരൂപ്‌ പുതുപ്പള്ളിക്കാരന്‍ അച്ചായന്‍ ആണ്.. ഉമ്മന്‍ ചാണ്ടി സാറിന്റെ അടുത്ത ബന്ധു… കോളേജിലെ അറിയ പെടുന്ന കമ്പ്യൂട്ടര്‍ വിദഗ്ധനാണ്..അടുത്ത സുഹൃത്ത് ആയിരുന്നു ഷിറാസ് …   സ്വരൂപും ഷിറാസും കൂടി പല പല ടെക്നോളജിയും  കോളേജിനു വേണ്ടി വികസിപ്പിച്ചു എടുത്തിട്ടുണ്ട്.. ബാക്കിയുള്ളവര്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌, ഫുട്ബോള്‍, വോളീബോള്‍ തുടങ്ങിയ  കളികളില്‍ മുഴുകുമ്പോള്‍ ഷിറാസും സ്വരൂപും ലാബില്‍ പല  തരം പ്രോഗ്രാമുകള്‍ ചെയ്തു നിര്‍വൃതി അടയുമായിരുന്നു…. ഇങ്ങനെയൊക്കെ ഒരു ബുജിക്ക് വേണ്ട എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവുരുടെ വീക്നെസ്സ് നോക്കി പണിയാന്‍ സ്വരൂപ്‌  ബഹു മിടുക്കനായിരുന്നു..

ഷിറാസ്  ആളൊരു ശുദ്ധനാണ് …. ആര്‍ക്കും ഷിറാസിനോട് എന്ത് സഹായവും അഭ്യര്‍ഥിക്കാം… ജീവനുണ്ടെങ്കില്‍ ഷിറാസ് ചെയ്തു കൊടുക്കും.. ഷിറാസിന്റെ ഈ സ്വഭാവം രഞ്ജിത് ഉള്‍പ്പടെ പലരും ചൂഷണം ചെയ്യുന്നുണ്ടെന്ന് കോളേജില്‍ പാട്ടാണ്..  മിക്കവാറും ഷിറാസ് കമ്പ്യൂട്ടര്‍ സംബന്ധിച്ച് ഉള്ള ചിന്തകളില്‍ ആയിരിക്കും.. മറ്റു വിഷയങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും ഷിറാസിന്റെ ചിന്തകള്‍ പലപ്പോഴും കമ്പ്യൂട്ടറും പ്രോഗ്രാമ്മിങ്ങും കൊണ്ട് പോകാറുണ്ട്..  ഷിറാസിനു,  ജിറാക്സ് എന്നൊരു പേര് കൂടിയുണ്ട്..  ഷിറാസും തിട്ടമേല്‍ വീട്ടിലെ താമസക്കാരനാണ്.. രണ്ജിതിനും ഷിറാസിനും  ഷാഹിനും ഒപ്പം   ജിജോ എന്നാ കറുത്ത മുത്തും ഹരീഷ് കുമാര്‍ കെ പി എന്ന കെ പി ചേട്ടനും തിട്ടമേലില്‍ താമസിച്ചിരുന്നു..

അങ്ങിനെ എട്ടാമത്തെ സെമസ്റെര്‍ അവസാനിക്കാറായപ്പോള്‍ സ്ഥിര താമസക്കാര്‍ അഞ്ചു പേരും തിട്ടമേല്‍ വീട്ടിലെ നിത്യ സന്ദര്‍ശകര്‍ ഒരു പത്തു പേരും കൂടി സെന്റി ടൂര്‍ പോകാന്‍ തീരുമാനിച്ചു….

കോളേജ് ജീവിതം അവസാനിക്കാറായത്  കൊണ്ട് പഴയ പോലെ പലരുടെയും അക്കൗണ്ടില്‍ ബാലന്‍സില്ല…. അക്കൗണ്ട്‌ റീഫില്‍ ചെയ്യുന്ന കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക് പഴയ ആ ഒരു വ്യഗ്രത   ഇല്ല.. പണ്ടായിരുന്നെങ്കില്‍ ലോഗരിതം ടേബിള്‍ വാങ്ങണമെന്നും കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആ ടേബിളിന്റെ കാലൊടിഞ്ഞു അത് നന്നാക്കണമെന്നും ഒക്കെ പറഞ്ഞു പൈസ വസൂലാക്കാമായിരിന്നു എന്നൊക്കെ ആരക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട് …. ആ കാലം ഒക്കെ പോയി…മക്കള്‍ എഞ്ചിനീയറിംഗ് പഠിച്ചപ്പോള്‍ അച്ഛനമ്മമാര്‍ പുതിയ പല പാഠങ്ങളും പഠിച്ചു… അതുകൊണ്ട് അമ്മാതിരി നമ്പറുകള്‍ ഒന്നും ഇപ്പോള്‍ ചിലവാകില്ല…കോളേജ് പഠന കാലത്ത് ഓരോ വര്‍ഷവും ടൂര്‍ പോകാന്‍ വീട്ടുകാര്‍ പൈസ മുടക്കിയിട്ടുണ്ട്….. കേരള ടൂര്‍ , സൌത്ത് ഇന്ത്യ ടൂര്‍ , ഓള്‍ ഇന്ത്യ ടൂര്‍ …. അങ്ങിനെ പലതരം ടൂറുകള്‍ വീട്ടുകാരുടെ സ്പോണ്‍സര്‍ഷിപ്പില്‍ നടത്തിയിട്ടുണ്ട്.. ഏതായാലും സെന്റി ടൂറിന്റെ കാര്യം അവതരിപ്പിച്ചാല്‍ നമ്മള്‍ സെന്റി ആകുമെന്നല്ലാതെ വീട്ടുകാര്‍ സെന്റി ആകില്ല എന്നറിയാവുന്നതുകൊണ്ട്, വീട്ടില്‍ അറിയിക്കാതെ എല്ലാവരും ഉള്ളത്  നുള്ളി പെറുക്കി ടൂര്‍ എസ്ടിമേറ്റ്  തുക ഒരുവിധം ഒപ്പിച്ചു ഒരു മിനി ബസില്‍  കൊടൈകനാലിലേക്ക് തീരുമാനിച്ചു…. കെ പി ആയിരുന്നു ചീഫ് കോര്‍ഡിനേറ്റര്‍ ..കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ കെ പി ബഹു മിടുക്കനായിരുന്നു..തിട്ടമേല്‍ വെട്ടിലെ മാനേജരും കെ പി ആണ

അങ്ങനെയുള്ള കെ പി യുടെ മുഖ്യ കാര്‍മികത്വത്തില്‍ ഞങ്ങള്‍ കൊടൈകനാലിലേക്ക്  മഴയുള്ള  ഒരു ജൂണ്‍ മാസ രാത്രിയില്‍ വണ്ടി കയറി..

രാവിലെ തന്നെ കൊടൈകനാലില്‍ എത്തി..  ഒരു ദിവസത്തെ സ്റ്റേ മാത്രമേ പ്ലാനില്‍ ഉള്ളൂ..  അതിനുള്ള  പാങ്ങേ  ഉള്ളൂ …

ഒരു ലോ ബജറ്റ്  ഹോട്ടല്‍ കണ്ടെത്തുക  എന്നതായിരുന്നു ആയിരുന്നു ആദ്യത്തെ കടമ്പ …

തപ്പി പിടിച്ചു ചെന്നപോള്‍ ഹോട്ടല്‍  തമിഴ്നാടുവിന്റെ നേരെ എതിര്‍വശത്തുള്ള ഒരു  പഴഞ്ചാടാക്ക്  ഹോട്ടല്‍ .  പതിനഞ്ചു പേര്‍ക്കും കൂടി മൂന്നു  മുറിയെടുത്തു.   മൂന്നു മുറികളും   ഒന്നാമത്തെ  നിലയില്‍…   രണ്ടെണ്ണത്തിനും  അറ്റാച്ച്ട്  ടോയിലറ്റ്  .. ബാക്കി  രെണ്ണത്തിനു  സപ്പറേറ്റ്    ടോയിലറ്റ് ..    ഈ സപ്പറേറ്റ്  ടോയിലറ്റ്,   ബെഡ് റൂമുകള്‍   എല്ലാം കഴിഞ്ഞു വരാന്തയുടെ  അറ്റത്താണ്.  ഒന്നാമത്തെ നിലയിലുള്ള രണ്ടു  ബെഡ് ‍റൂമുകള്‍   അറ്റാച്ച്ഡ്‌   അല്ല. രണ്ടിനും സപ്പറേറ്റ്   ടോയിലറ്റ്  ഉണ്ട് . രണ്ടും അടുത്തടുത്തായി വരാന്തയുടെ  അറ്റത്താണ്.  രണ്ടും പൂട്ടിട്ടു ഭദ്രമായി പൂട്ടിയിട്ടുണ്ട്..   ഞങ്ങളുടെ  റൂമിന്റെ തക്കോലിനോപ്പം  ടോയിലെറ്റിന്റെ താക്കോലും കൊണ്ട് ഹോട്ടല്‍ ബോയ്‌ കൂടെ വന്നു. റൂമുകള്‍ എല്ലാം തുറന്നു തന്നു.   എല്ലാവരും  അകത്തു  കയറി..  യാത്ര ക്ഷീണം കാരണം    കുറച്ചു നേരം  റസ്റ്റ്‌ ചെയ്തു.. കുറച്ചു നേരം കൊണ്ട്   എല്ലാവരും റെഡി ആയി ആഹാരം   കഴിക്കുവാനും  അതിനു ശേഷം  കൊടൈകനാലിന്റെ പ്രകൃതി സൗന്ദര്യം നുകരുവാനുമായി പുറപ്പെട്ടു

ഒരു മലയാളി ഹോട്ടലില്‍ നിന്നും വയറു നിറച്ചു കഴിച്ചെന്നു വരുത്തി തീര്‍ത്തു നേരെ കൊടൈകനാലിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന കായലില്‍ ബോട്ടിങ്ങിനായി പോയി..  കയ്യില്‍ ദംബടി കുറവാണെങ്കിലും.. വിശപ്പടക്കിയില്ലെങ്കിലും.. കൊടൈകനാലില്‍ വന്നിട്ട് ബോട്ടിങ്ങിന് പോയില്ലെങ്കില്‍ മോശമല്ലെടാ ഉവേ എന്ന് മോനാ ചോദിച്ചു……

മോന കോട്ടയംകാരന്‍ അച്ചായനാണ്‌…ആറടി പൊക്കം അരയടി വണ്ണം അതാണ്‌ ആള്. സ്വദവേ ചിരിച്ചു കൊണ്ട് നടക്കും.. പൊതുവേ ശാന്ത സ്വഭാവക്കരനനെങ്കിലും അല്ലറ ചില്ലറ കശ പിശകളിലൊക്കെ ഇടപെട്ടു ഒച്ചയുണ്ടാക്കി നടക്കുന്നത് സ്ഥിരം ശീലമാണ്… സ്വന്തമായി ഒരു റൂമുണ്ടെങ്കിലും അവിടെ കിടക്കാറില്ല.. മിക്കവാറും വയനുവിന്റെ വീട്ടിലാണ് താമസം.. മോന സഹകരിക്കുന്ന എല്ലാ വീടുകളിലും ഓരോ ബ്രഷ് വാങ്ങി വച്ചിട്ടുണ്ട്.. അതുകൊണ്ട് എവിടെ ചെന്നാലും താമസിക്കുന്നതിനു ഒരു ബുദ്ധി മുട്ടും ഉണ്ടാകാറില്ല..

ഏതായാലും വലിയ രണ്ടു തുഴ ബോട്ട് എടുത്തു.. പെടല്‍ ബോട്ടില്‍ നാലു പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. പതിനഞ്ചു പേര്‍ക്ക് നാലു ബോട്ട് വേണം. തുഴ ബോട്ടില്‍  എട്ടു പേര്‍ക്ക് കേറാം. കെ പി ടിക്കെറ്റ് ചാര്‍ജ് കൂട്ടി നോക്കി തുഴയാണ് സാമ്പത്തികമായി മെച്ചമെന്ന് കണ്ടെത്തി…ഗപ്പല്‍ രഞ്ചിത്തിനു തുഴയാന്‍ അറിയാം. അങ്ങിനെ ഗപ്പല്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍  എട്ടു പേര്‍ ഒരു തുഴ ബോട്ടില്‍ കയറി.. മറ്റു ഏഴു പേരില്‍ ഒരാള്‍ക്ക്‌ പോലും തുഴച്ചില്‍ വശമില്ലാത്തത് കൊണ്ട് ഒരു കൊടൈ തുഴ ഡ്രൈവറെ വാടകക്കെടുത്തു.

“കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ..” ഒക്കെ പാടി ആസ്വദിച്ചു രണ്ടു വള്ളങ്ങളും അടുത്തടുത്ത്‌  തുഴഞ്ഞു കൊണ്ടിരുന്നപ്പോള്‍ രഞ്ജിത്തിന്റെ കയ്യില്‍ നിന്നും അറിയാതെ തുഴ വെള്ളത്തില്‍ തട്ടി കുറച്ചു വെള്ളം മറ്റേ ബോട്ടിലെ വാടക ഡ്രൈവറുടെ മുഖത്ത് വീണു..  ലോക്കല്‍ വാടക ഡ്രൈവര്‍ക്ക് കലിയിളകി.. ഐസ് പോലെ തണുത്ത ആ വെള്ളത്തില്‍  തുഴ വെച്ച് അയാള്‍ രണ്ടു മൂന്നു അടി അടിക്കുന്ന ശബ്ദം മാത്രം കേട്ടു ….

പിന്നെ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റുന്നതിനു മുമ്പ് ഒരു കാര്യം മനസ്സില്ലായി…ഞങ്ങളുടെ ബോട്ടിലുള്ള എല്ലാവരും നന്നായി നനഞ്ഞു കുളിച്ചിരിക്കുന്നു..കൊടൈകനാലില്‍  കിടന്നു തല്ലു മേടിച്ചു സെന്റി ടൂര്‍ കട്ട സെന്റി ആക്കേണ്ട എന്ന് കരുതി ഞങ്ങള്‍ ആ ലോക്കല്‍ ഡ്രൈവറോട് സദയം ക്ഷമിച്ചു എന്ന് വരുത്തി തീര്‍ത്തു.

പലരുടെയും സ്വെറ്റര്‍ ആണ് നനഞ്ഞത്‌.. കൊടും തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ ഉള്ള രക്ഷാകവചം കൊടൈയിലെ തണുപ്പിനെ കവച്ചുവക്കുമെന്നോണം തണുത്തിരിക്കുന്നു.. ഏതായാലും രാത്രി ആകുമ്പോഴേക്കും ഉണങ്ങും എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ ബോട്ടുയാത്ര അവസാനിപ്പിച്ചു മറ്റു സ്പോട്ടുകളായ പില്ലര്‍ റോക്ക്സ് ,  ഗുണാ കേവ്സ്,  കോക്കേഴ്സ് വാക്ക്, സൂയിസൈഡ് പോയിന്റ്‌,  പൈന്‍ ഫോറെസ്റ്റ്., പൈന്റു പോയിന്റ്‌ , തട്ടുകട…. തുടങ്ങിയവ സന്ദര്‍ശിച്ചു രാത്രി ഭക്ഷണവും, തണുപ്പ് മാറ്റാന്‍ റമ്മും വാങ്ങി റൂമില്‍ തിരിച്ചെത്തി..

രാത്രിയില്‍ തണുപ്പ് മാറ്റാനുള്ള റമ്മും ആഹാരവും ആര്‍ത്തിയോടെ കഴിച്ചു.. ചിലര്‍ റമ്മു കഴിക്കാതെ മാറി നിന്നു. സെന്റി ടൂറിനു സെന്റിമെന്റ്സ് കൂട്ടാന്‍ പാട്ടുകാരന്‍  ബിജു കുറെ സെന്റി പാട്ടുകള്‍ പാടി.. ഗപ്പല്‍ രഞ്ജിത്ത്  താളത്തില്‍ കൊട്ടി.. ബിജു കോളേജിലെ അറിയപ്പെടുന്ന പാട്ടുകാരനാണ്… മെലടി പാട്ടുകളാണ് ബിജുവിന്റെ ഫേവറിറ്റ് ..ഞങ്ങളുടെ പഠനത്തിന്റെ എല്ലാ സീസണുകളിലും ബിജുവിന്റെ “കഭീ കഭീ മേരെ ദില്‍ മേം ” പല വേദികളില്‍ കയ്യടി നേടിയിട്ടുണ്ട്…..

അങ്ങിനെ പാട്ടും, മേളവും, റമ്മും  ഒക്കെ കൂടി സംഗതി ബഹു ജോറായി വന്നപ്പോള്‍  ടൂര്‍ മെമ്പറായ  കോതമംഗലത്ത്കാരന്‍  യുവ എഞ്ചിനീര്‍ക്കു വാള് വെക്കണം .. അംഗ വിക്ഷേപങ്ങളിലൂടെയും കൈക്രിയയിലൂടെയും തന്റെ ഇങ്കിതം മറ്റുള്ളവരെ ഒരുവിധം അവന്‍ അറിയിച്ചു…

വാളെന്നു കേട്ടതും രഞ്ജിത്ത്  ഉഷാറായി.. ആള്‍ക്കാരെ വാള് വപ്പിക്കുകയും പിന്നെ അത് കോരുകയും ചെയ്യുന്നത് രഞ്ജിത്തിനു ഒരു ക്രേസ് ആണ്…അതില്‍ ഒരു പ്രത്യേക സന്തോഷം, ഒരാത്മ നിര്‍വൃതി രഞ്ജിത്ത് കണ്ടെത്തിയിരുന്നു…..രഞ്ജിത്തിനേയും വാള് കോരലിനെയും പ്രകീര്‍ത്തിച്ചു കൊണ്ട് “രഞ്ജിത്തും വാള് കോരലും” എന്നൊരു  കഥ പിന്നീടൊരവസരത്തില്‍ പറയാം..

കോതമംഗലത്ത്  കാരന്‍ വാള് വെപ്പ് കാരനെ രഞ്ജിത്തും പരമുവും കൂടി താങ്ങി പിടിച്ചു ഒരുവിധം അറ്റാച്ച്ട്  റൂമിന്റെ ടോയിലെറ്റില്‍ കൊണ്ട് നിര്‍ത്തി.. രണ്ടു കയ്യും വാഷ്‌ ബയ്സനില്‍ ഊന്നികൊണ്ട്  കോതമംഗലത്ത്  കാരന്‍ യുവ എഞ്ചിനീയര്‍ വേലുത്തമ്പി ദളവ ഫോട്ടോയിലൊക്കെ നില്‍ക്കുന്നത് പോലെ ഞെളിഞ്ഞൊരു നില്‍പ്പ് നിന്നു.. അധിക നേരം ആ നില്‍പ്പ് നില്‍ക്കാന്‍ അവനു പറ്റിയില്ല.. പെട്ടന്ന് വളഞ്ഞു കുഴഞ്ഞു മുന്നോട്ടു ആഞ്ഞു     ബ്വാ….. എന്ന്  വാള് വക്കാന്‍ തുടങ്ങി.. സ്വസ്ഥമായി നിന്ന് വാള് വെച്ചുകൊള്ളട്ടെ എന്ന് കരുതി രഞ്ജിത്തും പരമുവും റൂമിലേക്ക്‌ വന്നു..

പരമു ആളൊരു ജെന്റില്‍ മാന്‍ ആണ് ……തൃശൂര്‍ രാജ കുടുമ്പത്തില്‍ പെട്ട ആളാണെന്ന ചില അവകാശ വാദങ്ങളൊക്കെ ചിലപ്പോള്‍ ഉന്നയിക്കാറുണ്ട്.. ആറടിയുടെ അടുത്ത് പൊക്കം, ഒത്ത തടി, ഗോതമ്പിന്റെ  നിറം, സുമുഖന്‍, സുന്ദരന്‍ അങ്ങിനെ പല വിശേഷണങ്ങളും ഉണ്ട്…..പ്രമോദ് വര്‍മ്മ എന്നാണു യഥാര്‍ത്ഥ പേര്.. അത് ലോപിച്ച് പരമുവായി.. മറ്റൊരു ടൂര്‍ മെമ്പറായ വയനു പരമുവിനെ കളിയാക്കി ‘രാജാവേ’ എന്നും വിളിക്കാറുണ്ട്..

വയനു പേര് പോലെ വയനാട്ടുകാരനാണ്…അഞ്ചടി പൊക്കം.. ഒത്ത തടി.. വള്ളി എന്നൊരു വിളിപ്പേരും കൂടി വയനുവിനുണ്ട്.. ഒരിക്കല്‍ വയനാട്ടിലുള്ള അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ “വള്ളിയില്‍ തൂങ്ങിയാണോ മക്കള് വന്നത്”  എന്ന് എന്നോടും രഞ്ജിത്ത്നോടും സ്വരൂപിനോടും അവന്റെ അമ്മ ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു.. പൊക്കം കാരണം കുള്ളന്‍ എന്നൊരു പേരും വള്ളിക്കുണ്ട്.. പണ്ട് തന്നെക്കാള്‍ പൊക്കമില്ലാത്ത ഒരു അധ്യാപകനെ കുള്ളനെന്നു വിളിച്ചത് കോളേജില്‍ വലിയ പുകിലായിരുന്നു.. ആ പ്രശ്നത്തിന്റെ പേരില്‍ വള്ളിയെയും സ്വരൂപിനെയും കുഴിയേയും  അന്വേക്ഷണ വിധേയമായി കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു…

കുഴി തൃശൂര്‍ കാരനാണ്.. സംസാരിക്കുന്നത് കേട്ടാല്‍ ഇന്നസെന്റ് മാറി നില്‍ക്കും, അത്രക്കും തൃശൂര്‍ ഭാഷയെ സ്നേഹിക്കുന്ന ആളാണ്‌ കുഴി.. യഥാര്‍ത്ഥ പേര് വിവേക് എന്നാണ്…..കുഴി ഉള്‍പ്പെടുന്ന മറ്റൊരു ഗ്യാംഗ്  “കക്കൂസ് ഗ്യാംഗ്:  എന്നാണ് അറിയപ്പെട്ടിരുന്നത് (തിട്ടമേലിന്റെ അത്രയും പ്രബലമല്ല ഈ ഗ്യാംഗ് 🙂 ). കോളേജില്‍ മെന്‍സ് ലോഞ്ചിന്റെ അടുത്താണ് ആ ഗ്യാംഗിന്റെ  താവളം അവിടുത്തെ കക്കൂസിന്റെ നാറ്റം അടിച്ചിരിക്കുന്നതുകൊണ്ട് അവര്‍ക്ക് കക്കൂസ് ഗ്യാംഗ്  എന്ന് പേര് കിട്ടി…….രഞ്ജിത്ത് ആണത്രേ  അവര്‍ക്ക് ആ നാമകരണം നല്‍കിയത്…

ഠിം .. ട്രിം ക്രിലിംഗ്  ഗ്ര്യര്‍ണിംഗ് ഉം…

ടോയിലെറ്റില്‍ നിന്നും ഒരു ഉഗ്ര ശബ്ദം..

കോതമംഗലത്ത് കാരന്‍ യുവ എഞ്ചിനീയര്‍ നിലം പറ്റിയെന്നാ ആദ്യം കരുതിയത്‌.. എല്ലാവരും ഓടി ചെന്ന് നോക്കിയപ്പോള്‍ .വാള് ഏതാ…   വാഷ്‌ ബേസന്‍ ഏതാ… ദളവാ ഏതാ..  എന്ന്  മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ ഒരു അവിയല് പരുവത്തില്‍ ടോയിലേറ്റ് ആകെ മേനകെടായി  കിടക്കുന്നു.. വാളുവച്ച  കോതമംഗലത്ത് കാരന്‍ എഴുന്നേല്‍ക്കാന്‍ ചെറിയ ശ്രമങ്ങള്‍ ഒക്കെ നടത്തി നോക്കി.. പരാജയപെട്ടു… റമ്മിന്റെ വീര്യം അവനെ കീഴ്പെടുത്തി കളഞ്ഞു…ആനന്ദദായകമായ  ആ സീന്‍ കണ്ടു എല്ലാവരും ഒരുനിമിഷം പൊട്ടിച്ചിരിച്ചു..

ആ ചിരി അധിക നേരം നീണ്ടു നിന്നില്ല… പൊട്ടി ചിതറി കിടക്കുന്ന വാഷ്‌ ബേസിന്‍ കണ്ടപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും നെഞ്ചില്‍ ഇടിത്തീ വെട്ടി .

കയ്യില്‍ അഞ്ചു പൈസ കൂടുതല്‍ ഇല്ല… ടൂര്‍ കഷ്ടിച്ചു ഓടിച്ചു പോകാനുള്ള പൈസ പല രീതിയില്‍ ഒപ്പിച്ചാണ് വണ്ടി കയറിയത് …വാഷ്‌ബേസിന്‍ പൊട്ടിയ കാര്യം ഹോട്ടലുകാര്‍ അറിഞ്ഞാല്‍ അതിനു നഷ്ട പരിഹാരം കൊടുക്കേണ്ടി വരും…എല്ലാവരും ജാഗരൂകരായി.. ഇടി വെട്ട് ഏറ്റവനെ പാമ്പും കൂടി കടിച്ചു എന്ന ചൊല്ലിനെ അനുസ്മരിപ്പിച്ചുകൊണ്ട്  സ്ടയരിലൂടെ ആരോ കയറിവരുന്ന ഒച്ചയും കേട്ടു …. സമയം പാഴാക്കാതെ  കുഴി  ഓടി പോയി  ടോയിലെറ്റിന്റെ വാതില്‍ അടച്ചിട്ടു.. തിരികെ വന്ന് ഒരു ബാഗ്‌ എടുത്തു റൂമിന്റെ ഡോര്‍ ലക്ഷ്യമാക്കി എറിഞ്ഞു.. ഠിം… നേരുത്തേ കേട്ടതിനേക്കാള്‍ വലിയ ശബ്ദം.. പരമു അട്ടഹസിച്ചൊരു ചിരിയും പാസ്സാക്കി… ബാക്കിയുള്ളവരുടെ ബുദ്ധിയും  പ്രവര്‍ത്തിച്ചു .. എല്ലാവര്‍ക്കും സംഗതി മനസ്സിലാക്കി.. വയനു മറ്റൊരു ബാഗ്‌ എടുത്തു വീണ്ടും എറിഞ്ഞു… അപ്പോഴേക്കും ആരോ വന്നു വാതലില്‍ മുട്ടി… എല്ലാവരും ബാഗ്‌ ഏറും, ചര്‍ച്ചകളും, അട്ടഹാസങ്ങളുമായി മുറിയുടെ മധ്യത്തില്‍ കൂടി നിന്നപ്പോള്‍… വയനു ചെന്ന് വാതില്‍ തുറന്നു…

നോക്കിയപ്പോള്‍ നേരുത്തേ താക്കോലുമായി വന്ന റൂം ബോയ്‌ …

എന്നാ അണ്ണാ പെരിയ സൌണ്ട് ?? പയ്യന്‍ ചോദിച്ചു..

ഗപ്പല്‍ രഞ്ജിത്ത് : തമ്പീ… ഇന്ത ബാഗ്‌ ഡോറില്‍ കൊണ്ട സൌണ്ട് താനാ.. മന്നിചിടുംഗോ…  അറിയാവുന്ന തമിഴില്‍ പറഞ്ഞൊപ്പിച്ചു…

പയ്യന്‍സിനു അത് സ്വീകാര്യമായില്ല എന്ന് തോന്നുന്നു .. അവന്‍ റൂമില്‍ കയറി നോക്കി. ഒന്നും കാണുന്നില്ല… കട്ടിലിനടിയിലും മേശയുടെ അടിയിലും ഒക്കെ പരത്തി നോക്കി.. ഒന്നും കാണാനില്ല…

പയ്യന്‍സ് റൂമില്‍ കേറിയത്‌ ജിറാക്സിനു പിടിച്ചില്ല… എന്താടാ  @#*** … മോനെ… റൂമില്‍ കയറി തപ്പുന്നത് …പയ്യനോടായി ജിറാക്സ് ചോദിച്ചു… ജിറാക്സ് അങ്ങിനെയാണ്.. ഇഷ്ടപെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രതികരിക്കും..’മ’ യും ‘പു’ വും ചേര്‍ത്ത് തെറി പറയും.. പയ്യന്‍സ് കലിപ്പിച്ചു ഒരു നോട്ടം നോക്കി.. കെ പി ഇടപെട്ടു രംഗം ശാന്തമാക്കി …. ഏതായാലും പയ്യന്‍ റൂമില്‍ നിന്നും ഇറങ്ങി…

എല്ലാവരും തലപുകഞ്ഞാലോചിച്ചു. പയ്യന് സംശയം ഉള്ള സ്ഥിതിക്ക് റൂം വെക്കേറ്റ് ചെയ്യുമ്പോള്‍ അവന്‍ സംഗതി കണ്ടു പിടിക്കും… വലിയ വാഷ്‌ ബേസിന്‍ ആണ്.. കുറഞ്ഞത്‌ അഞ്ഞൂറ് രൂപ എങ്കിലും അതിനു വില വരും.. അത് കൊടുക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല….. എല്ലാവരും കൂലം കഷമായി ചിന്തിച്ചു…

കുറച്ചു നേരത്തെ കണക്കു കൂട്ടലുകള്‍ക്ക് ശേഷം കക്കൂസ് ഗ്യംഗ് ലീഡര്‍ കുഴി റൂമിന് വെളിയില്‍ ഇറങ്ങി വരാന്തയുടെ അറ്റത്തുള്ള സപ്പറേറ്റ് ടോയിലേറ്റ് ലക്ഷ്യമാക്കി നടന്നു.. കുറെ നേരം അതിനകത്ത് കയറി ചിലവഴിച്ചു..അതില്‍ നിന്നും  പുറത്തിറങ്ങി അതിനടുത്തുള്ള അടച്ചിട്ടിരിക്കുന്ന ടോയിലേറ്റ് കാര്യമായി ഒന്ന് വീക്ഷിച്ചു.. തിരിച്ചു റൂമിലേക്ക്‌ വന്നു.. എല്ലാവരോടുമായി പറഞ്ഞു ..

ഗയ്സ്, ലെറ്റ്‌ അസ്‌ ഗെറ്റ് റെഡി ഫോര്‍ ദി “ഓപ്പറേഷന്‍ വാഷ്‌ ബേസിന്‍” !!!!

കുഴി “ഓപ്പറേഷന്‍ വാഷ്‌ ബേസിന്റെ”  പ്ലാന്‍ എല്ലാവരോടുമായി വിശദീകരിച്ചു.. ചുരുക്കത്തില്‍ പ്ലാന്‍ ഇങ്ങനെയാണ്… സപ്പറേറ്റ് ടോയിലെറ്റില്‍ ഇരിക്കുന്ന വാഷ്‌ബേസിനും അറ്റാച്ചെട് ടോയിലെറ്റിലെ പൊട്ടിയ വാഷ്‌ബേസിനും ഒരേ ടൈപ്പ് ആണ്.. ഞങ്ങള്‍ക്ക്  അനുവദിച്ച സപ്പറേറ്റ് ടോയിലെറ്റിന്റെ അടുത്ത് മറ്റൊരു ടോയിലെറ്റും ഉണ്ട്.. അത് തുറന്നിട്ടില്ല.. മാത്രമല്ല അതിന്റെ അനുബന്ധ റൂമില്‍ താമസക്കാരുമില്ല.. ആ ടോയിലേറ്റ് കുത്തി തുറന്നു അതിലിരിക്കുന്ന നല്ല വാഷ് ബാസിന്‍ എടുത്തു ആരുമറിയാതെ ഈ പൊട്ടിയതിന് പകരം വയ്ക്കണം.. പൊട്ടിയത് ആ ടോയിലെറ്റില്‍ കൊണ്ടുപോയി ഇടണം.. ഇതാണ് പ്ലാന്‍.. മുകളിലത്തെ നിലയില്‍ നമ്മള്‍ മാത്രമേ താമസക്കരായുള്ളൂ .. അതുകൊണ്ട് റിസ്ക്‌ ഇല്ല…

കക്കൂസ് ഗ്യാങ്ങിന്റെ പ്രമുഖ മെമ്പര്‍ ആയതു കൊണ്ട് …കുഴിക്ക്..കക്കൂസ് സംബന്ധമായ  കാര്യങ്ങളില്‍ ഒരു പ്രത്യേക ആവേശവും താല്‍പ്പര്യവും  കണക്കുകൂട്ടലും ആത്മവിശ്വാസവും ഉണ്ടെന്നു രഞ്ജിത്ത് പ്രഖ്യാപിച്ചു.. കെ പി ഒഴികെ എല്ലാവരും കുഴിയുടെ അഭിപ്രായത്തോട് യോജിച്ചു….

ഇതെല്ലാം നടക്കുന്ന കാര്യമാണോ?  കെ. പി. സംശയം പ്രകടിപ്പിച്ചു..

നടന്നില്ലെങ്കില്‍ കെ പി കാശ് കൊടുക്കുമോ ? രഞ്ജിത്ത് തിരിച്ചു ചോദിച്ചു ? അങ്ങിനെ കുറെ നേരത്തെ വിശകലനത്തിനും സംവാദത്തിനും ശേഷം കെ പി യും സംഗതി നടത്താമെന്ന് തീരുമാനിച്ചു…

ഓപ്പറേഷന്‍ ഇന്‍ ചാര്‍ജ്  കുഴിക്കു ” കമാണ്ടര്‍ കുഴി” എന്ന് നാമ കാരണം ചെയ്തു…. ഓപ്പറേഷന്‍ നടത്തണമെങ്കില്‍ ഹോട്ടലിലെ ജീവനക്കാര്‍ ആരെങ്കിലും മുകളിലേക്ക് വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കണം.. എതിര്‍വശത്തുള്ള ഹോട്ടല്‍ തമിഴ്നാടുവിലെ സെക്യൂരിറ്റികളുടെ ശ്രദ്ധ ഒരിക്കലും വാഷ്‌ ബേസിന്‍ മാറ്റി വപ്പില്‍ പതിയരുത്…. അങ്ങിനെ വരാന്‍ സാധ്യത ഉള്ള പ്രതിബന്ധങ്ങള്‍ ഒക്കെ വിശകലനം ചെയ്തു.. അത് തടയാന്‍ പര്യാപ്തമായ നടപടികള്‍ ഒക്കെ എടുത്തു.. അഥവാ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ അത് വ്യക്തമായി ഓപ്പറേഷന്‍ ടീമിന്റെ ശ്രദ്ധയില്‍ പെടുത്തുന്ന  സിഗ്നല്‍ വേണം…

ഓപ്പറേഷന്‍ സുഗമമായി നടത്താനുള്ള സിഗ്നലുകള്‍ മുഴുവന്‍ തന്റെ അധികാര പരിധിയിലാനെന്നു പരമു പ്രഖ്യാപിച്ചു.. അടുത്ത സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ എഞ്ചിനീയറിംഗ് വിങ്ങില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തതിന്റെ എക്സ്പീരിയെന്സും, ആത്മവിശ്വാസവും,  ആവേശമായിരുന്നു പരമുവിന്.. അങ്ങനെ സിന്ഗ്നല്‍ ഇന്‍ ചാര്‍ജ് പരമുവിനെ “മേജര്‍ പരമുവായി” നാമകരണം ചെയ്തു…

മേജര്‍ പരമു കുറച്ചു കോഡുകള്‍ പ്രഖ്യാപിച്ചു..  ഒരാള്‍ സ്റെയര്‍കേസില്‍ വെയിറ്റ് ചെയ്യണം.. താഴെ നിന്നും ആരെങ്കിലും മുകളിലേക്ക് വന്നാല്‍ ഉടന്‍ സിഗ്നല്‍ തരണം..അക്കരെ അക്കരെ അക്കരെയിലെ കോഡ് പോലെ ഒരെണ്ണം ഈ ഓപ്പറേഷന് കടം എടുത്തു-  “സിഗറെറ്റ് കയ്യിലുണ്ടോ” എന്ന് ചോദിക്കുമ്പോള്‍ സ്ടയെര്‍ പരിസരത്ത് ആരും ഇല്ലെങ്കില്‍  “സിഗറെറ്റ്  കയ്യില്‍ ഇല്ല” എന്നും ആരെങ്കിലും ഉണ്ടെങ്കില്‍ “സിഗറെറ്റ്  കയ്യില്‍  ഉണ്ട് ” എന്നും പറയണമെന്ന് തീരുമാനിച്ചു….

ആ സിഗ്നല്‍ തരാന്‍ ജിറാക്സിനെ ചട്ടം കെട്ടി സ്ടയെര്‍കേസിന്റെ അടുത്ത് കൊണ്ടിരുത്തി.. .. മുകളിലത്തെ നിലയിലെ റൂമുകള്‍ ഹോട്ടല്‍ തമിള്നാടുവിലെ സെക്യൂരിറ്റികള്‍ക്ക് കാണാവുന്ന വിധത്തിലാണ്.. അതിനാല്‍ വരാന്തയില്‍ കൂടി മൂന്നു നാല് പേര്‍ ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടക്കണം..സെക്യുരിറ്റികളുടെ ശ്രദ്ധ എപ്പോഴും നടക്കുന്നവരില്‍ ആയിരിക്കണം.. അവര്‍ സംശയാസ്പദമായ നീക്കങ്ങള്‍ നടത്തിയാല്‍ ഉടന്‍ സിഗ്നല്‍ തരണം.. സിഗ്നല്‍ “കട്ട കലിപ്പാണ്‌  കേട്ടോ ” .. വരാന്തയില്‍ കൂടി നടക്കാന്‍ കെ പി , ഷാഹിന്‍ , മോന, ജിജോ എന്നാ കറുത്ത മുത്തു എന്നിവരെ ചുമതലപ്പെടുത്തി.

ഏതെങ്കിലും രീതിയില്‍ ഓപ്പറേഷന്‍ പരാജയപെട്ടാല്‍ സംഭവം ഹോട്ടല്‍ മുതലാളിയെ അറിയിച്ചു തടി തപ്പാം എന്നും തീരുമാനിച്ചു.

അങ്ങനെ പഴുതുകള്‍ എല്ലാം അടച്ചു വളരെ പ്രൊഫഷണല്‍ ആയി ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തു… എല്ലാവരുടെയും സമ്മതത്തോടെ ഓപ്പെറേഷന്‍ സ്റ്റാര്‍ട്ട്‌ ചെയ്തതായി കമാന്റെര്‍ കുഴി പ്രഖ്യാപിച്ചു..

ആദ്യം ടോയിലേറ്റ് കുത്തി തുറന്നു വാഷ്‌ബേസിന്‍ എടുക്കണം .. ടോയിലേറ്റ് തുറക്കാന്‍ ഒരു സ്ക്രൂ ഡ്രൈവര്‍ വേണം. അത് ടൂര്‍ വന്ന ബസിന്റെ ടൂള്‍ കിറ്റില്‍ നിന്നും അണ്ണന്‍ പോയി എടുക്കാമെന്ന് പറഞ്ഞു…  ഈ അണ്ണന്‍ എന്ന് പറയുന്ന ആള്‍ ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സീനിയര്‍ കക്ഷിയാണ്.. ഡിഗ്രീ പഠനം പൂര്‍ത്തിയാക്കിയാണ് അണ്ണന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ വന്നത് .. കണ്ണൂര് കാരനായ അണ്ണന്‍ എല്ലാ കാര്യത്തിനും സീനിയര്‍ തന്നെ.. ആള്‍ക്കാരെ ഡീല്‍ ചെയ്യാന്‍ അണ്ണന് ഒരു പ്രത്യേക   രീതിയുണ്ട്… ഏതായാലും അണ്ണന്‍ വാക്ക് പാലിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്‌ ഡ്രൈവറെ ചാക്കിട്ടു സ്ക്രൂ ഡ്രൈവറുമായി അണ്ണന്‍ എത്തി..

ഇതൌന്നും അറിയാതെ കോതമംഗലത്ത് കാരന്‍ വേലുത്തമ്പി ദളവ പൊട്ടിയ വാഷ്ബേസിനും കെട്ടിപ്പിടിച്ചു വാളും തലക്കല്‍ വച്ച് ടോയിലെറ്റില്‍ സുഖ നിദ്രയില്‍ ആയിരുന്നു.. വാള് കോരല്‍ സ്പെഷ്യലിസ്റ്റ് ഗപ്പല്‍ രഞ്ജിത്ത് ദളവയേം വാളിനെയും വാഷ്ബേസിനേയും വേര്‍പെടുത്തി.. ദളവയെ കുളിപ്പിച്ച് കൊണ്ട് കട്ടിലില്‍ കിടത്തി…

ഞങ്ങളുടെ ഭാഗ്യത്തിന് ആ സമയം നല്ല മഴ പെയ്തു തുടങ്ങി .. ജിറാക്സ് സ്ടയറില്‍ ഇരുപ്പുറപ്പിച്ചു.. കുഴിയും, കെ പി യും, കോടീശ്വരനും, മോനയും, ജിജോ എന്നാ കറുത്ത മുത്തും.. വരാന്തയില്‍ ഉലാത്തികൊണ്ടിരുന്നു..

കറുത്തമുത്തിനെ ഇരുട്ടത്ത്‌ ഹോട്ടല്‍ തമിള്നാടുവിലെ സെക്യൂരിറ്റികള്‍ക്ക് കാണാന്‍ പറ്റില്ല എന്ന് ജിറാക്സ് ഇടയ്ക്കിടെ വിളിച്ചു പറയുന്നാണ്ടിയിരുന്നു.. .. നീ വെറുതെ നടന്നു  ക്ഷീണിക്കേണ്ട   ഏതായാലും  അവര്‍  കാണാന്‍ പോകുന്നില്ല .. ജിറാക്സ്  പറഞ്ഞു….

ജിജോ എന്ന കറുത്ത മുത്ത്‌ കോളേജിലെ ഞങ്ങളുടെ ബാച്ചിലെ മികച്ച ഔട്ട്‌ ഗോയിംഗ് വിദ്യാര്‍ഥിയായി തിരഞ്ഞെടുത്ത ആളാണ്‌.. ഇംഗ്ലീഷ് ഭാഷയില്‍ തികഞ്ഞ പാണ്ഡിത്യവും, ഇംഗ്ലീഷില്‍ നല്ല സംസാര ശേഷിയും, മലയാള തെറികളില്‍ ഉള്ള  അഗാധ പരിജ്ഞാനവും കറുത്ത മുത്തിനെ മറ്റുള്ളവരില്‍ നിന്നും വത്യസ്തനാക്കി..രൂപത്തിലും ഭാവത്തിലും കറുത്ത സായിപ്പിനെ അനുസ്മരിപ്പിക്കുന്നത് കൊണ്ട് കറുത്ത മുത്ത്‌ എന്നാ പേര്‍ കിട്ടി…

ജിറാക്സിന്റെ കമന്റുകള്‍ക്കു മറുപടിയായി  കറുത്ത മുത്ത്‌,  തന്റെ മലയാള ഭാഷയിലെ അഗാധമായ സ്വാധീനം ഇടയ്ക്കിടയ്ക്ക് വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്നുമുണ്ടായിരുന്നു….

പൂട്ടിയിട്ടിരുന്ന ടോയിലെറ്റിന്റെ പൂട്ട്‌ ഫിറ്റിങ്ങ്സിന്റെ സ്ക്രൂ അഴിക്കാന്‍ തീരുമാനിച്ചു.. എല്ലാം ഓ കെ ആണോന്നു അറിയാന്‍ വേണ്ടി  ജിറാക്സിനോട്‌ പരമു ചോദിച്ചു “സിഗറെറ്റ്  കയ്യിലുണ്ടോ ?”

ജിറാക്സ് : “സിഗറെറ്റ് കയ്യിലുണ്ട്” .. എല്ലാവരും ഞെട്ടി.. ഉടന്‍ തന്നെ തിരുത്ത്‌ വന്നു ….” സോറി .. തെറ്റി പോയതാ.. “സിഗറെറ്റ്  കയ്യിലില്ല”… പക്ഷെ എന്റെ കയ്യില്‍ സിഗരെറ്റ്‌ ഉണ്ട്….” ജിറാക്സ്  എപ്പൊഴും അങ്ങിനെയാ.. ഫുള്‍ കണ്ഫ്യൂഷനിലാ.. സ്വരൂപ്‌  ജിറാക്സിനെ തെറി പറഞ്ഞു….

ഷിറാസ് തെറ്റിധരിച്ചതാ …..എന്ത് ചെയ്യാനാ…….

കുഴി : വെറുതെ കളയാന്‍ സമയം ഇല്ല.. പൂട്ട്‌ ഫിറ്റിങ്ങ്സ് അഴിക്കൂ…

വയനു നിമിഷങ്ങള്‍ക്കുള്ളില്‍ ഫിറ്റിങ്ങ്സ് അഴിച്ചെടുത്തു.. പരമുവും സ്വരൂപും അണ്ണനും വയനുവും കൂടി ടോയിലെറ്റിനുള്ളില്‍ പ്രവേശിച്ചു.. ഏതായാലും കുഴിയുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല… അതിലെ വാഷ്ബേസിനും മറ്റു ടോയിലെറ്റിലെ പോലെ തന്നെ ആയിരുന്നു..

പരമു അടുത്ത സിഗ്നല്‍ പുറപ്പെടുവിച്ചു- രഞ്ജിത്തും, ബിജുവും ഞാനും കൂടി വാഷ്ബേസിന്റെ പൊട്ടിയ പീസുകള്‍ കഴുകിയെടുത്ത് കുത്തി തുറന്ന ടോയിലെറ്റില്‍ കൊണ്ട്  വച്ചു.. ഈ സമയം കൊണ്ട് അണ്ണനും ഗാങ്ങും അതിലിരുന്ന വാഷ്ബേസിന്‍ അഴിച്ചെടുത്തു. ആരോഗ്യദൃഡ ഗാത്രനായ അണ്ണന്‍ ഒറ്റയ്ക്ക് ആ വാഷ്ബേസിന്‍ എടുത്തുകൊണ്ടു വാളുവച്ച ടോയിലെറ്റില്‍ വച്ചു.. പോകുന്ന വഴിയില്‍ ഉറങ്ങി കിടന്ന കോതമംഗലത്ത് കാരന്‍ പോരാളിയെ ഒരു തട്ടും കൊടുത്തു… കുറച്ചു തെറിയും പറഞ്ഞു.. ഈ കലാപരുപാടികള്‍ ഒന്നും അറിയാതെ ദളവാ കൂര്‍ക്കം വലിച്ചു ഉറങ്ങുകയായിരുന്നു..

പരമു പൊട്ടിയ വാഷ്ബേസിന്റെ ചീളുകള്‍ അത് ഫിറ്റ് ചെയ്തിരുന്ന സ്ഥലത്തിന് താഴെ, അത് തന്നെ വീണു പൊട്ടിയതാണെന്ന് തോന്നിപ്പിക്കുമാറു വിതറി ഇട്ടു .. കുഴിയും സ്വരൂപും വയനുവും അത് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ്  നല്‍കി…

സംഗതി ഓക്കേ ആണെന്ന തോന്നലില്‍ കുഴി പൂട്ട്‌ ഫിറ്റിങ്ങ്സ്  തിരിച്ചു ഫിറ്റ് ചെയ്യാന്‍ ഓര്‍ഡര്‍ കൊടുത്തു….

ഇളക്കിയെടുത്ത പൂട് ഫിറ്റിങ്ങ്സ് പഴയപോലെ തന്നെ വയനു തിരിച്ചു ഫിറ്റ് ചെയ്തു..

ദൌത്യം പകുതി വിജയിച്ചതിന്റെ സന്തോഷത്തില്‍ എല്ലാവരും കൂടി നിന്ന് ഒരു പുക വിട്ടു.. വീണ്ടും ദൌത്യത്തിന്റെ ബാക്കി ഭാഗം ആരംഭിച്ചു

അഴിച്ചെടുത്ത വാഷ്ബേസിന്‍ തിരിച്ചു ഫിറ്റ് ചെയ്യണം.. നോക്കിയപ്പോള്‍ അത് റസ്റ്റ്‌ ചെയ്തിരുന്ന ഒരു ക്ലാംപ് ഒടിഞ്ഞു കിടക്കുന്നു.. വീണ്ടും കലിപ്പായി.. കുഴിയുടെ പ്ലാന്നിങ്ങില്‍ ക്ലാംപിന്റെ കാര്യം വിട്ടു പോയീ.. പൂട്ടിയ ടോയിലറ്റ് വീണ്ടും തുറക്കാതെ മാര്‍ഗ്ഗമില്ല.. അതിലെ ക്ലാംപ് അഴിചെടുക്കണം…. കുഴി പറഞ്ഞു..

വയനു വീണ്ടും ഫിറ്റിംഗ്സ് അഴിച്ചെടുത്തു ടോയിലെറ്റ് തുറന്നു.. അതിലിരുന്ന ഒടിയാത്ത ക്ലാംപ് അഴിച്ചെടുക്കാന്‍ ശ്രമിച്ചു.. പക്ഷെ അതിന്റെ സ്ക്രൂ ആകെ തുരുമ്പു പിടിച്ചിരിക്കുകയായിരുന്നു.. ആകപ്പാടെ കയ്യിലുള്ള ഒരു ടൂള്‍ സ്ക്രൂ ഡ്രൈവര്‍ മാത്രമാണ്.. അതുകൊണ്ട് ആ സ്ക്രൂ അഴിക്കാന്‍ വയനു പഠിച്ച പണി പതിനെട്ടും നോക്കി.. നടന്നില്ല.. അവസാനം അത് അഴിച്ചെടുക്കാന്‍ പറ്റില്ല എന്ന് വയനു കട്ടായം പറഞ്ഞു..

ദൌത്യം പരാജയപ്പെടുമെന്ന തോന്നല്‍ ..എല്ലാവര്‍ക്കും ആശങ്ക… ആകെ ടെന്‍ഷന്‍…. മുറുമുറുപ്പുകള്‍ .. തെറിവിളികള്‍… എല്ലാവരും കലിപ്പടിച്ചു നിന്നപ്പോള്‍ അണ്ണന്‍ പറഞ്ഞു : ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ….

അണ്ണന്‍ രണ്ടും കല്‍പ്പിച്ചു  ക്ലാംപില്‍ പിടിച്ചു മേലോട്ടും താഴോട്ടും അനക്കി.. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ക്ലാംപ്  ഊരി അണ്ണന്റെ കയ്യില്‍ ഇരുന്നു… സ്ക്രൂ എല്ലാം ഭിത്തിയില്‍ നിന്നും ഊരി പോന്നു.. തുരുമ്പായത്  കൊണ്ട് വലിയ പ്രയാസം കൂടാതെ.. ക്ലാംപിനു കേടുപാടുകള്‍ ഒന്നും സംഭവിക്കാതെ സംഗതി ഊരി കിട്ടി.. എല്ലാവര്‍ക്കും സന്തോഷമായി.. അണ്ണന്റെ പ്രയത്നത്തെ എല്ലാവരും അഭിനന്ദിച്ചു…..

വയനു വീണ്ടും വാതില്‍ പൂട്ടാനോരുങ്ങിയപ്പോള്‍ കുഴി പറഞ്ഞു: വെയിറ്റ്.. ഒടിഞ്ഞ ക്ലാംപ് ഇവിടെ കൊണ്ട് ഇടണം.. എന്നാലേ ഒരു പൂര്‍ണ്ണത ഉണ്ടാകൂ.. ഒടിഞ്ഞ ക്ലാംപിന്റെ സ്ക്രൂവിനെ ഏതായാലും ഞങ്ങളുടെ ഭാഗ്യത്തിന് തുരുമ്പ് അധികം ആക്രമിച്ചിരുന്നില്ല..  വയനു സ്ക്രൂവിനു കേടു കൂടാതെ ക്ലാംപ്  ഊരിയെടുത്തു

ഒടിഞ്ഞ ക്ലാംപ് കൊണ്ട് പൊട്ടിയ വാഷ്ബേസിന്റെ ഇടയില്‍ നിക്ഷേപിച്ചു.. എല്ലാവരും രംഗം പരിശോധിച്ച് മാനസിക സംതൃപ്തി വരുത്തി.. ഏതായാലും വാഷ്‌ബേസിന്‍ പീസുകളും ക്ലാമ്പും ചിതറി കിടക്കുന്നത് കണ്ടാല്‍ അത് തന്നെ വീണു പൊട്ടിയതാണന്നേ തോന്നൂ.. രംഗം ഒന്ന് കൂടി വിലയിരുത്തി കമാന്റെര്‍ കുഴി പൂട്ട്‌ തിരിച്ചു ഫിറ്റ് ചെയ്യാനുള്ള ഓര്‍ഡര്‍ കൊടുത്തു…. വയനു  വീണ്ടും പൂട്ട്‌ പഴയ രീതിയില്‍ തിരിച്ചു ഫിറ്റ് ചെയ്തു…

അണ്ണന്‍, അഴിച്ചെടുത്ത ക്ലാംപ് ഒടിഞ്ഞ ക്ലാംപിന്റെ സ്ഥലത്തും ഫിറ്റ്‌ ചെയ്തു.. അതിന്റെ ഉറപ്പു സ്വന്തം കൈ കൊണ്ട് പരീക്ഷിച്ചു അണ്ണന്‍ തന്നെ വാഷ്ബേസിന്‍ എടുത്തു ക്ലാമ്പില്‍ വച്ചു.. ഏതായാലും സംഗതി പഴയ വാഷ്ബെസിനിലും ഭംഗിയായി അവിടെ ഇരുന്നു.. അതിലോട്ടുള്ള പൈപ്പും വേസ്റ്റ് ലൈന്‍ ഫിറ്റിങ്ങ്സും അണ്ണന്‍ തന്നെ ഫിറ്റ്‌ ചെയ്തു.. സംഗതി വര്‍ക്കിംഗ്‌ .. ….

അങ്ങിനെ ഓപ്പറേഷന്‍ വാഷ്‌ബേസിന്‍ നൂറു ശതമാനം സക്സെസ്സ് …… കമാന്റെര്‍  കുഴി വിജയ കാഹളം മുഴക്കി..

എല്ലാവര്‍ക്കും സന്തോഷവും അതിലുപരി അഭിമാനവും തോന്നി…. ആ വിജയനിമിഷം ആഘോഷിക്കാന്‍ ബാക്കിയിരുന്ന ബ്രാണ്ടിയും റമ്മും  ടച്ചിങ്ങ്സും  കൂടി  അകത്താക്കി.. ബിജു സെന്റി പാട്ടുകള്‍ക്ക് വിട നല്‍കി അടിച്ചു പൊളി പാട്ടുകള്‍ പാടി…..

ഏതായാലും എല്ലാം കൊണ്ടും എല്ലാവര്‍ക്കും ആശ്വാസമായി.. ആത്മാവിനു ഒരു പുക കൂടി നല്‍കി (വേണ്ടവര്‍) എല്ലാവരും ഉറങ്ങാന്‍ കിടന്നു.. ഉദ്വേഗജനകമായ  ഈ സംഭവ വികാസങ്ങള്‍ ഒന്നും അറിയാതെ ഒരാള്‍ കട്ടിലില്‍ സുഖ ശയനതിലായിരുന്നു– കോതമംഗലത്ത് കാരന്‍ യുവ എഞ്ചിനീയര്‍ വേലുത്തമ്പി ദളവാ !!!!!!

**********************************

പ്രഭാത സൂര്യന്‍ കിഴക്കേ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്നു…………….കൊടൈകനാലിലെ  കിളികള്‍ ചല പലാന്നു ചിലച്ചു തുടങ്ങി.. നേരുത്തേ ഉറങ്ങുന്നവര്‍ ആദ്യം ഉണരും എന്നാണല്ലോ പ്രമാണം…  കോതമംഗലത്ത് കാരന്‍ യുവ എഞ്ചിനീയര്‍ ദളവാ ആദ്യമേ ഉറക്കമുണര്‍ന്നു.. മറ്റുള്ളവരെ തട്ടി ഉണര്‍ത്താന്‍ ഒരു ശ്രമം നടത്തി.. അവന്‍ കാരണം ഉറക്കം നഷ്ടപെട്ട പലരുടെ കയ്യില്‍ നിന്നും നല്ല തട്ടും ചവിട്ടും  കിട്ടി ശ്രമം ഉപേക്ഷിച്ചു… പല്ല് തേയ്ക്കനായി ബാത്ത്റൂമിലേക്ക്‌ ചെന്നു.. ഒരു കുഴപ്പവും ഇല്ലാതിരിക്കുന്ന വാഷ്‌ബേസിന്‍ കണ്ടപ്പോള്‍ ദളവായുടെ ഉള്ളൊന്നു കാളി…

ഇത് പോട്ടിയില്ലയിരുന്നോ ???  ടോയിലെറ്റില്‍ നിന്നൊരു അലറല്‍ …. പകുതി മയക്കത്തിലായിരുന്നു ജിറാക്സ് അലറല്‍ കേട്ട് ഞെട്ടി ഉണര്‍ന്നു..

ഇത് പോട്ടിയില്ലയിരുന്നോ????  അതോ ഇത് പൊട്ടിയതായി ഞാന്‍ സ്വപ്നം കണ്ടതാണോ….. കോതമംഗലത്ത് കാരന്‍ ദളവാ ജിറാക്സിനോടായി ചോദിച്ചു ..

കഥ മുഴുവന്‍ കോതമംഗലത്ത് കാരന്‍ യുവ എങ്ങിനീയര്‍ക്കു പറഞ്ഞു കൊടുത്തു..കഥ കേട്ട്  കോതമംഗലത്ത് കാരന്‍ ദളവാ വെട്ടിയിട്ട തേങ്ങ പോലെ ഠിം എന്ന് കട്ടിലിലേക്ക് വീണു .. ഒച്ച കേട്ട് മറ്റുള്ളവരും എണീറ്റ്‌.. എല്ലാവരും കലി അടങ്ങുന്നതുവരെ ദാളവായെ ചീത്ത പറഞ്ഞു.. ചിലര്‍ കുറുക്കിനു കുത്തി.. മറ്റു ചിലര്‍ കവിളത്ത് ഞോണ്ടി.. അങ്ങിനെ പല രീതിയിലും ദാളവായെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.. പതിവുപോലെ കെ പി ചേട്ടന്‍ ഇടപെട്ടു രംഗം ശാന്തമാക്കി………….

പ്രഭാത കര്‍മങ്ങളെല്ലാം എല്ലാം കഴിഞ്ഞു….. റൂം വെക്കേറ്റ് ചെയ്യാം എന്ന് തീരുമാനിച്ചു…. സെന്റി ടൂറിനു വിരാമമായി….. അണ്ണന്‍ റിസപ്ഷനില്‍ ചെന്ന് റൂം വെക്കേറ്റ് ചെയ്യുവാനന്നു പറഞ്ഞു….

പയ്യന്‍സ് വന്നു റൂമുമുഴുവന്‍ അരിച്ചു പെറുക്കി.. ടോയിലെറ്റില്‍ കയറി നോക്കി.. കട്ടിലിനടിയിലും… ഭിത്തി അലമാരയിലും കിടന്നും ഇരുന്നും നോക്കി..എന്നിട്ടും കലിപ്പ് തീരിണില്ല… കലിപ്പ്  തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് തന്ന സപ്പറേറ്റ്  ടോയിലെട്ടിലും പോയി നോക്കി.. ഒന്നും കാണാനില്ല.. ഞങ്ങള്‍ എല്ലാവരും ശ്വാസമടക്കി…. നെടുവീര്‍പ്പടക്കി നിന്നു… ഏതായാലും പയ്യന്‍സിനു ഒന്നും പിടി കിട്ടിയില്ല.. അവന്‍ വെക്കേറ്റ് ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് തന്നു…..

ഹോ രക്ഷ പെട്ടു .. ആശ്വാസമായി… ഞങ്ങളുടെ ഒരു സന്തോഷത്തിനു കാശ് ഇല്ലെങ്കിലും അവനു അമ്പതു രൂപ ടിപ്പ് കൊടുത്തു കൊടൈകനാല്‍ ചുരം ഇറങ്ങി……

വണ്ടി തേനിയില്‍ എത്തിയപ്പോളാണ് ശ്വാസം നേരെ വീണത്‌.. അങ്ങനെ ഓപ്പറേഷന്‍ വാഷ്‌ബേസിന്‍ ചരിത്രമായി…  സെന്റി ടൂര്‍ ജീവിത കാലത്ത് മറക്കാതെ അനുഭവമായി അടിച്ചു പൊളിച്ചു ഞങ്ങള്‍ തിരിച്ചു ചെങ്ങന്നൂരില്‍ എത്തി……………..

ശുഭം……….


സുഖമായ  നിദ്രക്കു വിഘ്നം വരുത്തി ആറുമണിക്ക് ചിലച്ച അലാറത്തെ തപ്പി പിടിച്ചു ഒരു വിധം ഓഫ്‌ ചെയ്ത്, ബക്രീദ് പ്രമാണിച്ച്  നാല് ദിവസം അടുപ്പിച്ച് അവധി തന്ന അധികാര വര്‍ഗത്തെ പത്തു ദിവസം അടുപ്പിച്ച് അവധി തരാത്തതിന്  മനസ്സില്‍ ശപിച്ചു കൊണ്ട് , കുളിരണിയിക്കുന്ന പ്രഭാതം സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന തുലാമാസത്തെ സ്തുതിച്ചു കൊണ്ട് പിന്നെയും കട്ടിലിലേക്ക് ഒന്ന് ചരിഞ്ഞു.. അഞ്ചു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒരു മയക്കമായിരുന്നു മനസ്സില്‍ ഉദ്ദേശിച്ചത്.. സ്തുതി പാഠം കേട്ടത് കൊണ്ടായിരിക്കും തുലാമാസം കുറച്ചു കൂടി തണുപ്പ് സംഭാവന ചെയ്തെന്നു തോന്നുന്നു.. മയക്കം മറ്റൊരു ഉറക്കത്തിനു വഴിമാറി.. ഞെട്ടിയുണര്‍ന്നു കണ്ണ് തുറന്നു ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ സമയം ആറു നാല്‍പ്പത്.. ..

നോക്കിയപ്പോള്‍ അലാറത്തിന്റെ ചിലപ്പിന്റെ ലാഞ്ചന തെല്ലും ഏല്‍ക്കാതെ മമ സഖി മൂടി പുതച്ചു കിടന്നുറങ്ങുന്നു..മകനും മോശമല്ല… അവനും സുഖ നിദ്ര തന്നെ.. രണ്ടാളേയും തട്ടി ഉണര്‍ത്തി.. മകനെ എടുത്തുകൊണ്ടു പോയി മുഖം കഴുകി സെറ്റിയില്‍ കൊണ്ട് പോയി ഇരുത്തി. കൂട്ടിനു ഞാനും അവിടെ ഇരുന്നു… കുറച്ചുനേരം  അവിടയിരുന്നട്ടേ പയ്യന്‍സ് പ്രഭാത കര്‍മ്മങ്ങളിലേക്ക് കടക്കൂ..  കണ്ണ് വിരിഞ്ഞില്ലെങ്കിലും ഗീതു അടുക്കള തപ്പി പിടിച്ചു ഒരുവിധം ഓണ്‍ ഡ്യൂട്ടി ആയി……ആ ഇരുപ്പില്‍ എന്റെ കണ്ണ് പിന്നെയും അടഞ്ഞു പോയി…

ബൈജുവേട്ടാ… അടുക്കളയില്‍  നിന്നും ഒരു വിളികേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു.. നോക്കിയപ്പോള്‍ സമയം ആറ് അമ്പത്…

അവനിന്ന് വൈറ്റ് ഷൂസ് ആണ്.. അതൊന്നു കഴുകണം.. ഗീതു വിളിച്ചു പറഞ്ഞു.. ശരീരം സമ്മതിക്കുന്നില്ലെങ്കിലും ഒരുവിധം എണീറ്റ്‌ ഷൂസ്  എടുക്കാനായി പോയി.. ബുധനാഴ്ച പയ്യന്‍സിനു സ്കൂളില്‍ വെളുത്ത ഷൂസാണ്. സോപാനതിന്റെ അടിയിലെ ഷൂ റാക്കില്‍ തപ്പിയിട്ടു വെളുത്ത ഷൂ കാണുന്നില്ല.. ഗീതുവിനോട് സംഗതി അവതരിപ്പിച്ചു..

ഞാന്‍: ഇവിടെങ്ങും വൈറ്റ് ഷൂസ് കാണാനില്ല….

ഗീതു: അവിടെ തന്നെ ഉണ്ട്… ആകെ ചെളി പിടിച്ചിരിക്കുകയാ.. ഒന്ന് കൂടി നോക്കൂ..

വീണ്ടും തപ്പി നോക്കി… നേരുത്തേ കറുത്തത് എന്ന് പറഞ്ഞു മാറ്റിയ ഒരു ഷൂസ് ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ അതാണ്‌ വെളുത്ത ഷൂസെന്ന് മനസ്സിലായി… ഇവന്‍ സ്കൂളില്‍ തന്നെയാണോ പോകുന്നത് അതോ കിളക്കാനോ, ടാറിടാനോ മറ്റോ ആണോ എന്ന് ആത്മ വിശകലനം നടത്തി ഷൂസും എടുത്തു കഴുകാനായി വര്‍ക്ക്‌ ഏരിയായിലേക്ക് പോയി ഷൂസ് കഴുകല്‍ പ്രക്രിയ ആരംഭിചു ….

ങ്ങ്യാ……. ങ്ങ്…………………..

കഴുകിക്കൊണ്ടിരുന്നപ്പോള്‍ കിച്ചണില്‍ നിന്നും ഒരു ഭയങ്കര ഒരു  ഒച്ചയോടെ ഒരു കരച്ചില്‍…..

പാമ്പ്.. പാമ്പ്.. കരച്ചിലിന്റെ കൂടെ ഒരൊച്ച കൂടി കേട്ടു. സംശയത്തിന് വിരാമമായി… സഖിയുടെ കരച്ചിലാണ് കേട്ടത്.. ഞാന്‍ അടുക്കളയിലേക്കു പറന്നു ചെന്നു….

നോക്കിയപ്പോള്‍ കിച്ചന്‍ സ്ലാബിന്റെ അടിയില്‍ ഒരു പമ്പ്/ ചേര/പുളവന്‍ (ഇവയില്‍ ഒന്ന്) , അരിപ്പൊടി ടിന്നിന് കാവലായി കിടക്കുന്നു.. പാമ്പ് അരിപ്പൊടി ടിന്‍ ശിവ ലിംഗമായി വല്ലതും കരുതിയോ ആവോ… പകുതി ഉറക്കത്തിലായിരുന്ന എന്റെ ഉറക്കം പമ്പ കടന്നു.. ഞാന്‍ ഉഷാറായി… വെളിയിലോട്ട്‌ ഒറ്റ ഒരു ഓട്ടം കൊടുത്തു…. പ്രിയതമയും കുട്ടികളും അകത്താണെന്ന കാര്യം വെളിയിലെത്തിയപ്പോള്‍ ആണ് ഓര്‍ത്തത്‌… പണ്ടൊക്കെ എത്ര പാമ്പിനെ കൊന്നിട്ടുള്ളതാ.. ഇപ്പോള്‍ അതിനുള്ള ധൈര്യം മനസ്സിനില്ല.. പക്ഷെ പുറത്തു കാണിക്കാന്‍ പറ്റില്ലല്ലോ… നാണക്കേടല്ലേ..ഭര്‍ത്താവ് കിടിലമാണെന്നാ സഖി കരുതിയിരിക്കുന്നത്…  അങ്ങിനെ ഉള്ളപ്പോള്‍ പേടിച്ചോടാന്‍ പറ്റില്ലല്ലോ..

സകല ധൈര്യവും സംഭരിച്ചു  ഒരു വടിയുമായി അകത്തു വന്നു.. അകത്തു വന്നു നോക്കിയപ്പോള്‍ നേരുത്തേ കണ്ടിടത്ത് പാമ്പിനെ കാണാനില്ല… സ്ലാബിന്റെ താഴത്തെ സ്റ്റോറേജ് ഏരിയായിലെ കതകു പാളികള്‍ ഓരോന്നായി തുറന്നു നോക്കി..നോക്കിയപ്പോള്‍ ഒരു മൂലയില്‍ സംഗതി ചുരുണ്ട് കൂടി ഇരിക്കുന്നു..

പാത്രങ്ങളും, ടിന്നുകളും ഓരോന്നായി വളരെ ശ്രദ്ധയോടെ പാത്രത്തിനും എനിക്കും നോവാതെ….പയ്യെ പയ്യെ പുറത്തേക്കെടുത്തു… അവസാനം വടി കൊണ്ട് തൊടാവുന്ന റേഞ്ചില്‍ പാമ്പ്‌ എത്തി.. വടി നീട്ടി പാമ്പിന്റെ പുറത്തു അമര്‍ത്തി കൊണ്ട് സര്‍പ്പ ദൈവങ്ങളായ നാഗരാജാവിനെയും നാഗയക്ഷിയെയും മനസ്സില്‍ ധ്യാനിച്ച്‌ പതുക്കെ പാമ്പിനെ കൂട്ടി പുറത്തേക്കു വലിച്ചു.. കൈ വിറച്ചത് കൊണ്ടായിരിക്കും.. വടി സ്ലിപ്പ് ആയി.. പാമ്പ് ജീവനും കൊണ്ട് മറ്റൊരു മൂലയിലേക്ക് ഇഴഞ്ഞു പോയി..ഞാന്‍ ജീവനും കൊണ്ട് കതകിന്റെ അടുത്തേക്കും…. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ….. വീണ്ടും ശ്രമം തുടര്‍ന്നു……

കുറച്ചു പാത്രങ്ങള്‍ കൂടി മാറ്റാനുണ്ട്… പതിയെ പതിയെ അതും മാറ്റി…. നോക്കിയപ്പോള്‍ പാമ്പിനെ കാണുന്നില്ല. മൂന്നു സൈടും ഭിത്തിയാണ്… മുമ്പിലത്തെ പാളികളുടെ ഇടയിലൂടല്ലാതെ പാമ്പിനു പുറത്തു പോകാന്‍ ഒരു മാര്‍ഗ്ഗവുമില്ല… ഇപ്പോള്‍ അവിടെ പാത്രങ്ങള്‍ ഒന്നുമില്ല.. പാമ്പുമില്ല.. ഇനി പുറത്തെടുത്ത പാത്രങ്ങളില്‍ വല്ലതും ചുരുണ്ട് കൂടി ഇരിപ്പുണ്ടോ… നെഞ്ചില്‍ ഒരിടിത്തീ വെട്ടി..  സംഗതി അറിഞ്ഞതും എന്നെയും പാമ്പിനെയും അടുക്കളയില്‍ ഒറ്റപ്പെടുത്തി ഗീതു അകത്തു കയറി കതകടച്ചു… പാത്രങ്ങള്‍ ഓരോന്നായി വടി കൊണ്ട് തിരിച്ചും മറിച്ചും ഇട്ടുനോക്കി.. ഇല്ല.. ഒരിടത്തും കാണാനില്ല.. ഇനി “കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍”  എന്ന സൂക്തം പാമ്പുകള്‍ക്കും ബാധകമാണോ ??? എന്റെ മനസ്സില്‍ അങ്ങിനെ ഒരു ചോദ്യം കടന്നു വന്നതിനെ കുറ്റം പറയാന്‍ പറ്റുമോ…. ഏതായാലും പാമ്പിനെ കാണാനില്ല….

ഗീതൂ… ഇവിടെങ്ങും പാമ്പില്ല നീ കതകു തുറക്കൂ… ഞാന്‍ പറഞ്ഞു…

സഖി : അവിടെ കാണും… അതിനെ ഇറക്കി വിടാതെ ഞാന്‍ അടുക്കളയില്‍ കയറില്ല…

കലിപ്പായി…. പാമ്പിനെ കണ്ടു കിട്ടിയില്ലെങ്കില്‍ കഞ്ഞി കുടി മുട്ടി…

നോക്കവുന്നിടുതെല്ലാം നോക്കി.. പാമ്പിനെ കാണുന്നില്ല.. ഇനി എന്നാ ചെയ്യും.. കാര്യമായൊരു  ആത്മ വിശകലനം നടത്തി….. മനസ്സിലൊരു ലഡ്ഡു പൊട്ടി..

ഗീതൂ…..  നമുക്ക് വാവ സുരേഷിനെ വിളിക്കാം…. അല്ലാതെ മാര്‍ഗ്ഗമില്ല…

തിരുവനന്തപുരം ജില്ലയിലെ സുപ്രസിദ്ധനായ പാമ്പ് പിടുത്തകാരനാണ് വാവ സുരേഷ്. അണലി, മൂര്‍ഖന്‍, രാജാ വെമ്പാല, ശംഖുവരയന്‍ തുടങ്ങി കൊടിയ വിഷമുള്ള പല പാമ്പുകളും വാവ സുരേഷിന്റെ മുന്നില്‍ വെറും നീര്‍ക്കോലി…. സുരേഷ് വന്നാല്‍ പാമ്പിനെയും കൊണ്ടേ പോകൂ… അടുത്തിടയില്‍ എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പുഷ്പം പോലെ വളരെ ലാഘവത്തോടെ പിടിച്ച കഥ എന്റെ മനസ്സിലേക്ക് ഓടി വന്നു….. പാമ്പുകളുടെ തോഴനാണ് ഈ വാവ സുരേഷ്.  ഏതായാലും പ്രദേശ വാസികള്‍ക്ക് വലിയ ഒരു സഹായിയാണ് കക്ഷി..

നമ്പര്‍  തപ്പിപിടിച്ച് സുരേഷിനെ വിളിച്ചു… സമയം ഏഴു പതിനഞ്ച്…

ഞാന്‍: ഹലോ സുരേഷല്ലേ.. ഞാന്‍ ചാക്കയില്‍ നിന്നും വിളിക്കുവാ.. അടുക്കളയില്‍ ഒരു പാമ്പ്..

സുരേഷ്: ഞാന്‍ ഇപ്പോള്‍ പേരൂര്‍ക്കടയില്‍ ഒരു കേസ് അറ്റന്‍ഡ് ചെയ്യാന്‍ പോകുവാ.. അത് കഴിഞ്ഞാല്‍ അങ്ങോട്ട്‌ വരാം… പാമ്പ് പോകാതെ നോക്കണം..

ഫോണ്‍ കട്ട്‌ ചെയ്തു… പമ്പ് പോകാതെ നോക്കണം എന്നാണ് സുരേഷ് പറഞ്ഞത്.. കാണാത്ത പാമ്പിനെ ഞാന്‍ എവിടെ പോയി നോക്കും…

വടിയും പിടിച്ചു പാമ്പിനെയും പ്രതീക്ഷിച്ചു അടുക്കളയില്‍ , മൃഗയ സിനിമയില്‍ മമ്മൂട്ടി പുലിയേയും കാത്തിരിക്കുന്നത് പോലെ ഒരു ഇരുപ്പിരുന്നു…

ഈ സമയം ഗീതു അടുത്ത വീട്ടില്‍ വിവരം പറഞ്ഞു.. അവിടുത്തെ ചേട്ടന്‍ എന്നെ സഹായിക്കനെന്നോണം വന്നു.. പക്ഷെ കാണാത്ത പാമ്പിനെ എങ്ങനെ പിടിക്കും…

സെക്കണ്ടുകളും മിനുട്ടുകളും കടന്നു പോയി…

എന്റെ ചിന്തകള്‍ കാട് കയറി… വാവ സുരേഷിന്റെ കുറെ വീഡിയോകള്‍ ഞാന്‍ യുടൂബില്‍ കണ്ടിട്ടുണ്ട്.. അതിലെ ദൃശ്യങ്ങള്‍ എന്റെ മെമ്മറിയില്‍ ലോഡ് ചെയ്തു….പലയിടത്തും പാമ്പുകളെ വളരെ ചാരുതയോടെ കൈപ്പിടിയിലോതുക്കുന്ന വാവ സുരേഷ് തിരുവനന്തപുരം പ്രദേശ വാസികളുടെ വീര പുരുഷനാണ്…. ആ ഇരുപ്പു അങ്ങിനെ ഇരുന്നപ്പോള്‍ എന്റെ ഫോണ്‍ റിംഗ് ചെയ്തു.. നോക്കിയപ്പോള്‍ വാവ സുരേഷിന്റെ കോള്‍ ……

സുരേഷ്: ഞാന്‍ പെട്ട എത്തി.. എവിടെയാ വീട്..

ഞാന്‍ വഴി കൃത്യമായി പറഞ്ഞു കൊടുത്തു… അഞ്ചു മിനിറ്റില്‍ വാവ സുരേഷ് വീട്ടില്‍ എത്തി…

കറുത്ത് മെലിഞ്ഞ ശരീര പ്രകൃതി.. അഞ്ചര അടി പൊക്കം.. ചാര നിറമുള്ള ഫുള്‍ സ്ലീവ് ബനിയനും കറുത്ത പാന്റ്സും വേഷം.. മൊത്തത്തില്‍ ഒരു കറുത്തിരുണ്ട രൂപം…

എവിടെയാ പാമ്പ്‌ ? സുരേഷ് ചോദിച്ചു…

ഞാന്‍ : ഇപ്പോള്‍ പാമ്പിനെ കാണാനില്ല… ഇതിനകത്ത് ഉണ്ട്. ഞാന്‍ സ്പോട്ട് കാണിച്ചു കൊടുത്തു… സുരേഷ് ഓരോ ഇടവും ശ്രദ്ധയോടെ വീക്ഷിച്ചു..  പാമ്പ്  ചുരുളുന്നത് പോലെ ചുരുണ്ട് സ്ലാബിന്റെ അടിയില്‍ കയറി.. സ്ലാബിന്റെ അടിവശത്ത് ടോര്‍ച് അടിച്ചു നോക്കി.. സ്ലാബില്‍ പ്രതിഷ്ഠിച്ച സിങ്കിന്റെ ഇടയിലും പരിശോധിച്ചു.. പാമ്പിനെ കാണാനില്ല.. വീടും ടോര്‍ച്ചടിച് നോക്കിയപ്പോള്‍ ഭിത്തിയുടെയും തറയുടെയും ജോയിന്റില്‍ ചെറിയ ഒരു ദ്വാരം…

സുരേഷിന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി .. “അവന്‍ ഇതിലുണ്ട്” സുരേഷ് പറഞ്ഞു.. എന്റെ കണ്ണുകള്‍ വിടര്‍ന്നു.. ഓ ആശ്വാസം.. സംഗതി അവിടെ തന്നെ ഉണ്ടല്ലോ.. ഒരു ദിവസം 25-40 പാമ്പുകളെ പിടിക്കുന്ന ആളാണ്‌ സുരേഷ്.. ഇനി ഞാന്‍ വിളിച്ചു വരുത്തി പറ്റിച്ചു വിട്ടു എന്ന് കരുതില്ലല്ലോ…..

ഹോസ് ഉണ്ടോ?? സുരേഷ് ചോദിച്ചു…. നിമിഷങ്ങള്‍ക്കുള്ളില്‍ ഹോസ് എത്തിച്ചു കൊടുത്തു…

സുരേഷ് ഹോസ് ആ ദ്വാരത്തില്‍ തിരുകി കയറ്റി.. വെള്ളം തുറന്നു വിട്ടു.. പാമ്പ് തല പൊക്കി നോക്കി .. പക്ഷെ പുറത്തേക്കു വരുന്നില്ല.. തല കണ്ടതും സുരേഷ് പറഞ്ഞു ഇത് ചേരയാണ്‌ … പാമ്പോന്നും അല്ല.. പാമ്പും സുരേഷിന്റെ തല കണ്ടെന്നു തോന്നുന്നു..  പതിയെ ഉള്‍വലിഞ്ഞു…..

ഠിം.. ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണ ഒരു അവസ്ഥ… ഇനി സുരേഷ് ചേരയെ പിടിക്കില്ലേ….

ഞാന്‍: ചേട്ടാ ചെരയായാലും പാമ്പായാലും സംഗതി ഇഴ ജന്തു അല്ലെ… നമുക്കെല്ലാം ഒരു പോലെയാ.. പിടിക്കാതെ പോകല്ലേ..

സുരേഷ്: ഇല്ല, ഞാന്‍ പിടിക്കും… എന്റെ ജോലി അതല്ലേ….

ഹാവൂ .. ആശ്വാസമായി … ഏതായാലും സുരേഷ് പിടിക്കുമെന്ന് പറഞ്ഞു.. കാര്യമായി….. സുരേഷ് തന്റെ ജോലിയില്‍ മുഴുകി… കുറെ നേരം വീണ്ടും വെള്ളം തുറന്നു ആ ദ്വാരത്തിലേക്ക് വിട്ടു. എത്ര വെള്ളം ഒഴിച്ചിട്ടും രക്ഷ ഇല്ല. ചേര പുറത്തേക്കു വരുന്നില്ല.. എല്ലാ പാമ്പുകള്‍ക്കും, ചെരകള്‍ക്കും സുരേഷിന്റെ മണം പരിചിതമാണെന്ന് തോന്നുന്നു…..

മണ്ണെണ്ണ ഉണ്ടോ ?? സുരേഷ് ചോദിച്ചു.. അടുത്ത വീട്ടില്‍ നിന്നും മണ്ണെണ്ണ എത്തി.. സുരേഷ് മണ്ണെണ്ണ കുഴിയിലേക്ക് ഒഴിച്ചു… കാത്തിരുന്നു….. രക്ഷ ഇല്ല… ചേര പുറത്തിറങ്ങുന്നില്ല..

വെട്ടുകത്തി ഉണ്ടോ ??? അടുത്ത ചോദ്യം…

ഇനി ചേരയെ വെട്ടി കൊല്ലാനാണോ?? ഞാന്‍ സംശയിച്ചു…എന്തെങ്കിലുമാകട്ടെ.. ജീവനോടയോ അല്ലാതയോ പിടിച്ചാല്‍ മതി….. വെട്ടുകത്തി എടുത്തു കൊടുത്തു.

വെട്ടുകത്തി കൊണ്ട് ദ്വാരത്തിന്റെ ചുറ്റുമുള്ള സ്ഥലം സുരേഷ് കുത്തി പൊളിച്ചു.. വലിയ ഒരു കുഴി ഉണ്ടാക്കി… തറയില്‍ വേറെ ചില ചെറിയ കുഴികളുമുണ്ടാക്കി.. എല്ലാ കുഴികളിലും മണ്ണെണ്ണ ഒഴിച്ച്…അതിനു ശേഷം വെള്ളവും ഒഴിച്ചു…

അവന്‍ ഇപ്പോള്‍ പുറത്തു വരും പേടിക്കേണ്ട .. ആകാംഷയോടെ കാത്തു നിന്ന ഞങ്ങളോടായി സുരേഷ് പറഞ്ഞു.. മണ്ണെണ്ണ സാധാരണ ഞാന്‍ ഉപയോഗിക്കാറില്ല.. മണ്ണെണ്ണ വീണാല്‍ പാമ്പിന്റെ തോല് പൊള്ളി പോകും… മണ്ണെണ്ണയുടെ മണം പാമ്പിനു പിടിക്കത്തുമില്ല.. സുരേഷ് തന്റെ അറിവ് പങ്കു വച്ചു…..

വെളുത്തുള്ളിയുടെ മണവും പാമ്പിനു ഇഷ്ടമല്ല… അല്ലെ ???? ഗീതു തന്റെ അറിവ് സുരേഷിനോട് പങ്കുവച്ചു….

വെളുത്തുള്ളി ബെസ്ടാ….. അച്ചാറിടാന്‍… സുരേഷ് തിരിച്ചടിച്ചു.. ചില അമ്മച്ചിമാര്‍ ചുമ്മാ പറയുന്നതല്ലേ… വെളുത്തുള്ളി ഒന്നും പാമ്പിനു പ്രശ്നം അല്ല…… ഗീതുവിന് പിന്നെ സംശയം ഒന്നും ഇല്ലായിരുന്നു… എല്ലാം ക്ലീയര്‍ ആയി…

പറഞ്ഞ പോലെ ചേര പുറത്തു ചാടി.. സുരേഷ് ഉണ്ടാക്കിയ വലിയ കുഴിയില്‍ കുറെ നേരം കിടന്നു എന്നിട്ട് ഒരു സൈഡിലൂടെ കരക്ക്‌ കയറി..

കയറിയതും സുരേഷ് കൈ കൊണ്ട് ചേരയെ തോണ്ടി ഭിത്തിയിലെക്ക് എറിഞ്ഞു… ഞൊടിയിടയില്‍ ചേരയുടെ വാലില്‍ പിടിമുറുക്കി അതിനെ കയ്യില്‍  തൂക്കിയെടുത്തു.. നേരെ പുറത്തു കൊണ്ടുപോയി പൈപ്പ് തുറന്നു വെള്ളത്തില്‍ ചേരയെ കഴുകി എടുത്തു ..

തോല് പോള്ളിയിരിക്കുവായിരിക്കും.. കഴുകിയില്ലെങ്കില്‍ ചത്ത്‌ പോകും .. സുരേഷ് പറഞ്ഞു …..

എനിക്കൊരു കവറ് വേണം……  കവറ് റെഡി.. ചേരയെ കവറിലാക്കി കെട്ടി.. പുറത്തേക്കു നടന്നു…. എല്ലാം പെട്ടന്നായിരുന്നു

സമയം ഒന്‍പതു മണി.. ഏകദേശം രണ്ടു മണിക്കൂറായി ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ചേരയിതാ.. സുരേഷിന്റെ കയ്യില്‍ കവറില്‍ ചുരുണ്ട് കൂടി കിടക്കുന്നു…. സമാധാനമായി… പാമ്പായാലും ചേര ആയാലും സംഗതിയെ പിടിച്ചല്ലോ.. എന്റെ സന്തോഷത്തിനു സുരേഷിന് ഞാന്‍ ഒരു സംഭാവന നല്‍കി.. പുള്ളി ജോലിക്ക് കൂലി വാങ്ങാറില്ല എന്ന് കേട്ടിട്ടുണ്ട്… ആള്‍ക്കാര്‍ മനസ്സറിഞ്ഞു നല്‍കുന്ന സംഭാവനയാണ് പുള്ളിയുടെ വരുമാനം.. ഞാന്‍ സംഭാവന കൊടുക്കനോരുങ്ങിയതും വിനയാന്വതനായി സുരേഷ് പറഞ്ഞു..

“അടുത്ത തവണ മേടിക്കാം”

എന്റെ നെച്ചില്‍ മറ്റൊരു ഇടിത്തീ വെട്ടി.. അടുത്ത തവണയോ???  വീണ്ടും കാണാം എന്നൊക്കെ പറയുന്നത് പോലെ.. അതും വീണ്ടും പാമ്പ് വരുമ്പോള്‍ പിടിക്കാന്‍ പുള്ളിയെ വിളിച്ചാല്‍ അപ്പോള്‍ മേടിക്കാമെന്ന്…..

ഞാന്‍ പറഞ്ഞു.. ചേട്ടാ…  അങ്ങിനെ മാത്രം പറയല്ലേ…. അടുത്ത തവണ എന്നോന്നുണ്ടാകരുതേ എന്ന് പ്രാര്‍ഥിക്കൂ ചേട്ടാ… ഞാന്‍ താഴ്മയായി അപേക്ഷിച്ചു…

സുരേഷ് സംഭാവന മേടിച്ചില്ല..ചേരയെ ഇട്ട കവറ് കൊണ്ട് പുറത്തു വച്ചു… ഒരു ഡയറിയുമായി സുരേഷ് വന്നു.. അതില്‍ ഫുള്‍ അഡ്രസ്‌ എഴുതി കൊണ്ടുക്കണം.. പുള്ളി ലിംകാ ബുക്ക്‌ ഓഫ്  റിക്കൊട്സിലോ…. ഗിന്നെസ് ബുക്കിലോ പേര് വരാന്‍ വേണ്ടി മേടിക്കുന്നതാണോ എന്തോ.. അങ്ങിനെ ഒരു ആഗ്രഹം ഉണ്ടെങ്കിലും തെറ്റ് പറയാന്‍ പറ്റില്ല…. അഡ്രസ്‌ എഴുതികൊണ്ടിരുന്നപ്പോള്‍ അടുത്ത വീട്ടിലെ പയ്യന്‍സിനു  ചേരയെ കാണണമെന്ന കലശലായ മോഹം…..

ചേട്ടാ എന്നെ ഒന്ന് കാണിക്കുമോ.. പയ്യന്‍സ് ചോദിച്ചു

സുരേഷിന് അതൊക്കെ ഒരു ക്രേസ് ആണ്… ചോദ്യം കേട്ടതും ഉടന്‍ തന്നെ കവറഴിച്ചു.. ചേരയെ തുറന്നു വിട്ടു.. ചേര ഇഴഞ്ഞു തുടങ്ങിയതും പുറത്തൊരു തട്ടും വാലില്‍ ഒരു പിടുത്തവും എല്ലാം പെട്ടന്നായിരുന്നു.. ചേരയെ കയ്യില്‍ തൂക്കി എടുത്തു.. പരിസര വാസികളെ മുഴുവന്‍ കാണിച്ചു.. സുരേഷ് വന്നതറിഞ്ഞ് നല്ലൊരു ജനാവലി ഞങ്ങളുടെ വീടിനു ചുറ്റും കൂടിയിരുന്നു… വീണ്ടും ചേരയെ പഴയ പോലെ കവറിലിട്ടു കെട്ടി .. ഞാന്‍ സംഭാവന ഡയറിയില്‍ വച്ച് മടക്കി കൊടുത്തു..

ഇനി ഡയറി സംഭാവന പിരിക്കാനുള്ള ഒരു ഉപാധിയാണോ?? എന്തായാലും കുഴപ്പമില്ല.. തൊഴുകയ്യോടെ സുരേഷ് വന്ന ഓട്ടോയില്‍ വിട വാങ്ങി….

ഗേറ്റ് അടക്കാനായി ചെന്നപ്പോള്‍ അടുത്ത വീട്ടിലെ ചേച്ചി നോക്കി ഒരു ആക്കിയ ചിരി

ചേച്ചിക്ക് ചേരയെ പിടിക്കാന്‍ വാവ സുരേഷിനെ വിളിച്ചത് തീരെ സഹിച്ചില്ലെന്നു തോന്നുന്നു..

എന്നാലും ഒരു ചേരയെ പിടിക്കാന്‍ വാവ സുരേഷിനെ വിളിച്ചത് മോശമായി പോയി.. .ചേച്ചി ഒരു കമന്റ്‌ അടിച്ചു ….

ഞാന്‍ പറഞ്ഞു ..  അടുത്ത തവണ ചേര കയറുമ്പോള്‍ ചേച്ചിയെ വിളിക്കാം.. .. നോക്കിയപ്പോള്‍ ചേച്ചി നിന്ന സ്ഥലത്ത് ആരെയും കാണാനില്ല.. .. ഗേറ്റ് അടച്ചു ഞാന്‍ വിട വാങ്ങി…

അങ്ങിനെ നല്ല ഒരു രാവിലെ സംഭാവന ചെയ്ത ചേരക്കും, വാവ സുരേഷിനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.. നന്ദി…. നമസ്കാരം… .

Tag Cloud