ആര്‍ട്സ് ഫെസ്റ്റിവല്‍
വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ മകന്‍ അടുത്ത നോട്ടീസുമായി വന്നു.. വീണ്ടും എന്നെ ഞെട്ടിക്കാനുള്ള പുറപ്പാടാണോ എന്ന് സംശയിച്ചു എന്തുതന്നെ ആയാലും ഇത്തവണ ഞെട്ടാന്‍ ഞാനില്ല എന്നുറപ്പിച്ചു നോട്ടീസുവാങ്ങി വായിച്ചു നോക്കി…. ഏതായാലും ഞാന്‍ പ്രതീക്ഷിച്ച പോലൊന്നും നോട്ടീസില്‍ഇല്ല…. സംഗതി സ്കൂള്‍ ആര്‍ട്സ് ഫെസ്റ്റിവലില്‍ പുത്രന് പങ്കെടുക്കാന്‍ പറ്റുന്ന ഐറ്റംസിന്റെ ലിസ്റ്റ് ആണ്. മകന്‍ ഏതിലൊക്കെ പങ്കെടുക്കണമെന്ന് ലിസ്റ്റില്‍കുറിച്ച് വിടണം. രണ്ടാം ക്ളാസ്സിലെ കുട്ടികള്‍ക്ക് പറ്റുന്ന ഐറ്റംസ് മാത്രമേ നോട്ടീസില്‍ഉള്ളൂ.. പാട്ട്, ഡാന്‍സ് , ഫാന്‍സി ഡ്രസ്സ് , കഥ പറച്ചില്‍(ഇംഗ്ലീഷും, മലയാളവും), കവിതാ പാരായണം(ഇംഗ്ലീഷും, മലയാളവും)… അങ്ങിനെ പോകുന്നു ലിസ്റ്റ് ….അതില്‍ കവിതാ പാരായണം എന്ന വാക്കില്‍ എന്റെ കണ്ണുകള്‍ ഉടക്കി..
പൊതുവേ ഒരു കവിതാ പ്രേമിയായ ഞാന്‍ പുത്രനെ കവിതാ പാരായണത്തിന് വിട്ടില്ലെങ്കില്‍ കാവ്യ ദേവത പരിഭവിച്ചാലോ? ഏതായാലും മകനെ കൊണ്ട് ഒരു കവിത ചൊല്ലിക്കാം.. ഏതു കവിത വേണം എന്ന് ചിന്തിച്ചപ്പോള്‍ പണ്ട് കോളേജ് ആര്‍ട്സ് ഫെസ്ടിവലിന് കവിത ചൊല്ലാന്‍ കയറിയ കാര്യം ഞാന്‍ ഓര്‍ത്തു … കുരീപ്പുഴ ശ്രീകുമാറിന്റെ ‘ജെസ്സീ’ എന്ന കവിത എടുത്തൊരു അലക്കലക്കിയതും….. ആദ്യ വരിയായ ‘ജെസ്സീ നിനക്കെന്തു തോന്നി ..പ്രീയ ജെസ്സീ നിനക്കെന്തു തോന്നി….. പെത്തഡിന്‍ തുന്നിയ മാന്ത്രിക പട്ടില്‍ നാം സ്വപ്ന ശൈലങ്ങളില്‍ ചെന്ന് ചുംബിക്കവേ…’ എന്ന് ആലപിച്ചപ്പോള്‍ സ്ടേജിന്റെ മുന്‍ നിരയില്‍ ഇരുന്ന ജെസ്സി കരഞ്ഞുകൊണ്ട് ഇറങ്ങി ഓടിയതും ഓര്‍ത്തപ്പോള്‍ ആ ടൈപ്പ് കവിത വേണ്ടാന്ന് തീരുമാനിച്ചു ….
എന്നാല്‍ എന്റെ മറ്റൊരു സുഹൃത്ത് ചെയ്തത് പോലെ കവിത പറയിപ്പിച്ചാലോ എന്നായി ചിന്ത… മലയാള കവിതയെ പറ്റി നീട്ടി ഒരു പ്രസംഗം നടത്തി …ആധുനിക കവിതയും പുരാതന കവിതയും തമ്മിലുള്ള അന്തരം ജഡ്ജെസിനെയും പ്രേക്ഷകരെയും മനസ്സിലാക്കി.. ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ എന്ന ആധുനിക കവിത്രയങ്ങളെ പുകഴ്ത്തി…. പുരാതന കവിത്രയങ്ങളായ ചെറുശ്ശേരി, എഴുത്തച്ചന്‍, കുഞ്ചന്‍ നമ്പിയാര്‍ എന്നിവരുടെ കവിതാ രചനയിലുള്ള നൈപുണ്യത്തെ പ്രകീര്‍ത്തിച്ച് …. പുരാതന കവിതകളില്‍ സംസ്കൃതത്തിന്റെ അതിപ്രസരം സൂചിപിക്കുന്ന കവിതാ ശകലങ്ങള്‍ ഉദ്ധരിച്ച്…. അവസാനം പ്രസംഗം നിര്‍ത്തിയിട്ടു കവിത ചൊല്ലാന്‍ ജഡ്ജെസ് പറഞ്ഞപ്പോള്‍… “വെള്ള വസ്ത്രങ്ങള്‍ക്ക് ഉജാല തന്നെ……. നാട്ടിലും വീട്ടിലും പേര് കേട്ടു…. വീട്ടിലും നാട്ടിലും പേര് കേട്ടൂ….” നിര്‍ത്തുന്നു.. നന്ദി… നമസ്കാരം… എന്ന് പറഞ്ഞു ഇറങ്ങി പോയതുപോലെ ഇവനെ കൊണ്ട് പറയിപ്പിച്ചാല്‍ അത് ഗുരുത്വ ദോഷം ആയി പോവില്ലേ … അത് കൊണ്ട് ആ ടൈപ്പും വേണ്ടാന്നു വച്ചു. പുത്രന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചു പയ്യനല്ലേ.. അവന്റെ കൊക്കിലോതുങ്ങുന്നതല്ലേ കൊത്താന്‍ കൊടുക്കാവൂ ????
പിന്നെ ഈ പ്രായത്തില്‍ ഏതു കവിതയാ ഇവന് പറ്റുന്നത്.. ഞാന്‍ വീണ്ടും ഗഹനമായി ചിന്തിച്ചു.. ഹൈസ്കൂളിലോ പ്ലുസ്ടുവിലോ വല്ലതും ആയിരുന്നെങ്കില്‍ വല്ല സില്‍സിലായോ.. ഡോ. സര്‍. ശ്രീ. സന്തോഷ് പണ്ടിറ്റിന്റെ രാധയും കൃഷ്ണനുമോ വല്ലതും പഠിപ്പിച്ചു വിടാമായിരുന്നു.. സംഗതി മെഗാ ഹിറ്റ് ആയേനെ.. യൂ ടുബിലെ പോപ്പുലാരിറ്റി കണ്ടില്ലേ..പോരാത്തതിനു സിനിമാക്കാരുടെ സംഘടാനയായ ‘അമ്മ’യുടെ സ്റ്റേജ് ഷോയില്‍ മമ്മൂക്കയും ലാലേട്ടനും സില്‍സില പാടി ചുവടു വച്ചതോടെ സില്‍സില ബംബര്‍ ഹിറ്റായി.. ഏതായാലും ഈ പ്രായത്തില്‍ ഇവനെ കൊണ്ട് അത് പാടിച്ചാല്‍ ഞാന്‍ ഒരുപാട് തുമ്മെണ്ടി വരും…. ആരും അവനെ പറയത്തില്ല…പൊതുവേ പൊടി അല്ലര്‍ജിയുള്ള എനിക്ക് ഇനി ഇതിന്റെ പേരില്‍ കൂടി തുമ്മാന്‍ ഉള്ള ബാല്യമില്ല…. അങ്ങിനെ ചിന്തിച്ചു കൊണ്ട് നിന്നപ്പോഴാണ് ശ്രീമതി ശോഭന ജോര്‍ജ് പാടി ഹിറ്റാക്കിയ “കൊച്ചീകാരിത്തി കൊച്ചു പെണ്ണെ നിനക്കെങ്ങനെ കിട്ടിയീ പാദസരം… ” എന്ന കവിതാ ശകലം എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. … ഇന്ത്യാവിഷന്‍ ചാനലിലെ പൊളിട്രിക്സിലും…മനോരമ വിഷന്റെ തിരുവാ എതിര്‍വായിലും.. സംഗതി സൂപ്പര്‍ ഹിറ്റ് ആയിരുന്നു…. ശോഭന ജോര്‍ജും ജഡ്ജെസും കൂടി ഉള്ള സംഭാഷണം കണ്ടാല്‍ ആരും ചിരിച്ചു പോകും .. ഏതായാലും ഈ പാട്ട് പാടാനുള്ള ശ്രുതിയും സംഗതിയും ഒക്കെ എന്റെ പുത്രനുണ്ടെന്നു തോന്നുന്നു..
ഞാന്‍ പഠിച്ച ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ശില്‍പ്പിയാണ് ശ്രീമതി ശോഭന ജോര്‍ജ്.. പുള്ളിക്കാരത്തി എം.എല്‍.എ. ആയിരുന്നപ്പോഴാണ് ചെങ്ങന്നൂരില്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളെ പുള്ളിക്കാരി സ്വന്തം മക്കളെ പോലെയാ കണ്ടിട്ടുള്ളത് . ഞങ്ങള്‍ എല്ലാവരും പുള്ളിക്കാരിയെ ഒരു അമ്മയെ പോലെയും…..തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല എന്നല്ലേ പ്രമാണം…അതുകൊണ്ട് തള്ളയുടെ കവിത പാടിയാല്‍ പിള്ളയുടെ പിള്ളക്കും കേടു വരുത്തില്ലായിരിക്കും…. അല്ലിയോടാ ഉവേ ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു.. സമാശ്വസിച്ചു..ആത്മനിര്‍വൃതി അടഞ്ഞു
ഏതായാലും ആ കവിത ഉറപ്പിച്ചു.. വരികള്‍ ഒക്കെ ഒരുവിധം ഒപ്പിച്ചു പറഞ്ഞു കൊടുത്തിട്ടുണ്ട്.. ബാക്കി അവതരണം കഴിഞ്ഞു പറയാം.. നിര്‍ത്തട്ടെ… .