real life stories

Archive for September, 2011

ഹ ഹ തിരുവോണം – 1


സ്റഫൈലോകൊക്കസിന്റെ അപ്രതീക്ഷിത ആക്രമണം കാരണം വിചാരിച്ചതിലും  ഒരു ദിവസം താമസിച്ചാണ് ഓണം ആഘോഷിക്കാന്‍ നാട്ടില്‍ എത്തിയത്.   സ്റഫൈലോകൊക്കസിനെ  പറ്റി അറിയാത്തവര്‍ ഇനി അതിനെ ഡല്‍ഹിയില്‍   ബോംബ്‌ പൊട്ടിച്ച ഭീകര  സംഘടനയായ   ഹുജിയോടോ അല്ലെങ്കില്‍  താലിബാനൊടോ,   ലെഷ്കരി  തയിബ്ബയോടോ ഒക്കെ   താരതമ്യം ചെയ്യാന്‍  സാധ്യത  ഉള്ളത് കൊണ്ട്  സംഗതി ആരാണെന്നു പറയാം.  ഒരു തരം  ബാക്ടീരിയ  ആണ്..  പരു ഉണ്ടാക്കുന്ന  ബാക്ടീരിയ.   പരു എന്നൊക്കെ  ഇക്കാലത്ത്  പറയുന്നത് നമുക്ക്   കുറച്ചിലല്ലേ….. ഏതായാലും  സംഗതി പോളപ്പനാണ്..  കേട്ടോ.. വേദന  പറഞ്ഞറിയിക്കാന്‍ പറ്റില്ല…  ആന്റിബയോട്ടിക്കിന്റെയും പയിന്‍ കില്ലറിന്റെയും  സഹായത്തോടെ ഉത്രാടത്തിന്  വൈകുന്നേരം  എന്റെ സ്വന്തം  മണ്ണായ  മുതുകുളത്തെത്തി….. പിള്ളേരെയും സഖിയെയും വീട്ടിലാക്കി… അച്ഛനെയും അമ്മയെയും ഒരു നോക്ക് കണ്ടു എന്ന് വരുത്തി തീര്‍ത്ത്…..നേരെ തറവാട്ടിലേക്ക് കുതിച്ചു…..  അല്ലെങ്കിലും കൊച്ചുമക്കള്‍ വന്നതില്‍ പിന്നെ സ്വന്തം മക്കളോട് അവര്‍ക്ക് പഴയൊരു സ്നേഹം  ഇല്ലേ എന്നൊരു സംശയം…  (നമുക്കങ്ങോട്ടുണ്ടോ ???  ആവോ ??)…. .

എന്റെ അമ്മ അങ്ങിനെയാ പറയുന്നത്..”തറവാട്” ……  തറവാടെന്നു പറഞ്ഞാല്‍   അഛന്റെയോ അമ്മയുടയോ കുടുംബമോന്നും അല്ല.. ഞാന്‍ ഉള്‍പെടുന്ന  മുതുകുളത്തെ ചെറുപ്പക്കാരുടെ സു(കു) പ്രസിദ്ധമായ ക്ലബ്ബിന്റെ ഓഫീസാണ് ഈ തറവാട്.  ചെറുപ്പക്കാര്‍ എന്ന് പറഞ്ഞത് പ്രിത്വിരാജ് കേള്‍ക്കേണ്ട …..പുകിലാകും..  പണ്ട് വല്ലവരുടെയും പറമ്പിലും.. മുതുകുളം ഹൈ സ്കൂള്‍ ഗ്രൌണ്ടിലും ക്രിക്കറ്റ്‌,  ഫുട്ബോള്‍ തുടങ്ങിയ കായിക  അഭ്യാസങ്ങള്‍  നടത്തി ഒരുമിച്ചുണ്ടും, ഒരു പായേല്‍ കിടന്നും..  വളര്‍ന്നു  വന്ന സുഹൃത്തുക്കള്‍ ഇപ്പോള്‍ ജീവിതത്തിന്റെ  മധ്യാനത്തില്‍  കായികാഭ്യസത്തിനു ഒരു ബാല്യം കൂടി ഇല്ലാത്തതു കൊണ്ട് ചീട്ടുകളിക്കാനും,  ചെറുത്‌ അടിക്കിക്കാനും,  അട്ടഹസിക്കാനും…   മറ്റുമായി തട്ടികൂട്ടിയ ഒരു  സെറ്റപ്പിനെ ആണ് അമ്മ “തറവാട്” എന്ന് പുകഴ്ത്തി കളിയാക്കുന്നത് ..  എം സി സി യുടെ ഓഫീസ് എന്നും അതിനൊരു ഔദ്യോഗിക നാമം ഉണ്ട്  !!!!

തറവാട്ടില്‍  എത്തിയപ്പോഴേക്കും നേരം ഇരുണ്ടു തുടങ്ങിയിരുന്നു…  മുതുകുളം ബ്ലോക്ക്‌  ഓഫീസിന്റെ മുന്‍പില്‍  നിന്നും ഒരാള്‍ക്ക്‌ ചരിഞ്ഞു മാത്രം  കയറാവുന്ന  ഒരു  ഇടവഴിയിലൂടെ  വേണം തറവാട്ടില്‍  എത്താന്‍..  സൂക്ഷിച്ചു നടന്നില്ലെങ്കില്‍   മുള്ളുവേലി മുണ്ടിനും കാലിനും  പണി തരും ..വഴി ചെറുതാണെങ്കിലും ഓഫീസില്‍  ( തറവാട്ടില്‍ )  അത്യാവശ്യം സെറ്റപ്പ് ഒക്കെ ഉണ്ട്.   കോട്ടയം അയ്യപ്പാസ് മാതിരി…മുമ്പില്‍ നിന്ന് നോക്കുമ്പോള്‍ ചെറുതാണെങ്കിലും അകം അതി വിശാലമാണ്..  രണ്ടു  കട്ടിലും എട്ടു കസേരയും ഇടാവുന്ന വിശാലമായ ഒരു  ഹാളും ഒരു ചെറിയ അടുക്കളയും ഒക്കെ ഉള്ള ഒരു ചെറിയ സെറ്റപ്പ്. സമയം പോകാന്‍ ടി വി യും  തരപ്പെടുത്തി വച്ചിട്ടുണ്ട്….

തറവാട്ടിലെ ഓണാഘോഷത്തിന്റെ  ആരവം റോഡില്‍  വ്യക്തമായി കേള്‍ക്കാം..

ഹ: ഹ: ഹ: …… പൊന്നോണം …. ഹ: ഹ: ഹ: …. തിരുവോണം …

ചരിഞ്ഞു.. നിരങ്ങി, മുള്ളുവേലിയില്‍ മുണ്ട് ഉടക്കാതെ ഒരുവിധം തറവാട്ടില്‍ പ്രവേശിച്ചു..  മൈക്കു അജിത്‌ പാട്ട് പാടി നൃത്തം വക്കുകയാണ്..

ഹ: ഹ: ഹ: …… പൊന്നോണം …. ഹ: ഹ: ഹ: …. തിരുവോണം …

ഉള്ളില്‍ കിടക്കുന്നതിന്റെ വീര്യം കൊണ്ടായിരിക്കും.. ഏതായാലും സംഗതി ജോറ് ആയിട്ടുണ്ട്‌..  വിക്കുള്ള  പായി പണിക്കത്തി     തിരുവാതിര കളിക്കുന്ന രംഗം   അനുകരിക്കുകയാണ്   മൈക്കു.. ചുറ്റിനും ആസ്വാദകരും..  ചക്കാലി, നാറാണി, സുബ്ബന്‍, പപ്പനാഭന്‍,  പാണ്ടി,  മെയില് സുതന്‍‍‍,  ബാങ്ക്വ…  തുടങ്ങി എല്ലാവരും ഉണ്ട്…..  മറ്റുള്ളവരെ  അനുകരിക്കാന്‍   മൈക്കുവിനു ഒരു പ്രത്യേക  കഴിവ് തന്നെ ഉണ്ട്..  ഭീമന്റെ അച്ഛന്‍ കരുണാകരന്‍ സാറിനെ  അനുകരിക്കുന്നതാണ്  മൈക്കുവിന്റെ മാസ്റെര്‍ പീസ്…ഏതായാലും ഇപ്പോള്‍ ഭീമന്‍  തറവാട്ടിലേക്ക്  വരാറില്ല..  മൈക്കുവാണോ ഭീമന്റെ ഭാര്യ  ബാങ്കുദ്യോഗസ്ഥയാണോ അതിനു  കാരണം എന്ന് ഇപ്പോഴും വ്യക്തമല്ല..

കരുണാകരന്‍ സാറ്‍ പി ഡബ്ലു ഡി-യില്‍ കോണ്ട്രാക്ടര്‍ ആണ്.  ഒരിക്കല്‍  കരുണാകരന്‍  സാറ്‍ ഡ്യൂട്ടി കഴിഞ്ഞു വീടിനടുത്തുള്ള ജംങ്ങ്ഷനില്‍ ബസ്‌  ഇറങ്ങി..  ജംങ്ങ്ഷനില്‍  സ്വര്‍ണ്ണ പണി നടത്തുന്ന തട്ടാന്‍ രമേശനും മറ്റു  ചിലരും  മണ്ണില്‍ എന്തോ തിരയുന്നത്  കണ്ടു . കമ്മലിന്റെ ആണിയാണ് തിരയുന്നത് എന്ന് മനസ്സിലാക്കി കരുണാകരന്‍ സാര്‍  പെട്ടന്ന് ഒരിടത്തേക്ക് കുനിഞ്ഞു.. രമേശനും മറ്റു തപ്പല്‍ കാരും വിചാരിച്ചു സംഗതി കരുണാകരന്‍  സാറിന്റെ കയ്യില്‍ കിട്ടിയെന്നു. ആകാംഷരായി നിന്ന രമേശനോടും മറ്റുള്ളവരോടും കരുണാകരന്‍ സാറ് പറഞ്ഞു..

” ദേണ്ടെ രമേശാ.. ഇത് പോലെ മണ്ണുള്ള സ്ഥലത്ത് കിടന്നാല്‍ സ്വര്‍ണ്ണം കാണത്തില്ല… ”

എല്ലാവരും പിറുപിറുത്തു കൊണ്ട് (ചിലര്‍ തെറിയും വിളിച്ചുകൊണ്ടു)  പിന്നെയും  തപ്പല്‍  തുടര്‍ന്നു..  ഏതായാലും ഈ സംഭവത്തിന്‌ ശേഷം “ദേണ്ടെ രമേശാ..”  എന്നാ പ്രയോഗം  നാട്ടില്‍ ഹിറ്റായി.. കരുണാകരന്‍ സാറിനെ കാണുന്നവര്‍ എല്ലാം ഇത് പറയാനും… സാറ് തലയും കുനിച്ചു നടക്കാനും തുടങ്ങി.. മൈക്കു അജിത്ത് ഈ സംഭവം വളരെ ചാരുതയോടെ  അഭിനയിച്ചു ഫലിപ്പിക്കും…. ഏതായാലും ഭീമനെ ഇപ്പോള്‍ തറവാട്ടിലേക്ക് കാണാറില്ല…. .

ഹ: ഹ: ഹ: …… പൊന്നോണം …. ഹ: ഹ: ഹ: …. തിരുവോണം …

പായി പണിക്കത്തി മൈക്കുവിന്റെ കയ്യില്‍ ഭദ്രമായി   ആടി തിമിര്‍ക്കുകയാണ്….

അകത്തുനിന്നു അണ്ണാ എന്ന് നീട്ടി ഒരു വിളി.. എം സി സി യിലെ മിക്ക അംഗങ്ങളും ഈയുള്ളവനെ  സംബോദന ചെയ്യുന്നത് അണ്ണാ എന്നാണ്.. ആട്ടത്തില്‍ നിന്നും എന്റെ ശ്രദ്ധ വിളികേട്ട ദിക്കിലെക്കായി..  നോക്കിയപ്പോള്‍ കൊണച്ചാഴി.. ആരാ അവനീ പേരിട്ടതെന്ന് എനിക്കറിയില്ല.. ജയകൃഷ്ണന്‍ എന്നാണ്  യഥാര്‍ത്ഥ പേര്.. മുതുകുളത്തെ അറിയപ്പെടുന്ന ഒരു എന്ജിനീയരുടെ മകന്‍ .. ഞാനും അവനും ഒരു  സ്കൂളിലാണ് പഠിച്ചത്.. പണ്ട് സ്കൂളില്‍ കാണിക്കുന്ന വികൃതി തരങ്ങള്‍ വീട്ടില്‍ ചെന്ന് പറയാതിരിക്കാന്‍ കൈക്കൂലിയായി ഉമ്മറു മുക്കിനുള്ള കുട്ടന്‍പിള്ളയുടെ ചായക്കടയില്‍ നിന്നും  എനിക്ക്  ബോണ്ട മേടിച്ചു  തരുമായിരുന്നു…. ഏതായാലും തമ്മില്‍  കണ്ടിട്ട് ഒരുപാട് നാളായി.. അവനിപ്പോള്‍ ബാംഗ്ലൂരില്‍ ആണത്രേ..  ഏതോ മൊബൈല്‍   കമ്പിനിയില്‍ മാനേജെരാണ് പോലും… കൊച്ചു പയ്യനായിരുന്നു….കാലം പോയ ഒരു പോക്കേ……

അടുത്ത കുപ്പി പൊട്ടിയതും.. മൈക്കു തിരുവാതിര നിര്‍ത്തി … കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍  എന്നപോലെ  അനുകരണം നടത്തുമെങ്കിലും മൈക്കുവിന്റെ കണ്ണ് ഇപ്പോഴും കുപ്പി ഇരിക്കുന്ന മേശയില്‍ ആണ്….

ആദ്യത്തെ പെഗ് ബാങ്ക്വ ഒഴിച്ച് ചക്കാലിക്കു കൊണ്ട് കൊടുത്തു.. ചക്കാലി എസ് ഐ  ആയതോടെ ചക്കാലിസര്‍ ആയി.. പണ്ട് അവന്‍ പെഗ്ഗിനു പിറകെ പോകുമായിരുന്നു..  ഇപ്പോള്‍  പെഗ്ഗ് അവന്റെ പുറകെ ചെല്ലും..ആഗ്രഹം ഉണ്ടെങ്കിലും എണീറ്റ്‌ പോകാന്‍ അവന്റെ   ശരീരം  അവനെ അനുവദിക്കില്ല.. അത്രയ്ക്ക് തടിയുണ്ടിപ്പോള്‍..  എം സി സി യുടെ  ഏറ്റവും മികച്ച കായിക താരം ആയിരുന്നു.. ഇപ്പോള്‍ കണ്ടാല്‍ പറയത്തില്ല.. ആട് കിടന്നിടത്ത്  പൂട  പോലുമില്ല എന്ന് പറഞ്ഞ പോലെ…..പണി പോലീസിലാനെങ്കിലും മിക്കദിവസവും എം സി സി ഓഫീസില്‍ ഹാജിര്‍ വക്കും… ഓഫീസില്‍ പോകുന്നതിനെക്കാള്‍ കൂടതല്‍ ടൂറുപോകും.. കൂട്ടിനു ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തപ്പോള്‍ പരിചയപ്പെട്ട ഒരു റിയാസും ഉണ്ട്… ഏതായാലും എം സി സി അംഗങ്ങള്‍ നാട്ടില്‍ നടത്തുന്ന കലാപരിപാടികള്‍ക്കെല്ലാം  നിശബ്ദ പിന്തുണ നല്‍കുന്നത് ചക്കാലിയാണെന്ന് നാട്ടില്‍ ഒരു ശ്രുതിയുണ്ട്.. …

നിമിഷ നേരം കൊണ്ട് കുപ്പിയുടെ അറ്റം പറ്റി…

ലോകത്ത് എവിടെ പോയാലും ഇത്രയും വേഗത്തില്‍ കള്ള് കുടിക്കുന്നവരെ കാണാന്‍ പറ്റില്ല എന്നാണ് എന്റെ പെങ്ങളുടെ  ഭര്‍ത്താവ് പറയുന്നത്  …ഏതായാലും ആ റെക്കോര്‍ഡ്‌  എം സി സി ക്ക്  സ്വന്തം!!! . …..ചലക്കുടിക്കാരും കരുനാഗപ്പള്ളിക്കാരും തോറ്റു പോകും.. ഞങ്ങള്‍ക്ക്   സംശയം  ലവലേശം ഇല്ല….

കുപ്പി തീര്‍ന്നതും എച്. ഐ. വി. കയറി വന്നു.. തെറ്റിധരിക്കേണ്ട……. ….എച്. ഐ. വി.   എന്നാല്‍  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഷ്ണു…  ജോലിയും പേരും കൂടി  ഒരുമിച്ച്  യോജിച്ചപ്പോള്‍ കിട്ടിയതാണ് എച്. ഐ. വി.  കുപ്പി തീര്‍ന്നതിന്റെ നിരാശയില്‍ ആശാന്‍ ഒരു സിഗരറ്റിനു തിരി കൊളുത്തി.. പുക വലിക്കുന്നത് കാണുമ്പോള്‍ സുബ്ബനു കലിയിളകും… ദാസന്‍ പിള്ള സാറിന്റെ മകന്‍ ജയകൃഷ്ണന്‍ എങ്ങിനെ  സുബ്ബനായി  എന്ന്  എനിക്കറിയില്ല.. ഞാന്‍  കാണുമ്പോള്‍ മുതല്‍ ‍ എല്ലാവരും അവനെ സുബ്ബന്‍  എന്നാണ്  വിളിക്കുന്നത്‌. .. എം സി സി ഓഫീസ് നേരുത്തേ പ്രവര്‍ത്തിച്ചിരുന്ന  ലോഡ്ജില്‍  നിന്നും മുതുകുളത്തെ  പ്രബുദ്ധരായ ഉ കു ജ (ഉന്നത കുല ജാതര്‍) കളുടെ സമ്മര്‍ദത്തിനു  വഴങ്ങി…. ലോഡ്ജുടമ  പടി അടച്ചു പിണ്ഡം വച്ചപ്പോള്‍,  രണ്ടു മതിലുകള്‍ക്കുള്ളില്‍  ഇപ്പോഴത്തെ സെറ്റപ്പ്  കെട്ടി പൊക്കിയത് ഈ സുബ്ബന്‍ എന്ന് പറയുന്ന ഒരുത്തന്റെ നിശ്ചയ ദാര്‍ഡ്യവും വാശിയും ഒന്ന്  കൊണ്ട്  മാത്രമാണ്..അതൊകൊണ്ട് മാത്രമാണ് എം സി സി അംഗങ്ങള്‍ക്ക് നാട്ടില്‍ നെഞ്ഞും വിരിച്ചു ഞെളിഞ്ഞു  നടക്കനായതും. അങ്ങിനെ ഉള്ള  സുബ്ബന്‍  പുകവലിക്കുന്നത്  എതിര്‍ത്താല്‍ ആരെങ്കിലും ചോദ്യം ചെയ്യുമോ ???

നീ വലിയെടാ.. ആരാ ചൊദിക്കുന്നതു എന്നു കാണണമെല്ലൊ.. ഇവിടെ അങ്ങിനെ നിയമംഒന്നും ഇല്ല…  ആര്‍ക്കും വലിക്കാം….. .. എട്ടു നാടെ പോട്ടെ ഒരു അലറല്‍

ശകുനി നാറാണി അങ്ങിനെയാണു .. ആരാ ദുര്‍ബ്ബലന്‍ എന്നു നൊക്കി അവരെ സപ്പൊര്‍ട്ട്‌ ചെയ്യും ..  എന്നിട്ടു ഉടക്കുണ്ടാക്കും..ഉടക്കു മൂപ്പിക്കാനുള്ള മെമ്പൊടികളൊക്കെ ചെയ്യും…ഉടക്കു മൂത്തൂകഴിയുമ്പോള്‍  നൈസ്‌ ആയി സ്കൂട്ട്‌ചെയ്തു ഞാന്‍ ഒന്നും അറിഞ്ഞില്ലേ  രാമനാരായണ എന്ന  മട്ടില്‍  ഇരിക്കും..  അതാ കക്ഷി.. ഇടക്കു കുറച്ച്കാലം ഗല്‍ഫില്‍ ആയിരുന്നു. ആ സമയത്ത്‌ ശകുനി പണി ഏറ്റെടുക്കാന്‍  ചക്കാലി ഒരു ശ്രമം  നടത്തി നോക്കി ..  പക്ഷെ  നാറാണിക്ക്   പകരക്കാരനാകാന്‍ ആരെക്കൊണ്ടാകും….

ഏതായാലും  എച്ച്‌. ഐ. വി. ഉടക്കിനൊന്നും നിന്നില്ല.. പുകയും വലിച്ചു  കൊണ്ടു  പുറത്തേക്കു  പൊയി.. നാറാണിയുടെ പണി നടന്നില്ല ….ഇപ്പം പഴയ പൊലല്ല കാര്യങ്ങള്‍.  നാറാണിയെ പറ്റി എല്ലാവര്‍ക്കും ഇപ്പോള്‍  നന്നായിട്ട് അറിയാം…

അതുവരെ കൂര്‍ക്കം  വലിച്ച് ഉറങ്ങുവായിരുന്ന ബുള്ളെറ്റ്‌ ബിനു ഒച്ച കേട്ട്‌ കട്ടിലില്‍  നിന്നും  ഞെട്ടി എണീറ്റു..എല്ലവരെയും ഒന്നു നൊക്കി.. കാര്യം ഒന്നും മനസ്സിലാകാതെ  കാക്കകുഞ്ഞു  വായും പൊളിച്ചിരിക്കുന്ന പൊലെ കുറേ നെരം ഇരുന്നിട്ടു…മാമുക്കൊയ ചിരിക്കുന്നതു  പൊലെ  ബ്ളഷ്ഷ്ഷ്‌……എന്നൊരു ചിരി പാസ്സാക്കി.. ബുള്ളെറ്റ്‌ ബിനു എന്നുള്ളത്‌ പുതിയ പേരാണ്‌..  ഗൌരി എന്നണ്‌ റെജിസ്റ്റേര്‍ഡ്‌ പേര്‌…ആളു ഗള്‍ഫിലാണ്‌.. ഓണം, വിഷു, ഉത്സവം ..  തുടങ്ങിയ ആഘൊഷ വേളകളില്‍ നാട്ടില്‍ പറന്നെത്തും….ഈ ദിവസങ്ങളില്‍ എം സി സി ഓഫീസില്‍ പൊട്ടുന്ന ഭൂരിഭാഗം കുപ്പികളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കും

ഗൌരിയും കരുണാകരന്‍ സാറിനെ അനുകരിക്കും…. പക്ഷെ അനുകരിക്കുന്നതു കേട്ടാല്‍, കരുണാകരന്‍ സാറ് ഗൌരിടെ ശബ്ദം അനുകരിക്കുവാണൊ  എന്നു തൊന്നി പൊകും..  ഏതായലും ഞെട്ടി  ഉണര്‍ന്ന ഗൌരി ഒരു പ്രഖ്യാപനം നടത്തി….

നാളെത്തേക്ക്‌ ഒരു ആടിനെ വെട്ടാം………

വിശേഷ ദിവസങ്ങളില്‍ ആടിനെ വെട്ടി കറി വച്ച്‌ കപ്പയും കള്ളും ചേര്‍ത്തു അടിക്കുന്നത്‌  എം സി സി അംഗങ്ങളുടെ ഒരു ഹോബിയാണ്‌…..

ആടെന്നു കേട്ടതും നിധിനും (മൈലു സുതന്‍) ചക്കാലിയും പപ്പനാഭനും ഉഷാറായി.. .തീറ്റിയുടെ കാര്യത്തില്‍ ആരും പിന്നോട്ടല്ലല്ലൊ..

ഭക്ഷണത്തിന്റെ  കാര്യത്തില്‍ അത്ര ആക്രാന്തം ഇല്ലാത്ത ആളാണു സുബ്ബന്‍ .  പക്ഷെ  ഇതുപൊലത്തെ സംരംഭങ്ങള്‍ക്ക്‌ എപ്പൊഴും ചുക്കാന്‍ പിടിക്കുന്നതു സുബ്ബനായിരിക്കും. കൂട്ടിനു നിധിനും കാണും ….  ആടെന്നു കെട്ടതും സുബ്ബന്‍ ആക്റ്റീവായി. മൊബൈല്‍  എടുത്തു  ഓഫീസിനു പുറത്തിറങ്ങി  ആരെയൊ വിളിച്ചു..  തിരികെ വന്നു വെളുക്കെ  ഒരു ചിരി ചിരിചുകൊണ്ടു പറഞ്ഞു.. സംഗതി സെറ്റപ്പ്‌ ആയി…….

എന്തെങ്കിലും നല്ല കാര്യം ചെയ്താല്‍ സുബ്ബന്‍ വെളുക്കെ ചിരിക്കും.. വെളുക്ക ചിരിച്ചാലും പല്ലുകള്‍ ചെമന്നിട്ടാണ്… മിക്കപ്പോഴും മുറുക്കും… അല്ലാത്തപ്പോള്‍  മൊബൈലില്‍ സംസാരം ആണു.. മുതുകുളത്തെ ഒന്നാം നമ്പര്‍ വസ്തു കചവടക്കാരനായി സുബ്ബന്‍ വളര്‍ന്നു കഴിഞ്ഞു…. ഇപ്പോള്‍ മുതുകുളത്തുംപരിസര പ്രദേശങ്ങളിലും  ആരൊക്കെ  വസ്തു വാങ്ങണമെന്നും വില്‍ക്കണമെന്നും സുബ്ബന്‍ തീരുമാനിക്കും…..

ഹ ഹ ഹ തിരുവോണം.. ഹ ഹ പൊന്നോണം …

മൈക്കു അജിത്ത്‌ പിന്നെയും തിരുവാതിര തുടങ്ങി..ആടെന്നു കേട്ടതിന്റെ സന്തോഷമാണോ അതോ അവസാനം പൊട്ടിയ കുപ്പിയുടെ ഗുണമാണോ തിരുവാതിരയുടെ പ്രചോദനം എന്ന് വ്യക്തമല്ല …..

ബ്ബൈജു അണ്ണാ.. വിളി കെട്ടു ഞാന്‍ ഞെട്ടിതിരിഞ്ഞു നൊക്കി.. മതിലിണ്റ്റെയും മുള്ളുവെലിയുടെയും ഇടയിലൂടെ ആറടി പൊക്കവും ഒത്ത തടിയും ഉള്ള ഒരാള്‍ നെഞ്ചും വിരിച്ചു  ഞെരിഞ്ഞമര്‍ന്നു വരുന്നു….

(തുടരും)

Tag Cloud