ഓണം വക്കേഷൻ പ്രമാണിച്ച് നാട്ടിൽ ചെന്നപ്പോഴാണ് വിനുവിന്റെ അച്ഛൻ അവനോടാ ചോദ്യം ചോദിച്ചത്..
“മോന് മജീദിനെ ഓർമ്മയുണ്ടോ ”
“ഏതു മജീദ്?? ”
“മോന്റെ കൂടെ പണ്ട് ബെഥനിയിൽ പഠിച്ച ഷാജിയുടെ അച്ഛൻ.. ഉണ്ണൂണ്ണി മുതലാളിയുടെ കൊച്ചുമകൻ..”
“ഷാജിയെ മറക്കാൻ പറ്റുമോ.. മജീദ് അങ്കിളിനെ എനിക്ക് അത്രക്ക് ഓർമ്മയില്ല.. ”
“മജീദ് ഇപ്പോൾ നാട്ടിലുണ്ട്.. ഭിലായിയിൽ നിന്നും ഇങ്ങു പോന്നു.. ഇപ്പോൾ ആശുപത്രിയുടെ വടക്ക് ഒരു വീട് വാങ്ങി അവിടെയാ താമസം.. മോനെ ഒന്ന് കാണണമെന്നു പറഞ്ഞു .. മിക്കവാറും അമ്പലത്തിന്റെ മുൻപിലെ ആ മഹാദേവന്റെ കടയിൽ കാണും. അതുവഴി പോകുമ്പോൾ ഒന്ന് കാണണം.. ഞാൻ പറഞ്ഞിട്ടുണ്ട് ഇയാൾ ഓണത്തിന് വരുമെന്ന്.. ”
” ഞാൻ പോയി കാണാം ..”
**********************
ഷാജി.. വിനുവിന്റെ ബാല്യകാല സുഹൃത്തായിരുന്നു.. സെയദ് മുഹമ്മദ് എന്നാണ് യഥാർത്ഥപേരെങ്കിലും വീട്ടിൽ ഷാജി എന്നാണു അവനെ വിളിച്ചിരുന്നത്… വിനുവും ഷാജിയം എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ ഒരു സ്കൂളിലാണ് പഠിച്ചത് (ബഥനി ബാലികാമഠം ).. വിനുവിന്റെ വീട്ടിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയായിരുന്നു ഈ സ്കൂൾ സ്ഥിതിചെയ്തിരുന്നത്..
മുതുകുളം എന്ന അവരുടെ കൊച്ചു ഗ്രാമത്തില്‍ നിന്നും ബെഥനിയിലേക്ക് സ്കൂൾ ബസ്സിന്റെ സർവീസ് ഇല്ലാത്തത് കൊണ്ട്.. വിനുവിന്റെ അച്ഛന്റെ സഹപാഠിയും വീട്ടിൽ അല്ലറ ചില്ലറ ജോലിയും ഒക്കെ ചെയ്തിരുന്ന ദിവാകരൻ എന്ന ഒരാളാണ് അവരെ രണ്ടു പേരയും സ്കൂളിൽ കൊണ്ടുപോവുകയും കൊണ്ടുവരുകയും ചെയ്തിരുന്നത് .. സ്നേഹത്തോടെ അവര്‍ അദ്ദേഹത്തെ ദിരാരപ്പൻ” എന്നാണ് വിളിച്ചിരുന്നത്..
ദിരാരപ്പൻ എക്സ് ഗ്രഫ് ആണ്.. വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും ഒക്കെ അതിന്റെ ചില ജാടയും പത്രാസും കാണിക്കാറുണ്ട് … തന്റെ റാലി സൈക്കളിന്റെ മുൻപിൽ ചെറിയ രണ്ടു സീറ്റ് ഫിറ്റ് ചെയ്ത് ..മുൻപിലത്തെ സീറ്റിൽ വിനുവിനെയും.. പിറകിലത്തെ സീറ്റിൽ ഷാജിയേം ഇരുത്തി എല്ലാ ദിവസവും അവരെ സ്കൂളിൽ കൊണ്ടുവിടുന്നതിന്റെയും വൈകിട്ട് തിരികെ കൊണ്ടുവരുന്നതിന്റെയും ഉത്തരവാദിത്തം ദിരാരപ്പനാണ്..
ആ പ്രായത്തിൽ നല്ല കുസൃതിയായിരുന്ന വിനു സൈക്കിളിൽ ഇരുന്നു അല്ലറ ചില്ലറ അഭ്യാസം കാണിക്കുക പതിവായിരുന്നു.. റോഡുകൾ വിരളമായിരുന്ന ആ കാലത്ത് ചെറിയ ഊടുവഴികളിലൂടെയും വരമ്പുകളിലൂടെയും ഒക്കെ സൈക്കളിൽ യാത്ര ചെയ്താണ് അവര്‍ നാഷണൽ ഹൈവേയിൽ എത്തിയിരുന്നത്.. സ്കൂളിലേക്കു പോകുമ്പോൾ വഴിയരികിൽ നിൽക്കുന്ന പൂവുകളും ഇലകളുമൊക്കെ സൈക്കളിൽ നിന്നും എത്തി പറിക്കുക വിനുവിന്റെ ഒരു വിനോദമായിരുന്നു .. സൈക്കളിന്റെ മുൻപിലത്തെ സീറ്റിൽനിന്നും വിനു പൂവുകൾ പറിക്കാന്‍ കൈ നീട്ടുമ്പോള്‍ മിക്കവാറും സൈക്കിളിന്റെ ബാലൻസ് പോകും.. സൈക്കിളിന്റെ ബാലന്‍സ് പോകുന്നതും ദിരാരപ്പന്റെ വലതുകൈ വിനുവിന്റെ ചന്തിക്കിട്ട് കിഴുക്ക് കൊടുക്കുന്നതും ഒരുമിച്ചായിരിക്കും.. കിഴുക്കിന്റെ വേദനകൊണ്ട് വിനു പുളയുമ്പോൾ ഷാജി കുടുകുടെ ചരിക്കും.. വിനു തന്റെ ദേഷ്യം മുഴുവൻ ഷാജിയുടെ കാലിനിട്ട് ചവിട്ടി തീർക്കും.. ഷാജിയുടെ കാലിന്റെ സ്ഥാനം സൈക്കളില്‍ വിനുവിന്റെ കാലിന്റെ താഴെ ആയിരുന്നു…. ചിലപ്പോഴൊക്കെ കിഴുക്കിന്റെ വേദന സഹിക്കാൻ വയ്യാതെ ദിരാരപ്പന്റെ കൈയ്യില്‍ വിനു പിച്ചുകയും മാന്തുകയും ചെയ്യുമായിരുന്നു.. വൈക്കുന്നേരം മാന്തിയതിന്റെ പാടുകൾ വിനുവിന്റെ അമ്മയെ കാണിച്ചു ദിരാരപ്പൻ വിനുവിന് വഴക്കും ചിലപ്പോൾ അടിയും മേടിച്ചു കൊടുക്കുമായിരുന്നു..
ഒരിക്കൽ സൈക്കളിലെ വിനുവിന്റെ അഭ്യാസത്തിന്റെ ഫലം ആവന്‍ നല്ല രീതിയില്‍അനുഭവിച്ചു.. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത് .. അന്ന് ഓണ പരീക്ഷയുടെ അവസാന ദിവസമായിരുന്നു.. ഓണപരീക്ഷ തീരുന്നതിന്റെ സന്തോഷവും പൂക്കളം ഇടണമെന്ന മോഹവുമൊക്കെയായിരിക്കാം സ്കൂളിലേക്ക് പൊകുന്ന നേരം വഴിയരികില്‍ നിന്ന ഒരു പൂവ് സൈക്കളിൽ നിന്നും എത്തി വിനു പിച്ചാൻ ശ്രമിച്ചു.. ചവിട്ടിയടുത്തുനിന്ന് തെന്നി എങ്ങനെയോ വിനുവിന്റെ ഇടതു കാല്‍ സൈക്കളിന്റെ ഫ്രണ്ട് വീലിന്റെ ഇടയിൽ
അകപ്പെട്ടു.. തന്നെ ഏതോ ശക്തി എടുത്തെറിയുന്നപോലെ അവനു തോന്നി .. വിനുവും.. ഷാജിയും.. ദിരാരപ്പനും… സൈക്കിളും … എല്ലാം കൂടി മറിഞ്ഞു താഴെ വീണു… പിന്നെ ഓർമ്മവന്നപ്പോൾ വിനു ആശുപത്രിയിലാണ് .. അവന്റെ കാലാകെ മരവിച്ചിരിന്നു .. കാലിൽ ഡ്രസ്സ് ചെയ്തുകൊണ്ടിരുന്ന ഒരു നേഴ്സ് ആന്റി അവനോടു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. വിനു ചുറ്റിനും നോക്കി.. വിഷമിച്ചു വീർത്ത കണ്ണുമായി ദിരാരപ്പൻ നിൽക്കുന്നു.. ഷാജിയെ കാണാനില്ല .. അവന്റെ കയ്യിലും ചെറിയ മുറിവുകൾ ഉണ്ടായിരുന്നു…
കാലിൽ വലിയ കെട്ടും കയ്യിൽ ചെറിയ കെട്ടുമായി സ്കൂളിൽ ചെന്നപ്പോഴേക്കും പരീക്ഷ തുടങ്ങിയിരുന്നു.. പഠിക്കാനത്ര മോശമല്ലാത്തത് കൊണ്ട് ഹെഡ്മിസ്ട്രസ്സ് മദർ വിനുവിന്റെ ക്ലാസ്സ് ടീച്ചറിനോട് അവന്റെ എക്സാം ചോദ്യത്തിന് ഉത്തരം പറയുന്ന രീതിയില്‍ നടത്താൻ ആവശ്യപെട്ടു… അങ്ങനെ വിനു ആ പരീക്ഷ എഴുതാതെ ഒരുവിധം പറഞ്ഞൊപ്പിച്ചു .. .
പരീക്ഷ കഴിഞ്ഞു തിരിച്ചുപോകാറായപ്പോഴാണ് വിനു ഷാജിയെ കാണുന്നത്.. വിനുവും ഷാജിയും രണ്ടു ഡിവിഷനായിരുന്നു.. ഷാജിയുടെ നെറ്റിയിലും മുട്ടിലും പ്ളാസ്റ്ററൊട്ടിച്ചിരുന്നു.. വിനുവിന്റെ കാലിലെയും കയ്യിലേയും കെട്ടുകൾ കണ്ടു ഷാജിക്ക് ചിരി വന്നു.. വിനുവും കൂടെ ചിരിച്ചു.. തിരികെ വീട്ടിലെത്തി സംഭവങ്ങൾ ദിരാരപ്പൻ വിവരിച്ചപ്പോഴാണ് ആ സത്യം വിനു അറിഞ്ഞത് തന്‍റെ കാലിലെ മുറിവ് മോശക്കാരനല്ല.. ഒൻപത് കുത്തികെട്ടുണ്ട് (സ്റ്റിച്ച്)..
അവരുടെ വീഴ്ച കണ്ടു ഓടികൂടിയ നാട്ടുകാരിൽ ഒരാൾ ഉടുത്തിരുന്ന മുണ്ട് വലിച്ചു കീറി അവന്റെ മുറിവിൽ കെട്ടിയാ ആശുപത്രിയിൽ എത്തിച്ചതെന്നും പറഞ്ഞു.. അവന്റെ മുറിവുകളും കെട്ടുകളും കണ്ട് അവന്റെ അമ്മൂമ്മ പൊട്ടിക്കരഞ്ഞു… അങ്ങനെ ആ ഓണം വെക്കേഷൻ വിനു കട്ടിലിൽ കഴിച്ചുകൂട്ടി..
**********************************************
വിനുവും ഷാജിയും വൈകുന്നേരങ്ങളിൽ ഒരുമിച്ചായിരുന്നു ട്യൂഷന് പോയിരുന്നത് ….നാട്ടുവൈദ്യനായ ദാമോദരൻ വൈദ്യന്റെ മകളായ വിലാസിനി ടീച്ചറായിരുന്നു അവരുടെ ഗുരു.. ഷാജിയുടെ വീടിന്റെ അടുത്താണ് ടീച്ചറിന്റെ വീട്.. വിനു ഷാജിയുടെ വീട്ടിൽ ചെന്ന് അവനെയും കൂട്ടി ട്യൂഷന് പോവുകയാണ് പതിവ്.. ഷാജിയുടെ വാപ്പയും ഉമ്മയും ഭിലായിയിലായിരുന്നത് കൊണ്ട് അവന്റെ വാപ്പച്ചിയും ഉമ്മച്ചിയും (അപ്പൂപ്പനും അമ്മൂമ്മയും) ആണ് അവനെ വളർത്തിയിരുന്നത്.. മുത്ത്, കുഞ്ഞുമോൾ എന്ന അവന്റെ ഉമ്മയുടെ രണ്ടു അനുജത്തിമാരും കുഞ്ഞുമോൻ എന്ന ഉമ്മയുടെ ഒരനിയനും അവനു കൂട്ടായി ആ വീട്ടിലുണ്ടായിരുന്നു..
ഷാജിയുടെ വീടും പരിസരവും അവൻ വരയ്ക്കുന്ന പടങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു.. ആ പ്രായത്തിൽ തന്നെ ഷാജി വളരെ നല്ല ഒരുകലാകാരനായിരുന്നു .. ബാലരമ അമർചിത്ര കഥകളായ രാമായണത്തിന്റെയും മഹാഭാരതതിന്റെയും വലിയ ഒരു ശേഖരം തന്നെ അന്ന് അവന്റെ കയ്യിലുണ്ടായിരുന്നു… അതിലെ രാജാക്കൻമാരും ..മന്ത്രിമാരും .. രാജ്ഞികളും .. തോഴിമാരും.. കാലാൾ പടായാളികളും ആനകളും.. കുതിരകളെയും രഥങ്ങളും ആയുധങ്ങളും ഒക്കെ വളരെനന്നായി ഷാജി ആ വീടിന്റെ പല ഭിത്തികളിലും പകർത്തിയിരുന്നു .. യുദ്ധങ്ങൾ പേപ്പറിൽ വരക്കുന്നതിനും അവന് പ്രത്യേക കഴിവുണ്ടായിരുന്നു .. പലതരത്തിലുള്ള കിരീടങ്ങളും മീശകളും.. തലപ്പാവുകളും … രഥത്തിന്റെ ചക്രങ്ങളും കൊടികളും അവയുടെ വലിപ്പവുമൊക്കെയായിരുന്നു അവന്റെ വരകളിലെ പ്രത്യേകത.. ആ കാലത്ത് വിനുവിന്റെ മിക്ക ബുക്കുകളുടെയും അവസാന പേജുകൾ ഷാജിയുടെ വരകളാൽ സമ്പുഷ്ടമായിരുന്നു …
ട്യൂഷന് പോകുമ്പോൾ മറ്റാർക്കും ഇല്ലാത്ത ഒരു ശീലം അവര്‍ക്കുണ്ടായിരുന്നു .. കുടംപുളി മരത്തിന്റെ ഇല ഉപ്പും കൂട്ടി തട്ടുക എന്നതായിരുന്നു അത്. ടീച്ചർ കാണാതെയാണ് ഈ കലാപരിപാടി അരങ്ങേറിയിരുന്നത്ഷാജിയുടെ വീടിന്റെ മുൻപിൽ ചരിഞ്ഞുനിൽക്കുന്ന ഒരു പുളിമരമുണ്ട്. അതിൽ അവര്‍ക്ക് പറിക്കുവാൻ പാകത്തിന് നിറയെ കിളിര്‍ന്ന്‍ ഇലകളുമുണ്ടായിരുന്നു. ട് യൂഷന് പോകുന്നതിനു മുൻപായി ഷാജി പുളിയുടെ കിളിർന്നിലകൾ പറിച്ചെടുക്കും. ആരും കാണാതെ അത് ബുക്കിന്റെ ഇടയിൽ ഒളിപ്പിച്ചുവച്ച് കൊണ്ടുവരും.. ട്യൂഷന് പോകുന്നതിനു മുൻപ് വിനുവും അവന്റെ അമ്മൂമ്മ കാണാതെ അടുക്കളയിൽനിന്നും ഉപ്പു പരലുകൾ അടിച്ചുമാറ്റി പേപ്പറിലോ പൂവരശിലയിലോ പൊതിഞ്ഞു നിക്കറിന്റെ കീശയിൽ ഇടും.. അങ്ങനെ പുളിയിലയും ഉപ്പുമായാണ് അവര്‍ ട്യൂഷന് പോവുക.. വിലാസിനി ടീച്ചര്‍ ഏതെങ്കിലും പാഠം പഠിപിച്ച ശേഷം ആ ഭാഗം ഉറക്കെ വായിക്കുവാൻ പറഞ്ഞിട്ട് അടുക്കളയിലേക്കോ മറ്റോ പോകും… ആ സമയം നോക്കിയാണ് അവര്‍ പുളിയില തിന്നുന്നത് ..
ഒരിക്കൽ ടീച്ചർ ഷാജിയുടെ ബുക്ക് എന്തിനോ മേടിച്ചപ്പോൾ പുളിയിലകള്‍ താഴെ വീണു.. അന്നോടെ അവരുടെ പുളിയില തീറ്റി അവസാനിച്ചു.. രണ്ടു പേർക്കും ഭേഷായി തല്ലും കിട്ടി..
ദാമോദരൻ വൈദ്യർ ഒടിവിന്റെയും ഉളുക്കിന്റെയും സ്പെഷിയലിസ്റ്റായിരുന്നു.. കൈയും കാലും ഓടിഞ്ഞവർ അവിടെ താമസിച്ചാണ് ചികിത്സ.. വൈദ്യർ ഒടിഞ്ഞ ഭാഗം നിവർത്തിവച്ച് നാല് വശവും അലക് (അടക്ക മരത്തിന്റെ നേർത്ത കഷ്ണങ്ങൾ) വെച്ച് കെട്ടും .. ഓടിഞ്ഞവർ വേദനകൊണ്ട് അലറും .. അപ്പോൾ വൈദ്യർ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും …. ” ഒടിച്ചിട്ട് വരാൻ ഞാൻ പറഞ്ഞോ ?? മിണ്ടാതിരിയെടോ . … ഒച്ചവക്കതാടോ .. ” എന്നിങ്ങനെ പലതും പുലമ്പും.. എന്നിട്ട് ജോലിയിൽ വ്യാപൃതനാകും.. ഉച്ചത്തിലുള്ള അലറലും.. കരച്ചിലും കേട്ട് പല്ലില്ലാത്ത മോണ കാട്ടി ഷാജി കുടു കൂടെ ചിരിക്കും.. വിനുവും കൂടെ ചിരിക്കും.. മറ്റുള്ളവരുടെ വേദന ആ പ്രായത്തിൽ അവര്‍ക്കൊരു ഹരമായിരുന്നു..
***********************************
നാലാം ക്ലാസ് കഴിഞ്ഞപ്പോൾ ഷാജിയെ അവന്റെ വാപ്പയും ഉമ്മയും കൂടി ഭിലായിലേക്ക്കൊണ്ട് പോയീ.. പിന്നീട് ഏഴാം ക്ലാസ്സിന്റെ വേനലവധി സമയത്താണ് വിനു അവസാനമായി അവനെ കണ്ടത്.. ഭിലായിയിൽ നിന്നും കൊണ്ടുവന്ന കുറെ മിഠായിയും സ്വന്തമായി വരച്ച ഒരു പെയിന്റിങ്ങും അവൻ വിനുവിന് സമ്മാനമായി കൊടുത്തു .. ഏതോ നദിയുടെ ആനന്തതയിലേക്ക് ഏകനായി തോണി തുഴയുന്ന ഒരു തോണിക്കാരന്റെ ചിത്രമായിരുന്നു അത്.. ഒരു മികച്ച പെയിന്റിങ്ങിന്റെ എല്ലാ ലക്ഷണവും ഒത്തിണങ്ങിയ ചിത്രമായിരുന്നു അത്…
വിനു ഒൻപതാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ് ആ ദുരന്ത വാർത്ത അവന്‍ അറിഞ്ഞത് …. ഒരുനദിയുടെ ആനന്തതയിലേക്ക് പ്രിപ്പെട്ടവരെയും അവനെയും ഉപേക്ഷിച്ചു ഷാജി യാത്രയായീ എന്നാ ദുഃഖ വാര്‍ത്ത . .സുഹൃത്തുക്കളുമൊത്ത് ആ നദിയിൽ കുളിക്കാനിറങ്ങിയതാണ്.. നദിയുടെ ചുഴിയിൽ അകപ്പെട്ട ഷാജി പിന്നീട് തിരിച്ചു വന്നില്ല.. വിനുവിന് നല്‍കിയ പെയിന്റിംഗ് പോലെ.. നദിയുടെ അഗാധതയിൽ എങ്ങോ അവൻ ആ തോണിയുമായി മറഞ്ഞു…
വളരെക്കാലം വിനുവിനെ വേട്ടയാടിയ ഒരു സംഭവമായിരുന്നു ഷാജിയുടെ വേർപാട്.. പക്ഷെ കാലക്രമേണ അവന്റെ ഓർമ്മകൾ വിനുവില്‍ നിന്നും അകന്നു .. അവസാനം അവനെ പറ്റി വിനു ഓർത്തത് ഒരിക്കൽ നാട്ടിൽ വന്നപ്പോൾ ഷാജി കളിച്ചു വളർന്ന വീട് മറ്റാർക്കോ വിറ്റിട്ട് അവന്റെ ബന്ധുക്കൾ അവിടെനിന്നും പോയി എന്ന് അവന്റെ അമ്മ പറഞ്ഞപ്പോഴാണ് .. അത് ഏകദേശം 10 വര്‍ഷം മുമ്പാണ്…
***************************************
അടുത്ത ദിവസം രാവിലെ തന്നെ വിനു മഹാദേവന്റെ കടയിൽ പോയി..
മഹാദേവന് ഏകദേശം വിനുവിന്റെ പ്രായമാണ്.. കടയിൽ മഹാദേവനു പകരം മെലിഞ്ഞു.. നരച്ച് പൊക്കംകുറഞ്ഞ ഒരാൾ മാത്രം .. കടയിൽ വരുന്ന ആൾക്കാർക്ക് വേണ്ട സാധനങ്ങൾ എടുത്തു കൊടുക്കുന്നത് അയാൾ ആണ്..
കടയുടെ കുറച്ചപ്പുറത്തായി വേണു എന്ന വിനുവിന്റെ ഒരു ജ്യേഷ്ഠസുഹൃത്ത് നിൽപ്പുണ്ടായിരുന്നു.. വിനു നേരെ വേണുവിന്റെ അടുത്തേക്ക് ചെന്നു..
“വേണു ചേട്ടാ.. മഹാദേവനെ കണ്ടോ ”
“മഹാദേവൻ കുറച്ചു കഴിയും വരാൻ.. എന്താ കാര്യം ? ”
“ഒരാളെ പറ്റി തിരക്കാനാ.. ”
“ആരെ പറ്റിയാ.. ”
അൽപ്പ സ്വൽപ്പം രാഷ്ട്രീയവും.. പൊതുജനസേവനവുമൊക്കെയുള്ള വേണുവിനു നാട്ടിലുള്ള മിക്കവരും പരിചിതരാണ്
“ഒരു മജീദിനെ പറ്റി അറിയാനാ”
കടയിലേക്ക് ചൂണ്ടികൊണ്ട് വേണു ചേട്ടന്‍ പറഞ്ഞു
“ദോ ആ നിൽക്കുന്നതാ മജീദിക്കാ .. കേരളത്തിൽ അമ്പലത്തിലേക്ക് കദളിപ്പഴം വിൽക്കുന്ന ഏക മുസൽമാനാ… രാവിലെ വന്നു കട തുറക്കുന്നതും കച്ചവടം നടത്തുന്നതും എല്ലാം മജീദിക്കായാ.. മഹാദേവൻ വല്ലപ്പോഴുമൊക്കേവരാറുള്ളൂ എന്താ കാര്യം ”
“ഭിലായിയിൽ നിന്നും വന്ന… ”
“അതെ.. അത് തന്നെ.. നമ്മുടെ ആശുപത്രിക്ക് വടക്കാ താമസം.. വിനുവിന് അറിയാമോ ആളെ.. ”
മറുപടി ഒന്നും പറയാതെ വിനു നേരെ കടയിലേക്ക് ചെന്നു
മജീദ് വിനുവിനെ നോക്കി കൊണ്ട് ചോദിച്ചു..
” എന്താ വേണ്ടത്.. കദളിപ്പഴമാണോ… ”
കുറെ നേരത്തേക്ക് വിനു ഒന്നും മിടിയില്ല..
” എന്നെ മനസ്സിലായോ ” വിനു ചോദിച്ചു
മജീദ് വിനുവിനെ കുറച്ചു നേരം നോക്കി..
“ഇല്ല .. ആരാ.. ”
“ഞാൻ പണ്ട് ….. ഷാജിയുടെ കൂടെ പഠിച്ച വിനുവാ .. ഓർമ്മയുണ്ടോ…”
മജീദ് കുറെ നേരത്തേക്ക് സ്തബ്ദനായി വിനുവിനെ നോക്കി.. ആ കണ്ണുകൾ നിറഞ്ഞു.. കടയിൽ നിന്നും ഇറങ്ങി ചെന്ന് വിനുവിനെ കെട്ടി പിടിച്ചു..
“എനിക്ക് മനസ്സിലായില്ല മോനെ.. അച്ഛൻ പറഞ്ഞിരുന്നു മോൻ ഓണത്തിന് വരുമെന്ന്..എന്റെ ഷാജി ഉണ്ടായിരുന്നെങ്കിൽ.. മോന്റത്രേം കണ്ടേനെ.. അല്ലേ . മോന്റെ കളി കൂട്ടുകാരനല്ലായിരുന്നോ .. നിങ്ങള്‍ ഒരുമിച്ചല്ലേ വളർന്നത്…. വിധി .. ഞങ്ങളുടെ വിധി..അവനെ കൊണ്ട് പോയി… അന്ന് തകർന്നതാ എന്റെ ജീവിതം.. പിന്നെ എന്തിനോ വേണ്ടി ഇങ്ങനെ ഒരോ ദിവസവും തള്ളി നീക്കുന്നു … മോനിപ്പോ തിരുവനന്തപുരത്താ അല്ലെ………”
ഉള്ളിലെ നീറ്റലും അത് മറക്കാൻ ചോദ്യങ്ങളുമായി കുറച്ചുനേരം മജീദ് വിനുവിന്റെ സമീപം നിന്നു.. വിഷമത്തോടാണെങ്കിലും മിക്ക ചോദ്യങ്ങൾക്കും വിനു മറുപടി നൽകി..
അവസാനം “അങ്കിൾ പിന്നെ കാണാം.. ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ ” എന്ന് പറഞ്ഞു വിനു തിരികെ പോകാനൊരുങ്ങിയപ്പോൾ മജീദ് അങ്കിൾ ഒന്നുകൂടി വിനുവിനെ അടുത്തേക്ക് ചേർത്ത് നിർത്തി ഗദ്ഗദത്തോടെ പറഞ്ഞു..
“പറ്റുമെങ്കിൽ മോൻ ഓരോ തവണ വരുമ്പോഴും ഇവടെവന്നു എന്നെ ഒന്ന് കാണണം .. എന്റെ ഷാജിയെ മോനിലൂടെ എനിക്ക് കാണാം.. ഇല്ലങ്കിൽ
അച്ഛനോട് ചോദിച്ച് .. മോൻവരുമ്പോള്‍ ഞാൻ വീട്ടിലോട്ടു വന്നു കാണാം.. എന്നാൽ മോൻ ചെല്ല്.. ”
ഇത്രയും പറഞ്ഞു മജീദ് വിനുവിന്റെ തോളിൽ നിന്നും കയ്യെടുത്ത് നേരെ കടയിലേക്ക് നടന്നു.. മജീതിന്റെ ആ നടത്തത്തിന്റെ ഭാരം വിനുവിന്റെ കണ്ണുകളെ ഈറനണിയിച്ചു..
മകൻ നഷ്ടപ്പെട്ട ആ അച്ഛന് സാന്നിധ്യം കൊണ്ട് അൽപ്പമെങ്കിലും ആശ്വാസം നൽകാന്‍ കഴിഞ്ഞെന്ന വിശ്വാസത്തോടെ… ഷാജിയുടെ മരിക്കാത്ത ഓര്‍മ്മകളോടെ .. വിനു വീട്ടിലേക്കും ….
Comments on: "നിറഭേദങ്ങള്‍" (4)
Tears in my eyes. Nothing more to say. Please keep writing
Well written Baiju, script is simple, crisp and touching.
Keep writing 😃
Well written bk,you are talented.gramathinte nishkalanka bhavangalum Balyavum ee cheriya kadhailoode nannai ulkollan kazhinjitundu
Well written Baiju Anna ….heart touching….speechless.