അങ്ങനെ ഒരു ഓണക്കാലം
അങ്ങനെ വീണ്ടുമോരു ചിങ്ങ മാസം വന്നെത്തി .. മറ്റൊരു ഓണക്കാലത്തിന്റെ തയ്യാറെടുപ്പിലാണ് എല്ലാ മലയാളികളും…രൂപ ഒരു ഡോളറിനു 70 ലേക്ക് കൂപ്പു കുത്തികൊണ്ടിരിക്കുന്ന ഈ സമയത്ത് .. ചിക്കന് 150 രൂപയും.. രസകദളി അഥവാ ഞാലിപൂവൻ പഴത്തിന് 70 രൂപയും… അരിക്ക് 50 രൂപയും.. സവാളക്ക് 100 രൂപയുമുള്ള ഈ ഓണക്കാലത്ത് എന്തല്ലാം വിറ്റാൽ മല്ലൂസിനു ഓണം ഉണ്ണാം എന്ന് കണ്ടറിയണം.. എന്നാലും എന്നൊക്കെ ആയാലും മിക്കവർക്കും ഓണം എന്നു കേൾക്കുമ്പോൾ കുട്ടിക്കാലവും അന്നത്തെ ഓണവും അതിന്റെ ഒരു സന്തോഷവും അഭിമാനവും.. ആഭിജാത്യവും.. ആഘോഷവും.. ഒക്കെയാണ് ..
പച്ച വിരിച്ച നെൽപ്പാടങ്ങളും.. ചറിയ തോടുകളും..ചെറുതും വലുതുമായ കുളങ്ങളും.. പലതരം ചെടികളും.. ഇടതൂർന്നു വളർന്ന മരങ്ങളും സ്നേഹം നിറഞ്ഞനാട്ടുകാരും എല്ലാമുള്ള (എല്ലാം ഉണ്ടായിരുന്ന എന്ന് വേണം ഇപ്പോൾ പറയാൻ) മുതുകുളം എന്ന ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലവും അന്നത്തെ ഓണവും..അന്നത്തെ ആഘോഷങ്ങളുമാണ് എന്റെ മനസ്സിൽ ഓണമെന്നു കേൾക്കുമ്പോൾ ഇന്നും ഓടിയെത്തുന്നത്.. അവിടെ എന്റെ അച്ഛന്റെ കുടുംബ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.. കുടുംബം ഇന്നും അവിടത്തന്നെ..
കൂട്ടുകുടുംബമായിരുന്നില്ലെങ്കിലും കുടുംബത്ത് താമസിക്കുന്നത് കൊണ്ട് അച്ഛന്റെ സഹോദരീസഹോദരൻമാരുടെ മക്കളെല്ലാം ഓണത്തിന് വീട്ടിലെത്തുമെന്നതായിരുന്നു അക്കാലത്തെ ഓണത്തിന്റെ ഒരു പ്രത്യേകത.. എല്ലാവർക്കും അവിട്ടം നാളിൽ ഞങ്ങളുടെ വീട്ടിലാണ് ഓണസദ്യ.. അന്നൊക്കെ വല്ലപ്പൊഴുമൊരിക്കലാണ് വീടുകളിൽ ഇറച്ചിക്കറി ഉണ്ടാക്കുന്നത്. ഇന്നത്തെ പോലെ ബ്രോയിലർ ചിക്കണ്‍ അന്ന് സുലഭമല്ലാത്തത് കൊണ്ട് വീട്ടിൽ വളർത്തുന്ന പൂവൻ കോഴികളുടെയും പ്രായമായ പിട കോഴികളുടെയും, പൂവൻ താറാവുകളുടേയും കഷ്ടകാലമാണ് ഓണക്കാലം.. പല നാട്ടിലും ഓണത്തിന് ഇറച്ചി വയ്ക്കുമോ എന്ന് എനിക്കിപ്പോഴും നിശ്ചയമില്ല.. പക്ഷെ ഞങ്ങളുടെ നാട്ടിൽ മിക്കവീട്ടിലും ഓണത്തിന് ഇറച്ചിക്കറി അന്നും ഇന്നും ഒരു അവിഭാജ്യ ഘടകം തന്നെയാണ്.. അന്നത്തെ ആ ഇറച്ചി കറിയുടെ രുചി ഓർക്കുമ്പോൾ ഇന്നും നാവിൽ വെള്ളമൂറും..
ഓണത്തിന് മുന്നോടിയായി വീട്ടിലെ രണ്ടു പ്ളാവുകളിൽ ഊഞ്ഞാലിടുമായിരുന്നു. ഇന്നത് വീടിന്റെ സണ്‍ ഷെയ്ഡിന്റെ രണ്ടു കൊളുത്തിൽ ഒതുങ്ങി.. അന്ന് ഊഞ്ഞാലിൽ ചില്ലാട്ടം പറക്കുക എന്നോരഭ്യാസം ഉണ്ട്. ഊഞ്ഞാലിൽ നിന്ന് കൊണ്ട് ആടുന്ന ഒരു രീതിയാണ് അത് . പിറകിലോട്ടു പോയി കാലുകൊണ്ട് ആയം എടുത്തു മുൻപോട്ടു വരികയും മുന്നിൽ എത്തുമ്പോൾ ഊഞ്ഞാലിന്റെ കയറുകൾ കൈകൊണ്ടു അകത്തുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ഊഞ്ഞാലാട്ടം.. ഏതായാലും പേര് സൂചിപ്പിക്കുന്നത് പോലെ ഊഞ്ഞാലിൽ പറക്കുന്ന ഒരു പ്രതീതി അത് ഉണ്ടാക്കുമായിരുന്നു.. ചില്ലാട്ടം പറന്നു പ്ളാവിലെ ഇല കടിചെടുക്കുന്ന ഒരു മത്സരവും അന്നുണ്ടായിരുന്നു.. ഇന്നും പല വീടുകളിലും ഊഞ്ഞാലു കാണാറുണ്ട് .. പക്ഷെ ചില്ലാട്ടം എന്ന ഈ കല ഇന്നത്തെ കുട്ടികൾക്ക് അറിയുമോ എന്നു എനിക്ക് സംശയമുണ്ട് …
ഓണ ദിവസങ്ങളിൽ രാവിലെ പേരിനൊരു പൂക്കളമിട്ടുകഴിഞ്ഞാൽ ഞങ്ങളുടെ പ്രധാന പണിയാണ് ഊഞ്ഞാലിലുള്ള ഈ അഭ്യാസം. കൂടുതൽ പ്ലാവില കടിച്ചെടുക്കുന്നവർ മത്സരത്തിൽ ജയിക്കും. അതുപോലെ മറ്റൊരു കളിയായിരുന്നു ആശാൻ പന്ത് കളി.. ഓല കൊണ്ടുണ്ടാക്കിയ പന്തും കമ്പ് കൊണ്ടുള്ള ആശാനും വച്ചുള്ള ഒരു കളി.. ഇതൊക്കെ ഇന്ന് അന്ന്യം നിന്നിരിക്കുന്നു എന്ന് വേണം കരുതാൻ.. ഓണത്തിന് മുമ്പുതന്നെ വീട്ടിൽ പലതരം ഉപ്പേരികൾ വറക്കും.. അച്ചപ്പം, മുറുക്ക്, പക്കാവട, ഡയമണ്ട്, വഴക്കാ ഉപ്പേരി .. തുടങ്ങി പലതരം നിറത്തിലും രുചിയിലും പല രൂപത്തിലും ഭാവത്തിലുമുള്ള ഉപ്പേരികൾ അന്നുണ്ടാക്കുമായിരുന്നു.. വീട്ടിൽ വരുന്ന ബന്ധുക്കൾ അവരുടെ വീട്ടിലുണ്ടാക്കുന്ന ഐറ്റംസ് കൊണ്ടുവരുന്നതും പതിവായിരുന്നു.. അങ്ങിനെ വിവിധ തരം ഉപ്പേരിയും തിന്നു പലതരം കളികളും കളിച്ചു ഉച്ചയാകുമ്പോഴേക്കും കുളിച്ചു ഓണക്കോടിയും അണിഞ്ഞു ഓണ സദ്യ കഴിക്കാൻ ഞങ്ങൾ തയ്യാറാകും .. സദ്യക്ക് ഇറച്ചി കൂടാതെ പലതരം കറികൾ കാണും.. തറയിൽ ഇരുന്നു വാഴയിലയിൽ ഉപ്പെരിമുതൽ ഇറച്ചി വരെ വിളമ്പി ഞങ്ങൾ കഴിക്കനിരിക്കും.. പിന്നെ ഒരു മത്സരമാണ് ..അവസാനം എന്റെ അമ്മയുടെയും അച്ഛന്റെയും മാസ്റ്റർപീസ് ഐറ്റം ആയ കസ്റ്റേർഡ് വിത്ത് ഫ്രൂട്സും കൂടി കഴിച്ചു കഴിയുമ്പോൾ വയറു പൊട്ടാറാകും..അപ്പോൾ മാത്രമേ കഴിപ്പുനിർത്തി എല്ലാവരും എണീക്കൂ..
സദ്യ കഴിഞ്ഞാൽ ഞങ്ങളുടെ അടുത്ത പരിപാടി തിരുവാതിര കാണാൻ പോകലാണ്. എന്റെ വീട്ടില് നിന്നും അര മണിക്കൂറെങ്കിലും നടന്നാലാണ് തിരുവാതിര നടക്കുന്ന സ്ഥലത്ത് എത്തുക. മുണ്ടാകപാടവരമ്പുകളിലൂടെ നടന്നു വേണം തിരുവാതിര സൈറ്റിൽ പോകാൻ.. പോകുന്ന വഴിയിൽ പലയിടത്തും ചെറിയ ചാലുകളും തോടുകളുംഉണ്ടായിരുന്നു.. ചാലുകളിലും തോട്ടിലും എല്ലാം അന്ന് നല്ല തെളിഞ്ഞ ശുദ്ധമായ വെള്ളമായിരുന്നു.. ആമ്പൽ ചെടികളും അതിന്റെ വെള്ളയും റോസും നിറത്തിലുള്ള പൂക്കളും ആ ചാലുകളുടെ ഭംഗി ഒന്നുകൂടി വർധിപ്പിച്ചിരുന്നു.. ആമ്പലിന്റെ കായ് പറിച്ചു തിന്നുക എന്നത് അന്ന് ഞങ്ങളുടെ ഒരു ഇഷ്ട വിനോദമായിരുന്നു.. പോകുന്ന വഴിയിലെ മറ്റൊരു രസകരമായ കളി തെളിഞ്ഞ വെള്ളത്തിൽ മീൻ പിടുത്തമായിരുന്നു.. രണ്ടു കമ്പുകൾ കൊണ്ട് പള്ളത്തി എന്ന മീനിനെ നിഷ്പ്രയാസം ഞങ്ങൾ പിടികൂടുമായിരുന്നു.. പാവം പള്ളത്തി, അതിന്റെ വിചാരം രണ്ട് കമ്പ് വച്ചാൽ പിന്നെ കീഴടങ്ങാതെ നിവൃത്തി ഇല്ല എന്നാണ്.. കമ്പിന്റെ ഇടയിലെ മണ്ണിൽ അത് ഒളിക്കും.. ഒരു രസത്തിനു അതിനെ പിടിച്ചിട്ട് അപ്പോൾ തന്നെ വെള്ളത്തിലേക്ക് തിരിച്ചുവിടും.. അതിൽ ഞങ്ങൾ സായൂജ്യമടയും..
അങ്ങിനെ വെള്ളത്തിലും ചാടി.. മീനും പിടിച്ചു… ആമ്പലും പറിച്ചു.. അതിന്റെ കായും തിന്നു .. ഒരുവിധം തിരുവാതിര നടക്കുന്ന സ്ഥലത്തെത്തുമ്പോഴേക്കും മിക്കവാറും ഓണക്കൊടിയുടെ പുതുമ നഷ്ടപെട്ടിരിക്കും .. അടുത്തടുത്ത രണ്ടു സ്ഥലങ്ങളിലായാണ് തിരുവാതിര നടക്കുന്നത് .. ആദ്യം ഒരെടുത്തിരുന്നു കുറേനേരം തിരുവാതിര കാണും പിന്നെ അടുത്ത സ്ഥലത്തേക്ക് പോകും.. പലതരം പാട്ടുകളാണ് തിരുവാതിരക്കാർ ആലപിക്കുന്നത്.. പാടാൻ കുറെ പേർ ഉണ്ടാകും കളിക്കാൻ മറ്റു ചിലർ അങ്ങിനെ വൈകുന്നേരം ആകുമ്പോൾ തിരുവാതിരയും കഴിഞ്ഞു തിരികെ വീട്ടിലെത്തും…
മഹാബലിയെ സ്വീകരിക്കാൻ ഞങ്ങളുടെ നാട്ടിൽ എല്ലാവരും വീട്ടിലേക്കുള്ള വഴിയുടെ (ഇന്നത്തെ ഗേറ്റിന്റെ) ഇരു വശത്തും വാഴയുടെ തട കുഴിച്ചിട്ടു അതിൽ ഓലയുടെ വഴുക കുത്തിവച്ചിട്ട് അതിന്റെ പുറത്തു മരോട്ടിക്കായ് പൊട്ടിച്ചു വച്ച് വിളക്കുണ്ടാക്കി അത് കത്തിക്കും.. ഇന്ന് മരോട്ടിക്കായ് വിളക്ക് ഓട്ടുവിളക്കിനു വഴിമാറി.. വാഴ പലയിടത്തും ഓല മടലിനും മാറി കൊടുത്തു .. എന്നാലും ഇന്നും മറ്റു പലയിടത്തും ദീപാവലിക്കും വിഷുവിനും വിളക്ക് കത്തിക്കുന്ന പോലെ ഓണത്തിന് ഞങ്ങൾ വിളക്ക് കത്തിച്ച് മഹാബലിക്കു വേണ്ടി കാത്തിരിക്കും..
ഓണത്തിന് പടക്കം പോട്ടിക്കുന്നു എന്നാ സവിശേഷതയും എന്റെ ഗ്രാമത്തെ മറ്റു സ്ഥലങ്ങളില നിന്നും വിഭിന്നമാക്കുന്നു. ഞങ്ങളുടെ നാട്ടിൽ വിഷുവിനും ദീപാവലിക്കും ഒന്നും പടക്കം കിട്ടില്ല.. ഓണത്തിന് മാത്രമേ കിട്ടൂ.. ഓലപ്പടക്കവും എലിവാണവും കോടചക്ക്രവും പൂക്കുറ്റിയുമെല്ലാം സന്ധ്യയാകുമ്പോഴേക്കും വരവറിയിക്കും.. പിന്നെ ശബ്ധഘോഷമാണ് .. പടക്കം പൊട്ടിക്കൽ കലാപരിപാടി ഒരു എട്ടുമണി വരെ നീണ്ടു നില്ക്കും.. പടക്കവും അതിന്റെ ശബ്ദവും പേടിയുള്ളവർ പൂത്തിരിയിൽ ഒതുങ്ങും..
മറ്റൊരു രസകരമായ സംഭവം ഞങ്ങളുടെ നാട്ടില ഓണത്തിന് കരോൾ ഇറങ്ങുമെന്നതാണ് .. മഹാബലിയും വാമനനും ശുക്രാചാര്യരും എല്ലാം ഈ കരോളിനായി വേഷം കെട്ടും.. ഒരു വലിയ ഗ്യാങ്ങ് ആണ് ഈ കരോൾ നടത്തിയിരുന്നത്.. അവർ വീട്ടില് വരുന്നതും കാത്തു ഞങ്ങൾ ഉറക്കമൊഴിഞ്ഞ് നോക്കിയിരിക്കുമായിരുന്നു. മഹാബലി യാഗം നടത്തുമ്പോൾ വാമനൻ വരുന്നതും… മൂന്നടി ഭൂമി ചോദിക്കുന്നതും മഹാബലി അത് നല്കാൻ തയ്യറാകുന്നതും. അതുകണ്ട് ശുക്ക്രാചാര്യർ കലിക്കുന്നതും.. കലിപ്പ് വകവയ്ക്കാതെ മഹാബലി വാമനനു മൂന്നടി സ്ഥലം അളക്കാൻ അനുവാദം നല്കുന്നതും വാമനൻ മഹാബലിയുടെ സ്ഥാവരജംഗമങ്ങളെല്ലാം അളന്നു അവസാനം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതും എല്ലാം വളരെ തന്മയത്തത്തോടും വികാര വിക്ഷോഭത്തോടും കൂടി ഒരു പാട്ടിലൂടെ അവർ അവതരിപ്പിക്കുമായിരുന്നു.. ആ പാട്ട് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട് ..
അങ്ങിനെ പലതരം ആഘോഷങ്ങളിലൂടെ ആയിരുന്നു അന്നൊക്കെ ഓണം കടന്നുപോയിരുന്നത് ..
ഇന്ന് അതെല്ലാം പോയി .. ഓണത്തിന് സദ്യക്ക് ഞങ്ങൾ വീട്ടുകാർ മാത്രം..ഊഞ്ഞാലുകൾ വിരളമാണ് .. ഉള്ള ഊഞ്ഞാലിൽ ആടാൻ ആരുമില്ല.. ഊഞ്ഞാലിട്ടിരുന്ന പ്ളാവുമിന്നില്ല..പല ചാലുകളും ഉള്ള ചാലുകളിൽ തെളിഞ്ഞ വെള്ളവും ഇന്നില്ല. ഉള്ള വെള്ളത്തിൽ പള്ളത്തിയുമില്ല.. ആ മീനിനു വംശനാശം സംഭവിച്ചെന്നു തോന്നുന്നു.. തിരുവാതിരയുമില്ല… കരോളുമില്ല.. എന്തിനു ഓണത്തിന് ഉപ്പേരി വറക്കുന്ന വീടുകൾ പോലും വിരളമായിരിക്കുന്നു .. ആർക്കും ഒന്നിനും സമയവുമില്ല…ഒന്നും ചെയ്യാനുള്ള മനസ്സും..ആരൊഗ്യവുമില്ല.. ഇന്നത്തെ ഓണം രണ്ടെണ്ണം അടിക്കണം എവിടെങ്കിലും കിടന്നുറങ്ങണം … അങ്ങിനെ മാറിയിരിക്കുന്നു.. വിളക്ക് കത്തിക്കലും പടക്കം പൊട്ടിക്കലും ഇന്നും മാറ്റമില്ലാതെ തുടരുന്നു… മഹാബലിക്കുവേണ്ടിയുള്ള കാത്തിരിപ്പ് ഇന്നും ഒരർത്ഥത്തിൽ തുടരുന്നതിൽ നിർവൃതിയടഞ്ഞുകൊണ്ട് നിർത്തുന്നു !!!