എന്റെ മകൾ ഈ വർഷം ഒന്നാം ക്ളാസ്സിൽ പഠിക്കാൻ കയറി എന്നുള്ളതു എന്റെ ജീവിതചര്യകളിൽ കാര്യമായ മാറ്റം വരുത്തിയ ഒന്നാണ് . കഴിഞ്ഞ വർഷം വരെ ഒരാളെ (മകനെ) മാത്രം രാവിലെ എഴരക്ക് റെഡിയാക്കിയെന്നു വരുത്തി ബസ് സ്റ്റോപ്പിൽ എത്തിച്ചാൽ മതിയായിരുന്നു.. ഈ വർഷം കഥ മാറി..രണ്ടു പേരേയും റെഡി ആക്കി ഏഴരക്ക് ഇറക്കുക എന്നുള്ളത് കട്ടേം പടോം മടങ്ങുന്ന പണിയാണെന്ന് ആദ്യത്തെ ആഴ്ച തന്നെ എനിക്കും സഖിക്കും മനസ്സിലായി.. ആദ്യമാദ്യം മകൾക്ക് സ്കൂളിൽ പോകാൻ ഒരു ആവേശമായിരുന്നു ..എന്നാൽ പയ്യെപയ്യെ അതില്ലാതായി ..
യുകെജിയിൽ ഒരുടീച്ചറും കുറച്ചു പഠിത്തവും കൂട്ടുതൽ കളികളുമായികഴിഞ്ഞ എന്റെ മകൾ ഒന്നാം ക്ളാസ്സിലെ പഠനം സ്വൽപ്പം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കാൻ അൽപ്പം താമസിച്ചു.. അതുവരെ രാവിലെ ആറരക്കു വിളിച്ചാൽ ചാടി എണീറ്റവൾ ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയ അന്ന്മുതൽ വിളിച്ചാൽ എണീക്കാതെയായി.. അഞ്ചാറു റൗണ്ട് വിളികളും വെള്ളമോഴിക്കലും ഒക്കെകഴിഞ്ഞു ഏകദേശം ആറ്അമ്പതാകും എണീക്കാൻ. പിന്നെ നിന്നും ഇരുന്നും ഒരഞ്ചു മിനിട്ടുകൂടി ഉറങ്ങും.. പണ്ട് ഞാൻ സ്കൂളിൽ പോകാൻ മടിപിടിച്ചിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട് … അന്ന്സ്കൂളിൽ പോകാതിരിക്കാൻ ഞാൻ ഇറക്കിയ പല നമ്പറുകളേയും കവച്ചുവയ്ക്കുന്ന പുതിയ പല നമ്പറുകളും അവൾ ഇറക്കിതുടങ്ങി..മാത്സ് ടീച്ചർ ചിരിക്കൂല്ല ..ഹിന്ദിടീച്ചർ ഒച്ചവെക്കും.. ഡാൻസ് ക്ളാസ്സിൽ വെട്ടമില്ല .. ടീച്ചർ ഡോർ അടച്ചിടും ..അതവൾക്ക് പേടിയാ.. തുടങ്ങി പലതരം നമ്പറുകൾ.. എന്നാൽ അതിനൊന്നും വശംവദരാകാതെ ഞാനും സഖിയും അവളെ ഒരുവിധം റെഡി ആക്കി കൃത്യസമയത്ത് തന്നെ ബസ് സ്റ്റോപ്പിൽ എത്തിച്ചു കൊണ്ടേഇരുന്നു .. മകൻ ഏതായാലും നാലാം ക്ലാസ്സിൽ ആയതിന്റെ പക്വത റെഡി ആകുന്ന കാര്യത്തിൽ പ്രകടിപ്പിച്ചു തുടങ്ങി.. അത് ഞങ്ങളുടെ ജോലിഭാരം തെല്ലൊന്നു കുറച്ചു..
അങ്ങിനെ പലതരം പ്രഭാതപ്രതിസന്ധികളേയും തരണം ചെയ്തു പോക്കൊണ്ടിരിക്കവേ പെട്ടന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച മകൾ വന്നു പറഞ്ഞത് അന്ന് വൈകുന്നേരം ഫോണ്‍ വിളിക്കണമെന്ന് അവളുടെ ഹിന്ദി ടീച്ചർ പറഞ്ഞു വിട്ടിരിക്കുന്നു എന്ന കാര്യം…അന്ന് അവൾ ഹിന്ദിയുടെ നോട്ട്ബുക്ക് കൊണ്ടുപോകാൻ മറന്നിരുന്നു.. അത്കൊണ്ടായിരിക്കും അങ്ങിനെ ടീച്ചർ പറഞ്ഞുവിട്ടിരിക്കുന്നത് എന്നാണ് ഞങ്ങൾ കരുതിയത് … കൊച്ചു കുട്ടികളെ സ്കൂളിൽ വിടുമ്പോൾ രക്ഷകർത്താക്കളിൽ നിക്ഷിപ്റ്റമായിരിക്കുന്ന ഭാരിച്ച ഉത്തരവാദത്തെപറ്റി ഒരു പ്രഭാക്ഷണം നടത്താൻ വേദിയൊരുക്കാൻ വേണ്ടിയാണ് ടീച്ചർ വിളിക്കാൻ പറഞ്ഞതെന്ന് എനിക്കും സഖിക്കും ലവലേശം സംശയമില്ലായിരുന്നു .. അങ്ങനത്തെ കാര്യങ്ങളിൽ ഒന്നും ഞാൻ കൈകടത്താതത്കൊണ്ടും സഖി അത് മോശമല്ലാതെ കൈകാര്യം ചെയ്യുന്നത്കൊണ്ടും ഞാനൊന്നുംഅറിഞ്ഞില്ലേ രാമനാരായാണ എന്നമട്ടിൽ ഞാൻ ഓഫീസിൽ പോയി ..
തിരികെ വന്നപ്പോൾ കേട്ട കഥ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു .. സഖി ടീച്ചറെ വിളിച്ചു നന്ദനയുടെ അമ്മയാ … എന്തിനാ ടീച്ചർ വിളിക്കാൻ പറഞ്ഞതെന്ന് സഖി ചോദിച്ചു… ആദ്യം ടീച്ചറിന് മനസ്സിലായില്ല… ഏതു നന്ദന എന്നായി ടീച്ചർ.. പിന്നെ സഖി മകളെ പറ്റി വിവരിച്ചു.. കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ ടീച്ചറിന് ആളെ മനസ്സിലായി.. എന്നിട്ട് ടീച്ചർ പറഞ്ഞു ..ഓ ആ നന്ദനയെ എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റില്ല .. എന്റെ അധ്യാപന ജീവിതത്തിൽ ആദ്യമായാ ഒരു കുട്ടി എന്നോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്
സഖി : അവൾ എന്ത് ചോദിച്ചു ടീച്ചർ
ടീചർ : ഇന്ന് ഹിന്ദി നോട്ട് ബുക്ക് കൊണ്ടുവരാത്തതിനു ഞാൻ വഴക്ക് പറഞ്ഞു.. അപ്പോൾ മോള് സീറ്റിൽ നിന്നും എണീറ്റ് എന്റെ അടുത്തുവന്നിട്ട് ചോദിച്ചു.. ടീച്ചർ എന്തിനാ ഇങ്ങനെ ഒച്ചത്തിൽ വഴക്ക് പറയുന്നത് .. കേട്ടിട്ട് എനിക്ക് പെടിയാകുവാ എന്ന്.. അപ്പോൾ ഞാൻ മോളോട് പറഞ്ഞു മോള് നോട്ട് ബുക്ക് കൊണ്ട് വരാത്തത് കൊണ്ടല്ലേ ഞാൻ വഴക്ക് പറഞ്ഞത് എന്ന് .. അപ്പോൾ അവൾ പറഞ്ഞു അതിനു പതിയെ പറഞ്ഞാൽ പോരെ… വെറുതെ ഒച്ചവെച്ച് എന്നെ പേടിപ്പിക്കണോ എന്ന് .. ബാക്കിയുള്ള കുട്ടികളും പേടിക്കില്ലേ എന്നും ചോദിച്ചു ..
സഖി : അയ്യോ ടീച്ചർ സോറി .. അവൾ അങ്ങിനെ ചോദിക്കുമെന്ന് ഞാൻ കരുതിയില്ല
ടീചർ :എന്റെ ഇത്രയും കാലത്തെ അധ്യാപന ജീവിതത്തിൽ ആദ്യമായാ ഒരു കുട്ടി അങ്ങിനെ ചോദിക്കുന്നത് .. അപ്പോൾ ഞാൻ മോളോട് ചോദിച്ചു .. മോളെ വീട്ടിൽ തെറ്റ് ചെയ്‌താൽ അമ്മ വഴക്ക് പറയില്ലേ.. സ്കൂളിൽ ഞങ്ങൾ ടീച്ചറുംമ്മാർ നിങ്ങളുടെ അമ്മമാരെ പോലെയാ.. തെറ്റ് ചെയ്‌താൽ ഞങ്ങൾ വഴക്ക് പറയും .. അപ്പോൾ അവൾ പറഞ്ഞു.. വഴക്ക് പറയണ്ടാ എന്ന് ആര് പറഞ്ഞു .. പറയാണം .. പക്ഷെ അതിനു ഒച്ച വെക്കണ്ട കാര്യമുണ്ടോ .. ഏതായാലും അവൾ എന്റെ കണ്ണ് തുറപ്പിച്ചു .. ഒരിക്കലും ഞാനിതു മറക്കത്തില്ല ..
സഖി അത് കേട്ട് ബ്ളിങ്കസ്സ്യാന്നായി .. പിന്നെ അതിനെ പറ്റി കൂടുതൽ ചോദിക്കാതെ ബാക്കി കാര്യങ്ങൾ സംസാരിച്ചു ഫോണ്‍ വച്ചു ..
ഏതായാലും അവൾ ചോദിച്ചത് ശരിയല്ലേ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു .. ഒന്നാം ക്ളാസ്സിൽ ആയപ്പോൾ ഇതാ സ്ഥിതിയെങ്കിൽ ബാക്കിയുള്ള ക്ളാസ്സുകളിൽ എന്താകുമോ എന്തോ..`ടീച്ചറുംമാർ ഇനി എന്തെല്ലാം പഠിക്കാൻ കിടക്കുന്നു !!!!!!
Leave a Reply