ഓപ്പറേഷന്‍ വാഷ്ബേസിന്‍
എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാന കാലഘട്ടത്ത് സെന്റി ടൂര്‍ എന്നൊരു കലാ പരിപാടി ഉണ്ട്. ദീര്‍ഖകാല കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ മിക്കവാറും ഹോസ്റ്റലിലോ അല്ലെങ്കില്‍ കോളേജിന്റെ പ്രാന്ത പ്രദേശത്തുള്ള മറ്റേതെങ്കിലും വീടുകളിലോ അതും അല്ലെങ്കില്‍ ഏതെങ്കിലും വീടിന്റെ ഒരു മൂലയില്‍ പേയിംഗ് ഗസ്റ്റായോ താമസിച്ചാണ് പഠനം പൂര്‍ത്തിയാക്കുന്നത്.. പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അത്രയും കാലം ഒരുമിച്ചു കഴിഞ്ഞിട്ട് പല വഴിക്ക് പിരിയേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അതിതീവ്രമായ ആ മനോവേദന, അല്ലെങ്കില്‍ ആ ആത്മനൊമ്പരം തെല്ലൊന്നു ശമിപ്പിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് ഈ സെന്റി ടൂര്‍ എന്ന കലാപരിപാടിയെ എല്ലാവരും കാണുന്നത് ..
ഞങ്ങളുടെ കോളേജിനു സ്വന്തമായി ഒരു ഹോസ്റ്റല്‍ ഇല്ലായിരുന്നിട്ടും ചെങ്ങന്നൂര്‍ ടൌണിന്റെ പ്രാന്ത പ്രദേശങ്ങളിലെ പല വീടുകളിലെ താമസക്കരായിട്ടും.. എല്ലാവര്‍ക്കും കൂടി ഒത്തു ചേരാനുള്ള സാഹചര്യം വളരെ വിരളമായിരുന്നിട്ടും…. “തിട്ടമേല്‍ കൂട്ടം” എന്നൊരു ഗ്രൂപ്പിന് രൂപം നല്‍കി ഞങ്ങള്‍ ഒരു പത്തു-പതിനഞ്ച് പേര്‍ മിക്കവാറും തിട്ടമേല്‍ എന്ന് പേരുള്ള ഒരു വീട്ടില്‍ ഒത്തു ചേരുമായിരുന്നു.. അഞ്ചു പേര്‍ മാത്രമായിരുന്നു തിട്ടമേല്‍ വീട്ടിലെ താമസക്കാരെങ്കിലും ബാക്കിയുള്ള പത്തു പേര്‍ ഈ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു.. ഞങ്ങളുടെ കാലത്ത് കോളേജിലെ ഏറ്റവും പ്രബലമായ ഗ്യാംഗ് ആയിരുന്നു അത്. കോളേജില്‍ അടുത്ത ദിവസങ്ങളില്‍ എന്ത് നടക്കണം..ആരൊക്കെ എന്തൊക്കെ ചെയ്യണം.. ആര്‍ക്കൊക്കെ പണി കൊടുക്കണം.. തുടങ്ങി കോളേജിലെ മിക്ക കാര്യങ്ങളും ഈ ഗാംഗിലെ പ്രബുദ്ധരായ അംഗങ്ങളുടെ ഔദ്യോഗിക പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ആയിരുന്നു.. കുപ്രച്ചരണത്തിന് ആര്‍ എസ് എസ് എന്ന ഒരു ന്യൂസ് ആന്‍ഡ് പബ്ളിസിറ്റി സംഘടനയും തിട്ടമേല്‍ കൂട്ടത്തിന്റെ സബ് ആയിട്ട് പ്രവര്‍ത്തിച്ചിരുന്നു… കോളേജില്‍ ഒരു ഇല അനങ്ങിയാല്‍ പോലും ആര്‍ എസ് എസ് അറിയും.. അത്രയ്ക്ക് വലിയ നെറ്റ്‌വര്‍ക്ക് ആര്‍ എസ് എസിന് ഉണ്ടായിരുന്നു… ആര്‍ എസ് എസ് എന്നത് തിട്ടമേല്‍ ഗ്യാങ്ങിലെ മൂന്നു അംഗങ്ങളുടെ പേരിന്റെ ആദ്യ അക്ഷരങ്ങള്‍ ആണ്… രഞ്ജിത്ത്, ഷാഹിന്‍, സ്വരൂപ് എന്നിവരാണ് ആര്‍ എസ് എസ് -ഇന്റെ ശില്‍പ്പികള്‍ ….
രഞ്ജിത്ത് തിട്ടമേല്‍ ഗ്യംഗിന്റെ ഒരു പ്രമുഖ മെമ്പര്‍ ആയിരുന്നു. അഞ്ചര അടിക്കുമേല്‍ പൊക്കം, തടിച്ച ശരീരം, കുടവയര്‍ , പഴുതാര മീശ, സാദാ ചിരിക്കുന്ന മുഖം ഇതൊക്കെയാണ് രഞ്ജിത്തിന്റെ ലക്ഷണങ്ങള്‍ .. അത്യാവശ്യം മോശമല്ലാത്ത ഒരു കുടവയറിന് ഓണര്‍ ആയതുകൊണ്ട് രഞ്ജിത്ത് ബോള്‍ എന്നാണ് അറിയപെട്ടിരുന്നത്. പുളുവടിയുടെയും കഥകള്‍ മെനയുന്നതിന്റെയും കാര്യത്തില്‍ രഞ്ജിത്തിനെ വെല്ലാന്‍ ഞങ്ങളുടെ ബാച്ചില്‍ ആരും തന്നെ ഇല്ലായിരുന്നു.. മനസ്സില്‍ ഒരു കഥാ തന്തു രൂപം കൊണ്ടാല്‍ അതിനെ വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുത്ത്, എരുവും പുളിയും മസാലകളും ചേര്‍ത്ത് കറിവച്ചു എല്ലാവര്‍ക്കും ത്രിപ്തിയാകുന്ന രീതിയില്‍ വിളമ്പാന്‍ ബഹുമിടുക്കനാണ് രഞ്ജിത്ത്.. ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക അവതരണ ശൈലി അവനു പാരമ്പര്യമായി കിട്ടിയതാണോ അതോ സ്വന്തമായി വളര്‍ത്തി എടുത്തതാണോ എന്ന് എനിക്കറിയില്ല.. ഏതായാലും സകലകലാ വല്ലഭനും പൊതുജന തല്‍പ്പരനും ആയിരുന്നു കക്ഷി.. ഒരിക്കല്‍ ഒരു ഓണാഘോഷത്തില്‍ വടം വലി മത്സരത്തില്‍ കൈക്കരുത്തിലും മേയ്ക്കരുത്തിലും ഞങ്ങളുടെ ബാച്ചിനെ വെല്ലുന്ന ഞങ്ങളുടെ തൊട്ടു ജൂനിയര്‍ ബാച്ചിലെ കരി വീരന്മാരെയും കാള കരുത്തന്‍മാരെയും തന്ത്രങ്ങള്‍ കൊണ്ടും വാചക കസര്‍ത്ത് കൊണ്ടും മലര്‍ത്തിയടിച്ചപ്പോള്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ രഞ്ജിത്ത് ഒരു പാട്ട് പാടി.. അതില്‍ കപ്പല്‍ ആയിരുന്നു നായകന്‍.. അന്നു മുതല്‍ രഞ്ജിത്ത് ബോള്‍ ” ഗപ്പല്‍ രഞ്ജിത്ത്” ആയി….. രഞ്ജിത്ത് തിട്ടമേല്‍ വീട്ടിലാണ് താമസിച്ചിരുന്നത്..
ഷാഹിന്‍ തിരുവനന്തുപുരം കാരനാണ്… വേദനിക്കുന്ന കോടീശ്വരന്‍ എന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്..ആറടിക്ക് മുകളില്‍ പൊക്കം, മെലിഞ്ഞ ശരീര പ്രകൃതി… സമ്പന്ന കുടുംബാംഗം.. ഭക്ഷണ പ്രിയന്‍… പലപ്പോഴും ഷാഹിന്റെ ചിലവില്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും പലരും കഴിച്ചിട്ടുണ്ട്…
സ്വരൂപ് പുതുപ്പള്ളിക്കാരന്‍ അച്ചായന്‍ ആണ്.. ഉമ്മന്‍ ചാണ്ടി സാറിന്റെ അടുത്ത ബന്ധു… കോളേജിലെ അറിയ പെടുന്ന കമ്പ്യൂട്ടര്‍ വിദഗ്ധനാണ്..അടുത്ത സുഹൃത്ത് ആയിരുന്നു ഷിറാസ് … സ്വരൂപും ഷിറാസും കൂടി പല പല ടെക്നോളജിയും കോളേജിനു വേണ്ടി വികസിപ്പിച്ചു എടുത്തിട്ടുണ്ട്.. ബാക്കിയുള്ളവര്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ്, ഫുട്ബോള്‍, വോളീബോള്‍ തുടങ്ങിയ കളികളില്‍ മുഴുകുമ്പോള്‍ ഷിറാസും സ്വരൂപും ലാബില്‍ പല തരം പ്രോഗ്രാമുകള്‍ ചെയ്തു നിര്‍വൃതി അടയുമായിരുന്നു…. ഇങ്ങനെയൊക്കെ ഒരു ബുജിക്ക് വേണ്ട എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവുരുടെ വീക്നെസ്സ് നോക്കി പണിയാന്‍ സ്വരൂപ് ബഹു മിടുക്കനായിരുന്നു..
ഷിറാസ് ആളൊരു ശുദ്ധനാണ് …. ആര്‍ക്കും ഷിറാസിനോട് എന്ത് സഹായവും അഭ്യര്‍ഥിക്കാം… ജീവനുണ്ടെങ്കില്‍ ഷിറാസ് ചെയ്തു കൊടുക്കും.. ഷിറാസിന്റെ ഈ സ്വഭാവം രഞ്ജിത് ഉള്‍പ്പടെ പലരും ചൂഷണം ചെയ്യുന്നുണ്ടെന്ന് കോളേജില്‍ പാട്ടാണ്.. മിക്കവാറും ഷിറാസ് കമ്പ്യൂട്ടര്‍ സംബന്ധിച്ച് ഉള്ള ചിന്തകളില്‍ ആയിരിക്കും.. മറ്റു വിഷയങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും ഷിറാസിന്റെ ചിന്തകള്‍ പലപ്പോഴും കമ്പ്യൂട്ടറും പ്രോഗ്രാമ്മിങ്ങും കൊണ്ട് പോകാറുണ്ട്.. ഷിറാസിനു, ജിറാക്സ് എന്നൊരു പേര് കൂടിയുണ്ട്.. ഷിറാസും തിട്ടമേല്‍ വീട്ടിലെ താമസക്കാരനാണ്.. രണ്ജിതിനും ഷിറാസിനും ഷാഹിനും ഒപ്പം ജിജോ എന്നാ കറുത്ത മുത്തും ഹരീഷ് കുമാര്‍ കെ പി എന്ന കെ പി ചേട്ടനും തിട്ടമേലില്‍ താമസിച്ചിരുന്നു..
അങ്ങിനെ എട്ടാമത്തെ സെമസ്റെര്‍ അവസാനിക്കാറായപ്പോള്‍ സ്ഥിര താമസക്കാര്‍ അഞ്ചു പേരും തിട്ടമേല്‍ വീട്ടിലെ നിത്യ സന്ദര്‍ശകര്‍ ഒരു പത്തു പേരും കൂടി സെന്റി ടൂര്‍ പോകാന്‍ തീരുമാനിച്ചു….
കോളേജ് ജീവിതം അവസാനിക്കാറായത് കൊണ്ട് പഴയ പോലെ പലരുടെയും അക്കൗണ്ടില്‍ ബാലന്‍സില്ല…. അക്കൗണ്ട് റീഫില്‍ ചെയ്യുന്ന കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക് പഴയ ആ ഒരു വ്യഗ്രത ഇല്ല.. പണ്ടായിരുന്നെങ്കില്‍ ലോഗരിതം ടേബിള്‍ വാങ്ങണമെന്നും കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആ ടേബിളിന്റെ കാലൊടിഞ്ഞു അത് നന്നാക്കണമെന്നും ഒക്കെ പറഞ്ഞു പൈസ വസൂലാക്കാമായിരിന്നു എന്നൊക്കെ ആരക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട് …. ആ കാലം ഒക്കെ പോയി…മക്കള്‍ എഞ്ചിനീയറിംഗ് പഠിച്ചപ്പോള്‍ അച്ഛനമ്മമാര്‍ പുതിയ പല പാഠങ്ങളും പഠിച്ചു… അതുകൊണ്ട് അമ്മാതിരി നമ്പറുകള്‍ ഒന്നും ഇപ്പോള്‍ ചിലവാകില്ല…കോളേജ് പഠന കാലത്ത് ഓരോ വര്‍ഷവും ടൂര്‍ പോകാന്‍ വീട്ടുകാര്‍ പൈസ മുടക്കിയിട്ടുണ്ട്….. കേരള ടൂര്‍ , സൌത്ത് ഇന്ത്യ ടൂര്‍ , ഓള്‍ ഇന്ത്യ ടൂര്‍ …. അങ്ങിനെ പലതരം ടൂറുകള്‍ വീട്ടുകാരുടെ സ്പോണ്‍സര്‍ഷിപ്പില്‍ നടത്തിയിട്ടുണ്ട്.. ഏതായാലും സെന്റി ടൂറിന്റെ കാര്യം അവതരിപ്പിച്ചാല്‍ നമ്മള്‍ സെന്റി ആകുമെന്നല്ലാതെ വീട്ടുകാര്‍ സെന്റി ആകില്ല എന്നറിയാവുന്നതുകൊണ്ട്, വീട്ടില്‍ അറിയിക്കാതെ എല്ലാവരും ഉള്ളത് നുള്ളി പെറുക്കി ടൂര്‍ എസ്ടിമേറ്റ് തുക ഒരുവിധം ഒപ്പിച്ചു ഒരു മിനി ബസില്‍ കൊടൈകനാലിലേക്ക് തീരുമാനിച്ചു…. കെ പി ആയിരുന്നു ചീഫ് കോര്‍ഡിനേറ്റര്‍ ..കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ കെ പി ബഹു മിടുക്കനായിരുന്നു..തിട്ടമേല്‍ വെട്ടിലെ മാനേജരും കെ പി ആണ
അങ്ങനെയുള്ള കെ പി യുടെ മുഖ്യ കാര്‍മികത്വത്തില്‍ ഞങ്ങള്‍ കൊടൈകനാലിലേക്ക് മഴയുള്ള ഒരു ജൂണ്‍ മാസ രാത്രിയില്‍ വണ്ടി കയറി..
രാവിലെ തന്നെ കൊടൈകനാലില്‍ എത്തി.. ഒരു ദിവസത്തെ സ്റ്റേ മാത്രമേ പ്ലാനില്‍ ഉള്ളൂ.. അതിനുള്ള പാങ്ങേ ഉള്ളൂ …
ഒരു ലോ ബജറ്റ് ഹോട്ടല്‍ കണ്ടെത്തുക എന്നതായിരുന്നു ആയിരുന്നു ആദ്യത്തെ കടമ്പ …
തപ്പി പിടിച്ചു ചെന്നപോള്‍ ഹോട്ടല്‍ തമിഴ്നാടുവിന്റെ നേരെ എതിര്‍വശത്തുള്ള ഒരു പഴഞ്ചാടാക്ക് ഹോട്ടല്‍ . പതിനഞ്ചു പേര്‍ക്കും കൂടി മൂന്നു മുറിയെടുത്തു. മൂന്നു മുറികളും ഒന്നാമത്തെ നിലയില്‍… രണ്ടെണ്ണത്തിനും അറ്റാച്ച്ട് ടോയിലറ്റ് .. ബാക്കി രെണ്ണത്തിനു സപ്പറേറ്റ് ടോയിലറ്റ് .. ഈ സപ്പറേറ്റ് ടോയിലറ്റ്, ബെഡ് റൂമുകള്‍ എല്ലാം കഴിഞ്ഞു വരാന്തയുടെ അറ്റത്താണ്. ഒന്നാമത്തെ നിലയിലുള്ള രണ്ടു ബെഡ് റൂമുകള്‍ അറ്റാച്ച്ഡ് അല്ല. രണ്ടിനും സപ്പറേറ്റ് ടോയിലറ്റ് ഉണ്ട് . രണ്ടും അടുത്തടുത്തായി വരാന്തയുടെ അറ്റത്താണ്. രണ്ടും പൂട്ടിട്ടു ഭദ്രമായി പൂട്ടിയിട്ടുണ്ട്.. ഞങ്ങളുടെ റൂമിന്റെ തക്കോലിനോപ്പം ടോയിലെറ്റിന്റെ താക്കോലും കൊണ്ട് ഹോട്ടല്‍ ബോയ് കൂടെ വന്നു. റൂമുകള്‍ എല്ലാം തുറന്നു തന്നു. എല്ലാവരും അകത്തു കയറി.. യാത്ര ക്ഷീണം കാരണം കുറച്ചു നേരം റസ്റ്റ് ചെയ്തു.. കുറച്ചു നേരം കൊണ്ട് എല്ലാവരും റെഡി ആയി ആഹാരം കഴിക്കുവാനും അതിനു ശേഷം കൊടൈകനാലിന്റെ പ്രകൃതി സൗന്ദര്യം നുകരുവാനുമായി പുറപ്പെട്ടു
ഒരു മലയാളി ഹോട്ടലില്‍ നിന്നും വയറു നിറച്ചു കഴിച്ചെന്നു വരുത്തി തീര്‍ത്തു നേരെ കൊടൈകനാലിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കായലില്‍ ബോട്ടിങ്ങിനായി പോയി.. കയ്യില്‍ ദംബടി കുറവാണെങ്കിലും.. വിശപ്പടക്കിയില്ലെങ്കിലും.. കൊടൈകനാലില്‍ വന്നിട്ട് ബോട്ടിങ്ങിന് പോയില്ലെങ്കില്‍ മോശമല്ലെടാ ഉവേ എന്ന് മോനാ ചോദിച്ചു……
മോന കോട്ടയംകാരന്‍ അച്ചായനാണ്…ആറടി പൊക്കം അരയടി വണ്ണം അതാണ് ആള്. സ്വദവേ ചിരിച്ചു കൊണ്ട് നടക്കും.. പൊതുവേ ശാന്ത സ്വഭാവക്കരനനെങ്കിലും അല്ലറ ചില്ലറ കശ പിശകളിലൊക്കെ ഇടപെട്ടു ഒച്ചയുണ്ടാക്കി നടക്കുന്നത് സ്ഥിരം ശീലമാണ്… സ്വന്തമായി ഒരു റൂമുണ്ടെങ്കിലും അവിടെ കിടക്കാറില്ല.. മിക്കവാറും വയനുവിന്റെ വീട്ടിലാണ് താമസം.. മോന സഹകരിക്കുന്ന എല്ലാ വീടുകളിലും ഓരോ ബ്രഷ് വാങ്ങി വച്ചിട്ടുണ്ട്.. അതുകൊണ്ട് എവിടെ ചെന്നാലും താമസിക്കുന്നതിനു ഒരു ബുദ്ധി മുട്ടും ഉണ്ടാകാറില്ല..
ഏതായാലും വലിയ രണ്ടു തുഴ ബോട്ട് എടുത്തു.. പെടല്‍ ബോട്ടില്‍ നാലു പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. പതിനഞ്ചു പേര്‍ക്ക് നാലു ബോട്ട് വേണം. തുഴ ബോട്ടില്‍ എട്ടു പേര്‍ക്ക് കേറാം. കെ പി ടിക്കെറ്റ് ചാര്‍ജ് കൂട്ടി നോക്കി തുഴയാണ് സാമ്പത്തികമായി മെച്ചമെന്ന് കണ്ടെത്തി…ഗപ്പല്‍ രഞ്ചിത്തിനു തുഴയാന്‍ അറിയാം. അങ്ങിനെ ഗപ്പല്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ എട്ടു പേര്‍ ഒരു തുഴ ബോട്ടില്‍ കയറി.. മറ്റു ഏഴു പേരില്‍ ഒരാള്‍ക്ക് പോലും തുഴച്ചില്‍ വശമില്ലാത്തത് കൊണ്ട് ഒരു കൊടൈ തുഴ ഡ്രൈവറെ വാടകക്കെടുത്തു.
“കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ..” ഒക്കെ പാടി ആസ്വദിച്ചു രണ്ടു വള്ളങ്ങളും അടുത്തടുത്ത് തുഴഞ്ഞു കൊണ്ടിരുന്നപ്പോള്‍ രഞ്ജിത്തിന്റെ കയ്യില്‍ നിന്നും അറിയാതെ തുഴ വെള്ളത്തില്‍ തട്ടി കുറച്ചു വെള്ളം മറ്റേ ബോട്ടിലെ വാടക ഡ്രൈവറുടെ മുഖത്ത് വീണു.. ലോക്കല്‍ വാടക ഡ്രൈവര്‍ക്ക് കലിയിളകി.. ഐസ് പോലെ തണുത്ത ആ വെള്ളത്തില്‍ തുഴ വെച്ച് അയാള്‍ രണ്ടു മൂന്നു അടി അടിക്കുന്ന ശബ്ദം മാത്രം കേട്ടു ….
പിന്നെ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റുന്നതിനു മുമ്പ് ഒരു കാര്യം മനസ്സില്ലായി…ഞങ്ങളുടെ ബോട്ടിലുള്ള എല്ലാവരും നന്നായി നനഞ്ഞു കുളിച്ചിരിക്കുന്നു..കൊടൈകനാലില്‍ കിടന്നു തല്ലു മേടിച്ചു സെന്റി ടൂര്‍ കട്ട സെന്റി ആക്കേണ്ട എന്ന് കരുതി ഞങ്ങള്‍ ആ ലോക്കല്‍ ഡ്രൈവറോട് സദയം ക്ഷമിച്ചു എന്ന് വരുത്തി തീര്‍ത്തു.
പലരുടെയും സ്വെറ്റര്‍ ആണ് നനഞ്ഞത്.. കൊടും തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ ഉള്ള രക്ഷാകവചം കൊടൈയിലെ തണുപ്പിനെ കവച്ചുവക്കുമെന്നോണം തണുത്തിരിക്കുന്നു.. ഏതായാലും രാത്രി ആകുമ്പോഴേക്കും ഉണങ്ങും എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ ബോട്ടുയാത്ര അവസാനിപ്പിച്ചു മറ്റു സ്പോട്ടുകളായ പില്ലര്‍ റോക്ക്സ് , ഗുണാ കേവ്സ്, കോക്കേഴ്സ് വാക്ക്, സൂയിസൈഡ് പോയിന്റ്, പൈന്‍ ഫോറെസ്റ്റ്., പൈന്റു പോയിന്റ് , തട്ടുകട…. തുടങ്ങിയവ സന്ദര്‍ശിച്ചു രാത്രി ഭക്ഷണവും, തണുപ്പ് മാറ്റാന്‍ റമ്മും വാങ്ങി റൂമില്‍ തിരിച്ചെത്തി..
രാത്രിയില്‍ തണുപ്പ് മാറ്റാനുള്ള റമ്മും ആഹാരവും ആര്‍ത്തിയോടെ കഴിച്ചു.. ചിലര്‍ റമ്മു കഴിക്കാതെ മാറി നിന്നു. സെന്റി ടൂറിനു സെന്റിമെന്റ്സ് കൂട്ടാന്‍ പാട്ടുകാരന്‍ ബിജു കുറെ സെന്റി പാട്ടുകള്‍ പാടി.. ഗപ്പല്‍ രഞ്ജിത്ത് താളത്തില്‍ കൊട്ടി.. ബിജു കോളേജിലെ അറിയപ്പെടുന്ന പാട്ടുകാരനാണ്… മെലടി പാട്ടുകളാണ് ബിജുവിന്റെ ഫേവറിറ്റ് ..ഞങ്ങളുടെ പഠനത്തിന്റെ എല്ലാ സീസണുകളിലും ബിജുവിന്റെ “കഭീ കഭീ മേരെ ദില്‍ മേം ” പല വേദികളില്‍ കയ്യടി നേടിയിട്ടുണ്ട്…..
അങ്ങിനെ പാട്ടും, മേളവും, റമ്മും ഒക്കെ കൂടി സംഗതി ബഹു ജോറായി വന്നപ്പോള്‍ ടൂര്‍ മെമ്പറായ കോതമംഗലത്ത്കാരന്‍ യുവ എഞ്ചിനീര്‍ക്കു വാള് വെക്കണം .. അംഗ വിക്ഷേപങ്ങളിലൂടെയും കൈക്രിയയിലൂടെയും തന്റെ ഇങ്കിതം മറ്റുള്ളവരെ ഒരുവിധം അവന്‍ അറിയിച്ചു…
വാളെന്നു കേട്ടതും രഞ്ജിത്ത് ഉഷാറായി.. ആള്‍ക്കാരെ വാള് വപ്പിക്കുകയും പിന്നെ അത് കോരുകയും ചെയ്യുന്നത് രഞ്ജിത്തിനു ഒരു ക്രേസ് ആണ്…അതില്‍ ഒരു പ്രത്യേക സന്തോഷം, ഒരാത്മ നിര്‍വൃതി രഞ്ജിത്ത് കണ്ടെത്തിയിരുന്നു…..രഞ്ജിത്തിനേയും വാള് കോരലിനെയും പ്രകീര്‍ത്തിച്ചു കൊണ്ട് “രഞ്ജിത്തും വാള് കോരലും” എന്നൊരു കഥ പിന്നീടൊരവസരത്തില്‍ പറയാം..
കോതമംഗലത്ത് കാരന്‍ വാള് വെപ്പ് കാരനെ രഞ്ജിത്തും പരമുവും കൂടി താങ്ങി പിടിച്ചു ഒരുവിധം അറ്റാച്ച്ട് റൂമിന്റെ ടോയിലെറ്റില്‍ കൊണ്ട് നിര്‍ത്തി.. രണ്ടു കയ്യും വാഷ് ബയ്സനില്‍ ഊന്നികൊണ്ട് കോതമംഗലത്ത് കാരന്‍ യുവ എഞ്ചിനീയര്‍ വേലുത്തമ്പി ദളവ ഫോട്ടോയിലൊക്കെ നില്‍ക്കുന്നത് പോലെ ഞെളിഞ്ഞൊരു നില്‍പ്പ് നിന്നു.. അധിക നേരം ആ നില്‍പ്പ് നില്‍ക്കാന്‍ അവനു പറ്റിയില്ല.. പെട്ടന്ന് വളഞ്ഞു കുഴഞ്ഞു മുന്നോട്ടു ആഞ്ഞു ബ്വാ….. എന്ന് വാള് വക്കാന്‍ തുടങ്ങി.. സ്വസ്ഥമായി നിന്ന് വാള് വെച്ചുകൊള്ളട്ടെ എന്ന് കരുതി രഞ്ജിത്തും പരമുവും റൂമിലേക്ക് വന്നു..
പരമു ആളൊരു ജെന്റില്‍ മാന്‍ ആണ് ……തൃശൂര്‍ രാജ കുടുമ്പത്തില്‍ പെട്ട ആളാണെന്ന ചില അവകാശ വാദങ്ങളൊക്കെ ചിലപ്പോള്‍ ഉന്നയിക്കാറുണ്ട്.. ആറടിയുടെ അടുത്ത് പൊക്കം, ഒത്ത തടി, ഗോതമ്പിന്റെ നിറം, സുമുഖന്‍, സുന്ദരന്‍ അങ്ങിനെ പല വിശേഷണങ്ങളും ഉണ്ട്…..പ്രമോദ് വര്‍മ്മ എന്നാണു യഥാര്‍ത്ഥ പേര്.. അത് ലോപിച്ച് പരമുവായി.. മറ്റൊരു ടൂര്‍ മെമ്പറായ വയനു പരമുവിനെ കളിയാക്കി ‘രാജാവേ’ എന്നും വിളിക്കാറുണ്ട്..
വയനു പേര് പോലെ വയനാട്ടുകാരനാണ്…അഞ്ചടി പൊക്കം.. ഒത്ത തടി.. വള്ളി എന്നൊരു വിളിപ്പേരും കൂടി വയനുവിനുണ്ട്.. ഒരിക്കല്‍ വയനാട്ടിലുള്ള അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ “വള്ളിയില്‍ തൂങ്ങിയാണോ മക്കള് വന്നത്” എന്ന് എന്നോടും രഞ്ജിത്ത്നോടും സ്വരൂപിനോടും അവന്റെ അമ്മ ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു.. പൊക്കം കാരണം കുള്ളന്‍ എന്നൊരു പേരും വള്ളിക്കുണ്ട്.. പണ്ട് തന്നെക്കാള്‍ പൊക്കമില്ലാത്ത ഒരു അധ്യാപകനെ കുള്ളനെന്നു വിളിച്ചത് കോളേജില്‍ വലിയ പുകിലായിരുന്നു.. ആ പ്രശ്നത്തിന്റെ പേരില്‍ വള്ളിയെയും സ്വരൂപിനെയും കുഴിയേയും അന്വേക്ഷണ വിധേയമായി കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു…
കുഴി തൃശൂര്‍ കാരനാണ്.. സംസാരിക്കുന്നത് കേട്ടാല്‍ ഇന്നസെന്റ് മാറി നില്‍ക്കും, അത്രക്കും തൃശൂര്‍ ഭാഷയെ സ്നേഹിക്കുന്ന ആളാണ് കുഴി.. യഥാര്‍ത്ഥ പേര് വിവേക് എന്നാണ്…..കുഴി ഉള്‍പ്പെടുന്ന മറ്റൊരു ഗ്യാംഗ് “കക്കൂസ് ഗ്യാംഗ്: എന്നാണ് അറിയപ്പെട്ടിരുന്നത് (തിട്ടമേലിന്റെ അത്രയും പ്രബലമല്ല ഈ ഗ്യാംഗ് 🙂 ). കോളേജില്‍ മെന്‍സ് ലോഞ്ചിന്റെ അടുത്താണ് ആ ഗ്യാംഗിന്റെ താവളം അവിടുത്തെ കക്കൂസിന്റെ നാറ്റം അടിച്ചിരിക്കുന്നതുകൊണ്ട് അവര്‍ക്ക് കക്കൂസ് ഗ്യാംഗ് എന്ന് പേര് കിട്ടി…….രഞ്ജിത്ത് ആണത്രേ അവര്‍ക്ക് ആ നാമകരണം നല്‍കിയത്…
ഠിം .. ട്രിം ക്രിലിംഗ് ഗ്ര്യര്‍ണിംഗ് ഉം…
ടോയിലെറ്റില്‍ നിന്നും ഒരു ഉഗ്ര ശബ്ദം..
കോതമംഗലത്ത് കാരന്‍ യുവ എഞ്ചിനീയര്‍ നിലം പറ്റിയെന്നാ ആദ്യം കരുതിയത്.. എല്ലാവരും ഓടി ചെന്ന് നോക്കിയപ്പോള്‍ .വാള് ഏതാ… വാഷ് ബേസന്‍ ഏതാ… ദളവാ ഏതാ.. എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ ഒരു അവിയല് പരുവത്തില്‍ ടോയിലേറ്റ് ആകെ മേനകെടായി കിടക്കുന്നു.. വാളുവച്ച കോതമംഗലത്ത് കാരന്‍ എഴുന്നേല്‍ക്കാന്‍ ചെറിയ ശ്രമങ്ങള്‍ ഒക്കെ നടത്തി നോക്കി.. പരാജയപെട്ടു… റമ്മിന്റെ വീര്യം അവനെ കീഴ്പെടുത്തി കളഞ്ഞു…ആനന്ദദായകമായ ആ സീന്‍ കണ്ടു എല്ലാവരും ഒരുനിമിഷം പൊട്ടിച്ചിരിച്ചു..
ആ ചിരി അധിക നേരം നീണ്ടു നിന്നില്ല… പൊട്ടി ചിതറി കിടക്കുന്ന വാഷ് ബേസിന്‍ കണ്ടപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും നെഞ്ചില്‍ ഇടിത്തീ വെട്ടി .
കയ്യില്‍ അഞ്ചു പൈസ കൂടുതല്‍ ഇല്ല… ടൂര്‍ കഷ്ടിച്ചു ഓടിച്ചു പോകാനുള്ള പൈസ പല രീതിയില്‍ ഒപ്പിച്ചാണ് വണ്ടി കയറിയത് …വാഷ്‌ബേസിന്‍ പൊട്ടിയ കാര്യം ഹോട്ടലുകാര്‍ അറിഞ്ഞാല്‍ അതിനു നഷ്ട പരിഹാരം കൊടുക്കേണ്ടി വരും…എല്ലാവരും ജാഗരൂകരായി.. ഇടി വെട്ട് ഏറ്റവനെ പാമ്പും കൂടി കടിച്ചു എന്ന ചൊല്ലിനെ അനുസ്മരിപ്പിച്ചുകൊണ്ട് സ്ടയരിലൂടെ ആരോ കയറിവരുന്ന ഒച്ചയും കേട്ടു …. സമയം പാഴാക്കാതെ കുഴി ഓടി പോയി ടോയിലെറ്റിന്റെ വാതില്‍ അടച്ചിട്ടു.. തിരികെ വന്ന് ഒരു ബാഗ് എടുത്തു റൂമിന്റെ ഡോര്‍ ലക്ഷ്യമാക്കി എറിഞ്ഞു.. ഠിം… നേരുത്തേ കേട്ടതിനേക്കാള്‍ വലിയ ശബ്ദം.. പരമു അട്ടഹസിച്ചൊരു ചിരിയും പാസ്സാക്കി… ബാക്കിയുള്ളവരുടെ ബുദ്ധിയും പ്രവര്‍ത്തിച്ചു .. എല്ലാവര്‍ക്കും സംഗതി മനസ്സിലാക്കി.. വയനു മറ്റൊരു ബാഗ് എടുത്തു വീണ്ടും എറിഞ്ഞു… അപ്പോഴേക്കും ആരോ വന്നു വാതലില്‍ മുട്ടി… എല്ലാവരും ബാഗ് ഏറും, ചര്‍ച്ചകളും, അട്ടഹാസങ്ങളുമായി മുറിയുടെ മധ്യത്തില്‍ കൂടി നിന്നപ്പോള്‍… വയനു ചെന്ന് വാതില്‍ തുറന്നു…
നോക്കിയപ്പോള്‍ നേരുത്തേ താക്കോലുമായി വന്ന റൂം ബോയ് …
എന്നാ അണ്ണാ പെരിയ സൌണ്ട് ?? പയ്യന്‍ ചോദിച്ചു..
ഗപ്പല്‍ രഞ്ജിത്ത് : തമ്പീ… ഇന്ത ബാഗ് ഡോറില്‍ കൊണ്ട സൌണ്ട് താനാ.. മന്നിചിടുംഗോ… അറിയാവുന്ന തമിഴില്‍ പറഞ്ഞൊപ്പിച്ചു…
പയ്യന്‍സിനു അത് സ്വീകാര്യമായില്ല എന്ന് തോന്നുന്നു .. അവന്‍ റൂമില്‍ കയറി നോക്കി. ഒന്നും കാണുന്നില്ല… കട്ടിലിനടിയിലും മേശയുടെ അടിയിലും ഒക്കെ പരത്തി നോക്കി.. ഒന്നും കാണാനില്ല…
പയ്യന്‍സ് റൂമില്‍ കേറിയത് ജിറാക്സിനു പിടിച്ചില്ല… എന്താടാ @#*** … മോനെ… റൂമില്‍ കയറി തപ്പുന്നത് …പയ്യനോടായി ജിറാക്സ് ചോദിച്ചു… ജിറാക്സ് അങ്ങിനെയാണ്.. ഇഷ്ടപെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രതികരിക്കും..’മ’ യും ‘പു’ വും ചേര്‍ത്ത് തെറി പറയും.. പയ്യന്‍സ് കലിപ്പിച്ചു ഒരു നോട്ടം നോക്കി.. കെ പി ഇടപെട്ടു രംഗം ശാന്തമാക്കി …. ഏതായാലും പയ്യന്‍ റൂമില്‍ നിന്നും ഇറങ്ങി…
എല്ലാവരും തലപുകഞ്ഞാലോചിച്ചു. പയ്യന് സംശയം ഉള്ള സ്ഥിതിക്ക് റൂം വെക്കേറ്റ് ചെയ്യുമ്പോള്‍ അവന്‍ സംഗതി കണ്ടു പിടിക്കും… വലിയ വാഷ് ബേസിന്‍ ആണ്.. കുറഞ്ഞത് അഞ്ഞൂറ് രൂപ എങ്കിലും അതിനു വില വരും.. അത് കൊടുക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല….. എല്ലാവരും കൂലം കഷമായി ചിന്തിച്ചു…
കുറച്ചു നേരത്തെ കണക്കു കൂട്ടലുകള്‍ക്ക് ശേഷം കക്കൂസ് ഗ്യംഗ് ലീഡര്‍ കുഴി റൂമിന് വെളിയില്‍ ഇറങ്ങി വരാന്തയുടെ അറ്റത്തുള്ള സപ്പറേറ്റ് ടോയിലേറ്റ് ലക്ഷ്യമാക്കി നടന്നു.. കുറെ നേരം അതിനകത്ത് കയറി ചിലവഴിച്ചു..അതില്‍ നിന്നും പുറത്തിറങ്ങി അതിനടുത്തുള്ള അടച്ചിട്ടിരിക്കുന്ന ടോയിലേറ്റ് കാര്യമായി ഒന്ന് വീക്ഷിച്ചു.. തിരിച്ചു റൂമിലേക്ക് വന്നു.. എല്ലാവരോടുമായി പറഞ്ഞു ..
ഗയ്സ്, ലെറ്റ് അസ് ഗെറ്റ് റെഡി ഫോര്‍ ദി “ഓപ്പറേഷന്‍ വാഷ് ബേസിന്‍” !!!!
കുഴി “ഓപ്പറേഷന്‍ വാഷ് ബേസിന്റെ” പ്ലാന്‍ എല്ലാവരോടുമായി വിശദീകരിച്ചു.. ചുരുക്കത്തില്‍ പ്ലാന്‍ ഇങ്ങനെയാണ്… സപ്പറേറ്റ് ടോയിലെറ്റില്‍ ഇരിക്കുന്ന വാഷ്‌ബേസിനും അറ്റാച്ചെട് ടോയിലെറ്റിലെ പൊട്ടിയ വാഷ്‌ബേസിനും ഒരേ ടൈപ്പ് ആണ്.. ഞങ്ങള്‍ക്ക് അനുവദിച്ച സപ്പറേറ്റ് ടോയിലെറ്റിന്റെ അടുത്ത് മറ്റൊരു ടോയിലെറ്റും ഉണ്ട്.. അത് തുറന്നിട്ടില്ല.. മാത്രമല്ല അതിന്റെ അനുബന്ധ റൂമില്‍ താമസക്കാരുമില്ല.. ആ ടോയിലേറ്റ് കുത്തി തുറന്നു അതിലിരിക്കുന്ന നല്ല വാഷ് ബാസിന്‍ എടുത്തു ആരുമറിയാതെ ഈ പൊട്ടിയതിന് പകരം വയ്ക്കണം.. പൊട്ടിയത് ആ ടോയിലെറ്റില്‍ കൊണ്ടുപോയി ഇടണം.. ഇതാണ് പ്ലാന്‍.. മുകളിലത്തെ നിലയില്‍ നമ്മള്‍ മാത്രമേ താമസക്കരായുള്ളൂ .. അതുകൊണ്ട് റിസ്ക് ഇല്ല…
കക്കൂസ് ഗ്യാങ്ങിന്റെ പ്രമുഖ മെമ്പര്‍ ആയതു കൊണ്ട് …കുഴിക്ക്..കക്കൂസ് സംബന്ധമായ കാര്യങ്ങളില്‍ ഒരു പ്രത്യേക ആവേശവും താല്‍പ്പര്യവും കണക്കുകൂട്ടലും ആത്മവിശ്വാസവും ഉണ്ടെന്നു രഞ്ജിത്ത് പ്രഖ്യാപിച്ചു.. കെ പി ഒഴികെ എല്ലാവരും കുഴിയുടെ അഭിപ്രായത്തോട് യോജിച്ചു….
ഇതെല്ലാം നടക്കുന്ന കാര്യമാണോ? കെ. പി. സംശയം പ്രകടിപ്പിച്ചു..
നടന്നില്ലെങ്കില്‍ കെ പി കാശ് കൊടുക്കുമോ ? രഞ്ജിത്ത് തിരിച്ചു ചോദിച്ചു ? അങ്ങിനെ കുറെ നേരത്തെ വിശകലനത്തിനും സംവാദത്തിനും ശേഷം കെ പി യും സംഗതി നടത്താമെന്ന് തീരുമാനിച്ചു…
ഓപ്പറേഷന്‍ ഇന്‍ ചാര്‍ജ് കുഴിക്കു ” കമാണ്ടര്‍ കുഴി” എന്ന് നാമ കാരണം ചെയ്തു…. ഓപ്പറേഷന്‍ നടത്തണമെങ്കില്‍ ഹോട്ടലിലെ ജീവനക്കാര്‍ ആരെങ്കിലും മുകളിലേക്ക് വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കണം.. എതിര്‍വശത്തുള്ള ഹോട്ടല്‍ തമിഴ്നാടുവിലെ സെക്യൂരിറ്റികളുടെ ശ്രദ്ധ ഒരിക്കലും വാഷ് ബേസിന്‍ മാറ്റി വപ്പില്‍ പതിയരുത്…. അങ്ങിനെ വരാന്‍ സാധ്യത ഉള്ള പ്രതിബന്ധങ്ങള്‍ ഒക്കെ വിശകലനം ചെയ്തു.. അത് തടയാന്‍ പര്യാപ്തമായ നടപടികള്‍ ഒക്കെ എടുത്തു.. അഥവാ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ അത് വ്യക്തമായി ഓപ്പറേഷന്‍ ടീമിന്റെ ശ്രദ്ധയില്‍ പെടുത്തുന്ന സിഗ്നല്‍ വേണം…
ഓപ്പറേഷന്‍ സുഗമമായി നടത്താനുള്ള സിഗ്നലുകള്‍ മുഴുവന്‍ തന്റെ അധികാര പരിധിയിലാനെന്നു പരമു പ്രഖ്യാപിച്ചു.. അടുത്ത സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ എഞ്ചിനീയറിംഗ് വിങ്ങില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തതിന്റെ എക്സ്പീരിയെന്സും, ആത്മവിശ്വാസവും, ആവേശമായിരുന്നു പരമുവിന്.. അങ്ങനെ സിന്ഗ്നല്‍ ഇന്‍ ചാര്‍ജ് പരമുവിനെ “മേജര്‍ പരമുവായി” നാമകരണം ചെയ്തു…
മേജര്‍ പരമു കുറച്ചു കോഡുകള്‍ പ്രഖ്യാപിച്ചു.. ഒരാള്‍ സ്റെയര്‍കേസില്‍ വെയിറ്റ് ചെയ്യണം.. താഴെ നിന്നും ആരെങ്കിലും മുകളിലേക്ക് വന്നാല്‍ ഉടന്‍ സിഗ്നല്‍ തരണം..അക്കരെ അക്കരെ അക്കരെയിലെ കോഡ് പോലെ ഒരെണ്ണം ഈ ഓപ്പറേഷന് കടം എടുത്തു- “സിഗറെറ്റ് കയ്യിലുണ്ടോ” എന്ന് ചോദിക്കുമ്പോള്‍ സ്ടയെര്‍ പരിസരത്ത് ആരും ഇല്ലെങ്കില്‍ “സിഗറെറ്റ് കയ്യില്‍ ഇല്ല” എന്നും ആരെങ്കിലും ഉണ്ടെങ്കില്‍ “സിഗറെറ്റ് കയ്യില്‍ ഉണ്ട് ” എന്നും പറയണമെന്ന് തീരുമാനിച്ചു….
ആ സിഗ്നല്‍ തരാന്‍ ജിറാക്സിനെ ചട്ടം കെട്ടി സ്ടയെര്‍കേസിന്റെ അടുത്ത് കൊണ്ടിരുത്തി.. .. മുകളിലത്തെ നിലയിലെ റൂമുകള്‍ ഹോട്ടല്‍ തമിള്നാടുവിലെ സെക്യൂരിറ്റികള്‍ക്ക് കാണാവുന്ന വിധത്തിലാണ്.. അതിനാല്‍ വരാന്തയില്‍ കൂടി മൂന്നു നാല് പേര്‍ ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടക്കണം..സെക്യുരിറ്റികളുടെ ശ്രദ്ധ എപ്പോഴും നടക്കുന്നവരില്‍ ആയിരിക്കണം.. അവര്‍ സംശയാസ്പദമായ നീക്കങ്ങള്‍ നടത്തിയാല്‍ ഉടന്‍ സിഗ്നല്‍ തരണം.. സിഗ്നല്‍ “കട്ട കലിപ്പാണ് കേട്ടോ ” .. വരാന്തയില്‍ കൂടി നടക്കാന്‍ കെ പി , ഷാഹിന്‍ , മോന, ജിജോ എന്നാ കറുത്ത മുത്തു എന്നിവരെ ചുമതലപ്പെടുത്തി.
ഏതെങ്കിലും രീതിയില്‍ ഓപ്പറേഷന്‍ പരാജയപെട്ടാല്‍ സംഭവം ഹോട്ടല്‍ മുതലാളിയെ അറിയിച്ചു തടി തപ്പാം എന്നും തീരുമാനിച്ചു.
അങ്ങനെ പഴുതുകള്‍ എല്ലാം അടച്ചു വളരെ പ്രൊഫഷണല്‍ ആയി ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തു… എല്ലാവരുടെയും സമ്മതത്തോടെ ഓപ്പെറേഷന്‍ സ്റ്റാര്‍ട്ട് ചെയ്തതായി കമാന്റെര്‍ കുഴി പ്രഖ്യാപിച്ചു..
ആദ്യം ടോയിലേറ്റ് കുത്തി തുറന്നു വാഷ്‌ബേസിന്‍ എടുക്കണം .. ടോയിലേറ്റ് തുറക്കാന്‍ ഒരു സ്ക്രൂ ഡ്രൈവര്‍ വേണം. അത് ടൂര്‍ വന്ന ബസിന്റെ ടൂള്‍ കിറ്റില്‍ നിന്നും അണ്ണന്‍ പോയി എടുക്കാമെന്ന് പറഞ്ഞു… ഈ അണ്ണന്‍ എന്ന് പറയുന്ന ആള്‍ ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സീനിയര്‍ കക്ഷിയാണ്.. ഡിഗ്രീ പഠനം പൂര്‍ത്തിയാക്കിയാണ് അണ്ണന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ വന്നത് .. കണ്ണൂര് കാരനായ അണ്ണന്‍ എല്ലാ കാര്യത്തിനും സീനിയര്‍ തന്നെ.. ആള്‍ക്കാരെ ഡീല്‍ ചെയ്യാന്‍ അണ്ണന് ഒരു പ്രത്യേക രീതിയുണ്ട്… ഏതായാലും അണ്ണന്‍ വാക്ക് പാലിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ബസ് ഡ്രൈവറെ ചാക്കിട്ടു സ്ക്രൂ ഡ്രൈവറുമായി അണ്ണന്‍ എത്തി..
ഇതൌന്നും അറിയാതെ കോതമംഗലത്ത് കാരന്‍ വേലുത്തമ്പി ദളവ പൊട്ടിയ വാഷ്ബേസിനും കെട്ടിപ്പിടിച്ചു വാളും തലക്കല്‍ വച്ച് ടോയിലെറ്റില്‍ സുഖ നിദ്രയില്‍ ആയിരുന്നു.. വാള് കോരല്‍ സ്പെഷ്യലിസ്റ്റ് ഗപ്പല്‍ രഞ്ജിത്ത് ദളവയേം വാളിനെയും വാഷ്ബേസിനേയും വേര്‍പെടുത്തി.. ദളവയെ കുളിപ്പിച്ച് കൊണ്ട് കട്ടിലില്‍ കിടത്തി…
ഞങ്ങളുടെ ഭാഗ്യത്തിന് ആ സമയം നല്ല മഴ പെയ്തു തുടങ്ങി .. ജിറാക്സ് സ്ടയറില്‍ ഇരുപ്പുറപ്പിച്ചു.. കുഴിയും, കെ പി യും, കോടീശ്വരനും, മോനയും, ജിജോ എന്നാ കറുത്ത മുത്തും.. വരാന്തയില്‍ ഉലാത്തികൊണ്ടിരുന്നു..
കറുത്തമുത്തിനെ ഇരുട്ടത്ത് ഹോട്ടല്‍ തമിള്നാടുവിലെ സെക്യൂരിറ്റികള്‍ക്ക് കാണാന്‍ പറ്റില്ല എന്ന് ജിറാക്സ് ഇടയ്ക്കിടെ വിളിച്ചു പറയുന്നാണ്ടിയിരുന്നു.. .. നീ വെറുതെ നടന്നു ക്ഷീണിക്കേണ്ട ഏതായാലും അവര്‍ കാണാന്‍ പോകുന്നില്ല .. ജിറാക്സ് പറഞ്ഞു….
ജിജോ എന്ന കറുത്ത മുത്ത് കോളേജിലെ ഞങ്ങളുടെ ബാച്ചിലെ മികച്ച ഔട്ട് ഗോയിംഗ് വിദ്യാര്‍ഥിയായി തിരഞ്ഞെടുത്ത ആളാണ്.. ഇംഗ്ലീഷ് ഭാഷയില്‍ തികഞ്ഞ പാണ്ഡിത്യവും, ഇംഗ്ലീഷില്‍ നല്ല സംസാര ശേഷിയും, മലയാള തെറികളില്‍ ഉള്ള അഗാധ പരിജ്ഞാനവും കറുത്ത മുത്തിനെ മറ്റുള്ളവരില്‍ നിന്നും വത്യസ്തനാക്കി..രൂപത്തിലും ഭാവത്തിലും കറുത്ത സായിപ്പിനെ അനുസ്മരിപ്പിക്കുന്നത് കൊണ്ട് കറുത്ത മുത്ത് എന്നാ പേര്‍ കിട്ടി…
ജിറാക്സിന്റെ കമന്റുകള്‍ക്കു മറുപടിയായി കറുത്ത മുത്ത്, തന്റെ മലയാള ഭാഷയിലെ അഗാധമായ സ്വാധീനം ഇടയ്ക്കിടയ്ക്ക് വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്നുമുണ്ടായിരുന്നു….
പൂട്ടിയിട്ടിരുന്ന ടോയിലെറ്റിന്റെ പൂട്ട് ഫിറ്റിങ്ങ്സിന്റെ സ്ക്രൂ അഴിക്കാന്‍ തീരുമാനിച്ചു.. എല്ലാം ഓ കെ ആണോന്നു അറിയാന്‍ വേണ്ടി ജിറാക്സിനോട് പരമു ചോദിച്ചു “സിഗറെറ്റ് കയ്യിലുണ്ടോ ?”
ജിറാക്സ് : “സിഗറെറ്റ് കയ്യിലുണ്ട്” .. എല്ലാവരും ഞെട്ടി.. ഉടന്‍ തന്നെ തിരുത്ത് വന്നു ….” സോറി .. തെറ്റി പോയതാ.. “സിഗറെറ്റ് കയ്യിലില്ല”… പക്ഷെ എന്റെ കയ്യില്‍ സിഗരെറ്റ് ഉണ്ട്….” ജിറാക്സ് എപ്പൊഴും അങ്ങിനെയാ.. ഫുള്‍ കണ്ഫ്യൂഷനിലാ.. സ്വരൂപ് ജിറാക്സിനെ തെറി പറഞ്ഞു….
ഷിറാസ് തെറ്റിധരിച്ചതാ …..എന്ത് ചെയ്യാനാ…….
കുഴി : വെറുതെ കളയാന്‍ സമയം ഇല്ല.. പൂട്ട് ഫിറ്റിങ്ങ്സ് അഴിക്കൂ…
വയനു നിമിഷങ്ങള്‍ക്കുള്ളില്‍ ഫിറ്റിങ്ങ്സ് അഴിച്ചെടുത്തു.. പരമുവും സ്വരൂപും അണ്ണനും വയനുവും കൂടി ടോയിലെറ്റിനുള്ളില്‍ പ്രവേശിച്ചു.. ഏതായാലും കുഴിയുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല… അതിലെ വാഷ്ബേസിനും മറ്റു ടോയിലെറ്റിലെ പോലെ തന്നെ ആയിരുന്നു..
പരമു അടുത്ത സിഗ്നല്‍ പുറപ്പെടുവിച്ചു- രഞ്ജിത്തും, ബിജുവും ഞാനും കൂടി വാഷ്ബേസിന്റെ പൊട്ടിയ പീസുകള്‍ കഴുകിയെടുത്ത് കുത്തി തുറന്ന ടോയിലെറ്റില്‍ കൊണ്ട് വച്ചു.. ഈ സമയം കൊണ്ട് അണ്ണനും ഗാങ്ങും അതിലിരുന്ന വാഷ്ബേസിന്‍ അഴിച്ചെടുത്തു. ആരോഗ്യദൃഡ ഗാത്രനായ അണ്ണന്‍ ഒറ്റയ്ക്ക് ആ വാഷ്ബേസിന്‍ എടുത്തുകൊണ്ടു വാളുവച്ച ടോയിലെറ്റില്‍ വച്ചു.. പോകുന്ന വഴിയില്‍ ഉറങ്ങി കിടന്ന കോതമംഗലത്ത് കാരന്‍ പോരാളിയെ ഒരു തട്ടും കൊടുത്തു… കുറച്ചു തെറിയും പറഞ്ഞു.. ഈ കലാപരുപാടികള്‍ ഒന്നും അറിയാതെ ദളവാ കൂര്‍ക്കം വലിച്ചു ഉറങ്ങുകയായിരുന്നു..
പരമു പൊട്ടിയ വാഷ്ബേസിന്റെ ചീളുകള്‍ അത് ഫിറ്റ് ചെയ്തിരുന്ന സ്ഥലത്തിന് താഴെ, അത് തന്നെ വീണു പൊട്ടിയതാണെന്ന് തോന്നിപ്പിക്കുമാറു വിതറി ഇട്ടു .. കുഴിയും സ്വരൂപും വയനുവും അത് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി…
സംഗതി ഓക്കേ ആണെന്ന തോന്നലില്‍ കുഴി പൂട്ട് ഫിറ്റിങ്ങ്സ് തിരിച്ചു ഫിറ്റ് ചെയ്യാന്‍ ഓര്‍ഡര്‍ കൊടുത്തു….
ഇളക്കിയെടുത്ത പൂട് ഫിറ്റിങ്ങ്സ് പഴയപോലെ തന്നെ വയനു തിരിച്ചു ഫിറ്റ് ചെയ്തു..
ദൌത്യം പകുതി വിജയിച്ചതിന്റെ സന്തോഷത്തില്‍ എല്ലാവരും കൂടി നിന്ന് ഒരു പുക വിട്ടു.. വീണ്ടും ദൌത്യത്തിന്റെ ബാക്കി ഭാഗം ആരംഭിച്ചു
അഴിച്ചെടുത്ത വാഷ്ബേസിന്‍ തിരിച്ചു ഫിറ്റ് ചെയ്യണം.. നോക്കിയപ്പോള്‍ അത് റസ്റ്റ് ചെയ്തിരുന്ന ഒരു ക്ലാംപ് ഒടിഞ്ഞു കിടക്കുന്നു.. വീണ്ടും കലിപ്പായി.. കുഴിയുടെ പ്ലാന്നിങ്ങില്‍ ക്ലാംപിന്റെ കാര്യം വിട്ടു പോയീ.. പൂട്ടിയ ടോയിലറ്റ് വീണ്ടും തുറക്കാതെ മാര്‍ഗ്ഗമില്ല.. അതിലെ ക്ലാംപ് അഴിചെടുക്കണം…. കുഴി പറഞ്ഞു..
വയനു വീണ്ടും ഫിറ്റിംഗ്സ് അഴിച്ചെടുത്തു ടോയിലെറ്റ് തുറന്നു.. അതിലിരുന്ന ഒടിയാത്ത ക്ലാംപ് അഴിച്ചെടുക്കാന്‍ ശ്രമിച്ചു.. പക്ഷെ അതിന്റെ സ്ക്രൂ ആകെ തുരുമ്പു പിടിച്ചിരിക്കുകയായിരുന്നു.. ആകപ്പാടെ കയ്യിലുള്ള ഒരു ടൂള്‍ സ്ക്രൂ ഡ്രൈവര്‍ മാത്രമാണ്.. അതുകൊണ്ട് ആ സ്ക്രൂ അഴിക്കാന്‍ വയനു പഠിച്ച പണി പതിനെട്ടും നോക്കി.. നടന്നില്ല.. അവസാനം അത് അഴിച്ചെടുക്കാന്‍ പറ്റില്ല എന്ന് വയനു കട്ടായം പറഞ്ഞു..
ദൌത്യം പരാജയപ്പെടുമെന്ന തോന്നല്‍ ..എല്ലാവര്‍ക്കും ആശങ്ക… ആകെ ടെന്‍ഷന്‍…. മുറുമുറുപ്പുകള്‍ .. തെറിവിളികള്‍… എല്ലാവരും കലിപ്പടിച്ചു നിന്നപ്പോള്‍ അണ്ണന്‍ പറഞ്ഞു : ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ….
അണ്ണന്‍ രണ്ടും കല്‍പ്പിച്ചു ക്ലാംപില്‍ പിടിച്ചു മേലോട്ടും താഴോട്ടും അനക്കി.. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ക്ലാംപ് ഊരി അണ്ണന്റെ കയ്യില്‍ ഇരുന്നു… സ്ക്രൂ എല്ലാം ഭിത്തിയില്‍ നിന്നും ഊരി പോന്നു.. തുരുമ്പായത് കൊണ്ട് വലിയ പ്രയാസം കൂടാതെ.. ക്ലാംപിനു കേടുപാടുകള്‍ ഒന്നും സംഭവിക്കാതെ സംഗതി ഊരി കിട്ടി.. എല്ലാവര്‍ക്കും സന്തോഷമായി.. അണ്ണന്റെ പ്രയത്നത്തെ എല്ലാവരും അഭിനന്ദിച്ചു…..
വയനു വീണ്ടും വാതില്‍ പൂട്ടാനോരുങ്ങിയപ്പോള്‍ കുഴി പറഞ്ഞു: വെയിറ്റ്.. ഒടിഞ്ഞ ക്ലാംപ് ഇവിടെ കൊണ്ട് ഇടണം.. എന്നാലേ ഒരു പൂര്‍ണ്ണത ഉണ്ടാകൂ.. ഒടിഞ്ഞ ക്ലാംപിന്റെ സ്ക്രൂവിനെ ഏതായാലും ഞങ്ങളുടെ ഭാഗ്യത്തിന് തുരുമ്പ് അധികം ആക്രമിച്ചിരുന്നില്ല.. വയനു സ്ക്രൂവിനു കേടു കൂടാതെ ക്ലാംപ് ഊരിയെടുത്തു
ഒടിഞ്ഞ ക്ലാംപ് കൊണ്ട് പൊട്ടിയ വാഷ്ബേസിന്റെ ഇടയില്‍ നിക്ഷേപിച്ചു.. എല്ലാവരും രംഗം പരിശോധിച്ച് മാനസിക സംതൃപ്തി വരുത്തി.. ഏതായാലും വാഷ്‌ബേസിന്‍ പീസുകളും ക്ലാമ്പും ചിതറി കിടക്കുന്നത് കണ്ടാല്‍ അത് തന്നെ വീണു പൊട്ടിയതാണന്നേ തോന്നൂ.. രംഗം ഒന്ന് കൂടി വിലയിരുത്തി കമാന്റെര്‍ കുഴി പൂട്ട് തിരിച്ചു ഫിറ്റ് ചെയ്യാനുള്ള ഓര്‍ഡര്‍ കൊടുത്തു…. വയനു വീണ്ടും പൂട്ട് പഴയ രീതിയില്‍ തിരിച്ചു ഫിറ്റ് ചെയ്തു…
അണ്ണന്‍, അഴിച്ചെടുത്ത ക്ലാംപ് ഒടിഞ്ഞ ക്ലാംപിന്റെ സ്ഥലത്തും ഫിറ്റ് ചെയ്തു.. അതിന്റെ ഉറപ്പു സ്വന്തം കൈ കൊണ്ട് പരീക്ഷിച്ചു അണ്ണന്‍ തന്നെ വാഷ്ബേസിന്‍ എടുത്തു ക്ലാമ്പില്‍ വച്ചു.. ഏതായാലും സംഗതി പഴയ വാഷ്ബെസിനിലും ഭംഗിയായി അവിടെ ഇരുന്നു.. അതിലോട്ടുള്ള പൈപ്പും വേസ്റ്റ് ലൈന്‍ ഫിറ്റിങ്ങ്സും അണ്ണന്‍ തന്നെ ഫിറ്റ് ചെയ്തു.. സംഗതി വര്‍ക്കിംഗ് .. ….
അങ്ങിനെ ഓപ്പറേഷന്‍ വാഷ്‌ബേസിന്‍ നൂറു ശതമാനം സക്സെസ്സ് …… കമാന്റെര്‍ കുഴി വിജയ കാഹളം മുഴക്കി..
എല്ലാവര്‍ക്കും സന്തോഷവും അതിലുപരി അഭിമാനവും തോന്നി…. ആ വിജയനിമിഷം ആഘോഷിക്കാന്‍ ബാക്കിയിരുന്ന ബ്രാണ്ടിയും റമ്മും ടച്ചിങ്ങ്സും കൂടി അകത്താക്കി.. ബിജു സെന്റി പാട്ടുകള്‍ക്ക് വിട നല്‍കി അടിച്ചു പൊളി പാട്ടുകള്‍ പാടി…..
ഏതായാലും എല്ലാം കൊണ്ടും എല്ലാവര്‍ക്കും ആശ്വാസമായി.. ആത്മാവിനു ഒരു പുക കൂടി നല്‍കി (വേണ്ടവര്‍) എല്ലാവരും ഉറങ്ങാന്‍ കിടന്നു.. ഉദ്വേഗജനകമായ ഈ സംഭവ വികാസങ്ങള്‍ ഒന്നും അറിയാതെ ഒരാള്‍ കട്ടിലില്‍ സുഖ ശയനതിലായിരുന്നു– കോതമംഗലത്ത് കാരന്‍ യുവ എഞ്ചിനീയര്‍ വേലുത്തമ്പി ദളവാ !!!!!!
**********************************
പ്രഭാത സൂര്യന്‍ കിഴക്കേ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്നു…………….കൊടൈകനാലിലെ കിളികള്‍ ചല പലാന്നു ചിലച്ചു തുടങ്ങി.. നേരുത്തേ ഉറങ്ങുന്നവര്‍ ആദ്യം ഉണരും എന്നാണല്ലോ പ്രമാണം… കോതമംഗലത്ത് കാരന്‍ യുവ എഞ്ചിനീയര്‍ ദളവാ ആദ്യമേ ഉറക്കമുണര്‍ന്നു.. മറ്റുള്ളവരെ തട്ടി ഉണര്‍ത്താന്‍ ഒരു ശ്രമം നടത്തി.. അവന്‍ കാരണം ഉറക്കം നഷ്ടപെട്ട പലരുടെ കയ്യില്‍ നിന്നും നല്ല തട്ടും ചവിട്ടും കിട്ടി ശ്രമം ഉപേക്ഷിച്ചു… പല്ല് തേയ്ക്കനായി ബാത്ത്റൂമിലേക്ക് ചെന്നു.. ഒരു കുഴപ്പവും ഇല്ലാതിരിക്കുന്ന വാഷ്‌ബേസിന്‍ കണ്ടപ്പോള്‍ ദളവായുടെ ഉള്ളൊന്നു കാളി…
ഇത് പോട്ടിയില്ലയിരുന്നോ ??? ടോയിലെറ്റില്‍ നിന്നൊരു അലറല്‍ …. പകുതി മയക്കത്തിലായിരുന്നു ജിറാക്സ് അലറല്‍ കേട്ട് ഞെട്ടി ഉണര്‍ന്നു..
ഇത് പോട്ടിയില്ലയിരുന്നോ???? അതോ ഇത് പൊട്ടിയതായി ഞാന്‍ സ്വപ്നം കണ്ടതാണോ….. കോതമംഗലത്ത് കാരന്‍ ദളവാ ജിറാക്സിനോടായി ചോദിച്ചു ..
കഥ മുഴുവന്‍ കോതമംഗലത്ത് കാരന്‍ യുവ എങ്ങിനീയര്‍ക്കു പറഞ്ഞു കൊടുത്തു..കഥ കേട്ട് കോതമംഗലത്ത് കാരന്‍ ദളവാ വെട്ടിയിട്ട തേങ്ങ പോലെ ഠിം എന്ന് കട്ടിലിലേക്ക് വീണു .. ഒച്ച കേട്ട് മറ്റുള്ളവരും എണീറ്റ്.. എല്ലാവരും കലി അടങ്ങുന്നതുവരെ ദാളവായെ ചീത്ത പറഞ്ഞു.. ചിലര്‍ കുറുക്കിനു കുത്തി.. മറ്റു ചിലര്‍ കവിളത്ത് ഞോണ്ടി.. അങ്ങിനെ പല രീതിയിലും ദാളവായെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.. പതിവുപോലെ കെ പി ചേട്ടന്‍ ഇടപെട്ടു രംഗം ശാന്തമാക്കി………….
പ്രഭാത കര്‍മങ്ങളെല്ലാം എല്ലാം കഴിഞ്ഞു….. റൂം വെക്കേറ്റ് ചെയ്യാം എന്ന് തീരുമാനിച്ചു…. സെന്റി ടൂറിനു വിരാമമായി….. അണ്ണന്‍ റിസപ്ഷനില്‍ ചെന്ന് റൂം വെക്കേറ്റ് ചെയ്യുവാനന്നു പറഞ്ഞു….
പയ്യന്‍സ് വന്നു റൂമുമുഴുവന്‍ അരിച്ചു പെറുക്കി.. ടോയിലെറ്റില്‍ കയറി നോക്കി.. കട്ടിലിനടിയിലും… ഭിത്തി അലമാരയിലും കിടന്നും ഇരുന്നും നോക്കി..എന്നിട്ടും കലിപ്പ് തീരിണില്ല… കലിപ്പ് തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് തന്ന സപ്പറേറ്റ് ടോയിലെട്ടിലും പോയി നോക്കി.. ഒന്നും കാണാനില്ല.. ഞങ്ങള്‍ എല്ലാവരും ശ്വാസമടക്കി…. നെടുവീര്‍പ്പടക്കി നിന്നു… ഏതായാലും പയ്യന്‍സിനു ഒന്നും പിടി കിട്ടിയില്ല.. അവന്‍ വെക്കേറ്റ് ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് തന്നു…..
ഹോ രക്ഷ പെട്ടു .. ആശ്വാസമായി… ഞങ്ങളുടെ ഒരു സന്തോഷത്തിനു കാശ് ഇല്ലെങ്കിലും അവനു അമ്പതു രൂപ ടിപ്പ് കൊടുത്തു കൊടൈകനാല്‍ ചുരം ഇറങ്ങി……
വണ്ടി തേനിയില്‍ എത്തിയപ്പോളാണ് ശ്വാസം നേരെ വീണത്.. അങ്ങനെ ഓപ്പറേഷന്‍ വാഷ്‌ബേസിന്‍ ചരിത്രമായി… സെന്റി ടൂര്‍ ജീവിത കാലത്ത് മറക്കാതെ അനുഭവമായി അടിച്ചു പൊളിച്ചു ഞങ്ങള്‍ തിരിച്ചു ചെങ്ങന്നൂരില്‍ എത്തി……………..
ശുഭം……….