വെക്കേഷന്‍
“അച്ഛാ നാളെ സ്കൂൾ തുറക്കുവാ .. രണ്ടു മാസത്തെ വെക്കേഷന്‍ എത്ര പെട്ടന്നാ തീർന്നത് ..എനിക്ക് സ്കൂളില്‍ പോകാന്‍ തോന്നുന്നില്ല.. ”
റിമോട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു വിനു മകളുടെ പരിവേദനം കേട്ട് തലയുയര്‍ത്തി.. തെല്ലോന്നാലോചിച്ചിട്ട് പറഞ്ഞു..
“അതെ പെട്ടന്ന് പോയി.. വക്കേഷൻ ഒക്കെ അടിച്ചു പൊളിച്ചില്ലേ.. ഇനി കുറച്ചുനാള് പുതിയ കാര്യങ്ങള്‍ പഠിക്കാം.. പുതിയ ബാഗ്, പുതിയ കുട, പുതിയ ഷൂസ് എല്ലാം മേടിച്ചില്ലേ..സ്കൂളില്‍ പോയേ പറ്റൂ.. മൂന്നുമാസം കഴിയുമ്പോൾ ഓണം വക്കേഷൻ വരും… അപ്പോൾ പിന്നേം അവധി കിട്ടും.. അന്നേരം വീണ്ടും അടിച്ചുപൊളിക്കാം “
വിനു മകളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ..
“പിന്നെ അടിച്ചു പൊളിച്ചു.. അച്ഛൻ കള്ളനാ.. ഡൽഹിയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞിട്ട് കൊണ്ടുപോയില്ല.. ഞാനാണേ ഫ്രണ്ട്സിനോടെല്ലാം പറഞ്ഞിട്ടാ വന്നത് ഞങ്ങൾ വക്കേഷന് ഡൽഹിയിൽ പോകുമെന്ന്.. ഇനി അവരുടെ മുഖത്ത് എങ്ങനെ നോക്കും.. ആകെ ലുലു മാള്‍ കാണിക്കാന്‍ കൊണ്ടുപോയി.. പിന്നെ കുറച്ചു ദിവസം അമ്മയുടെ വീട്ടിൽ കൊണ്ട് നിർത്തി..അതാ ആകെ ചെയ്തത്… പിന്നെ വീണ്ടും ഈ ഫ്ലാറ്റിൽ.. ഇവിടാണെങ്കിൽ മുഴുവൻ നിയന്ത്രണമാ ” മോളേ … അത് ചെയ്യരുത് .. മോളേ അതിൽ തൊടരുത് .. അവിടെ പിടിക്കരുത്. ഓടരുത് .. ചാടരുത് .. വീഴും.. അടി മേടിക്കും’ …. അങ്ങനെ വക്കേഷൻ കഴിഞ്ഞു… അച്ഛന്റെ വക്കേഷൻ ഇങ്ങനാരുന്നോ ?
വിനു ചിന്താമഗ്നനായി..
ഗ്രാമത്തിലെ വീടും തന്റെ കുട്ടിക്കാലവും വക്കെഷനും കളികളും ഒക്കെ വിനുവിന്റെ മനസ്സിലൂടെ കടന്നു പോയി..
കുടുംബ വീട്ടിലാണ് വിനു താമസിച്ചിരുന്നത്.. അതുകൊണ്ട് തന്നെ വക്കേഷനാകുമ്പോഴേക്കും അച്ഛന്റെ സഹോദരങ്ങളെല്ലാം കുടുംബ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്.. അതുകൊണ്ടുതന്നെ അവരുടെ മക്കളെല്ലാം കളിക്കാനായി വിനുവിന്റെ വീടിലെത്തും..
പരീക്ഷ തീരുന്നതും.. ഗ്രാമത്തിലെ അമ്പലങ്ങളിൽ ഉത്സവങ്ങൾ തീരുന്നതും ഏതാണ്ടൊരു സമയത്താണ്.. ഉത്സവത്തോട് അനുബന്ധിച്ച് അമ്പലങ്ങളിൽഅവതരിപ്പിച്ചിരുന്ന ബാലെ എന്നാ കലാപരിപാടി സ്വന്തമായി സ്റ്റേജ് കെട്ടി അവതരിപ്പിക്കലായിരുന്നു വിനുവിന്റെയും കൂട്ടരുടെയും ആദ്യ വക്കേഷൻ പരിപ്പാടി.. വീട്ടിലെ ചായിപ്പിലെ മാറിയ ഓലകൾ കൊണ്ട് സ്റ്റേജ് ഉണ്ടാക്കും.. ചാന്തും വളകളും കണ്മഷിയും വില്ക്കുന്ന കടകളുണ്ടാക്കും.. ചീനികമ്പ് കൊണ്ട് തോളിൽഎടുക്കുന്ന ഭഗവതിയുടെ ബിംബം ഉണ്ടാക്കും .. പാള കൊണ്ട് ചെണ്ടയുണ്ടാക്കി താളത്തിൽ കൊട്ടും.. ആ കൊട്ടിനോത്ത് തുള്ളി ഭഗവതിയെ എഴുന്നള്ളിക്കും.. അങ്ങനെ മിക്ക വെക്കേഷനും വിനുവിന്റെ വീട്ടുപറമ്പ് ഒരു ചെറിയ അമ്പലമായി മാറും..
ബാലെ മിക്കവാറും ഹിന്ദു ദൈവങ്ങളെ ചുറ്റിപ്പറ്റിയാണ്. പേപ്പറും ബുക്ക് ബൈന്‍ഡും കൊണ്ട് കിരീടവും.. വടികളും കമ്പുകളും കൊണ്ട് അമ്പും വില്ലും, വാളുകളും ഉണ്ടാക്കി ..വിനുവും കൂട്ടരും ബാലേയിലെ കഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നല്കും. അവര്‍ അട്ടഹസിക്കുന്ന പോലെ അട്ടഹസിക്കും..അവർ കരയുന്ന പോലെ കരയാൻ ശ്രമിക്കും .. അമ്പും വില്ലും .. വാളും കൊണ്ട് യുദ്ധങ്ങൾ നടത്തും.. ഹൃദ്വസ്ഥമാക്കിയ ഡയലോഗുകൾ അണുവിട തെറ്റാതെ ഉച്ചത്തിൽ വിളിച്ചു കൂവും .. അങ്ങനെ സംഭവ ബഹുലമായി ബാലെ വിനുവിന്റെ വീട്ടിലെ സ്റേജിൽ അരങ്ങേറും..
കാണികൾ മിക്കവാറും ബാലയിൽ അഭിനയിക്കാത്ത കുട്ടികളും കൂനി കൂനി നടക്കുന്ന മാധവി മുത്തശ്ശിയും മാത്രമായിരിക്കും.. അട്ടഹാസങ്ങളും ആർപ്പു വിളികളും കേൾക്കുമ്പോൾ വിനുവിന്റെ അനിയത്തി വാവിട്ടു കരയും.. മാധവി മുത്തശ്ശി പല്ലില്ലാത്ത മോണകാട്ടി ചിരിക്കും.. അനിയത്തിയുടെ കരച്ചില്‍ കേട്ട് വിനുവിന്റെ അമ്മ വടിയും കൊണ്ട് അടിക്കാനായി ഓടി വരും.. കിരീടവും ചെങ്കോലും വാളും വലിച്ചെറിഞ്ഞു വിനുവും കൂട്ടരും അടുത്തുള്ള ചൂരല്‍ കാവിലെ ഞാറമരത്തിന്റെ ചുവട്ടിലേക്ക് ഓടും .. പഴുത്തു വീണ ഞാറപ്പഴങ്ങള്‍ മത്സരിച്ച് പെറുക്കിയെടുക്കും.. ഞാറപ്പഴം തിന്നു വായും നാക്കും വൈലറ്റ് നിറത്തിലാകും…
ഉത്സവവും ബാലെയും മടുക്കുമ്പോള്‍ സ്റ്റേജഴിച്ചു വീടും, പലചരക്ക് കടയും കെട്ടും.. ഇലകളും, പൂവുകളും, മണലും, ചരലും മറ്റു പലതും.. .പച്ചക്കറികളും പഞ്ചസാരയും അരിയും ആകും.. പിന്നത്തെ കളി ചോറും കറിയും വെക്കലും.. കച്ചവടവുമായി മാറും…
വിനുവിന്റെ വീടിനു സമീപത്തായി ഒരു പാടമുണ്ട്.. പാടത്തിന്റെ ചുറ്റും ആഞ്ഞിലിയുടെയും കശുമാവിന്റെയും മരങ്ങളാണ്.. കശുമാവ് പലതും പാടത്തിനു തണലേകാൻകണക്കെ വളഞ്ഞു പുളഞ്ഞാണ് നിൽക്കുന്നത് .. വൈകുന്നേരമാകുമ്പോള്‍ വിനുവിനും കൂട്ടരും ഓടി ചെന്ന് ഈ മരങ്ങളില്‍ കയറും .. കശുമാവിന്റെ ചില്ലയിൽ കയറി പഴങ്ങൾ പറിക്കാനുള്ള മത്സരമാണ് പിന്നെ.. പഴങ്ങൾ പറിച്ചു കഴിച്ചു കശുവണ്ടികൾ സൂക്ഷിച്ചു വെക്കും…വലിയ തോട്ടികെട്ടി ആഞ്ഞിലിമരങ്ങളില്‍ നിന്നും ആഞ്ഞിലിച്ചക്ക പറിക്കും.. പഴുത്ത ചക്ക പറിക്കുമ്പോള്‍ താഴെ പിടിക്കാന്‍ നില്‍ക്കുന്നവരുടെ തലവഴി അതിന്റെ ചുളയും തോണ്ടും വീഴും..ആ കാഴ്ച കണ്ടാല്‍ അവരുടെ തലയില്‍ ആഞ്ഞിലി മരം വാള് വച്ചത് പോലെ തോന്നും. നല്ല പഴങ്ങള്‍ കിട്ടുന്നവര്‍ ആര്‍ത്തിയോടെ ആര്‍ക്കും കൊടുക്കാതെ തിന്നും.. അങ്ങനെ തീറ്റിയം കളിയും കഴിഞ്ഞു വീട്ടില്‍ കയറുമ്പോഴേക്കും സൂര്യന്‍ മറഞ്ഞിരിക്കും..
അന്ന് വിനുവിനോ കൂട്ടുകാർക്കോ സ്വന്തമായി സൈക്കിളില്ല.. വീട്ടില്‍ നിന്ന് കുറച്ചകലെയായി ഒരു കടയിൽ സൈക്കിൾ വാടകയ്ക്ക് കിട്ടും .. അവിടെ പോയി സൈക്കിൾ എടുക്കണമെങ്കിൽ മണിക്കൂറിനു 25 പൈസ വച്ച് കടക്കാരന് കൊടുക്കണം.. ആ പൈസക്കുള്ള വകയാണ് കശുവണ്ടി.. 5 -6 കശുവണ്ടി കൊടുത്താൽ ഒരു മണിക്കൂറത്തേക്ക് സൈക്കിൾ കിട്ടും.. പല പൊക്കത്തിലുള്ള സൈക്കിൾ വാടകയ്ക്ക് ലഭ്യമാണ് .. അങ്ങനെ വാടകക്കെടുതാണ് വിനുവും കൂട്ടരും സൈക്കിൾ ചവിട്ടാൻ പഠിച്ചത്..
കുറച്ചു കൂടി വളർന്നപ്പോൾ ബാലെയും പലചരക്ക് കട കളിയും നിർത്തി. 1983 ലോകകപ്പ് ഇന്ത്യ നേടിയതോടെ ക്രിക്കറ്റിന് വിനുവിന്റെ ഗ്രാമത്തിലും പ്രചാരം ലഭിച്ചു… വക്കേഷൻ തുടങ്ങിയാൽ ഉടൻ ക്രിക്കറ്റ് കളി തുടങ്ങും.. ഒതളങ്ങയിലും ഓല മടലിലും തുടങ്ങിയ കളി പയ്യ പയ്യെ റബ്ബർ ബോളിലും ക്രിക്കറ്റ് ബാറ്റിലുമായി.. സ്വന്തം പറമ്പിൽ നിന്നും അയലത്തെ പറമ്പിൽ നിന്നുമൊക്കെ കശുവണ്ടി സംഭരിച്ചു പട്ടണത്തിൽ കൊണ്ടുപോയി വിറ്റു ക്രിക്കറ്റ് ബാറ്റും ബോളും മേടിച്ചു.. വീടിനു മുന്നിലുള്ള പാടത്തിൽ തുടങ്ങിയ കളി പിന്നെ സൈക്കിൾ വാടകക്കെടുത്തു പലസ്ഥലങ്ങളിലും പോയി മത്സരം കളിക്കുന്ന സ്ഥിതിയിലായി… ഇരുട്ടുന്നതിനു മുൻപ് വീട്ടില്‍ കയറിയാൽ… എവിടെ പോകുന്നു.. എപ്പോ വരുന്നു ..എന്ന് ചോദിക്കാൻ പോലും ആരും വരില്ല.. അങ്ങനെ എത്ര മനോഹരമായിരുന്നു വിനുവിന്റെ കുട്ടിക്കാലവും വെക്കേഷനും..
“അച്ഛൻ എന്താ ആലോചിക്കുന്നത് ” മകളുടെ ചോദ്യം വിനുവിനെ യാഥാർത്യത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു..
“എന്താ കുട്ടാ “
“അച്ഛന്റെ വക്കേഷൻ എങ്ങനാരുന്നു എന്ന് ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല “
“പിന്നീടൊരിക്കൽ പറയാം.. മോള്പോയി സ്കൂളിൽ പോകുന്ന കാര്യങ്ങൾ ആലോചിക്ക്.. പുസ്തകങ്ങളും ബുക്കും ഒക്കെ എടുത്തു വെക്ക് “
മകള്‍ നടന്നകന്നപ്പോൾ അവൾക്കു നഷ്ടപ്പെടുന്ന കുട്ടിക്കാലത്തെ സ്വാതന്ത്ര്യങ്ങളെപറ്റിയായിരുന്നു വിനുവിന്റെ ചിന്ത.. അടുത്ത വെക്കേഷനെങ്കിലും കുട്ടികളോടൊത്ത് അവര്‍ക്ക് സ്വന്തന്ത്രമായി കളിക്കാനും ചിലവഴിക്കാനും അവസരം ഉണ്ടാക്കുമെന്ന ദൃഡ നിശ്ചയത്തോടെ വിനു നടന്നകലുന്ന മകളെ നോക്കിയിരുന്നു…