ഞങ്ങൾ എല്ലാവരും ഉറക്കമായിരുന്നെങ്കിലും പ്രഭാതം പതിവിലും ഭംഗിയായി പൊട്ടിവിരിഞ്ഞു.. ഞങ്ങളിൽ പലരും ഉണരുന്നതിനു മുമ്പ് തന്നെ ബിനു ബാലകൃഷ്ണനിലെ ക്യാമറമാൻ ഉണർന്നിരുന്നു.. മലയണ്ണാന്റേയും കിളികളുടെയും മറ്റു പലതിന്റെയും പിറകെ ക്യാമറയും കടിച്ചു തൂക്കി നടന്നിട്ട് ബിനു തിരികെ എത്തി വിളിച്ചപ്പോഴാണ് ഞങ്ങൾ പലരും എണീറ്റത്..
സുമേഷ് എണീറ്റപ്പോൾ മുതൽ …എനിക്ക് വിശക്കുന്നേ എന്നലറുന്നുണ്ടായിരുന്നു.. ഏതായാലും എല്ലാവരും എണീറ്റ് ചായക്കു ഓർഡർ കൊടുത്തിട്ട് വീണ്ടും ഫ്ലാഷ് കളിക്കാനിരുന്നു.. തലേദിവസത്തെ പോലെ അന്നും ഭാഗ്യദേവത വലിയേട്ടനെ വിട്ടുപിരിഞ്ഞില്ല.. പലരും പാതി വഴിക്ക് കളി ഉപേക്ഷിച്ചു.. വലിയേട്ടന്റെ പോക്കെറ്റ് കനത്തുകൊണ്ടേ ഇരുന്നു ..
മുരളിചെട്ടന്റെ ബ്രേക്ക് ഫാസ്റ്റ് റെഡിയായി എന്ന അനൗണ്‍സ്മെന്റ് കേട്ടതും കളി നിന്നതും ഒരുമിച്ചായിരുന്നു.. പിന്നെ പുതിയൊരു മത്സരമായിരുന്നു.. ഇത്തവണയും തീറ്റി മത്സരത്തിൽ സുമേഷ് തന്നെ ജയിച്ചു.. ബ്രെഡും ബട്ടറും പഞ്ചസാരയും കൂടി ഇത്ര നല്ല ഒരു കോമ്പിനേഷൻ ആണെന്ന് അന്നാ ഞാൻ ഉൾപ്പടെ പലർക്കും മനസ്സിലായത് …
ബ്രേക്ക് ഫാസ്റ്റ് കഴിഞു ആത്മാവിനു ഒരു പുക കൊടുത്തുകൊണ്ട് നിന്നപ്പോഴേക്കും കഥാ നായകൻ സണ്ണിച്ചായൻ സ്ഥലത്തെത്തി.. 45-50 വയസ്സ് പ്രായം വരും.. കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ.. 25 ഏക്കർ കാടിന്റെ ഉടമസ്ഥൻ.. സ്വന്തമായി ഹൈഡ്രോ ഇലക്ട്രിക് പവർ പ്ളാന്റുള്ള മലയാളി.. അങ്ങിനെ പല രീതിയിലും വ്യത്യസ്തനാമൊരു പ്ളാന്ററാം സണ്ണിച്ചൻ…
ഇത്തവണ നിങ്ങളെ ഞാൻ ഫാന്റം ഫാൾസിന്റെ അടുത്ത് കൊണ്ടുപോകാം.. കഴിഞ്ഞ തവണ മഴ ആയതുകൊണ്ട് പോകാൻ പറ്റിയില്ല.. എല്ലാവരും പെട്ടന്ന് റെഡി ആകൂ.. അച്ചായൻ പറഞ്ഞു..
കഴിഞ്ഞ തവണത്തെ ഞങ്ങളുടെ വിസിറ്റ് അച്ചായൻ ഇപ്പോഴും ഓർത്തിരിക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോൾ ഞങ്ങളിൽ പലർക്കും അതിശയവും ഒപ്പം അഭിമാനവും തോന്നി..
വയനാട്ടുകാരനായ സജി പക്ഷെ ഞങ്ങളോടൊപ്പം ഫാന്റം ഫാൾസിൽ വരാനില്ലായിരുന്നു.. വീട്ടിൽ എന്തോ അത്യാവശ്യമുള്ളത് കൊണ്ട് സജി വീട്ടിലേക്കായി മടങ്ങി
സജിയെ യാത്ര അയച്ച ശേഷം ഞങ്ങൾ എല്ലാവരും റെഡി ആയി. അച്ചായന്റെ അട്ട വിടച്യാതി കൊഴംബും ഡറ്റോളും മറ്റു സാധന സാമഗ്രികളുമായി അച്ചായന്റെ കൂടെ ഫാന്റം ഫാൾസ് ലക്ഷിയമാക്കി നടന്നു.. കാടിന്റെ നടുവിലൂടെ തികച്ചും ദുർഖടമായ വഴിയാണ് ഫാന്റം ഫാൾസിലേക്കുള്ള വഴി. ഞാൻ ഉൾപ്പടെ പലരും പോകുന്ന വഴിക്ക് തെന്നി വീണു. അട്ടവിടച്യാതി കുഴമ്പ് പുരട്ടാത്ത പല സ്ഥലങ്ങളിലും അട്ട പിടി മുറുക്കി.. പക്ഷെ ഡറ്റോൾ തൊട്ടപ്പോൾ തന്നെ അട്ട പിടിയും വിട്ടു.. വഴിയിൽ പലതര പ്രതിബന്തങ്ങളും ഉണ്ടായി.. ഇതൊന്നും വകവയ്ക്കാതെ സണ്ണിച്ചായൻ ഞങ്ങൾക്ക് വഴികാട്ടിയായി മുന്നിൽ നടന്നു.. പോകുന്ന വഴിക്ക് മണ്ണിൽ പതിഞ്ഞ ചില മൃഗങ്ങളുടെ കാൽ പാടുകൾ പുലിയുടെ കാല്പാടുകൾ ആണെന്ന് വരെ അച്ചായാൻ പറഞ്ഞു.. വയനാടും അവിടുത്തെ ഒരു കൊടും കാടുമായതു കൊണ്ട് പുലിയല്ലെങ്കിലും മാനിന്റെ കാൽ ആണെന്ന് ഞങ്ങൾക്ക് വിശ്വസിക്കെണ്ടാതായി വന്നു.. കുത്തനെ ഉള്ള ഇറക്കത്തിലൂടെ തെന്നിയും തെറിച്ചും നിരങ്ങിയും വീണും ഒരുവിധം ഞങ്ങൾ അരുവിയുടെ അടുത്തെത്തി..
കുറച്ചകലയായി കളകളാരവം മുഴക്കി പാറകളെയും ഇലകളെയും തഴുകി ഒഴുകുന്ന കള്ളാടി പുഴയുടെ ശ്രുതി മധുരമായ ശബ്ദം ഞങ്ങളുടെ കർണ്ണങ്ങൾക്ക് ഇമ്പമേകി കേട്ട് തുടങ്ങി.. പിന്നെ ഒരാവേശമായിരുന്നു.. ഒരാക്രാന്തം.. എത്രയും പെട്ടന്ന് ആ പുഴയിലേക്ക് ചാടണം.. മനസ്സും ശരീരവും ഒക്കെ ആ പുഴയിൽ സമർപ്പിക്കണം. കുറെ നേരം പ്രകൃതിയുടെ ആ തഴുകലിലും തലോടലിലും ചിലവഴിക്കണം …
അത്തരം ചിന്തകളായിരിക്കും ഒരുപക്ഷെ ഞങ്ങളെ ഞൊടിയിടയിൽ പുഴയുടെ അടുത്തെത്തിച്ചത് .. ഞങ്ങൾ എത്തിചേർന്നതിനു തൊട്ടടുത്തായിരുന്നു ഫാന്റം ഫാൾസിന്റെ ഉറവിടം.. ആഴമില്ലാത്ത ഒരു സ്ഥലത്തുകൂടി വളരെ ശ്രദ്ധയോടെ ഞങ്ങൾ പുഴ മുറിച്ചു കടന്നു. എവറസ്റ്റ് കീഴടക്കിയ ടെൻസിങ്ങിനെയും ഹിലാരിയേം പോലത്തെ ഒരവസ്ഥയായിരുന്നു അവിടെ എത്തിയപ്പോൾ എല്ലാവര്ക്കും .. അത്രയും പ്രയസമേറിയാതായിരുന്നു ദുർഖട പാതയിലൂടെ ഉള്ള ആ യാത്ര. എല്ലാവരുടെയും തളർച്ച മാറ്റാൻ സുമേഷ് എനർജ്ജി ഡ്രിങ്ക്സ് കൊണ്ട് വന്നു.. അതിനു ടച്ചിങ്ങ്സായി നല്ല പൊടിമീൻ ഫ്രൈയും ഉണ്ടായിരുന്നു..
പല വെള്ളച്ചാട്ടങ്ങളുടെയും താഴെ നിന്ന് ഫോട്ടോ എടുത്തിട്ടുള്ള ചരിത്രമേ ഞങ്ങളിൽ പലർക്കുമുള്ളൂ ആദ്യമായിട്ടാണ് ഒരു വെള്ളച്ചാതടത്തിന്റെ പ്രഭവ കേന്ദ്രത്തിൽ എത്തുന്നത് .. തികച്ചും ഭയാനകവും ഒപ്പം അദ്ഭുതാവഹവുമായിരുന്നു ആ കാഴ്ച.. ഞങ്ങൾ നില്ക്കുന്ന ഭാഗത്ത് നിന്ന് വെള്ളം ഒരു പാറയുടെ പുറത്തുകൂടി ഒഴുകി ഏകദേശം 40 അടി താഴേക്ക് പതിക്കുന്ന ആ ദൃശ്യം ആരെയും ഭീതിപ്പെടുത്തും.. ഒപ്പം അതിശയതിന്റെ ആത്മ നിർവൃതിയിലേക്ക് കൊണ്ട് പോവുകയും ചെയ്യും.. എതായലും ആ മനോഹര ദൃശ്യം പലരും ക്യാമറയിൽ പകർത്തി..
തികച്ചും ആളൊഴിഞ്ഞ പ്രദേശമായത് കൊണ്ട് വശ്യചാരുതയുള്ള പലതരം കാഴ്ചകളുടെയും സമ്മേളന സ്ഥലമായിരുന്നു അവിടം. ബിനു ഒരുകൂട്ടം ശലഭങ്ങൾക്ക് പിറകെ ആയിരുന്നു.ഒരേ പോലത്തെ ഒരു കൂട്ടം ശലഭങ്ങൾ ബിനുവിന്റെ കഷ്ടപ്പാട് കണ്ടു ഒരിടത്ത് ഫോട്ടോ എടുക്കാൻ പാകത്തിന് വരി വരിയായി ഇരുന്നു കൊടുത്തു.. ഫോട്ടോ സെഷൻ ഒരു സൈഡിൽ നടന്നപ്പോൾ ഞങ്ങൾ ഓരോരുത്തരായി കള്ളാടി പ്പുഴയിൽ ലയിച്ചു..
പലരീതിയിൽ ആ ജലക്രീട ഞങ്ങൾ ആസ്വദിച്ചു.. പുഴയുടെ അടിത്തട്ടിൽ നിന്ന് ഞാൻ മുങ്ങിയെടുത്ത ഒരു ഉരുളൻ പാറ സുമേഷ് തന്റെ ഫിഷ് ടാങ്കിലേക്ക് വേണമെന്ന് പറഞ്ഞു മാറ്റി വച്ചു. സണ്ണിച്ചായാൻ ഇരുന്നും കിടന്നും പല പോസുകളും ക്യാമറയിൽ ഒപ്പുന്നുണ്ടായിരുന്നു. ഏകദേശം മൂന്നു മണിക്കൂർ അവിടെ അർമ്മാദിച്ചു ഞങ്ങൾ തിരികെ റിസോർട്ട് ലക്ഷ്യമാക്കി നടന്നു.
തിരികയുള്ള യാത്ര കയറ്റമായതിനാൽ തികച്ചും ദുഷ്കരമായിരുന്നു.. കുത്തനെയുള്ള കയറ്റം ഒഴിവാക്കി സണ്ണിച്ചായാൻ മറ്റൊരു വഴിയിൽ കൂടിയാ ഞങ്ങളെ കൊണ്ടുപോയത്.. ആ വഴിയായിലായിരുന്നു അച്ചായന്റെ സ്വന്തം ജല വൈദ്യുതി കേന്ദ്രം.. അതൊരു വേറിട്ട കാഴ്ചയായിരുന്നു.. ഒഴുകുന്ന വെള്ളത്തിൽ നിന്നും എങ്ങിനെ വൈദ്യുതി ഉണ്ടാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്.. കുറെ നേരം ആ അസുലഭ നിമിഷം ആസ്വദിച്ചു ഞങ്ങൾ തിരികെ കോട്ടെജിലേക്ക് നടന്നു.. ഫിഷ് ടാങ്കിലിടാനുള്ള പാറയുമായി ശരിക്കും കഷ്ടപെട്ടാണ് സുമേഷ് ആ കയറ്റം മുഴുവം കയറിയത് .. തിരികെ വന്നപ്പോൾ പലരെയും അട്ട കടിച്ചിരുന്നു. ക്ഷീണം കാരണം വരുന്ന വഴി ആരും അതത്ര ശ്രദ്ധിച്ചിരുന്നില്ല..
റിസോർട്ടിൽ എത്തിയപ്പോഴേക്കും ഏകദേശം 4 മണിയായി.. സമയം താമസിച്ചതും വെള്ളത്തിലെ അഭ്യാസവും ഉള്ളിലെ വെള്ളത്തിന്റെ അഭ്യാസവും കൂടി ആയപ്പോൾ എല്ലാവരും തളർന്നിരുന്നു. എനിക്ക് വിശക്കുന്നേ എന്ന് വിളിച്ചു കൂവാൻ പോലും ആർക്കും ആരോഗ്യമില്ലായിരുന്നു.. ഏതായാലും ഞങ്ങളുടെ അവസ്ഥ അറിഞ്ഞട്ടാണെന്ന് തോന്നുന്നു മുരളിചേട്ടൻ വളരെ പെട്ടന്ന് തന്നെ ഊണ് റെഡിയായി എന്ന അനൗണ്‍സ്മെന്റ് നടത്തി.. അതുകേട്ടതും വർധിച്ച ആവേശത്തോടെ എല്ലാരും ഊണ് മേശക്കരികിൽ എത്തിയതും ഒരുമിച്ചായിരുന്നു.
പതിവുപോലെ പിന്നെ ഒരു മത്സരമായിരുന്നു.. ബീഫ് കറിയും മീൻ വറത്തതും മറ്റു കറികളും എല്ലാം ഒന്നിനൊന്നും മെച്ചം.. ആ ഊണിനു ഞങ്ങളോടൊപ്പം സണ്ണിച്ചായനും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കേരള കോണ്‍ഗ്രസ്സ് എം ന്റെ ജില്ലാ പ്രസിഡന്റായ സണ്ണിച്ചായനും മാണി സാറും തമ്മിലുള്ള ബന്ധം പുറത്തു കൊണ്ടുവരാൻ ഉമ്മൻചാണ്ടിയുടെ ബന്ധുവായ സ്വരൂപ് പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടായിരുന്നു. സണ്ണിച്ചായന്റെ റിസോർട്ട് യഥാർത്ഥത്തിൽ മാണിസാറിന്റെ റിസോർട്ട് ആണോ എന്നുവരെ സ്വരൂപ് ചോദിച്ചു.. ഒരു തികഞ്ഞ രാഷ്ട്രീയക്കാരനെ പോലെ സണ്ണിച്ചായൻ പല ചോദ്യങ്ങൾക്കും പിടി കൊടുക്കാതെ വഴുതി മാറിക്കൊണ്ടേ ഇരുന്നു.
ഭക്ഷണം കഴിഞ്ഞു എല്ലാവരും അല്പ്പനേരം വിശ്രമിച്ചു.. അതിനുശേഷം പിന്നയും ഫ്ളാഷ് കളി ആരംഭിച്ചു. ഇത്തവണയും വല്ലിയേട്ടൻ എന്ന സുശാന്ത് തന്നെയായിരുന്നു താരം. കുറെ നേരം ഫ്ലാഷ് കളിച്ചതിനു ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു.. അടുത്ത ദിവസം പലരും പല സമയത്ത് തിരിക്കുന്നതുകൊണ്ട് ഈ ഒത്തുചേരൽ എല്ലാ വർഷവും വേണമെന്ന നിശ്ചയദാർഡ്യത്തോടെയും ഇത്തവണത്തെ ഒത്തുചേരൽ അവസാനിച്ചല്ലോ എന്നാ വിഷമത്തോടെയും പിന്നെയും കാണാമെന്നും കാനനമെന്നുമുള്ള ദൃഡ നിശ്ചയത്തോടും എല്ലാവരും പിരിയാൻ തീരുമാനിച്ചു.. അടുത്ത ഒത്തുചേരലിന്റെ ചേരുവകകൾ സ്വപ്നം കണ്ടുകൊണ്ടു ഞങ്ങൾ എല്ലാവരും ഉറങ്ങാൻ കിടന്നു..
ശുഭം !
Leave a Reply