രാത്തി ചിവരാത്തി ഇനിയെന്നും ചുപരാത്തി
ഒരു ദിവസം വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ എന്റെ മകള്‍ ഈ പാട്ട് പാടി കൊണ്ട് നടക്കുന്നത് കേട്ടു..കുപ്രസിദ്ധനായ ഡോക്ടര്‍. സര്‍ . ശ്രീ. സന്തോഷ് പണ്ഡിറ്റ് ജിയുടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈരടികളല്ലേ അല്ലേ അത് ….അതിശയത്തോടെ ഞാന്‍ വീണ്ടും ശ്രദ്ധിച്ചു…. എന്റെ കാതുകള്‍ക്കും കണ്ണുകള്‍ക്കും വിശ്വസിക്കാന്‍ പ്രയാസം തോന്നി… നാലര വയസ്സ് മാത്രമുള്ള എന്റെ മകളുടെ ബോധ മണ്ഡലത്തില്‍ കയറിപറ്റാന്‍ ഈ പാട്ടിനു സാധിച്ചല്ലോ എന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് വല്ലാത്തൊരു അപകര്‍ഷതാ ബോധം .. അവള്‍ പാടിയത് അത് തന്നെ എന്നുറപ്പ് വരുത്താന്‍ മകളെ അടുത്ത് വിളിച്ചു ചോദിച്ചു..
മോളൂ .. നീ ഏതു പാട്ടാ ഇപ്പോള്‍ പാടിയത് ??
മകള്‍ : രാത്തി ചിവരാത്തി… ഇനിയെന്നും ചുപ രാത്തി…
സംഗതി അത് തന്നെ……. സംശയം ഇല്ല!!!!!!!
ഞാന്‍ ഞെട്ടി തരിച്ചു നിന്നു.. കേരളം മുഴുവന്‍ കോളിളക്കം ഉണ്ടാക്കിയ കൃഷ്ണനും രാധയും സിനിമെയും… യൂ ടൂബിലൂടെ കുപ്രസിദ്ധി ആര്‍ജ്ജിച്ച അതിലെ പാട്ടുകളും…..അതിനെ ചുറ്റി പറ്റിയുള്ള ചര്‍ച്ചകളും… സര്‍വ ശ്രീ സന്തോഷ് പണ്ഡിറ്റ് ജിയുടെ പല്ല് ഞെരിച്ചു കൊണ്ടുള്ള ചാനല്‍ ഇന്റര്‍വ്യൂ കളും എല്ലാം എന്റെ മനസ്സിലൂടെ ഒരു സീരിയല്‍ കണക്കെ കടന്നു പോയി.. മനോരമ ന്യൂസ് ചാനലില്‍ പ്രശസ്ത സിനിമാ നടന്‍ ബാബുരാജിനെയും റിപ്പോര്‍ട്ടര്‍ ചാനലില്‍ ശ്രീ നികേഷ് കുമാറിനെയും.. ഏഷ്യ നെറ്റ് നമ്മള്‍ തമ്മിലില്‍ ശ്രീ വിധേയന്‍ ഗോപകുമാറിനെയും അടിച്ചിരുത്തിയ ആ മഹത് വ്യക്തിയുടെ കോട്ടിട്ട രൂപം ഒരു പ്രേതം കണക്കെ എന്റെ ചുറ്റിനും അലഞ്ഞു നടന്നു..
അച്ചക്ക് ഈ പാട്ട് ഇഷ്ടമല്ല അല്ലെ ??
മകളുടെ ആ ചോദ്യം എന്നെ വീണ്ടും പാട്ടിലേക്ക് തിരികെ കൊണ്ടുവന്നു..
ഞാന്‍: വെറും പൊട്ട പാട്ടല്ലേ അനീ അത്… നീ എന്തിനാ ഇതൊക്കെ പാടി നടക്കുന്നത്….
അനി: അച്ചക്ക് ആ അങ്കിളിനോട് ഇത്ര ദേഷ്യം എന്താ ? നല്ല പാട്ടല്ലേ ? അച്ച ചുമ്മാ കളിയാക്കുവാ… നല്ല പാട്ടാ രാത്തി ചിവരാത്തി….
ഇതും പറഞ്ഞു അവള്‍ വീണ്ടും ആ പാട്ട് മൂളികൊണ്ട് കാര്‍ടൂണ്‍ കാണാനായി ടി വി ലക്ഷ്യമാക്കി നടന്നു…
നല്ല പാട്ടല്ലേ… നല്ല പാട്ടാ രാത്തി ചിവരാത്തി… അവളുടെ ആ കമന്റ് എന്നെ ഇരുത്തി ചിന്തിച്ചു.. വാസ്തവത്തില്‍ ഈ സന്തോഷ് പണ്ടിറ്റിനു വട്ടാണോ.. അതോ അവന്‍ അതി ബുദ്ധിമാനാണോ ??? ഈ രണ്ടു ചോദ്യങ്ങളുമാണല്ലോ മിക്ക ചാനല്‍ ചര്‍ച്ചകളുടെയും വിഷയം…. അതോ അവനെ തെറിവിളിക്കുകയും കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നമുക്കാണോ വട്ട്……
കൃഷ്ണനും രാധയും സിനിമ ഞാന്‍ കണ്ടിട്ടില്ല.. അതുകൊണ്ട് പണ്ഡിറ്റ് ജിയുടെ അഭിപ്രായം മാനിച്ചു സിനിമയെ വിശകലനം ചെയ്യാന്‍ ഞാന്‍ ആളല്ല.. എന്നാലും ഒരു ആത്മ വിശകലനം നടത്തി നോക്കിയപ്പോള്‍ തോന്നിയ ചില വസ്തുതകള്‍ ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ പൊതുജന ശ്രദ്ധയില്‍ പെടുതിയില്ലങ്കില്‍ അതൊരു അപരാധമായി പോകും എന്ന് തോന്നുന്നു .. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ദ്ര്യം നമ്മുക്ക് ഭരണ ഘടന വിഭാവനം ചെയ്യുന്ന മാനുഷിക അവകാശങ്ങളില്‍ പെടുന്നതല്ലേ…
അങ്ങിനെ ചിന്തിക്കുമ്പോള്‍ സന്തോഷ് പണ്ഡിറ്റ് ചെയ്തത് എന്താണ്.. പണ്ഡിറ്റ് ജിയുടെ കഴിവിന്റെ പരിധിയില്‍ ഒതുങ്ങുന്ന അല്ലെങ്കില്‍ കഴിവിന്റെ പാരമ്യത്തില്‍ എത്തുന്ന ഒരു സിനിമ എടുത്തു.. അതിലെ പതിനെട്ടു കാര്യങ്ങള്‍ നെഞ്ചും വിരിച്ചു നിവര്‍ന്നു നിന്നങ്ങു ചെയ്തു.. ഒരു ഗിന്നെസ്സ് ബുക്ക് റെക്കോര്‍ഡ് ആണ്.. ആ സിനിമ മലയാള സിനിമ അനുശാസിക്കുന്ന നിലവാരത്തിന്റെ അടുത്തെങ്ങും എത്തിയില്ല എന്ന് നിരൂപക, മാധ്യമ, കലാ സാംസ്കാരിക, പ്രബുദ്ധ പ്രേക്ഷക ലോകവും അവകാശ പെടുന്നു.. സൂപ്പര്‍ സ്റ്റാറുകളുടെ പല പടങ്ങളും ഹോളീവൂഡില്‍ നിന്നും നോക്കിയാല്‍ ഏതാണ്ട് മലയാള സിനിമയില്‍ കൃഷ്ണനും രാധയ്ക്കും ഉള്ള സ്ഥാനമാനെന്നു ചില ഊശാന്‍ താടി വച്ച നിരൂപക വര്‍ഗ്ഗം താടി ഉഴിഞ്ഞു കൊണ്ട് അഭിപ്രായ പ്രകടനം നടത്തി. പണ്ഡിറ്റ് ജി അതീവ ബുദ്ധിമാന്‍ ആണെന്ന് ചില സമകാലീന സിനിമ പ്രവര്‍ത്തകര്‍ അഭിപ്രായപെടുന്നു. പണ്ഡിറ്റ് ജി ക്ക് മുഴു പ്രാന്താണെന്നു അസൂയ മൂത്ത ചില പഴയകാല സംവിധായകര്‍ പൊട്ടിത്തെറിക്കുന്നു.. പണ്ഡിറ്റ് ജി യെ തല്ലി കൊല്ലണമെന്ന് അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്ന ചില പുത്തന്‍ സൂപ്പര്‍ സ്റ്റാറുകളുടെ ഫാന്‍സും അവകാശപ്പെട്ന്നു…
തന്നെ കരിവാരി തേക്കുന്ന നിരൂപക വര്‍ഗ്ഗത്തോട് പണ്ഡിറ്റ് ജി പ്രതികരിക്കുന്നതിങ്ങനെ – നിങ്ങളോടൊക്കെ എനിക്കൊന്നേ പറയാനുള്ളൂ .. നിങ്ങള്‍ക്കൊക്കെ ഒന്നുകില്‍ നാണം വേണം… അല്ലെങ്കില്‍ മാനം വേണം…. ഇത് രണ്ടും ഇല്ലെങ്കില്‍ നാണവും മാനവുമുള്ള എന്നെ പോലെയുള്ളവര്‍ കുളിച്ച കുളത്തില്‍ പോയി ഒന്ന് കുളിക്കുകയെങ്കിലും വേണം … കാരണം നിരൂപകരില്‍ ഭൂരിഭാഗവും പ്രേക്ഷകര്‍ മാത്രമാണ് . ഒരു സിനിമയിലെ പതിനെട്ടു കാര്യങ്ങളും ചെയ്ത പണ്ഡിറ്റ് ജി യെ അധിക്ഷേപിക്കാനും മാത്രം അവരൊന്നും വളര്‍ന്നിട്ടില്ല എന്ന് സാരം..
അങ്ങിനെ എല്ലാം കൊണ്ടും സമ്മിശ്ര പ്രതികരണം ആണ് കൃഷ്ണനും രാധയ്ക്കും പണ്ഡിറ്റ് ജിക്കും … ഏതായാലും ചാനലുകളെല്ലാം കൂടി സന്തോഷ് പണ്ഡിറ്റ് ജിയെ ഒരു മെഗാ സ്റ്റാറാക്കി….. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തന്നാല്‍ ഇനിയും സിനിമ എടുക്കുമെന്ന് പണ്ഡിറ്റ്‌ജി പല ചര്‍ച്ചകളിലും പ്രഖ്യാപിച്ചിട്ടുണ്ട്..
പണ്ഡിറ്റ് ജി ഇനിയും സിനിമ എടുക്കണം എന്ന അഭിപ്രായമാണ് ഈയുള്ളവനും ….
കാരണം സിനിമ എന്നത് ആസ്വദിക്കാനും ആഘോഷിക്കാനുള്ള ഒരു മാധ്യമം ആണ്.. ആള്‍ക്കാര്‍ ആസ്വദിക്കുന്നതും ആഘോഷിക്കുന്നതും പല രീതിയിലാണ്.. ചിലര്‍ അട്ടഹസിക്കും, ചിലര്‍ ചിരിക്കും, ചിലര്‍ തെറി വിളിക്കും, ചിലര്‍ കരയും, ചിലര്‍ അടി കൂടും.. നാട്ടിന്‍പുറത്ത് നമ്മള്‍ സ്ഥിരമായി കാണുന്ന ആഘോഷ വേളകള്‍ ആനന്തമാക്കുന്ന കാഴ്ചയാണിത്.. അങ്ങനെ നോക്കുമ്പോള്‍ കൃഷ്ണനും രാധയും കണ്ടവര്‍ തെറിവിളിച്ചു എന്ന കാരണം കൊണ്ട് അത് ലോകത്തെ ഏറ്റവും മോശം പടമാണെന്ന് എഴുതി തള്ളാന്‍ ആര്‍ക്കും പറ്റില്ല..അത് സംവിധാനം ചെയ്തു നിര്‍മിച്ച പണ്ഡിറ്റ്‌ജിക്ക് വട്ടാണെന്നു പറയാന്‍ പറ്റുമോ???
കൃഷ്ണനും രാധയും തീയേറ്ററുകളില്‍ തെറിയുടെ മാലപ്പടക്കങ്ങള്‍ സൃഷ്ടിക്കുകയാണ്…. തെറിവിളിച്ചും കൂക്കുവിളിച്ചും അണ്ണാക്ക് കീറിയും കസേരകള്‍ ചവിട്ടി പൊളിച്ചും ആള്‍ക്കാര്‍ ആഘോഷിക്കുകയാണ്… മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷ രീതികള്‍ക്ക് തുടക്കം കുറിച്ച പണ്ഡിറ്റ്‌ജി ക്ക് ആയിരം അഭിവാദ്യങ്ങള്‍ .. ഇനിയും വേറിട്ട ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പുതിയ പടങ്ങള്‍ പണ്ഡിറ്റ്‌ജി അഭിനയിച്ചു, സംവിധാനം ചെയ്തു, സംഗീതം നല്‍കി, ചായാഗ്രഹണം നിര്‍വഹിച്ചു, ഡബു ചെയ്തു… ബാക്കി പന്ത്രണ്ടു കാര്യങ്ങളും ചെയ്തിറക്കട്ടെ.. കേരള ജനത അത്തരം പടങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കട്ടെ…
ഏതായാലും പിള്ള മനസ്സില്‍ കള്ളമില്ല എന്നല്ലേ പ്രമാണം… കൊച്ചു കുട്ടികളെ കയ്യിലെടുക്കാനുള്ള ശാസ്ത്രം പണ്ഡിറ്റ് ജി വശത്താക്കിയിട്ടുണ്ട് അതിനു സംശയം ഇല്ല.. മ മ മ മ മായാവി….. ലു ലു ലു ലു ലുട്ടാപ്പി ഇനി എന്നാണാവോ എന്റെ മകള്‍ പാടി തുടങ്ങക.. ഏതായാലും കാത്തിരിക്കാം ….ഇപ്പോള്‍ ചെളി വാരി എറിയുന്നവര്‍ നാളെ പൂമാല ഇട്ടു സ്വീകരിക്കില്ലെന്ന് ആര് കണ്ടു…………..