ഹ ഹ തിരുവോണം – 3
കണ്ണന്‍ സ്കൂള്‍ അങ്കണത്തില്‍ ലാന്‍ഡ് ചെയ്ത കാഴ്ചയാണത് …
ഇത്രയും നേരം എവിടെ ആയിരുന്നു എന്ന ചോദ്യം എല്ലാവരുടെയും നോട്ടത്തില്‍ ഉണ്ടെന്നു മനസ്സിലാക്കി കണ്ണന്‍ പറഞ്ഞു….
രാവിലെ അടുത്ത വീട്ടിലെ ചേട്ടന്‍ വന്നു ഓരോരോ കഥ പറഞ്ഞുകൊണ്ടിരുന്നു… സമയം പോയതറിഞ്ഞില്ല….
അത് വിശ്വസിക്കാനും മാത്രം മണ്ടന്മാരല്ല എം സി സി അംഗങ്ങള്‍ എന്ന് കണ്ണനറിയാം.. എന്നാലും എല്ലാവരും അത് വിശ്വസിച്ചു എന്ന് സ്വയം വിശ്വസിച്ചു കബഡി കളിയുടെ വിശേഷങ്ങള്‍ തിരക്കി… കബഡി കളിയുടെ കഥ കേട്ടപ്പോള്‍ കണ്ണന് സഹിക്കാന്‍ കഴിഞ്ഞില്ല..മികച്ച ഒരു കബഡി കളിക്കാരനാണ് കണ്ണന്‍… എല്ലാ കൊല്ലവും സുബ്ബന്റെ ടീമിന്റെ നെടുംതൂണായി നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നത് കണ്ണനാണ്.. സുബ്ബനും ടീമും എട്ടുനിലയില്‍ പൊട്ടിയെന്ന് കേട്ടപ്പോള്‍ കണ്ണന് ഹാലിളകി….
ഇനി ആരെങ്കിലുമുണ്ടോടാ കബഡി കളിക്കാന്‍….അല്‍പ്പം അഹങ്കാരത്തോടെ കണ്ണന്‍ ചോദിച്ചു..
ഈ സ്കൂളില്‍ ഉള്ള എല്ലാവരും കബഡി കളിച്ചു.. ഇനി ഹൈസ്കൂളിലോ കൊട്ടാരം സ്കൂളിലോ പോയി ചോദിക്ക്.. അവിടെ ആരെങ്കിലും കാണും… (ഹൈസ്കൂളും കൊട്ടാരവും എസ് എന്‍ എം യു പി സ്കൂളിന്റെ അടുത്തുള്ള മറ്റു സ്കൂളുകളാണ്)
നികത്തി വേണുവിന്റെ ഈ കമ്മന്റ് കേട്ടതും ബുള്ളെറ്റ് ബിനു ബ്ലുഷ്….. എന്നൊരു ചിരി പാസ്സാക്കി….ബാക്കിയുള്ളവരും ബുള്ളെറ്റ് ബിനുവിനോപ്പം ചേര്‍ന്ന് കണ്ണനെ കളിയാക്കി ചിരിച്ചു …
കണ്ണന്‍ ബ്ലിങ്കസ്യാ എന്ന മട്ടില്‍ വളിച്ച ഒരു ചിരിയും ചിരിച്ചു ചമ്മിയ ഒരു നില്‍പ്പ് നിന്നു…
ചോദിച്ചവനെ ലവനാക്കുന്നത് നികത്തി വേണുവിന്റെ ഹിറ്റ് ഐറ്റം ആണ്… മുതുകുളം പാണ്ടാവര്‍കാവ് ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു തളന്തന്‍ രമേശന്‍ ഉണ്ട്. പോളിയോ ബാധിച്ചു ഒരു കാലിനു സ്വല്‍പ്പം സ്വാധീന കുറവുണ്ട്.. ആറരയടി പൊക്കം..ഒത്ത തടി (പോളിയോ ബാധിച്ച കാലിനോഴിച്ചു).. . പക്ഷെ ആള്‍ സ്ഥിരം തല്ലുകൊള്ളിയാണ് .. ഒരിക്കല്‍ ഏതോ ഒരു കേസില്‍, നാലഞ്ചു പേര്‍ വന്നു രമേശന്റെ വിഹാര കേന്ദ്രമായ പാണ്ടാവര്‍കാവ് ജംഗ്ഷനില്‍ ഇട്ടു രമേശനെ തല്ലി..ആളുകള്‍ കൂടിയപ്പോള്‍ തല്ലുകാര്‍ ബൈക്കെടുത്തു രക്ഷപെട്ടു.. തല്ലുകാര്‍ തിരിച്ചു പോകുന്ന പോക്കില്‍ തല്ലാന്‍ വന്ന ഒരുത്തന്റെ പുറത്തിനിട്ടു രമേശന്‍ ഒന്ന് പൊട്ടിച്ചു.. ഇട്ടിരുന്ന ഉടുപ്പ് സ്വയം വലിച്ചു കീറിയിട്ട് ചോദിച്ചു….. ഇനി ആരെങ്കിലും ഉണ്ടോടാ എന്നെ തല്ലാന്‍ ????
കേട്ട് നിന്ന നികത്തി വേണു പറഞ്ഞു .. ഈ ജംഗ്ഷനില്‍ ഉള്ള എല്ലാവരും നിന്നെ തല്ലി.. ഇനി ഹൈസ്കൂള്‍ ജംഗ്ഷനിലോ, കല്ലുംമൂട് ജംഗ്ഷനിലോ പോയി ചോദിക്ക്.. അവിടെ ആരെങ്കിലും കാണും നിന്നെ തല്ലാന്‍…ഇതും പറഞ്ഞു വേണു സ്ഥലം കാലിയാക്കി. (ഹൈസ്കൂള്‍, കല്ലുംമൂട് തുടങ്ങിയ ജംഗ്ഷനുകള്‍ പാണ്ഡവര്‍കാവ് ജംഗ്ഷന്റെ അപ്പുറവും ഇപ്പുറവും ഉള്ള ജംഗ്ഷനുകളാണ്) നേരുത്തേ കണ്ണന്‍ നിന്ന അതേ നില്‍പ്പ് തളന്തന്‍ രമേശനും നിന്നു.. ജംഗ്ഷനില്‍ കൂടി നിന്ന ജനങ്ങള്‍ക്ക് ഗൌരിയെ പോലെ ബ്ലുഷ്.. എന്നുറക്കെ ചിരിക്കാന്‍ അറിയാത്തത് രമേശന്റെ ഭാഗ്യം…
അപ്പോഴേക്കും ബാങ്ക്വ ഒരു പൊതി പടക്കവുമായി ബൈക്കില്‍ വന്നു. കബഡി കളിയിലെ അപ്രതീക്ഷിത വിജയം ആഘോഷിക്കാനായി ബുള്ളെറ്റ് ബിനു ബാങ്ക്വയെ പടക്കം മേടിക്കാന്‍ വിട്ടിരുന്നു.. പടക്കാന്‍ പൊട്ടിക്കാന്‍ കണ്ണനെ കഴിഞ്ഞേ എം സി സി യില്‍ ആള്‍ക്കാര്‍ ഉള്ളൂ.. വലിയ വലിയ കമ്പക്കാരായ മുട്ടം രാഘവനെയും കീരിക്കാട് വിജയന്‍ പിള്ളയെയും കണ്ണന്‍ കടത്തി വെട്ടും.. വലിയ ഓലപ്പടക്കങ്ങളും ഗുണ്ടുകളും കണ്ണന്‍ ഒരു പൂവ് ഇറുക്കുന്ന ലാഘവത്തോടെ പൊട്ടിക്കും… ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നിടത്ത് അവര്‍ അറിയാതെ അവരുടെ അടുത്ത് കൊണ്ടിട്ടു പടക്കം പൊട്ടിക്കുന്നതും കണ്ണന്റെ വിനോദമാണ്…
ഇതിനിടയില്‍ ഗള്‍ഫില്‍ നിന്നും മൊഴൂര്‍ വേണു ചേട്ടന്റെ വിളി വന്നു… പാണ്ടിയുടെ സ്വന്തം ചേട്ടനാണ് കക്ഷി.. എം സി സി യുടെ തല മുതിര്‍ന്ന അംഗമാണ്… ശരീരം ഗള്‍ഫില്‍ ആണെങ്കിലും മനസ്സ് ഇപ്പോഴും മുതുകുളത്താണ്.. എം സി സി യെ പ്രതിനിധീകരിച്ചു അഭിഷേക്, കൊച്ചുമോന്‍, മയക്കം ദിനേശ്, അബ്ദുള്ള, വികാസ്, സതീഷ് തുടങ്ങി ഒരു പട തന്നെ ഗള്‍ഫില്‍ ഉണ്ട്…. ഗള്‍ഫിലുള്ള എം സി സി അംഗങ്ങള്‍ എല്ലാവരും ഒത്തുകൂടി ഓണം ആഘോഷിക്കുകയാണ്.. നാട്ടിലെ ഓണാഘോഷ കഥകള്‍ പലരും വേണു ചേട്ടന് വിവരിച്ചു കൊടുത്തു.. നാട്ടിലെ ഉജ്ജ്വലവും ഊര്‍ജസ്വലവും ആവേശ ഭരിതവുമായ ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തത്തിന്റെ തീവ്രമായ വേദന കടിച്ചിറക്കി വേണു ചേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു.. ഇതൊന്നും വകവയ്ക്കാതെ പ്രവാസി-ഓണ്‍ -ലീവ് കണ്ണന്‍ പടക്കങ്ങള്‍ പൊട്ടിച്ചു കൊണ്ടേ ഇരുന്നു…
പടകം പൊട്ടിച്ചു കഴിഞ്ഞപ്പോഴേക്കും സമയം ഒരു മണിയായി..നാല് മണിക്ക് എസ് എന്‍ എം അംഗണത്തില്‍ വീണ്ടും ഒന്നിക്കാമെന്ന തീരുമാനത്തില്‍ തിരുവോണമുണ്ണാന്‍ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പിരിഞ്ഞു…..
സമയം അഞ്ചു മണി… വൈകുന്നേരം പൊട്ടിക്കാനുള്ള പടക്കവും, പൊട്ടാനുള്ള കുപ്പികളും, വാളുവക്കാനുള്ള ആളുകളും, തൊട്ടു നക്കാന്‍ ഉപ്പേരികളും, അച്ചാറുകളും എസ് എന്‍ എം സ്കൂളിന്റെ കഞ്ഞിപ്പുരയില്‍ എത്തി. എം സി സി യുടെ പുതിയ തലമുറയുടെ സജീവ സാന്നിധ്യം വൈകുന്നേരം പ്രകടമായിരുന്നു.. സജീഷ്, അഖില്‍ , നിഖില്‍ തുടങ്ങിയ യുവ തലമുറ എം സി സി വര്‍ഷങ്ങളായി ഉണ്ടാക്കിയെടുത്ത പേരിനു ഒരു കുറവും വരുത്തതില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് എല്ലാ ആഘോഷങ്ങള്‍ക്കും മുന്‍ പന്തിയില്‍ തന്നെ ഉണ്ട്..
വടം വലി തുടങ്ങിയതും അവസാനിച്ചതും ആരും അറിഞ്ഞില്ല.. കബഡി കളിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം കണ്ണന്‍ വടം വലിയില്‍ തീര്‍ത്തു.. അടുപ്പിച്ചു രണ്ടു വലികളും കണ്ണന്റെ ടീം പുല്ലു പോലെ ജയിച്ചു….
കണ്ണന്‍ വീണ്ടും കബഡി കളിക്കാനുള്ള തയാറെടുപ്പിലാണ്… വടം കൊണ്ട് കോര്‍ട്ടിന്റെ അതിരുകള്‍ തിരിച്ചു… ഇരുന്നും കിടന്നും ഉരുണ്ടും അളന്നു രണ്ടു കോര്‍ട്ടും ഒരേ വലുപ്പത്തിലാക്കി.. പക്ഷെ ആരും കളിക്കാന്‍ തയാറാകുന്നില്ല.. കണ്ണന്‍ പല രീതിയില്‍ ആള്‍ക്കാരെ കബഡി കളിക്കാന്‍ സ്വാധീനിക്കാന്‍ നോക്കി… ആരും അടുത്തില്ല… നാറാണി… ഓടി നടന്നു വെല്ലു വിളിച്ചു.. ആരും കേട്ട ഭാവം നടിച്ചില്ല.. അവസാനം കബഡി കളിക്കാനുള്ള കണ്ണന്റെ എല്ലാ പ്രതീക്ഷകളും അസ്തമിചെന്നു തോന്നിയപ്പ്പോള്‍ ചക്കാലി പറഞ്ഞു
നമുക്ക് കബഡി കളിക്കാം.. ഒരു പ്രവാസിയുടെ ആഗ്രഹം അല്ലേ …
എല്ലാവരും തയാറായി.. ടീമുകള്‍ റെഡി ആയി.. . കണ്ണനും സുബ്ബനും ഒരു ടീമില്‍ .. ചക്കാലി എതിര്‍ ടീമില്‍ .. ബാക്കി എല്ലാവരും പഴയ പോലെ തന്നെ.. രാവിലത്തെ കളി സംഭാവന ചെയ്ത വേദനകളും, ചതവുകളും, മസ്സില് പിടുത്തങ്ങളും, മുറിവുകളും മറ്റും ചടുലമായ പല നീക്കങ്ങളില്‍ നിന്നും പലരെയും പിന്തിരിപ്പിച്ചു..രാവിലെ പുലി പോലെ നിന്ന പപ്പനാഭാന്‍ ഇപ്പോള്‍ എലി പോലെയായി… ചക്കാലിയും കണ്ണനും രാവിലെ കളിക്കാത്തത് കൊണ്ട് ഉഷാറായി കളിച്ചു.. ഏതായാലും രാവിലത്തെ കളിയേക്കാളും ഉശിരന്‍ കളിയായിരുന്നു.. കണ്ണന്റെ പല നീക്കങ്ങളും ബുള്ളെറ്റ് ബിനുവിന്റെ ടീമിനെ പ്രതിസന്ധിയിലാക്കി.. ചാക്കാലിയും തക്കാളിയും ചില പോലീസ് നീക്കങ്ങള്‍ നടത്തി കണ്ണനെ പ്രതിരോധിച്ചു… ബന്ക്വയുടെ ബന്ധു കസ്കന്‍ കബഡി.. കബഡി.. എന്ന് പറഞ്ഞു കയറി ചെന്നതും കണ്ണന്‍ പിടിക്കാന്‍ വരുന്നത് കണ്ടു ഓടി രക്ഷപെട്ടതും എല്ലാവരിലും ചിരി പടര്‍ത്തി.. അങ്ങനെ ഉദ്വേഗജനകവും ആവേശഭരിതവും അതി സാഹസികവുമായ കബഡി കളി അവസാനിച്ചപ്പോള്‍ സുബ്ബന്റെ ടീം 3-2 ക്രമത്തില്‍ ജയിച്ചു… ബുള്ളെറ്റ് ബിനുവിന്റെ ടീം പൊരുതി തോറ്റു…. സുബ്ബനുംകണ്ണനും വിജയ കാഹളം മുഴക്കി….
കഞ്ഞിപ്പുരയില്‍ കുപ്പികള്‍ പോട്ടികൊണ്ടേ ഇരുന്നു… പൊട്ടിയ കുപ്പികള്‍ കണ്ടപ്പോള്‍ പാണ്ടി വീണ്ടും പാടി…
പൊട്ടിയ താലി ചരടുകള്‍ കാണാം പൊട്ടാ മദ്യ കുപ്പികള്‍ കാണാം പലിശ പട്ടിണി പടി കയറുമ്പോള്‍ പുറകിലെ മാവില്‍ കയറുകള്‍ കാണാം
സന്ധ്യയായി എസ് എന്‍ എം സ്കൂളിലെ 2011- ലെ ഓണാഘോഷത്തിനു അന്ത്യം കുറിച്ച് എല്ലാവരും എം സി സി ഓഫീസിലേക്ക് തിരിച്ചു…. ഓഫീസില്‍ ഇരുന്നു കബഡി കളിയെ വിശകലനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ വെളിയില്‍ ഒരു ബുള്ളറ്റിന്റെ ഒച്ച കേട്ടു..
ഷാനി എന്നാണ് ആ ബുള്ളറ്റില്‍ വന്ന ചെറുപ്പക്കാരന്റെ പേര്. ഇപ്പോള്‍ മുതുകുളത്തെ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവാണ്. . സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനയുടെ മറ്റു ഓപ്പറേഷന്‍സിനും നേതൃത്വം നല്‍കുന്നതും ഈ ഷാനിയാണ്.. ഇപ്പോള്‍ സുബ്ബനോടൊപ്പം ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു…പാറപ്പുറത്ത് ചിരട്ടയിട്ടു ഉരക്കുന്നത് പോലത്തെ ശബ്ദം… ഭയങ്കര ബാസ്സാണ്.. ഏകദേശം ആറടി പൊക്കം.. ഒത്ത തടി … .ചുവന്ന കണ്ണുകള്‍ .. ആരെയും കൂസാത്ത പ്രകൃതം..ഉറച്ച ശരീരവും അതിലും ഉറപ്പുള്ള ഒരു മനസ്സും…..രണ്ടു കുട്ടികളുണ്ട്… കുട്ടികളെ ചെറുപ്പത്തില്‍ താരാട്ട് പാടി ഉറക്കിയത് ഇപ്പോഴും ഹിറ്റാണ്.. വാ…വോ… മോള് വാ വോ.. എന്ന് പാടിയപ്പോള്‍ ശബ്ദത്തിന്റെ ഗാംഭീര്യം കാരണം ഉറങ്ങികിടന്ന കൊച്ച് ഉണര്‍ന്നു നിര്‍ത്താതെ കരച്ചില്‍ തുടങ്ങിയെന്നാണ് കപിലന്‍ പറയുന്നത്… കപിലന്‍ ഷാനിയുടെ ഒരു അഭ്യുദയകാംഷിയാണ്..
ഷാനിയും കണ്ണനും ഒരുമിച്ചു പഠിച്ചതാണ്.. കണ്ണന്റെ വീരവാദങ്ങള്‍ ഷാനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല… താന്‍ ഉണ്ടായിരുന്നെങ്കില്‍ കണ്ണനെ പുഷ്പം പോലെ പിടിക്കുമായിരുന്നു എന്ന് ഷാനിയും അതിനു പുളിക്കുമെന്നു കണ്ണനും വീരവാദം മുഴക്കി… വാഗ്വാദങ്ങള്‍ എം സി സി ഓഫീസിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നപ്പോള്‍ എച് ഐ വി ഓഫീസിലേക്ക് കടന്നു വന്നു ചോദിച്ചു…
“ആടിതുവരെ റെഡി ആയില്ലേ… മണമൊന്നും വരുന്നില്ലല്ലോ???”
അത് കേട്ടപ്പോഴാണ് മയില് സുതന്റെ വീട്ടിലെ ഫ്രിഡ്ജില്‍ ഇരിക്കുന്ന ആടിനെ പറ്റി എല്ലാവരും ഓര്‍ത്തത്.. ആസ്ഥാന കൂക്ക് ആയ ദാസനെ ഷാനി വിളിച്ചു… നിര്‍ഭാഗ്യമെന്നോണം ദാസന് അന്ന് വേറൊരു സ്ഥലത്ത് പാചകം ഉണ്ട്..
എല്ലാവരും കൂടിയാലോചിച്ച്.. പപ്പനാഭാന്റെ വീട്ടില്‍ ആടിനെ കറി വെക്കാന്‍ തീരുമാനിച്ചു…
ആടിന്റെ കൂടെ കഴിക്കാന്‍ കപ്പ മേടിക്കണ്ടേ എന്നാരോ ചോദിച്ചപ്പോള്‍…. ആടിന്റെ കൂടെ ചേമ്പ് പുഴുങ്ങിയതാ ബെസ്റ്റ് കോമ്പിനേഷന്‍ എന്ന് ചക്കാലി.. ഈ കാര്യത്തില്‍ അവനോളം എക്സ്പീരിയന്‍സ് വേറെ ആര്‍ക്കുണ്ടാകാനാ….
പുറത്തു തകര്‍ത്തു മഴ പെയ്യുന്നുണ്ടായിരുന്നു.. അതിനാല്‍ കുറച്ചു പേര്‍ ചക്കാലിയുടെ കാറിലും ബാക്കിയുള്ളവര്‍ ബൈക്കിലുമായി ആടും , ചേമ്പും, കറിക്കുള്ള മറ്റു സാധന സാമഗ്രികളുമായി എല്ലാവരും പപ്പനഭാന്റെ വീട്ടിലേക്കു തിരിച്ചു… കളിയുടെയും ആഘോഷത്തിന്റെയും ക്ഷീണം കാരണം മൈക്കു മാത്രം വന്നില്ല… മൈക്കു റൂമില്‍ തന്നെ ചരിഞ്ഞു…
പപ്പനഭാന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടി… ചേമ്പും ആടും കറിവെക്കാന്‍ അമ്മയേയും ചേച്ചിയേം സഹായിച്ചു …
കറി വേകുന്ന നേരത്ത് ഞങ്ങള്‍ എം സി സി യുടെ പഴയ ടൂറുകളുടെ ഫോട്ടോകളും, വീഡിയോകളും കണ്ടാസ്വദിച്ചുകൊണ്ടിരുന്നു. എം സി സി അംഗങ്ങള്‍ എല്ലാ ക്രിസ്ത്മസ്സിനും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ടൂറ് പോകും.. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു നാട്ടുകാരുടെ ശക്തമായ പിന്തുണയോടു കൂടി ഞങ്ങള്‍ എന്തായാലും ടൂറ് പോകും… ഞങ്ങള്‍ നാട്ടില്‍ ഇല്ലാത്ത ആ മൂന്നു ദിവസം ഓഫീസിന്റെ ചുറ്റളവിലുള്ള ഉ കു ജ കളുടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങളാണ്… കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ തവണ മാത്രമേ പോകാതിരുന്നിട്ടുള്ളൂ.. ഓരോ ടൂറും ഓരോ ചരിത്ര സംഭവമാണ്.. അങ്ങിനെ ഉള്ള വിവിധ ടൂറുകളുടെ ഫോട്ടോ കണ്ടുകൊണ്ടിരുന്നപ്പോഴേക്കും ആടും ചേമ്പും റെഡിയായി എത്തി… നെപ്പോളിയന്‍ ബോണെപാര്‍ട്ടും.. വെളുത്ത കുസൃതിക്കാരനും.. … സംഗതിക്ക് കൊഴുപ്പേകി…
ആടിന്റെയും ചേമ്പിന്റെയും പാത്രങ്ങള്‍ കാലിയാക്കി പപ്പനാഭാന്റെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സമയം പത്തു കഴിഞ്ഞിരുന്നു.. ചക്കലിയുടെ കാറില്‍ എം സി സി ഓഫീസില്‍ എത്തിയപ്പോഴേക്കും മൈക്ക് അജിത്ത് ഉറങ്ങി പോയി.. തിരുവോണ ആഘോഷങ്ങളും.. കബഡി കളിയും..വടം വലിയും.. ആ പഴയ ജിമ്മനെ തളര്‍ത്തി കഴിഞ്ഞിരുന്നു.. ഓഫീസിന്റെ അടുത്ത് ചക്കാലി കൊണ്ട് കാര്‍ നിര്‍ത്തി..
ഉറങ്ങി കിടന്ന മൈക്കുവിനെ പാണ്ടി തട്ടി വിളിച്ചു…
ഹ.. ഹ.. പൊന്നോണം…… ഹ… ഹ.. തിരുവോണം…… തിരുവോണം കഴിഞ്ഞിട്ടും മാവേലി പോയട്ടും പായി പണിക്കത്തി മൈക്കുവിനെ വിടുന്നില്ല…
അങ്ങിനെ എം സി സി യുടെ ഒരോണാഘോഷം കൂടി ഭംഗിയായി സമാപിച്ചു…ആടും ചേമ്പും തിന്ന തൃപ്തിയോടെ സുഖമായി ഒരു ഉറക്കമുറങ്ങാന്‍ എല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരിച്ചു. അടുത്ത ഓണത്തെ ഇതിലും സംഭവ ബഹുലമാക്കാനും.. അതിനു ഈ ഓണത്തിന്റെ ഓര്‍മ്മകള്‍ പ്രചോദനമാക്കാനും ഞങ്ങള്‍ക്ക് സാധിക്കട്ടെ എന്നാഗ്രഹിച്ചുകൊണ്ട്
ഹ.. ഹ.. പൊന്നോണം…… ഹ… ഹ.. തിരുവോണം… ഇവിടെ നിര്‍ത്തുന്നു…..
(അവസാനിച്ചു)