വെളുപ്പിന് മൂന്നു മണിക്ക് തന്നെ അവർ എയർ പോർട്ടിൽ എത്തി..അവരുടെ കൂട്ടത്തിൽ ഉള്ള പോലീസ് ഓഫീസർ വിജുവിനെ കാത്തു അവന്റെ സുഹൃത്ത് ആഗമന ഗേറ്റിൽ തന്നെ നിൽപ്പുണ്ടായിരുന്നു.. വിജുവിന്റെ സുഹൃത്ത് എയർപോർട്ട് സെക്യൂരിറ്റി ഇൻസ്പെക്ടർ ആണ് .. അവരെ നോക്കി നേർത്ത ഒരു ചിരി ചിരിച്ചു അയാൾ വിജുവിനെയും കൂട്ടി ആഗമന ഗേറ്റ് വഴി അകത്തേക്ക് പോയി ….
രാത്രിയിൽ ഗൾഫിൽ നിന്നും ഒരുപാട് ഫ്ളൈറ്റുകൾ കൊച്ചിയിലേക്ക് ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ആഗമന ഗേറ്റിൽ അഭൂതപൂർവ്വമായ തിരക്കായിരുന്നു..ഗൾഫിൽ നിന്നും അച്ഛൻ കൊണ്ട് വരുന്ന കളിപ്പാട്ടങ്ങളും, പുത്തൻ ഉടുപ്പുകളും , മിഠായികളും മറ്റും ഓർത്ത് പാതി മയങ്ങാതെയും.. രാത്രിയുടെ ലാളനയിൽ മറു പാതി മയങ്ങിയും..നില്ക്കുന്ന കുട്ടികൾ .. നഷ്ട വസന്തങ്ങൾക്ക് വിട നല്കാൻ വെമ്പുന്ന ചുണ്ടും.. മയങ്ങിയ കണ്ണുമായി ഉടുത്തൊരുങ്ങി ആ രാത്രിയിലും മുല്ലപ്പൂ ചൂടി മോഹിനിമാരായി നില്ക്കുന്ന ഭാര്യമാർ.. വർഷങ്ങൾക്കിപ്പുറം നിലനിൽപ്പിനു വേണ്ടി സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചു….എന്തൊക്കെയോ വെട്ടിപ്പിടിച്ചുവന്നു ധരിച്ചു വരുന്ന മകനെയോ മകളെയോ ഒരു നോക്ക് കാണാൻ കണ്ണിൽ എണ്ണയുമോഴിച്ചു കാത്തിരിക്കുന്ന അച്ഛനമ്മമാർ.. ഭാര്യമാരെ അറബി നാട്ടിൽ അധ്വാനിക്കാൻ വിട്ടു സ്വന്തം നാട്ടിൽ നില്ക്കാൻ വിധിക്കപ്പെട്ട് അവരുടെ വരവും കാത്തുനില്ക്കുന്ന ഭർത്താക്കന്മാർ.. സുഹൃത്തിനെ കാത്തു നില്ക്കുന്ന കൂട്ടുകാർ .. ചേട്ടന്മാരെ കാത്തു നില്ക്കുന്ന അനുജൻമാർ .. വരുന്നതാരെന്നു പോലുമറിയാതെ പേരെഴുതിയ ഒരു കാർഡുമായി ആരെയോ കാത്തുനില്ക്കുന്ന ട്രാവൽ ഏജെന്റുമാർ.. എയർപോർട്ട് പല തവണ കണ്ടവർ.. ആദ്യമായി കാണുന്നവർ.. മലയാളികൾ, തമിഴർ, അങ്ങനെ എങ്ങും ആകാംഷയുടെ അതിശയതിന്റെ.. സന്തോഷത്തിന്റെ അലകൾ മാത്രം മുഴങ്ങുന്ന ആഗമന ഗേറ്റ് ..
അവർ കണ്ണിൽ കണ്ണിൽ നോക്കി.. കരഞ്ഞു വീർത്ത്.. വീണ്ടും തുളുമ്പാൻ വെമ്പി നില്ക്കുന്ന കണ്ണുകൾ .. ചിരിക്കാൻ മറന്നു പോയ ചുണ്ടുകൾ.. ഏതോ വലിയ ഭാരംപേറുന്ന മനസ്സുകൾ… വാടി തളർന്ന ശരീരങ്ങൾ.. അകത്തേക്ക് പോയ വിജു മടങ്ങി വരുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ട് അവർ – ഒരു കൂട്ടം ചെറുപ്പക്കാർ അവിടെ നിന്നു.. അതിൽ ഒരുവനായി ഞാനും..
പ്രവാസികൾ അപ്പോഴേക്കും ട്രോളികളും.. അതിൽ നിറയെ ബാഗുകളും.. വരിഞ്ഞു മുറുക്കിയ കാർട്ടണുകളും.. മനസ്സ് നിറയെ സ്വപ്നങ്ങളുമായി പുറത്തേക്കു ഒഴുകി തുടങ്ങി.. നാലു ചുവരുകളിൽ നിന്നും.. അവിടുത്തെ കൊടും ചൂടിൽ നിന്നും.. സ്വതന്ത്രമായ ലോകത്തേക്ക് …സ്വന്തക്കാരെ കണ്ടവരുടെ സന്തോഷ പ്രകടനങ്ങൾ .. കൈ വീശലുകൾ.. എത്ര നോക്കിയിട്ടും പരിചയമുള്ള ആരെയും കാണാത്തവരുടെ ആശങ്കകൾ .. പ്രവാസികൾക്ക് പുറത്തേക്കുള്ള വഴിയൊരുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ജവാന്മാർ.. അവരുടെ ഹിന്ദിയിലുള്ള ആജ്ഞകൾ…തിരക്കിനിടയിലൂടെ വെളിയിൽ എത്തി വളരെകാലത്തിനു ശേഷം കണ്ട സ്വന്തം മക്കളെ പൊക്കിയെടുത്തു മുത്തം കൊടുക്കുന്ന അച്ഛൻമാർ .. കൊച്ചുമക്കളെ മാറോടണക്കുന്ന മുത്തശ്ശിമാര്‍.. ഭാര്യക്ക് സ്നേഹ ചുംബനം നല്ക്കുന്ന ഭർത്താക്കന്മാർ.. പ്രിയ സുഹൃത്തിനെ കെട്ടിപ്പിടിച്ചു സ്വീകരിക്കുന്ന കൂട്ടുകാർ.. എങ്ങും പോട്ടിച്ചിരികളും സന്തോഷ പ്രകടനങ്ങളും.. ആഘോഷവും ആനന്താശ്രുക്കളും മാത്രം… അവരുടെ ഇടയിലൂടെ വിഷാദഭാവത്തോടെ വിജുവും സുഹൃത്തും മന്ദം മന്ദം നടന്നടുത്തു..
നമ്മൾക്ക് ഈ ഗേറ്റിൽ നിന്നിട്ട് കാര്യമില്ല .. അപ്പുറത്ത് വേറെ ഒരു ഗേറ്റ് ഉണ്ട്…. അവിടയേ ബോഡി വരൂ.. വിജുവിന്റെ സുഹൃത്തറിയിച്ചു.
ഇന്നലെ വരെ ഞങ്ങളിലോരുവനായ വരുണ്‍ .. നീ ഇന്ന് വെറുമൊരു ബോഡി മാത്രം..
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അടുത്തുനിന്ന ദുർബല ഹൃദയരായ മറ്റു ചില സുഹൃത്തുക്കളിലേക്കും അത് പകർന്നൊഴുകി
..
സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നെങ്കിലും സ്കൂൾ ജീവിതം കഴിഞ്ഞപ്പോൾ മുതൽ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തായിരുന്നു വരുണ്‍ …..
അളിയാ.. ഡിഗ്രീ… കഴിഞ്ഞു ഇനീം അച്ഛനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.. നാട്ടിൽ എന്തെങ്കിലും പണി ചെയ്യണം.. അച്ഛൻ വർഷങ്ങളോളം ആ കൊടും ചൂടിൽ കിടന്നു കഷ്ടപെട്ട് ഉണ്ടാക്കിയ മുതല് ഞാനായിട്ട് നശിപ്പിക്കുന്നത് ശരിയല്ല .. നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം..ഗൾഫിൽ പോകുന്നതിനു കുറെ നാൾ മുമ്പ് നാട്ടിലെത്തിയ എന്നോട് വരുണ്‍ ആവശ്യ പെട്ടതാണിത് .. അവന്റെ അച്ഛന്‍ ഇരുപതു വര്‍ഷങ്ങളോളം ഗള്‍ഫില്‍ ആയിരുന്നു..
അന്ന് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സി ഡിക്ക് അത്ര വലിയ പ്രചാരമായില്ലായിരുന്നു.. കല്യാണങ്ങളും സിനിമകളും മറ്റും വീഡിയോ കാസെറ്റുകൾ ആയിട്ടാണ് കിട്ടുന്നത് .. ആ വീഡിയോ കാസെറ്റുകളെ സി ഡി ആക്കി മാറ്റാൻ അന്ന് അധികം സംരംഭങ്ങൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നില്ല.. അത് ഞാൻ അവനോടു സൂചിപിച്ചു.. അതിന്റെ ചെലവ് അവന്റെ അച്ഛൻ വഹിക്കാമെന്ന് പറഞ്ഞു.. അങ്ങനെ വരുണ്‍ അറിയപ്പെടുന്ന സി ഡി കണ്‍വേർട്ടറായി.. അതിൽ നിന്നും അത്യാവശ്യം വരുമാനം ലഭിച്ചു തുടങ്ങിയപ്പോഴാണ് .. പ്രീ ഡിഗ്രീ മുതൽ സ്നേഹിച്ചിരുന്ന അവന്റെ പ്രണയിനിയെ കല്യാണം കഴിക്കേണ്ടി വന്നത്… കുടുംബ ജീവിതം തുടങ്ങി.. അധികം താമസിയാതെ കുട്ടിയുമായി…. നാട്ടിൽ വീഡിയോ ടേപ്പിനെ സിഡി ആക്കുന്ന ഒരുപാട് കടകളും ഒപ്പം സിനിമയും കല്യാണവും നേരിട്ട് സി ഡി യിൽ ലഭിക്കുന്നതും പ്രചാരത്തിലാവുകയും ചെയ്ത . അതോടെ മറ്റൊരു ജോലി അനിവാര്യമായിത്തീരുകയും … അടുത്ത ബന്ധത്തിലുള്ള ആരോ വഴി ബഹറിനിൽ ഒരു ജോലി തരപ്പെടുത്തി അവൻ ഗൾഫിലേക്ക് പറക്കുകയും ചെയ്തു.
ഞങ്ങൾ ആഗമന ഗേറ്റിനും.. അവിടുത്തെ കൊലഹലത്തിനും വിട നല്കി ബോഡി വരുന്ന ഗേറ്റ് ലക്ഷ്യമാക്കി.. വിജുവിനും അവന്റെ സുഹൃത്തിനും പിറകെ വേച്ചു വേച്ചു നടന്നു.. നടക്കുമ്പോൾ മുഴുവൻ വരുണിനെ കുറിച്ചുള്ള ഒർമ്മകളായിരുന്നു എന്റെ മനസ്സിൽ ..
അവസാനം കണ്ടപ്പോൾ “അളിയാ.. എനിക്കവിടെ പറ്റില്ല.. ഭാര്യയേയും കുഞ്ഞിനേയും ഒന്ന് കൊണ്ടു പോയി ബഹ്‌റൈൻ എല്ലാം ചുറ്റി കാണിക്കണം.. പിന്നെ എല്ലാം നിർത്തി നാട്ടിൽ വന്നു സെറ്റിൽ ചെയ്യണം.. ഏറിയാൽ അടുത്ത മാർച്ച് .. അതുവരേ ഞാൻ അവിടെ നില്ക്കൂ.. പിന്നെ നാട്ടിൽ വന്നു എന്തെങ്കിലും ബിസിനസ്സ് ചെയ്തു ജീവിക്കണം ” ..
ഞാനും പറഞ്ഞു .. അതാടാ നല്ലത് .. നാട്ടിൽ നില്ക്കുനതിന്റെ സുഖം വേറെ എവിടെ പോയാലും കിട്ടില്ലല്ലോ.. .
ഇന്ന് ഡിസംബർ 18.. അവൻ പറഞ്ഞ സമയത്തിന് 4 മാസം ബാക്കി.. എല്ലാം അവസാനിപ്പിച്ചു.. സ്വപ്‌നങ്ങൾ ഉള്ളിലൊതുക്കി… അവസാനം വെറുമൊരു ബോഡി മാത്രമായി അവൻ ഇതാ ഏതാനും നിമിഷങ്ങൾക്കുള്ളിൽ പുറത്തേക്കു വരും…
മൂന്നു വർഷങ്ങളേ ആയുള്ളൂ ജോലിക്ക് പോയിട്ട് .. ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷിക്കാൻ ഏതോ ബീച്ചിൽ സുഹൃതുക്കളുമൊത്ത് പോയിട്ടുള്ള മടക്ക യാത്രയിൽ ഒരു കാർ ആക്സിഡന്റ് .. അവൻ സഞ്ചരിച്ചിരുന്ന കാർ ഒരു അറബിയുടെ കാറിലിടിച്ചു… അറബിയും അവന്റെ കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരും അവനോടൊപ്പം ഈ ലോകത്തുനിന്നും.. ഞങ്ങളിൽ നിന്നും യാത്രയായി..
ഡിസംബർ 16 രാത്രി ഏകദേശം 10 മണിക്കാണ് മറ്റൊരു സുഹൃത്ത് വിളിച്ചു പറയുന്നത്..
എടാ… നമ്മുടെ വരുണ്‍ ഒരു ആക്സിടെന്റിൽ പെട്ടു മരിച്ചു ..
എന്റെ കാതുകളെ അന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.. കേട്ട അന്ന് മുതൽ ഈ നിമിഷം വരെ അതിന്റെ ഞെട്ടൽ മാറിയിട്ടില്ല..
ഞങ്ങളുടെ എല്ലാവരുടെയും നല്ല ഒരു സുഹുത്ത് ആയിരുന്നു വരുണ്‍ .. ഏഴാം ക്ലാസ്സ് വരെ ഗൾഫിൽ പഠിച്ചിട്ട് എട്ടാം ക്ളാസ്സിലാണ് എന്റെ സ്കൂളിൽ വന്നത്.. പക്ഷെ കൂടുതൽ അടുത്തത് നാട്ടിലുള്ള ഒരു ക്രിക്കറ്റ് ക്ളബ്ബിലൂടെ ആയിരുന്നു.. ഞങ്ങൾ ഏകദേശം അമ്പതു പേരോളം ഉണ്ട് ആ ക്ളബ്ബിന്റെ അംഗങ്ങൾ ആയിട്ട്.. എന്താവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന ഒരു സുഹൃത്തായിരുന്നു അവൻ ഞങ്ങൾക്കെല്ലാവർക്കും.. അവന്റെ ഓർമ്മകളിൽ മുഴുകി രണ്ടാം ഗേറ്റിന്റെ മുന്നിൽ ഇരുന്നപ്പോൾ എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു..
ആരോ എന്നെ തട്ടി ഉണർത്തി.. കണ്ണ് തുറന്നപ്പോൾ അവന്റെ ബോഡി കൊണ്ടുവന്ന വലിയ ഒരു പെട്ടി ഞങ്ങളുടെ മുൻപിൽ ഇരിക്കുന്നു.. ഒഴുകുന്ന കണ്ണും വിറയ്ക്കുന്ന കയ്യുമായി ഞങ്ങൾ ആ പെട്ടി തുറന്നു..
ഒരു ദീർഖ നിദ്രയിലെന്നപോലെ അനക്കമില്ലാതെ വരുണ്‍ കിടക്കുന്നു.. ഞങ്ങളോടൊപ്പമുണ്ടായിരുന്ന അവന്റെ അനുജനും മറ്റു ബന്ധുക്കളും അലമുറയിട്ടു കരയാൻ തുടങ്ങി..
ചേട്ടാ.. ഒന്ന് കണ്ണ് തുറക്കൂ ചേട്ടാ .. എന്നുള്ള അവന്റെ അനുജന്റെ നിലവിളി ഞങ്ങൾ എല്ലാവരേയും തീരാ കണ്ണീരിലാഴ്ത്തി..
വികാരങ്ങൾ കൈവിട്ടു പോകുമെന്നു മനസ്സിലാക്കിയ വിജു സാഹചര്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.. ബന്ധുക്കളെ ഒക്കെ അവിടെനിന്നു മാറ്റി ..ബോഡി ആംബുലെൻസിലേക്ക് കയറ്റി .. അവിടെനിന്നും വിലാപ യാത്രയായി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു…
ആ യാത്ര മുഴുവൻ അവനെ പറ്റിയുള്ള ഒർമ്മകളിലായിരുന്നു ഞാൻ..
ഞങ്ങളുടെ സൗഹൃദം ആ നാട്ടിലെ പലർക്കും അസൂയയായിരുന്നു.. അത്രക്കു സ്നേഹത്തോടും ആത്മാർത്ഥതയോടും ആണ് ഞങ്ങൾ സഹകരിച്ചിരുന്നത് ..എപ്പോൾ വേണമെങ്കിലും വരുനിന്റെ വീട്ടിൽ ഞങ്ങൾക്ക് ആർക്കും കയറി ചെല്ലാം… അവന്റെ അച്ഛനും അമ്മയും ഒക്കെ ഞങ്ങളെ എന്നും സ്നേഹത്തോടെ മാത്രമേ സ്വീകരിചിട്ടുള്ളൂ…
അവനെ കൊണ്ടുവന്നോ മക്കളെ … എന്ന അലറി കരഞ്ഞുകൊണ്ടുള്ള ചോദ്യമാണ് എന്നെ വീണ്ടും ഉണർത്തിയത് .. വരുണിന്റെ അച്ഛൻ അലറി കരയുകയാണ് … അവനെയും കൊണ്ട് ഞങ്ങള്‍ അവന്റെ വീട്ടില്‍ എത്തിയിരിക്കുന്നു..
മുറുക്കി ചുവന്ന ചുണ്ടും.. ആത്മാർഥത ഉള്ള ഒരു ചിരിയുമില്ലാതെ അവന്റെ അച്ഛന്റെ ഞങ്ങൾ ഇന്നുവരെ കണ്ടിട്ടില്ല ….
അവൻ അകത്തുണ്ട് ..മോൻ മുകളിലേക്ക് കയറി ചെല്ല് .. സാധാരണ ഞങ്ങൾ അവന്റെ വീട്ടിൽ ചെല്ലുമ്പോഴേക്കും ആ അച്ഛൻ പറയുന്ന വാക്കുകളാണ്.. ഇന്ന് ആകെ തകർന്ന് അലറിക്കരയുകയാണ് അദ്ദേഹം..
ആംബുലൻസിൽ നിന്നും വരുണിന്റെ ശരീരം ഇറക്കി അവന്റെ വീടിന്റെ ഹാളിൽ വച്ചപ്പോഴേക്കും.. തിരക്ക് നിയന്ത്രണാതീതമായി..
കഴിഞ്ഞ രണ്ടുതവണ അവൻ ഗൾഫിൽ നിന്നും വന്നപ്പോൾ അവനെ സ്വീകരിക്കാൻ അവന്റെ കുടുംബക്കാരും അവിടുത്തെ ജോലിക്കാരും ജിമ്മിയെന്ന അവന്റെ പട്ടിയും.. പിന്നെ ഞങ്ങൾ സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ… എന്നാൽ ഇന്ന് ആ നാട് മുഴുവൻ അവന്റെ ബോഡി സ്വീകരിക്കുവാൻ .. ഒരു നോക്ക് കാണുവാൻ.. അവന്റെ സ്തുതി പാടകരായി.. അവന്റെ വിമർശകരായി.. അവിടെ നിറഞ്ഞു നിന്നു..
ചലനമറ്റ അവന്റെ ശരീരത്തിൽ..ഹൃദയം പൊട്ടുമാറുള്ള തേങ്ങലോടു കൂടി അലമുറയിട്ടു കരയുന്ന അവന്റെ അമ്മയും ഭാര്യയു..അച്ഛന് എന്ത് സംഭവിച്ചു എന്ന് മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കുന്ന കുഞ്ഞു മകൾ… കരച്ചിലടക്കിയും നേര്‍ത്ത വിതുമ്പലോടെ ബന്ധുജനങ്ങളും … എല്ലാത്തിനും സാക്ഷികളായി ഞങ്ങളും …
ജിമ്മി അൽപ്പമകലെ അവന്റെ കൂട്ടിൽ അലറി കുരക്കുന്നുണ്ടായിരുന്നു.. ജിമ്മിക്ക് വരുണ്‍ ജീവനായിരുന്നു.. തന്റെ പ്രിയപ്പെട്ട യജമാനന് എന്തോ സംഭവിച്ചുവെന്ന് അവനും മനസ്സിലായെന്ന് തോന്നുന്നു… ജിമ്മി നിരത്താതെ കുരച്ചുകൊണ്ടേ ഇരുന്നു .. പക്ഷെ അവിടെ ഉള്ള ആരും അവൻറെ കരച്ചില കണ്ടതോ കേട്ടതോ ഇല്ല .. തന്റെ യജമാനനെ അവസാനമായി ഒരു നോക്ക് കാണാൻ ആരും അവനെ അനുവദിച്ചതുമില്ല.. ഒരു പക്ഷെ ആരും അവനെ ഓർത്തും കാണില്ല.. അവന്റെ ദുഃഖം ആര് കാണാന്‍ .. നാല് ചുവരുകള്‍ക്കുള്ളില്‍ ജിമ്മി തന്റെ ദുഃഖം കടിച്ചമര്‍ത്തി കുരച്ചു ക്ഷീണിതനായി കണ്ണീരുമോലിപ്പിച്ചു കിടന്നു..
എല്ലാവരും അന്തിമോപചാരം അർപ്പിച്ച ശേഷം അവന്റെ ബോഡി ചിതയിലേക്കെടുത്തു.. ഞങ്ങളുടെ ഒക്കെ ഹൃദയത്തിൽ നിന്നും എന്തോ പറിച്ചെടുക്കുന്നത് പോലെ.. അവനെ ഞങ്ങൾ തന്നെ അവന്റെ അന്ത്യ വിശ്രമസ്ഥലത്ത് കൊണ്ട് വച്ചു .. കണ്ണീർമഴ നിർത്താതെ പെയ്തുകൊണ്ടേ ഇരുന്നു…
പ്രിയ സുഹൃത്തേ നീ മരിക്കുന്നില്ല.. നിന്റെ ഓർമ്മകൾ എന്നും ജ്വലിക്കും .. നിന്നെ വെറുമൊരു ബോഡിയായി ഞങ്ങൾ വിടില്ല …. നിന്റെ ഓര്‍മ്മകള്‍ ജീവിക്കും…. ഞങ്ങളിലൂടെ ……………
Leave a Reply