real life stories

വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഒരു അമേരിക്കൻ യാത്ര ഒത്തു വന്നത്.. അതും നീണ്ട മൂന്നാഴ്ച.. ഈ മൂന്നാഴ്ച കൊണ്ട് അമേരിക്ക എങ്ങനെയൊക്കെ കണ്ടു തീർക്കാം എന്ന് ഞാനും… എന്നെ കൊണ്ടുവന്ന കാശ് എങ്ങനെ മുതലാക്കാം എന്ന് എന്റെ കമ്പനിയും മത്സരിക്കുന്നതിന്റെ ഭാഗമായി ബോസ്റ്റണ്‍ എയർ പോർട്ടിൽ നിന്നും വാഷിങ്ങ്ടൺ ഡി സി യിലേക്ക് പറക്കാൻ തയ്യാറെടുത്ത് ഇരുന്നപ്പോളാണ് പ്രിയ സുഹൃത്ത്‌ രഞ്ജിത്ത് വിളിച്ചത്..

ഡാ .. മെയ് പത്തിന് ആരോണിന്റെ ആദ്യ കുർബാനയാണ്‌ .. കുർബാന കഴിഞ്ഞു വിശാലമായ പാർട്ടി ഉണ്ട്.. നീ വരണം.. എന്റെ അമേരിക്കൻ ഫ്രണ്ട്സ് മുഴുവൻ വരും.. പക്ഷെ ഒരു കാര്യം..വരുമ്പോൾ നീ കോട്ടുമിട്ട് ടൈയും ഒക്കെ കെട്ടി വേണം വരാൻ .. ഇതൊരു ഫോർമൽ ഫംഗ്ഷനാണ്..പാർട്ടി നടക്കുന്നതു ഇവിടുത്തെ ഒരു ഹൈ ഫൈ ക്ളബ്ബിലാണ്.. ..കോട്ടും ടൈയ്യും ഇല്ലങ്കിൽ അവർ പാർട്ടി ഹാളിൽ കയറ്റില്ല.. ഭയങ്കര സ്ട്രിക്ടാ.. അൽപ്പ സ്വല്പ്പം ജാഡയും വേലയുമൊക്കെ കാണിച്ചാലേ നമ്മൾ പാവം മല്ലൂസിനു ഇവിടെ പിടിച്ചു നില്ക്കാൻ പറ്റൂ…

ഞാൻ: കൊട്ടും ടൈയ്യും മസ്റ്റാണോ ?

രഞ്ജിത്ത് : അതെ മസ്റ്റാണ് ..

കാര്യങ്ങൾ കേട്ട് ഞാൻ വിഷണ്ണനായി നിന്നപ്പോഴേക്കും രഞ്ജിത്ത് ഫോണ്‍ കട്ട് ചെയ്തു..

ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ എന്റെ സഹപാഠിയാണ് രഞ്ജിത്ത് .. കോളേജിൽ ജോയിൻ ചെയ്ത അന്നു മുതൽ ഞങ്ങൾ തമ്മിൽ എന്തോ ഒരു ആത്മബന്ധം ഉണ്ടായിരുന്നു.. കോളേജിലെ പല കലാ(പ) പരിപാടികളിലും എന്നോടൊപ്പം അവനും… അവനോടൊപ്പം ഞാനും ഉണ്ടായിരുന്നു .. വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ബോസ്ടനില്‍ കാലു കുത്തിയപ്പോഴാണ് അവനെ കണ്ടത് ..

മൂന്നാഴ്ചത്തെ ഹ്രസ്വമായ അമേരിക്കൻ സന്ദർശനത്തിൽ വീണു കിട്ടിയ ഒരു പാർട്ടിയാണ്.. അമേരിക്കയലെ മല്ലു സായിപ്പുമ്മാരെയും കുടുംബത്തെയും ഒക്കെ കാണാനും ആ സംസ്കാരം അടുത്തറിയാനും ഒക്കെയുള്ള ഒരവസരം.. പക്ഷെ കോട്ടും ടൈയ്യും..അത് എനിക്കിട്ട് ഒരു കൊട്ടല്ലേ എന്നുവരെ തോന്നി പോയി.. ഏതായാലും വരുന്നത് വരട്ടെ .. അപ്പോൾ കാണാമെന്നു തീരുമാനിച്ചു ഞാൻ വാഷിങ്ങ്ടണിലേക്കുള്ള വണ്ടി കയറി …

ജീവിതത്തിൽ കേട്ട് കേൾവി മാത്രമുള്ള പലതും അനുഭവിച്ചു കൊണ്ടിരിക്കുവായിരുന്നു ആ ദിവസങ്ങളിൽ ഞാൻ .. മുപ്പതു മണിക്കൂർ തുടർച്ചയായുള്ള വിമാന യാത്ര കൊണ്ട് തിരുവനന്തപുരത്തു നിന്നും ആവേശഭരിതനായി യാത്ര തിരിച്ച ഞാൻ അമേരിക്കയിൽ കാലു കുത്തിയപ്പോഴേക്കും തീരെ അവശനിലയിലെത്തി.. തിരുവനന്തപുരം എയർപോർട്ടിലെ കസ്റ്റംസ്.. ഇമ്മിഗ്രേഷൻ ചെക്ക് പോസ്റ്റുകളിൽ പുലി പോലെ നിന്ന ഞാൻ ഖത്തറിലേയും അമേരിക്കയിലെയും സമാന ചെക്പോസ്റ്റുകളിൽ എത്തിയപ്പോഴേക്കും എലി പോലെയായി.. അബ്ദുൽ കലാമിനെയും ഷാറൂഖ്ഖാനെയും വരെ ഉടുതുണി ഇല്ലാതെ പരിശോധിച്ച നാടാണ്.. ഏതായാലും പേരിൽ വാലോന്നുമില്ലാത്തത്‌ കൊണ്ട് ആയിരിക്കും.. അവർ അരുതാത്തതൊന്നും എന്നെ ചെയ്തില്ല..

അവസാനം.. ചോദ്യോത്തര സെഷൻ എല്ലാം കഴിഞ്ഞ്… പാസ്പോർട്ടിൽ സീലും വച്ച്…. കറങ്ങുന്ന ബെൽറ്റിൽ നിന്നും പെട്ടികളും തപ്പിപ്പിടിച്ചു പുറത്തിറങ്ങിയപ്പോൾ രാത്രി ഏകദേശം ഒൻപതു മണിയായി.. അവിടെ എന്നെ “വെൽക്കം ടു അമേരിക്ക.. നൈസ് ടു മീറ്റ്‌ യു .. ” എന്ന് പറഞ്ഞു സ്വാഗതം ചെയ്തതും ഇതേ രഞ്ജിത്താണ്.. നൂറ്റിഇരുപത്തഞ്ചു കിലോയും.. അഞ്ചര അടി പൊക്കവും… മൂന്നടി വീതിയുമുള്ള അവനെ കണ്ടു പിടിക്കാൻ ആദ്യം അൽപ്പ സ്വൽപ്പം പ്രയാസപ്പെട്ടങ്കിലും അവസാനം കണ്ടെത്തിയപ്പോൾ എന്തൊരാശ്വാസമായിരുന്നു .. ഇല്ലായിരുന്നെങ്കിൽ അമേരിക്കയിലെ ബോസ്റ്റൺ ജംഗ്ഷനിൽ ആ രാത്രി ഞാൻ പെട്ടിയും തൂക്കി തേരാ പാരാ നടക്കേണ്ടി വന്നേനെ…

നീണ്ട വിമാന യാത്രയും അതിനുള്ള തയ്യാറെടുപ്പും ഒക്കെയായി ഏകദേശം രണ്ടു ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ട്.. ഏതായാലും രഞ്ജിത്തിന്റെ വീട്ടിൽ ചെന്ന് സ്വസ്ഥമായി ഒന്ന് ഉറങ്ങാമെന്ന് വിചാരിച്ചു എന്റെ ഇങ്കിതം അറിയിച്ചപ്പോള്‍ അവൻ മൊഴിഞ്ഞത് ഇങ്ങനായിരുന്നു

“പിന്നേ.. നീ ഇത്രേം യാത്ര ചെയ്തു അമേരിക്കയിൽ വന്നത് ഉറങ്ങാനല്ലേ .. ഇനി തിരിച്ചു ഇന്ത്യയിൽ ചെന്നിട്ടു ഉറങ്ങിയാൽ മതി ”

അങ്ങനെ അന്നത്തെ ഉറക്കം ഗ്ലെന്‍ഫിടിച്ചും .. രഞ്ജിത്തിന്റെ മട്ടൻചാപ്സും.. രഞ്ജിത്തിന്റെ പ്രിയതമ സുനില വച്ച ബീഫ് ഫ്രൈയും ഒക്കെക്കൂടി പങ്കിട്ടെടുത്തു.. രഞ്ജിത്തും സുനിലയും നല്ല കുക്കുകളാണെന്ന് എനിക്ക് മനസ്സിലായി..

കോളേജിലെ പലകഥകളും …വീര ശൂര പരാക്രമങ്ങളും.. പുളുവടിയും.. എല്ലാം കഴിഞ്ഞുറങ്ങാൻ കിടന്നപ്പോൾ എനിക്ക് ഉറക്കം വരുന്നില്ല.. പിന്നീടാണ് മനസ്സിലായത്‌ ..പലരും പറഞ്ഞു കേട്ടതും.. ഞാൻ പുഛിച്ചു തള്ളിയിട്ടുള്ളതുമായ ‘ജെറ്റ് ലാഗ്’ എന്ന മഹാപ്രതിഭാസം എന്നെയും പിടികൂടിയിരിക്കുന്നു….

രഞ്ജിത്ത് താമസിക്കുന്നത് ബോസ്റ്റണിലെ ന്യൂ ഹാംഷയറിയിലുള്ള സ്ട്രാത്തം എന്ന പ്രകൃതിരമണീയമായ ഒരു കൊച്ചു ഗ്രാമത്തിലാണ് ആ സ്ഥലത്തെ അമേരിക്കയിലെ കുട്ടനാട് എന്ന് വിശേഷിപ്പിക്കാമെന്നാണ് രഞ്ജിത്ത് പറയുന്നത് .. അമേരിക്കയുടെ ഹൃദയം ഗ്രാമങ്ങളിലാണ് എന്നാണ് അവന്റെ പക്ഷം.. അടുത്ത ദിവസം ന്യൂ ഹാംഷയറിലെ പ്രധാന സ്ഥലങ്ങൾ ഒക്കെ കറങ്ങിയടിച്ചു വൈകുന്നേരം ലോവൽ എന്ന സ്ഥലത്തുള്ള എന്റെ ഒരു ബന്ധുവായ ബിനിലിന്റെ വീട്ടിൽ എത്തി.. ലോവെലിൽ നിന്നും എന്റെ ഓഫീസിലേക്ക് കേവലം 20 മൈലേ ഉള്ളൂ..

രണ്ടു ദിവസം തിരക്ക് പിടിച്ച ഓഫീസി ജീവിതം കഴിഞ്ഞു മൂന്നാം ദിനം രാവിലെ ജോലിയുടെ ഭാഗമായി സീയാറ്റിലിലേക്ക് വണ്ടി കയറി.. മൂന്നു ദിവസം കൊണ്ട് ജെറ്റ് ലാഗിനോട് വിടപറഞ്ഞെന്നു വരുത്തി തീർത്ത് .. ഉറക്കമൊക്കെ ഏതാണ്ട് സെറ്റപ്പായി വന്നപ്പോഴാ ഈ സീയാറ്റിൽ ട്രിപ്പ്‌.. അവിടെ ബോസ്റ്റണിലേക്കാൾ മൂന്നു മണിക്കൂർ പിറകോട്ടാ സമയം.. വിധിയെ തടുക്കാൻ നമ്മെ കൊണ്ടാവില്ലല്ലോ.

ആ വീക്കെൻന്റ് അവിടെയുള്ള സുഹൃത്തുക്കളായ ജിജോയുടെയും രാജേഷിനെയും കൂടെ സിയാറ്റിൽ നഗരം ചുറ്റി കണ്ടു. ഗ്രീൻ ലേക്ക് സിയാറ്റലിന്റെ സൌന്ദര്യമാണ്.. വെള്ളത്തിലുടെയും റോഡിലൂടെയും ഓടുന്ന സിയാറ്റില്‍ ഡക്ക് ടൂര്‍ വണ്ടി എന്നെ അത്ഭുതപ്പെടുത്തി.. സിയാറ്റിലെ മാര്‍ക്കെറ്റും.. അവിടുത്തെ പലതരം പഴങ്ങളും, പച്ചക്കറികളും, മത്സ്യങ്ങളും പുതിയ അനുഭവമായിരുന്നു.. ലോക പ്രസിദ്ധ കോഫിഷോപ്പ് ശൃംഘലയായ സ്റ്റാര്‍ബകസിന്റെ ആദ്യത്തെ കടയില്‍ കയറി ഒരു കാപ്പിയും കുടിച്ചു.. . കഞ്ചാവ് അടിക്കാന്‍ ലൈസന്‍സുള്ള സ്ഥലമായതുകൊണ്ട് അതും കത്തിച്ചു തലയും പുകച്ചിരിക്കുന്ന കറുത്തതും വെളുത്തതുമായ സായിപ്പന്‍മാരെയും മദാമ്മമാരെയും കണ്ടു..

തിരികെ ജിജോയുടെ വീട്ടിലേക്ക് മടങ്ങും വഴി മൈക്രോസോഫ്റ്റിന്റെയും മറ്റു പല ഐ ടി ഭീമന്‍മാരുടെയും പടുകൂറ്റന്‍ സൗധങ്ങളും വിശാലമായ കാമ്പസ്സുകളും കണ്ടു .. എന്നെ പോലെ പല കമ്പ്യൂട്ടർ എഞ്ചിനീയഴ്സിന്റെയും സ്വപ്നമായ മൈക്രോസോഫ്റ്റ്‌.. ലോകത്തിന്റെ ഗതിമാറ്റിയ.. ലോകത്തെ നിയന്ത്രിക്കുന്ന മൈക്രോസോഫ്റ്റ്.. അങ്ങനെ റോഡിൻറെ ഇരു വശത്തും അഹങ്കാരത്തോടെ മാനം മുട്ടെ നില്ക്കുന്നു. ജിജോ ഒരു മൈക്രോസോഫ്റ്റ് എംപ്ലോയീ ആയതുകൊണ്ട് അവരുടെ പല ഓഫിസുകളിലും മ്യൂസിയത്തിലും കേറാനും സാധിച്ചു..

അടുത്ത വീകെന്റില്‍ ബിനിലിന്റെയും കുടുംബത്തിന്റെയും കൂടി ബോസ്റ്റൻ നഗരം കാണാനായി ഇറങ്ങി. ബോസ്റ്റണ്‍ ഡൌണ്‍ ടൌണ്‍ നല്ലൊരു ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.. അംബര ചുംബികളായ മഹാസൗധങ്ങളും പല നിറത്തിലുള്ള ഇലകലും.. മരങ്ങളും..പൂക്കളും . ജനങ്ങളും.. എല്ലാം എനിക്ക് നവ്യാനുഭവമായിരുന്നു.. കടലിൽ പോയി തിമിംഗലങ്ങളെ കാണുവാനുള്ള ഭാഗ്യവും ആ യാത്രയിൽ ലഭിച്ചു..

അങ്ങനെ ജോലിയും.. യാത്രയും.. കാഴ്ചകളും.. മറ്റുമായി രണ്ടാഴ്ച പെട്ടന്ന് കടന്നു പോയി . രഞ്ജിത്തിന്റെ മകന്റെ ആദ്യകുര്‍ബാന ആ വീക്കെന്റിലാണ് ..ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ മറ്റൊരു സുഹൃത്തായ ശാന്താറാമും ബോസ്ടനില്‍ എത്തുമെന്ന് രഞ്ജിത്ത് വിളിച്ചറിയിച്ചിരുന്നു.. വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ ശാന്താറാം(ശാന്തപ്പൻ) താമസിക്കുന്ന ഹോട്ടലില്‍ എത്തി.. ആദ്യ കുര്‍ബാനയുടെ ചടങ്ങില്‍ കോട്ടിടുന്ന കാര്യം ശാന്തപ്പനോട് സൂചിച്ചപ്പോള്‍ “എന്റെ പട്ടിയിടും കോട്ട്” എന്നായിരുന്നു അവന്റെ പ്രതികരണം.. ഏതായാലും അടുത്ത ദിവസം അതിരാവിലെ ഞങ്ങള്‍ ഹോട്ടലില്‍ നിന്നും രഞ്ജിത്തിന്റെ വീട്ടില്‍ എത്തി..

രഞ്ജിത്തും കുടുംബവും ആദ്യകുര്‍ബാനയുടെ ചടങ്ങുകളുടെ തിരക്കിലാണ്.. ന്യൂഹാംപ്‌ഷെറിലെ ഒരു മുന്തിയ ക്ലബ്ബില്‍ വച്ചാണ് പാര്‍ട്ടി.. പാര്‍ട്ടിഹാള്‍ മോടിപിടിപ്പിക്കാൻ കുറെ അലങ്കാര മത്സ്യങ്ങളും അവയെ ഇട്ടുവെക്കാൻ അഞ്ചാറു ഗ്ലാസ് വേസുകളും ഞങ്ങളെ ഏൽപ്പിചിട്ട് രഞ്ജിത്തും കുടുംബവും കുർബാനയുടെ ചടങ്ങുകൾക്കായി പള്ളിലേക്കിറങ്ങി.. രഞ്ജിത്തും മകനും കൊട്ടും ടൈയ്യും ഒക്കെ കെട്ടിയിട്ടുണ്ടായിരുന്നു.. കാറിൽ കയറി പോകാൻ തുടങ്ങിയപ്പോൾ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു

“ഡാ.. നീ കോട്ടിട്ടു കൊണ്ടേ വരാവൂ… എന്നെ നാറ്റിക്കരുത് പ്ലീസ് ”

ഞങ്ങൾ കുളിച്ചു ഫ്രഷായി കോട്ടൊന്നുമിടാതെതന്നെ നേരെ ക്ലബ്ബിലേക്കു തിരിച്ചു.. പോകുന്ന വഴി കൊട്ടിട്ടില്ലെങ്കിൽ ക്ലബ്ബിൽ വച്ചുണ്ടാകാവുന്ന പ്രത്യാഘാതത്തെ പറ്റിയുള്ള എന്റെ ആശങ്ക ഞാൻ പങ്കുവെച്ചപ്പോൾ “നമ്മൾ അലങ്കാര മത്സ്യത്തിന്റെ ആളുകളാണെന്നു പറഞ്ഞാൽ മതി ” എന്ന് ശാന്തപ്പൻ സമാധാനിപ്പിച്ചു ..

ക്ലബ്ബിൽ ഞങ്ങൾ കണ്ട കാഴ്ച ശരിക്കും ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.. ഷോർട്സും.., മിനീസും.., ടി ഷർട്ടും ഇട്ടുകൊണ്ട് സായിപ്പുമാരും മദാമ്മമാരും സ്വൈരവിഹാരം നടത്തുന്നത് രഞ്ജിത്തിന്റെ വർണ്ണനയിലുള്ള ക്ലബിന്റെ ബൈലോസുമായി പുലബന്ധം പുലർത്തുന്നതായിരുന്നില്ല.. ഏതായാലും ആ കാഴ്ചകണ്ടപ്പോൾ എന്റെ ആശങ്കകൾ അസ്ഥാനത്താണെന്ന് എനിക്ക് മനസ്സിലായി….

ബോസ്റ്റണിലുള്ള തന്നെയുള്ള ഞങ്ങളുടെ മറ്റൊരു സുഹൃത്തായ ജിയോയും കുടുംബവും ചടങ്ങിന് വരുമെന്ന് ശാന്തപ്പൻ പറഞ്ഞു.. ജിയോയോടും കൊട്ടിന്റെ കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് അറിയാനായി ശാന്തപ്പൻ അവനെ വിളിച്ചു..

“ഡാ ജിയോ.. നീ എപ്പോ വരും “..

“വന്നുകൊണ്ടിരിക്കുവാ .. 15 മിനിറ്റിൽ എത്തും ”

” നീ കോട്ടും ടൈയ്യും ഒക്കെ ഇട്ടിട്ടുണ്ടോ ”

“ടൈ ഇല്ലടാ.. പേരിനൊരു കോട്ടുണ്ട്”.

” ഇവിടെ ഭയങ്കര സ്ട്രിക്റ്റാ… ടൈ ഇല്ലാതെ ആരെയും അകത്തോട്ടു കേറ്റുന്നില്ല”

“ആണോ.. കലിപ്പായല്ലോ.. ഞാൻ ഏതെങ്കിലും ഷോപ്പിൽ നിന്നും ഒരു ടൈ മേടിക്കാം ”

“മേടിക്കുമ്പോൾ ഒരെണ്ണം കൂടിമേടിച്ചോ.. ഞാനും ടൈ കൊണ്ടുവന്നില്ല.. ”

സംഭാഷണം കഴിഞ്ഞു ഫോൺ കട്ട് ചെയ്തു ജിയോയെ പറ്റിച്ച സന്തോഷത്തിൽ ഞങ്ങൾ മതിമറന്നു ചിരിച്ചുകൊണ്ട് നിന്നപ്പോൾ രഞ്ജിത്തിന്റെ ബോസ്റ്റൺ സുഹൃത്തുക്കൾ ഓരോരുത്തരായി എത്തി തുടങ്ങി..വന്നവരിൽ രണ്ടു പേരൊഴികെ എല്ലാവരും കോട്ടും ടൈയ്യും ധരിച്ചിരുന്നു.. ഇതിനിടയിൽ രഞ്ജിത്തും എത്തി .. കോട്ടിന്റെ കാര്യത്തിൽ ഭൂരിപക്ഷം സുഹൃത്തുക്കളെയും വിശ്വസിപ്പിക്കാൻ അവനു സാധിച്ചതിന്റെ ഒരു ആത്മസംതൃപ്തി അവന്റെ മുഖത്തും ചേഷ്ടകളിലും പ്രകടമായിരുന്നു.. പറ്റിക്കപെട്ടു എന്ന് മനസ്സിലാക്കിയപ്പോൾ സുഹൃത്തുക്കളിൽ ചിലർ വന്നു ഭേഷായി രഞ്ജിത്തിനെ ചീത്തയും വിളിക്കുന്നുണ്ടായിരുന്നു ..

കോളേജിൽ രഞ്ജിത്തിന് 80 : 20 (ഐറ്റി ട്വന്റി ) എന്നൊരു പേരുള്ള വിവരമൊന്നും അവന്റെ നിഷ്കളങ്കരായ അമേരിക്കൻ ഫ്രണ്ട്സിന് അറിയില്ലായിരുന്നു.. പൊതുവെ പുളുവടിയുടെ ഉസ്താദായത് കൊണ്ട് എന്തുപറഞ്ഞാലും 80 ശതമാനം തള്ളാണെന്നും 20 ശതമാനം വിശ്വാസവിച്ചാൽ മതിയെന്നും കോളേജിൽ പഠിച്ചപ്പോൾ പാട്ടായിരുന്നു എന്ന കാര്യം ഞാൻ പറഞ്ഞപ്പോൾ കൂട്ടച്ചിരിയുയർന്നു ..

ഏറ്റവും അവസാനമാണ് ജിയോ എത്തിയത് .. കോട്ടും ടൈയ്യും ഒക്കെ കെട്ടി വളിച്ച ഒരു ചിരിയും ഫിറ്റ് ചെയ്‌തു ഞങ്ങളുടെ അടുത്തേക്ക് അവൻ മന്ദം മന്ദം നടന്നു വന്നു .. കയ്യിൽ ശാന്തപ്പനായി വാങ്ങിയ പുതിയ ടൈയ്യും ഉണ്ടായിരുന്നു.. സാദാ വേഷത്തിൽ ഞങ്ങളെ കണ്ടു കാര്യം മനസ്സിലാക്കിയ അവൻ രഞ്ജിത്തിനെയും ശാന്തപ്പനെയും എന്നെയും വായിക്കു രുചിയായി തെറി വിളിച്ചു .. എന്നിട്ടും “തള്ളേ… കലിപ്പുകള് തീരണില്ലല്ലോ” എന്ന മട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു ….

ക്ലബ്ബിന്റെ അടുത്തുവരെ വന്നിട്ട് 30 മൈലോളം തിരികെപ്പോയാണ് ജിയോ ടൈ മേടിച്ചു കൊണ്ടുവന്നത് എന്ന സത്യം പിന്നീടാണ് ഞങ്ങളറിഞ്ഞത്…

ചടങ്ങുകൾ തുടങ്ങി.. പങ്കെടുത്ത എല്ലാവര്ക്കും നന്ദി അർപ്പിച്ചുകൊണ്ട് രഞ്ജിത്തിന്റെ മകൻ ആരോൺ ഒരു ഹ്രസ്വ പ്രസംഗം നടത്തി.. ഇത്രയും ആൾക്കാരുടെ മുന്നിൽ ഒരു വിറയിലും ചമ്മലും ഇല്ലാതെ സ്മാർട്ടായി പ്രസംഗിക്കാൻ അവനു കഴിഞ്ഞത് എന്നെ അതിശയിപ്പിച്ചു.. രണ്ടാഴ്ച മുൻപ് ആരോണിനെ ആദ്യമായി കണ്ടപ്പോൾ, അവൻ സ്വന്തമായി ഡെവലപ്പ് ചെയ്ത കമ്പ്യൂട്ടർ ഗെയിം എന്നെ കാണിച്ചു ഞെട്ടിച്ചിരുന്നു.. പത്തുവയസ്സു പോലും തികയുന്നതിനു മുൻപ് തരക്കേടില്ലാത്ത ഒരു പ്രോഗ്രാമ്മർ ആകാൻ ആരോണിന് കഴിഞ്ഞിരുന്നു..

ചടങ്ങു കഴിഞ്ഞു ബിയറും.. വിസ്‌കിയും.. ബീഫും.. ചിക്കനും ..മട്ടണും കൊണ്ട് പാർട്ടി ഹോൾ നിറഞ്ഞു .. ഒരു അമേരിക്കൻ പാർട്ടിയുടെ എല്ലാ ആർഭാടങ്ങളും നിറഞ്ഞ പാർട്ടിയായിരുന്നു അത്..

ബോസ്റ്റണിലെ രഞ്ജിത്തിന്റെ സൗഹൃദവലത്തിലുള്ള മിക്ക മലയാളി ഫാമിലിയും അവിടെ സന്നിഹിതരായിരുന്നു.. വെടിപറച്ചിലും വീമ്പടിക്കലും ഒക്കെയായി രണ്ടു മൂന്നു മണിക്കൂർ.. യാത്രകൾ, സ്ഥലങ്ങൾ, ഇൻവെസ്റ്മെന്റുകൾ, ബിസിനസ്സ്.. ഹെൽത്ത് ടിപ്സ് എന്നുവേണ്ടാ ലോകത്തുള്ള പലതിനെ പറ്റിയും ചർച്ചകൾ നടന്നു.. ആ അമേരിക്കൻ കുടുംബങ്ങളുടെ കൂടെ ചർച്ചകളിൽ എന്നെകൊണ്ടാവും പോലെ ഞാനും കൂടി..

പിന്നെ ഓരോരുത്തരായി പിരിഞ്ഞു അവസാനം ഞാനും, ശാന്തപ്പനും, ജിയോയും കുടുംബവും രഞ്ജിത്തിന്റെ വീട്ടിൽ തങ്ങി .. കോളേജ് ജീവിതത്തിലെ വീര ശൂര പരാക്രമണങ്ങളും തമാശകളും ഗ്ലെൻഫെഡിച്ചും വീണ്ടും അയവിറക്കി ആ രാത്രിക്കു ഞങ്ങൾ വിടപറഞ്ഞു ..

അടുത്ത ദിവസം രാത്രിയാണ് എന്റെ ഇന്ത്യയിലേക്കുള്ള മടക്കം.. ഞായറാഴ്ച അമേരിക്കൻ കുത്തക മുതലാളിത്തിന്റെ പ്രതിരൂപമായ വാൾമാർട്ട് സന്ദർശിച്ചു.. ചോക്ലേറ്റ്സും..ഫാൻസി ഐറ്റംസും.. കോസ്മെറ്റിക്ക്‌സും.. മൂന്നാഴ്ച മിച്ചം പിടിച്ച ഡോളേഴ്‌സ് തിന്നു തീർത്തു .. ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വൈകുന്നേരം രഞ്ജിത്ത് എന്നെ ബോസ്റ്റൺ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു .. വീണ്ടും കാണാം എന്ന് പറഞ്ഞു അകത്തു കയറി സെക്യൂരിറ്റി ചെക്കപ്പ് ക്യൂവിൽ നിന്നപ്പോൾ.. മൂന്നാഴ്ച പെട്ടന്നങ്ങു തീർന്നുപോയി എന്ന് തോന്നിപ്പോയി .. വീണ്ടും വരാൻ അവസരമുണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ ഞാൻ അമേരിക്കയോട് താത്കാലികമായി വിടപറഞ്ഞു ..

“അച്ഛാ നാളെ സ്കൂൾ തുറക്കുവാ .. രണ്ടു മാസത്തെ വെക്കേഷന്‍ എത്ര പെട്ടന്നാ തീർന്നത് ..എനിക്ക് സ്കൂളില്‍ പോകാന്‍ തോന്നുന്നില്ല.. ”

റിമോട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു വിനു മകളുടെ പരിവേദനം കേട്ട് തലയുയര്‍ത്തി.. തെല്ലോന്നാലോചിച്ചിട്ട് പറഞ്ഞു..
“അതെ പെട്ടന്ന് പോയി.. വക്കേഷൻ ഒക്കെ അടിച്ചു പൊളിച്ചില്ലേ.. ഇനി കുറച്ചുനാള് പുതിയ കാര്യങ്ങള്‍ പഠിക്കാം.. പുതിയ ബാഗ്‌, പുതിയ കുട, പുതിയ ഷൂസ് എല്ലാം മേടിച്ചില്ലേ..സ്കൂളില്‍ പോയേ പറ്റൂ..  മൂന്നുമാസം കഴിയുമ്പോൾ ഓണം വക്കേഷൻ വരും… അപ്പോൾ  പിന്നേം അവധി കിട്ടും.. അന്നേരം വീണ്ടും അടിച്ചുപൊളിക്കാം “
വിനു മകളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ..
“പിന്നെ അടിച്ചു പൊളിച്ചു.. അച്ഛൻ കള്ളനാ.. ഡൽഹിയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞിട്ട് കൊണ്ടുപോയില്ല.. ഞാനാണേ ഫ്രണ്ട്സിനോടെല്ലാം പറഞ്ഞിട്ടാ വന്നത്  ഞങ്ങൾ വക്കേഷന് ഡൽഹിയിൽ പോകുമെന്ന്.. ഇനി അവരുടെ മുഖത്ത് എങ്ങനെ നോക്കും.. ആകെ ലുലു മാള്‍ കാണിക്കാന്‍ കൊണ്ടുപോയി.. പിന്നെ കുറച്ചു ദിവസം അമ്മയുടെ വീട്ടിൽ കൊണ്ട് നിർത്തി..അതാ ആകെ ചെയ്തത്…   പിന്നെ വീണ്ടും ഈ ഫ്ലാറ്റിൽ.. ഇവിടാണെങ്കിൽ മുഴുവൻ നിയന്ത്രണമാ  ” മോളേ … അത് ചെയ്യരുത് .. മോളേ അതിൽ തൊടരുത് .. അവിടെ പിടിക്കരുത്. ഓടരുത് .. ചാടരുത് .. വീഴും.. അടി മേടിക്കും’ …. അങ്ങനെ വക്കേഷൻ കഴിഞ്ഞു… അച്ഛന്റെ വക്കേഷൻ ഇങ്ങനാരുന്നോ ?
വിനു ചിന്താമഗ്നനായി..
ഗ്രാമത്തിലെ വീടും തന്റെ കുട്ടിക്കാലവും വക്കെഷനും കളികളും ഒക്കെ വിനുവിന്റെ മനസ്സിലൂടെ കടന്നു പോയി..
കുടുംബ വീട്ടിലാണ് വിനു താമസിച്ചിരുന്നത്.. അതുകൊണ്ട് തന്നെ വക്കേഷനാകുമ്പോഴേക്കും അച്ഛന്റെ സഹോദരങ്ങളെല്ലാം കുടുംബ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്.. അതുകൊണ്ടുതന്നെ അവരുടെ  മക്കളെല്ലാം കളിക്കാനായി വിനുവിന്റെ  വീടിലെത്തും..
പരീക്ഷ തീരുന്നതും.. ഗ്രാമത്തിലെ അമ്പലങ്ങളിൽ ഉത്സവങ്ങൾ തീരുന്നതും ഏതാണ്ടൊരു സമയത്താണ്..  ഉത്സവത്തോട് അനുബന്ധിച്ച് അമ്പലങ്ങളിൽഅവതരിപ്പിച്ചിരുന്ന ബാലെ എന്നാ കലാപരിപാടി സ്വന്തമായി സ്റ്റേജ് കെട്ടി അവതരിപ്പിക്കലായിരുന്നു വിനുവിന്റെയും കൂട്ടരുടെയും ആദ്യ വക്കേഷൻ പരിപ്പാടി.. വീട്ടിലെ ചായിപ്പിലെ മാറിയ ഓലകൾ കൊണ്ട് സ്റ്റേജ് ഉണ്ടാക്കും.. ചാന്തും വളകളും കണ്മഷിയും വില്ക്കുന്ന കടകളുണ്ടാക്കും..  ചീനികമ്പ് കൊണ്ട് തോളിൽഎടുക്കുന്ന ഭഗവതിയുടെ ബിംബം ഉണ്ടാക്കും .. പാള കൊണ്ട് ചെണ്ടയുണ്ടാക്കി താളത്തിൽ കൊട്ടും.. ആ കൊട്ടിനോത്ത് തുള്ളി ഭഗവതിയെ എഴുന്നള്ളിക്കും.. അങ്ങനെ മിക്ക വെക്കേഷനും വിനുവിന്റെ വീട്ടുപറമ്പ് ഒരു ചെറിയ അമ്പലമായി മാറും..
ബാലെ മിക്കവാറും ഹിന്ദു ദൈവങ്ങളെ ചുറ്റിപ്പറ്റിയാണ്. പേപ്പറും ബുക്ക്‌ ബൈന്‍ഡും കൊണ്ട് കിരീടവും.. വടികളും കമ്പുകളും കൊണ്ട് അമ്പും വില്ലും,  വാളുകളും  ഉണ്ടാക്കി ..വിനുവും കൂട്ടരും ബാലേയിലെ കഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നല്കും. അവര്‍ അട്ടഹസിക്കുന്ന പോലെ അട്ടഹസിക്കും..അവർ കരയുന്ന പോലെ കരയാൻ ശ്രമിക്കും .. അമ്പും വില്ലും .. വാളും കൊണ്ട് യുദ്ധങ്ങൾ നടത്തും.. ഹൃദ്വസ്ഥമാക്കിയ ഡയലോഗുകൾ അണുവിട തെറ്റാതെ ഉച്ചത്തിൽ വിളിച്ചു കൂവും .. അങ്ങനെ സംഭവ ബഹുലമായി ബാലെ വിനുവിന്റെ വീട്ടിലെ സ്റേജിൽ  അരങ്ങേറും..
കാണികൾ മിക്കവാറും ബാലയിൽ അഭിനയിക്കാത്ത കുട്ടികളും കൂനി കൂനി നടക്കുന്ന മാധവി മുത്തശ്ശിയും മാത്രമായിരിക്കും.. അട്ടഹാസങ്ങളും ആർപ്പു വിളികളും കേൾക്കുമ്പോൾ വിനുവിന്റെ അനിയത്തി  വാവിട്ടു കരയും.. മാധവി മുത്തശ്ശി പല്ലില്ലാത്ത മോണകാട്ടി ചിരിക്കും.. അനിയത്തിയുടെ കരച്ചില്‍ കേട്ട് വിനുവിന്റെ അമ്മ വടിയും കൊണ്ട് അടിക്കാനായി ഓടി വരും.. കിരീടവും ചെങ്കോലും വാളും വലിച്ചെറിഞ്ഞു വിനുവും കൂട്ടരും അടുത്തുള്ള ചൂരല്‍ കാവിലെ ഞാറമരത്തിന്റെ ചുവട്ടിലേക്ക്‌ ഓടും .. പഴുത്തു വീണ ഞാറപ്പഴങ്ങള്‍ മത്സരിച്ച് പെറുക്കിയെടുക്കും.. ഞാറപ്പഴം തിന്നു വായും നാക്കും വൈലറ്റ് നിറത്തിലാകും…
ഉത്സവവും ബാലെയും മടുക്കുമ്പോള്‍ സ്റ്റേജഴിച്ചു വീടും, പലചരക്ക് കടയും കെട്ടും.. ഇലകളും, പൂവുകളും, മണലും, ചരലും മറ്റു പലതും.. .പച്ചക്കറികളും പഞ്ചസാരയും  അരിയും ആകും.. പിന്നത്തെ കളി ചോറും കറിയും വെക്കലും.. കച്ചവടവുമായി മാറും…
വിനുവിന്റെ വീടിനു സമീപത്തായി ഒരു പാടമുണ്ട്‌.. പാടത്തിന്റെ  ചുറ്റും ആഞ്ഞിലിയുടെയും  കശുമാവിന്റെയും  മരങ്ങളാണ്.. കശുമാവ് പലതും പാടത്തിനു തണലേകാൻകണക്കെ വളഞ്ഞു പുളഞ്ഞാണ്   നിൽക്കുന്നത് .. വൈകുന്നേരമാകുമ്പോള്‍ വിനുവിനും കൂട്ടരും ഓടി ചെന്ന് ഈ മരങ്ങളില്‍ കയറും  .. കശുമാവിന്റെ ചില്ലയിൽ കയറി പഴങ്ങൾ പറിക്കാനുള്ള മത്സരമാണ് പിന്നെ.. പഴങ്ങൾ പറിച്ചു കഴിച്ചു കശുവണ്ടികൾ സൂക്ഷിച്ചു വെക്കും…വലിയ തോട്ടികെട്ടി  ആഞ്ഞിലിമരങ്ങളില്‍ നിന്നും ആഞ്ഞിലിച്ചക്ക പറിക്കും.. പഴുത്ത ചക്ക പറിക്കുമ്പോള്‍ താഴെ പിടിക്കാന്‍ നില്‍ക്കുന്നവരുടെ തലവഴി അതിന്റെ ചുളയും തോണ്ടും വീഴും..ആ കാഴ്ച കണ്ടാല്‍ അവരുടെ തലയില്‍ ആഞ്ഞിലി മരം വാള് വച്ചത് പോലെ തോന്നും. നല്ല പഴങ്ങള്‍ കിട്ടുന്നവര്‍ ആര്‍ത്തിയോടെ ആര്‍ക്കും കൊടുക്കാതെ തിന്നും..  അങ്ങനെ തീറ്റിയം കളിയും കഴിഞ്ഞു വീട്ടില്‍ കയറുമ്പോഴേക്കും സൂര്യന്‍ മറഞ്ഞിരിക്കും..
അന്ന് വിനുവിനോ കൂട്ടുകാർക്കോ സ്വന്തമായി സൈക്കിളില്ല.. വീട്ടില്‍ നിന്ന് കുറച്ചകലെയായി ഒരു കടയിൽ സൈക്കിൾ വാടകയ്ക്ക് കിട്ടും .. അവിടെ പോയി സൈക്കിൾ എടുക്കണമെങ്കിൽ  മണിക്കൂറിനു 25 പൈസ വച്ച് കടക്കാരന് കൊടുക്കണം.. ആ പൈസക്കുള്ള വകയാണ് കശുവണ്ടി.. 5 -6 കശുവണ്ടി കൊടുത്താൽ ഒരു മണിക്കൂറത്തേക്ക് സൈക്കിൾ കിട്ടും.. പല പൊക്കത്തിലുള്ള സൈക്കിൾ വാടകയ്ക്ക് ലഭ്യമാണ് .. അങ്ങനെ വാടകക്കെടുതാണ് വിനുവും കൂട്ടരും സൈക്കിൾ ചവിട്ടാൻ പഠിച്ചത്..
കുറച്ചു കൂടി വളർന്നപ്പോൾ ബാലെയും പലചരക്ക് കട കളിയും നിർത്തി. 1983 ലോകകപ്പ്‌ ഇന്ത്യ നേടിയതോടെ ക്രിക്കറ്റിന് വിനുവിന്റെ ഗ്രാമത്തിലും പ്രചാരം ലഭിച്ചു… വക്കേഷൻ തുടങ്ങിയാൽ ഉടൻ ക്രിക്കറ്റ് കളി തുടങ്ങും.. ഒതളങ്ങയിലും ഓല മടലിലും തുടങ്ങിയ കളി പയ്യ പയ്യെ റബ്ബർ ബോളിലും ക്രിക്കറ്റ് ബാറ്റിലുമായി.. സ്വന്തം പറമ്പിൽ  നിന്നും അയലത്തെ പറമ്പിൽ നിന്നുമൊക്കെ കശുവണ്ടി സംഭരിച്ചു പട്ടണത്തിൽ കൊണ്ടുപോയി വിറ്റു ക്രിക്കറ്റ് ബാറ്റും ബോളും  മേടിച്ചു..  വീടിനു മുന്നിലുള്ള പാടത്തിൽ   തുടങ്ങിയ കളി പിന്നെ സൈക്കിൾ വാടകക്കെടുത്തു പലസ്ഥലങ്ങളിലും പോയി മത്സരം കളിക്കുന്ന സ്ഥിതിയിലായി… ഇരുട്ടുന്നതിനു മുൻപ് വീട്ടില്‍ കയറിയാൽ… എവിടെ പോകുന്നു.. എപ്പോ വരുന്നു ..എന്ന് ചോദിക്കാൻ പോലും ആരും വരില്ല.. അങ്ങനെ എത്ര മനോഹരമായിരുന്നു വിനുവിന്റെ കുട്ടിക്കാലവും വെക്കേഷനും..
“അച്ഛൻ എന്താ ആലോചിക്കുന്നത് ”  മകളുടെ  ചോദ്യം വിനുവിനെ യാഥാർത്യത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നു..
“എന്താ കുട്ടാ “
“അച്ഛന്റെ വക്കേഷൻ എങ്ങനാരുന്നു എന്ന് ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല “
“പിന്നീടൊരിക്കൽ പറയാം.. മോള്പോയി  സ്കൂളിൽ പോകുന്ന കാര്യങ്ങൾ ആലോചിക്ക്.. പുസ്തകങ്ങളും ബുക്കും ഒക്കെ എടുത്തു വെക്ക് “
മകള്‍ നടന്നകന്നപ്പോൾ അവൾക്കു നഷ്ടപ്പെടുന്ന കുട്ടിക്കാലത്തെ സ്വാതന്ത്ര്യങ്ങളെപറ്റിയായിരുന്നു വിനുവിന്റെ ചിന്ത.. അടുത്ത വെക്കേഷനെങ്കിലും കുട്ടികളോടൊത്ത്  അവര്‍ക്ക് സ്വന്തന്ത്രമായി കളിക്കാനും ചിലവഴിക്കാനും അവസരം ഉണ്ടാക്കുമെന്ന ദൃഡ നിശ്ചയത്തോടെ വിനു നടന്നകലുന്ന മകളെ നോക്കിയിരുന്നു…

ഓണം വക്കേഷൻ പ്രമാണിച്ച് നാട്ടിൽ  ചെന്നപ്പോഴാണ് വിനുവിന്റെ അച്ഛൻ അവനോടാ ചോദ്യം ചോദിച്ചത്..

“മോന് മജീദിനെ ഓർമ്മയുണ്ടോ ”

“ഏതു മജീദ്‌?? ”

“മോന്റെ കൂടെ പണ്ട് ബെഥനിയിൽ പഠിച്ച ഷാജിയുടെ അച്ഛൻ.. ഉണ്ണൂണ്ണി  മുതലാളിയുടെ കൊച്ചുമകൻ..”

“ഷാജിയെ മറക്കാൻ പറ്റുമോ.. മജീദ് അങ്കിളിനെ എനിക്ക് അത്രക്ക് ഓർമ്മയില്ല.. ”

“മജീദ്‌ ഇപ്പോൾ നാട്ടിലുണ്ട്.. ഭിലായിയിൽ നിന്നും ഇങ്ങു പോന്നു.. ഇപ്പോൾ ആശുപത്രിയുടെ വടക്ക് ഒരു വീട് വാങ്ങി അവിടെയാ താമസം.. മോനെ ഒന്ന്  കാണണമെന്നു പറഞ്ഞു .. മിക്കവാറും അമ്പലത്തിന്റെ മുൻപിലെ ആ മഹാദേവന്റെ കടയിൽ  കാണും. അതുവഴി പോകുമ്പോൾ ഒന്ന് കാണണം.. ഞാൻ പറഞ്ഞിട്ടുണ്ട് ഇയാൾ ഓണത്തിന് വരുമെന്ന്.. ”

” ഞാൻ പോയി കാണാം ..”

**********************

ഷാജി.. വിനുവിന്റെ ബാല്യകാല സുഹൃത്തായിരുന്നു.. സെയദ് മുഹമ്മദ്‌ എന്നാണ്  യഥാർത്ഥപേരെങ്കിലും വീട്ടിൽ ഷാജി എന്നാണു അവനെ വിളിച്ചിരുന്നത്‌… വിനുവും ഷാജിയം എൽ  കെ ജി മുതൽ നാലാം ക്ലാസ് വരെ  ഒരു സ്കൂളിലാണ് പഠിച്ചത് (ബഥനി ബാലികാമഠം ).. വിനുവിന്റെ  വീട്ടിൽ നിന്നും  ഏകദേശം 10 കിലോമീറ്റർ അകലെയായിരുന്നു ഈ സ്കൂൾ സ്ഥിതിചെയ്തിരുന്നത്..

മുതുകുളം എന്ന അവരുടെ കൊച്ചു ഗ്രാമത്തില്‍ നിന്നും ബെഥനിയിലേക്ക്   സ്കൂൾ ബസ്സിന്റെ സർവീസ് ഇല്ലാത്തത് കൊണ്ട്.. വിനുവിന്റെ അച്ഛന്റെ  സഹപാഠിയും വീട്ടിൽ അല്ലറ ചില്ലറ ജോലിയും ഒക്കെ ചെയ്തിരുന്ന ദിവാകരൻ എന്ന ഒരാളാണ് അവരെ രണ്ടു പേരയും സ്കൂളിൽ  കൊണ്ടുപോവുകയും കൊണ്ടുവരുകയും ചെയ്തിരുന്നത് .. സ്നേഹത്തോടെ അവര്‍ അദ്ദേഹത്തെ  ദിരാരപ്പൻ”  എന്നാണ് വിളിച്ചിരുന്നത്..

ദിരാരപ്പൻ എക്സ് ഗ്രഫ് ആണ്.. വേഷത്തിലും ഭാഷയിലും  പെരുമാറ്റത്തിലും ഒക്കെ അതിന്റെ ചില ജാടയും പത്രാസും കാണിക്കാറുണ്ട് … തന്റെ റാലി സൈക്കളിന്റെ മുൻപിൽ ചെറിയ രണ്ടു സീറ്റ് ഫിറ്റ്‌ ചെയ്ത് ..മുൻപിലത്തെ സീറ്റിൽ വിനുവിനെയും.. പിറകിലത്തെ സീറ്റിൽ  ഷാജിയേം  ഇരുത്തി എല്ലാ ദിവസവും അവരെ സ്കൂളിൽ കൊണ്ടുവിടുന്നതിന്റെയും  വൈകിട്ട് തിരികെ കൊണ്ടുവരുന്നതിന്റെയും ഉത്തരവാദിത്തം ദിരാരപ്പനാണ്..

ആ പ്രായത്തിൽ നല്ല കുസൃതിയായിരുന്ന വിനു സൈക്കിളിൽ ഇരുന്നു അല്ലറ ചില്ലറ അഭ്യാസം കാണിക്കുക പതിവായിരുന്നു.. റോഡുകൾ വിരളമായിരുന്ന  ആ കാലത്ത് ചെറിയ ഊടുവഴികളിലൂടെയും വരമ്പുകളിലൂടെയും ഒക്കെ സൈക്കളിൽ  യാത്ര ചെയ്താണ് അവര്‍  നാഷണൽ ഹൈവേയിൽ  എത്തിയിരുന്നത്.. സ്കൂളിലേക്കു പോകുമ്പോൾ  വഴിയരികിൽ നിൽക്കുന്ന പൂവുകളും ഇലകളുമൊക്കെ  സൈക്കളിൽ നിന്നും എത്തി  പറിക്കുക വിനുവിന്റെ ഒരു വിനോദമായിരുന്നു .. സൈക്കളിന്റെ മുൻപിലത്തെ സീറ്റിൽനിന്നും വിനു പൂവുകൾ  പറിക്കാന്‍ കൈ നീട്ടുമ്പോള്‍ മിക്കവാറും  സൈക്കിളിന്റെ ബാലൻസ് പോകും.. സൈക്കിളിന്റെ ബാലന്‍സ് പോകുന്നതും ദിരാരപ്പന്റെ  വലതുകൈ വിനുവിന്റെ ചന്തിക്കിട്ട്  കിഴുക്ക് കൊടുക്കുന്നതും ഒരുമിച്ചായിരിക്കും.. കിഴുക്കിന്റെ വേദനകൊണ്ട് വിനു പുളയുമ്പോൾ  ഷാജി  കുടുകുടെ ചരിക്കും.. വിനു തന്റെ ദേഷ്യം മുഴുവൻ ഷാജിയുടെ കാലിനിട്ട്  ചവിട്ടി തീർക്കും.. ഷാജിയുടെ കാലിന്റെ സ്ഥാനം സൈക്കളില്‍  വിനുവിന്റെ  കാലിന്റെ താഴെ ആയിരുന്നു…. ചിലപ്പോഴൊക്കെ കിഴുക്കിന്റെ വേദന സഹിക്കാൻ വയ്യാതെ  ദിരാരപ്പന്റെ കൈയ്യില്‍ വിനു പിച്ചുകയും മാന്തുകയും ചെയ്യുമായിരുന്നു.. വൈക്കുന്നേരം മാന്തിയതിന്റെ പാടുകൾ വിനുവിന്റെ അമ്മയെ കാണിച്ചു ദിരാരപ്പൻ വിനുവിന് വഴക്കും ചിലപ്പോൾ അടിയും മേടിച്ചു കൊടുക്കുമായിരുന്നു..

ഒരിക്കൽ സൈക്കളിലെ വിനുവിന്റെ അഭ്യാസത്തിന്റെ ഫലം ആവന്‍ നല്ല രീതിയില്‍അനുഭവിച്ചു.. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു  അത് സംഭവിച്ചത് ..  അന്ന് ഓണ പരീക്ഷയുടെ അവസാന ദിവസമായിരുന്നു.. ഓണപരീക്ഷ തീരുന്നതിന്റെ സന്തോഷവും പൂക്കളം ഇടണമെന്ന മോഹവുമൊക്കെയായിരിക്കാം സ്കൂളിലേക്ക് പൊകുന്ന നേരം വഴിയരികില്‍ നിന്ന ഒരു പൂവ് സൈക്കളിൽ നിന്നും എത്തി വിനു പിച്ചാൻ ശ്രമിച്ചു..  ചവിട്ടിയടുത്തുനിന്ന് തെന്നി   എങ്ങനെയോ  വിനുവിന്റെ ഇടതു കാല്‍ സൈക്കളിന്റെ ഫ്രണ്ട് വീലിന്റെ ഇടയിൽ

അകപ്പെട്ടു.. തന്നെ ഏതോ ശക്തി എടുത്തെറിയുന്നപോലെ  അവനു തോന്നി  .. വിനുവും.. ഷാജിയും..  ദിരാരപ്പനും…  സൈക്കിളും … എല്ലാം കൂടി മറിഞ്ഞു  താഴെ വീണു… പിന്നെ  ഓർമ്മവന്നപ്പോൾ  വിനു ആശുപത്രിയിലാണ് .. അവന്റെ കാലാകെ മരവിച്ചിരിന്നു .. കാലിൽ ഡ്രസ്സ് ചെയ്തുകൊണ്ടിരുന്ന ഒരു നേഴ്സ് ആന്റി അവനോടു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. വിനു ചുറ്റിനും നോക്കി.. വിഷമിച്ചു വീർത്ത കണ്ണുമായി ദിരാരപ്പൻ നിൽക്കുന്നു.. ഷാജിയെ കാണാനില്ല .. അവന്റെ കയ്യിലും ചെറിയ മുറിവുകൾ ഉണ്ടായിരുന്നു…

കാലിൽ വലിയ കെട്ടും കയ്യിൽ  ചെറിയ കെട്ടുമായി സ്കൂളിൽ  ചെന്നപ്പോഴേക്കും  പരീക്ഷ തുടങ്ങിയിരുന്നു.. പഠിക്കാനത്ര മോശമല്ലാത്തത്‌ കൊണ്ട് ഹെഡ്മിസ്ട്രസ്സ്  മദർ വിനുവിന്റെ ക്ലാസ്സ് ടീച്ചറിനോട് അവന്റെ എക്സാം ചോദ്യത്തിന് ഉത്തരം പറയുന്ന രീതിയില്‍ നടത്താൻ ആവശ്യപെട്ടു… അങ്ങനെ വിനു ആ പരീക്ഷ എഴുതാതെ ഒരുവിധം പറഞ്ഞൊപ്പിച്ചു  .. .

പരീക്ഷ കഴിഞ്ഞു തിരിച്ചുപോകാറായപ്പോഴാണ് വിനു ഷാജിയെ കാണുന്നത്..  വിനുവും ഷാജിയും രണ്ടു ഡിവിഷനായിരുന്നു.. ഷാജിയുടെ നെറ്റിയിലും മുട്ടിലും  പ്ളാസ്റ്ററൊട്ടിച്ചിരുന്നു.. വിനുവിന്റെ കാലിലെയും കയ്യിലേയും കെട്ടുകൾ കണ്ടു ഷാജിക്ക്  ചിരി വന്നു.. വിനുവും കൂടെ ചിരിച്ചു..  തിരികെ വീട്ടിലെത്തി   സംഭവങ്ങൾ ദിരാരപ്പൻ വിവരിച്ചപ്പോഴാണ്  ആ സത്യം വിനു അറിഞ്ഞത്  തന്‍റെ കാലിലെ മുറിവ് മോശക്കാരനല്ല.. ഒൻപത് കുത്തികെട്ടുണ്ട് (സ്റ്റിച്ച്)..

അവരുടെ വീഴ്ച കണ്ടു ഓടികൂടിയ നാട്ടുകാരിൽ ഒരാൾ ഉടുത്തിരുന്ന മുണ്ട് വലിച്ചു കീറി അവന്റെ മുറിവിൽ കെട്ടിയാ ആശുപത്രിയിൽ എത്തിച്ചതെന്നും  പറഞ്ഞു..  അവന്റെ മുറിവുകളും കെട്ടുകളും കണ്ട് അവന്റെ അമ്മൂമ്മ പൊട്ടിക്കരഞ്ഞു…  അങ്ങനെ ആ ഓണം വെക്കേഷൻ വിനു കട്ടിലിൽ കഴിച്ചുകൂട്ടി..

**********************************************

വിനുവും ഷാജിയും വൈകുന്നേരങ്ങളിൽ ഒരുമിച്ചായിരുന്നു ട്യൂഷന് പോയിരുന്നത് ….നാട്ടുവൈദ്യനായ ദാമോദരൻ  വൈദ്യന്റെ മകളായ വിലാസിനി ടീച്ചറായിരുന്നു അവരുടെ ഗുരു..  ഷാജിയുടെ വീടിന്റെ  അടുത്താണ്  ടീച്ചറിന്റെ വീട്.. വിനു ഷാജിയുടെ  വീട്ടിൽ  ചെന്ന് അവനെയും  കൂട്ടി ട്യൂഷന് പോവുകയാണ് പതിവ്.. ഷാജിയുടെ വാപ്പയും ഉമ്മയും ഭിലായിയിലായിരുന്നത് കൊണ്ട് അവന്റെ  വാപ്പച്ചിയും  ഉമ്മച്ചിയും (അപ്പൂപ്പനും അമ്മൂമ്മയും) ആണ് അവനെ വളർത്തിയിരുന്നത്..  മുത്ത്‌, കുഞ്ഞുമോൾ എന്ന അവന്റെ ഉമ്മയുടെ രണ്ടു അനുജത്തിമാരും കുഞ്ഞുമോൻ എന്ന ഉമ്മയുടെ ഒരനിയനും അവനു കൂട്ടായി  ആ വീട്ടിലുണ്ടായിരുന്നു..

ഷാജിയുടെ വീടും പരിസരവും അവൻ വരയ്ക്കുന്ന പടങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു..   ആ പ്രായത്തിൽ തന്നെ ഷാജി വളരെ നല്ല ഒരുകലാകാരനായിരുന്നു .. ബാലരമ അമർചിത്ര കഥകളായ രാമായണത്തിന്റെയും  മഹാഭാരതതിന്റെയും വലിയ ഒരു ശേഖരം തന്നെ അന്ന് അവന്റെ കയ്യിലുണ്ടായിരുന്നു…  അതിലെ രാജാക്കൻമാരും  ..മന്ത്രിമാരും .. രാജ്ഞികളും .. തോഴിമാരും..  കാലാൾ പടായാളികളും  ആനകളും.. കുതിരകളെയും രഥങ്ങളും ആയുധങ്ങളും ഒക്കെ വളരെനന്നായി ഷാജി ആ വീടിന്റെ  പല ഭിത്തികളിലും  പകർത്തിയിരുന്നു ..  യുദ്ധങ്ങൾ പേപ്പറിൽ വരക്കുന്നതിനും അവന്  പ്രത്യേക കഴിവുണ്ടായിരുന്നു ..  പലതരത്തിലുള്ള കിരീടങ്ങളും മീശകളും..  തലപ്പാവുകളും … രഥത്തിന്റെ ചക്രങ്ങളും കൊടികളും അവയുടെ വലിപ്പവുമൊക്കെയായിരുന്നു  അവന്റെ വരകളിലെ പ്രത്യേകത.. ആ കാലത്ത് വിനുവിന്റെ  മിക്ക ബുക്കുകളുടെയും അവസാന പേജുകൾ ഷാജിയുടെ വരകളാൽ സമ്പുഷ്ടമായിരുന്നു …

ട്യൂഷന് പോകുമ്പോൾ മറ്റാർക്കും ഇല്ലാത്ത ഒരു ശീലം അവര്‍ക്കുണ്ടായിരുന്നു  ..  കുടംപുളി മരത്തിന്റെ  ഇല  ഉപ്പും കൂട്ടി തട്ടുക എന്നതായിരുന്നു അത്.   ടീച്ചർ കാണാതെയാണ് ഈ കലാപരിപാടി  അരങ്ങേറിയിരുന്നത്ഷാജിയുടെ വീടിന്റെ മുൻപിൽ ചരിഞ്ഞുനിൽക്കുന്ന ഒരു പുളിമരമുണ്ട്.  അതിൽ  അവര്‍ക്ക് പറിക്കുവാൻ പാകത്തിന്  നിറയെ കിളിര്‍ന്ന്‍ ഇലകളുമുണ്ടായിരുന്നു.  ട് യൂഷന് പോകുന്നതിനു മുൻപായി ഷാജി  പുളിയുടെ കിളിർന്നിലകൾ  പറിച്ചെടുക്കും.  ആരും കാണാതെ അത്  ബുക്കിന്റെ  ഇടയിൽ ഒളിപ്പിച്ചുവച്ച് കൊണ്ടുവരും.. ട്യൂഷന് പോകുന്നതിനു മുൻപ് വിനുവും അവന്റെ  അമ്മൂമ്മ കാണാതെ  അടുക്കളയിൽനിന്നും ഉപ്പു പരലുകൾ അടിച്ചുമാറ്റി  പേപ്പറിലോ പൂവരശിലയിലോ  പൊതിഞ്ഞു നിക്കറിന്റെ കീശയിൽ ഇടും..  അങ്ങനെ പുളിയിലയും ഉപ്പുമായാണ് അവര്‍ ട്യൂഷന് പോവുക.. വിലാസിനി ടീച്ചര്‍ ഏതെങ്കിലും പാഠം പഠിപിച്ച   ശേഷം ആ ഭാഗം  ഉറക്കെ വായിക്കുവാൻ പറഞ്ഞിട്ട് അടുക്കളയിലേക്കോ  മറ്റോ  പോകും… ആ സമയം നോക്കിയാണ് അവര്‍ പുളിയില തിന്നുന്നത് ..

ഒരിക്കൽ ടീച്ചർ ഷാജിയുടെ ബുക്ക്‌ എന്തിനോ മേടിച്ചപ്പോൾ  പുളിയിലകള്‍ താഴെ വീണു..  അന്നോടെ അവരുടെ പുളിയില തീറ്റി അവസാനിച്ചു..  രണ്ടു പേർക്കും ഭേഷായി തല്ലും കിട്ടി..

ദാമോദരൻ വൈദ്യർ ഒടിവിന്റെയും ഉളുക്കിന്റെയും സ്പെഷിയലിസ്റ്റായിരുന്നു.. കൈയും കാലും  ഓടിഞ്ഞവർ  അവിടെ  താമസിച്ചാണ് ചികിത്സ.. വൈദ്യർ ഒടിഞ്ഞ ഭാഗം നിവർത്തിവച്ച് നാല് വശവും  അലക് (അടക്ക മരത്തിന്റെ നേർത്ത കഷ്ണങ്ങൾ) വെച്ച് കെട്ടും .. ഓടിഞ്ഞവർ വേദനകൊണ്ട് അലറും .. അപ്പോൾ വൈദ്യർ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും …. ” ഒടിച്ചിട്ട്‌ വരാൻ ഞാൻ പറഞ്ഞോ ??  മിണ്ടാതിരിയെടോ . … ഒച്ചവക്കതാടോ .. ” എന്നിങ്ങനെ പലതും പുലമ്പും.. എന്നിട്ട്  ജോലിയിൽ വ്യാപൃതനാകും..   ഉച്ചത്തിലുള്ള അലറലും.. കരച്ചിലും കേട്ട് പല്ലില്ലാത്ത മോണ കാട്ടി ഷാജി കുടു കൂടെ  ചിരിക്കും.. വിനുവും കൂടെ ചിരിക്കും.. മറ്റുള്ളവരുടെ വേദന ആ പ്രായത്തിൽ അവര്‍ക്കൊരു ഹരമായിരുന്നു..

***********************************

നാലാം ക്ലാസ് കഴിഞ്ഞപ്പോൾ ഷാജിയെ അവന്റെ വാപ്പയും ഉമ്മയും കൂടി  ഭിലായിലേക്ക്കൊണ്ട് പോയീ.. പിന്നീട് ഏഴാം ക്ലാസ്സിന്റെ വേനലവധി  സമയത്താണ് വിനു അവസാനമായി അവനെ കണ്ടത്.. ഭിലായിയിൽ നിന്നും കൊണ്ടുവന്ന കുറെ മിഠായിയും സ്വന്തമായി വരച്ച ഒരു പെയിന്റിങ്ങും അവൻ വിനുവിന് സമ്മാനമായി കൊടുത്തു .. ഏതോ നദിയുടെ ആനന്തതയിലേക്ക്   ഏകനായി തോണി  തുഴയുന്ന  ഒരു തോണിക്കാരന്റെ ചിത്രമായിരുന്നു അത്..  ഒരു മികച്ച പെയിന്റിങ്ങിന്റെ എല്ലാ ലക്ഷണവും ഒത്തിണങ്ങിയ ചിത്രമായിരുന്നു അത്…

വിനു ഒൻപതാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ്  ആ ദുരന്ത വാർത്ത അവന്‍ അറിഞ്ഞത് …. ഒരുനദിയുടെ  ആനന്തതയിലേക്ക്   പ്രിപ്പെട്ടവരെയും അവനെയും ഉപേക്ഷിച്ചു ഷാജി യാത്രയായീ എന്നാ ദുഃഖ വാര്‍ത്ത . .സുഹൃത്തുക്കളുമൊത്ത് ആ നദിയിൽ  കുളിക്കാനിറങ്ങിയതാണ്.. നദിയുടെ ചുഴിയിൽ അകപ്പെട്ട ഷാജി പിന്നീട് തിരിച്ചു വന്നില്ല.. വിനുവിന് നല്‍കിയ പെയിന്റിംഗ് പോലെ.. നദിയുടെ അഗാധതയിൽ എങ്ങോ അവൻ ആ തോണിയുമായി മറഞ്ഞു…

വളരെക്കാലം വിനുവിനെ വേട്ടയാടിയ ഒരു സംഭവമായിരുന്നു ഷാജിയുടെ വേർപാട്.. പക്ഷെ കാലക്രമേണ അവന്റെ ഓർമ്മകൾ വിനുവില്‍ നിന്നും അകന്നു .. അവസാനം അവനെ പറ്റി വിനു ഓർത്തത്‌  ഒരിക്കൽ നാട്ടിൽ വന്നപ്പോൾ ഷാജി  കളിച്ചു വളർന്ന വീട് മറ്റാർക്കോ വിറ്റിട്ട് അവന്റെ ബന്ധുക്കൾ അവിടെനിന്നും പോയി എന്ന് അവന്റെ അമ്മ  പറഞ്ഞപ്പോഴാണ് ..  അത് ഏകദേശം 10 വര്‍ഷം മുമ്പാണ്…

 

***************************************

 

അടുത്ത ദിവസം രാവിലെ തന്നെ വിനു മഹാദേവന്റെ കടയിൽ പോയി..

മഹാദേവന്  ഏകദേശം വിനുവിന്റെ പ്രായമാണ്.. കടയിൽ മഹാദേവനു പകരം മെലിഞ്ഞു.. നരച്ച്  പൊക്കംകുറഞ്ഞ ഒരാൾ മാത്രം .. കടയിൽ വരുന്ന ആൾക്കാർക്ക് വേണ്ട സാധനങ്ങൾ എടുത്തു കൊടുക്കുന്നത് അയാൾ ആണ്..

കടയുടെ കുറച്ചപ്പുറത്തായി വേണു എന്ന വിനുവിന്റെ ഒരു ജ്യേഷ്ഠസുഹൃത്ത് നിൽപ്പുണ്ടായിരുന്നു..  വിനു നേരെ വേണുവിന്റെ അടുത്തേക്ക് ചെന്നു..

“വേണു ചേട്ടാ.. മഹാദേവനെ കണ്ടോ ”

“മഹാദേവൻ കുറച്ചു കഴിയും വരാൻ.. എന്താ കാര്യം ? ”

“ഒരാളെ പറ്റി തിരക്കാനാ.. ”

“ആരെ പറ്റിയാ.. ”

അൽപ്പ സ്വൽപ്പം രാഷ്ട്രീയവും.. പൊതുജനസേവനവുമൊക്കെയുള്ള വേണുവിനു നാട്ടിലുള്ള മിക്കവരും പരിചിതരാണ്

“ഒരു മജീദിനെ പറ്റി അറിയാനാ”

കടയിലേക്ക് ചൂണ്ടികൊണ്ട് വേണു ചേട്ടന്‍ പറഞ്ഞു

“ദോ ആ നിൽക്കുന്നതാ മജീദിക്കാ .. കേരളത്തിൽ അമ്പലത്തിലേക്ക് കദളിപ്പഴം വിൽക്കുന്ന ഏക മുസൽമാനാ… രാവിലെ വന്നു കട തുറക്കുന്നതും  കച്ചവടം നടത്തുന്നതും എല്ലാം മജീദിക്കായാ.. മഹാദേവൻ വല്ലപ്പോഴുമൊക്കേവരാറുള്ളൂ എന്താ കാര്യം ”

“ഭിലായിയിൽ നിന്നും വന്ന… ”

“അതെ..  അത് തന്നെ.. നമ്മുടെ ആശുപത്രിക്ക് വടക്കാ താമസം.. വിനുവിന് അറിയാമോ ആളെ.. ”

മറുപടി ഒന്നും പറയാതെ വിനു നേരെ കടയിലേക്ക് ചെന്നു

മജീദ്‌ വിനുവിനെ നോക്കി കൊണ്ട് ചോദിച്ചു..

” എന്താ വേണ്ടത്.. കദളിപ്പഴമാണോ… ”

കുറെ നേരത്തേക്ക് വിനു ഒന്നും മിടിയില്ല..

” എന്നെ മനസ്സിലായോ ”  വിനു ചോദിച്ചു

മജീദ്‌ വിനുവിനെ കുറച്ചു നേരം നോക്കി..

“ഇല്ല .. ആരാ.. ”

“ഞാൻ പണ്ട് ….. ഷാജിയുടെ കൂടെ പഠിച്ച വിനുവാ .. ഓർമ്മയുണ്ടോ…”

മജീദ്‌ കുറെ നേരത്തേക്ക് സ്തബ്ദനായി വിനുവിനെ നോക്കി.. ആ കണ്ണുകൾ  നിറഞ്ഞു.. കടയിൽ നിന്നും ഇറങ്ങി ചെന്ന് വിനുവിനെ കെട്ടി പിടിച്ചു..

“എനിക്ക് മനസ്സിലായില്ല മോനെ.. അച്ഛൻ പറഞ്ഞിരുന്നു മോൻ ഓണത്തിന്  വരുമെന്ന്..എന്റെ ഷാജി ഉണ്ടായിരുന്നെങ്കിൽ..  മോന്റത്രേം കണ്ടേനെ.. അല്ലേ . മോന്റെ കളി കൂട്ടുകാരനല്ലായിരുന്നോ .. നിങ്ങള്‍ ഒരുമിച്ചല്ലേ വളർന്നത്‌….   വിധി .. ഞങ്ങളുടെ വിധി..അവനെ കൊണ്ട് പോയി…  അന്ന് തകർന്നതാ എന്റെ  ജീവിതം..  പിന്നെ എന്തിനോ വേണ്ടി ഇങ്ങനെ ഒരോ ദിവസവും തള്ളി നീക്കുന്നു … മോനിപ്പോ  തിരുവനന്തപുരത്താ  അല്ലെ………”

ഉള്ളിലെ നീറ്റലും  അത് മറക്കാൻ ചോദ്യങ്ങളുമായി കുറച്ചുനേരം മജീദ്‌  വിനുവിന്റെ സമീപം നിന്നു..  വിഷമത്തോടാണെങ്കിലും മിക്ക ചോദ്യങ്ങൾക്കും വിനു മറുപടി നൽകി..

അവസാനം “അങ്കിൾ പിന്നെ കാണാം.. ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ ”  എന്ന് പറഞ്ഞു വിനു   തിരികെ പോകാനൊരുങ്ങിയപ്പോൾ മജീദ്‌ അങ്കിൾ ഒന്നുകൂടി വിനുവിനെ  അടുത്തേക്ക് ചേർത്ത് നിർത്തി ഗദ്ഗദത്തോടെ പറഞ്ഞു..

“പറ്റുമെങ്കിൽ  മോൻ  ഓരോ തവണ വരുമ്പോഴും  ഇവടെവന്നു എന്നെ ഒന്ന് കാണണം .. എന്റെ ഷാജിയെ മോനിലൂടെ എനിക്ക്  കാണാം.. ഇല്ലങ്കിൽ

അച്ഛനോട് ചോദിച്ച് .. മോൻവരുമ്പോള്‍ ഞാൻ വീട്ടിലോട്ടു വന്നു കാണാം.. എന്നാൽ മോൻ ചെല്ല്..  ”

ഇത്രയും പറഞ്ഞു മജീദ്‌ വിനുവിന്റെ തോളിൽ നിന്നും കയ്യെടുത്ത് നേരെ കടയിലേക്ക് നടന്നു.. മജീതിന്റെ ആ നടത്തത്തിന്റെ ഭാരം വിനുവിന്റെ കണ്ണുകളെ ഈറനണിയിച്ചു..

മകൻ നഷ്ടപ്പെട്ട ആ അച്ഛന് സാന്നിധ്യം കൊണ്ട് അൽപ്പമെങ്കിലും  ആശ്വാസം  നൽകാന്‍ കഴിഞ്ഞെന്ന വിശ്വാസത്തോടെ… ഷാജിയുടെ മരിക്കാത്ത ഓര്‍മ്മകളോടെ .. വിനു വീട്ടിലേക്കും ….

 

 

 

 

ബോഡി

വെളുപ്പിന്  മൂന്നു മണിക്ക് തന്നെ അവർ എയർ പോർട്ടിൽ എത്തി..അവരുടെ കൂട്ടത്തിൽ ഉള്ള പോലീസ് ഓഫീസർ വിജുവിനെ കാത്തു അവന്റെ സുഹൃത്ത്‌ ആഗമന ഗേറ്റിൽ തന്നെ നിൽപ്പുണ്ടായിരുന്നു.. വിജുവിന്റെ സുഹൃത്ത് എയർപോർട്ട് സെക്യൂരിറ്റി ഇൻസ്പെക്ടർ ആണ് .. അവരെ നോക്കി നേർത്ത ഒരു ചിരി ചിരിച്ചു അയാൾ വിജുവിനെയും കൂട്ടി ആഗമന ഗേറ്റ് വഴി അകത്തേക്ക് പോയി ….

രാത്രിയിൽ ഗൾഫിൽ നിന്നും ഒരുപാട് ഫ്ളൈറ്റുകൾ കൊച്ചിയിലേക്ക് ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ആഗമന ഗേറ്റിൽ അഭൂതപൂർവ്വമായ തിരക്കായിരുന്നു..ഗൾഫിൽ നിന്നും അച്ഛൻ കൊണ്ട് വരുന്ന കളിപ്പാട്ടങ്ങളും, പുത്തൻ ഉടുപ്പുകളും , മിഠായികളും മറ്റും ഓർത്ത് പാതി മയങ്ങാതെയും.. രാത്രിയുടെ ലാളനയിൽ മറു പാതി മയങ്ങിയും..നില്ക്കുന്ന കുട്ടികൾ .. നഷ്ട വസന്തങ്ങൾക്ക് വിട നല്കാൻ വെമ്പുന്ന ചുണ്ടും.. മയങ്ങിയ കണ്ണുമായി ഉടുത്തൊരുങ്ങി ആ രാത്രിയിലും മുല്ലപ്പൂ ചൂടി മോഹിനിമാരായി നില്ക്കുന്ന ഭാര്യമാർ.. വർഷങ്ങൾക്കിപ്പുറം നിലനിൽപ്പിനു വേണ്ടി സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചു….എന്തൊക്കെയോ വെട്ടിപ്പിടിച്ചുവന്നു ധരിച്ചു വരുന്ന മകനെയോ മകളെയോ ഒരു നോക്ക് കാണാൻ കണ്ണിൽ എണ്ണയുമോഴിച്ചു കാത്തിരിക്കുന്ന അച്ഛനമ്മമാർ.. ഭാര്യമാരെ അറബി നാട്ടിൽ അധ്വാനിക്കാൻ വിട്ടു സ്വന്തം നാട്ടിൽ നില്ക്കാൻ വിധിക്കപ്പെട്ട്  അവരുടെ വരവും കാത്തുനില്ക്കുന്ന ഭർത്താക്കന്മാർ..  സുഹൃത്തിനെ കാത്തു നില്ക്കുന്ന കൂട്ടുകാർ .. ചേട്ടന്മാരെ കാത്തു നില്ക്കുന്ന അനുജൻമാർ .. വരുന്നതാരെന്നു പോലുമറിയാതെ പേരെഴുതിയ ഒരു കാർഡുമായി ആരെയോ കാത്തുനില്ക്കുന്ന ട്രാവൽ ഏജെന്റുമാർ.. എയർപോർട്ട്‌ പല തവണ കണ്ടവർ.. ആദ്യമായി കാണുന്നവർ.. മലയാളികൾ, തമിഴർ, അങ്ങനെ എങ്ങും ആകാംഷയുടെ അതിശയതിന്റെ.. സന്തോഷത്തിന്റെ അലകൾ മാത്രം മുഴങ്ങുന്ന ആഗമന ഗേറ്റ് ..

അവർ കണ്ണിൽ കണ്ണിൽ നോക്കി.. കരഞ്ഞു വീർത്ത്.. വീണ്ടും തുളുമ്പാൻ വെമ്പി നില്ക്കുന്ന കണ്ണുകൾ .. ചിരിക്കാൻ മറന്നു പോയ ചുണ്ടുകൾ.. ഏതോ വലിയ ഭാരംപേറുന്ന മനസ്സുകൾ… വാടി തളർന്ന ശരീരങ്ങൾ.. അകത്തേക്ക് പോയ വിജു മടങ്ങി വരുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ട്‌ അവർ – ഒരു കൂട്ടം ചെറുപ്പക്കാർ അവിടെ നിന്നു.. അതിൽ ഒരുവനായി ഞാനും..

പ്രവാസികൾ അപ്പോഴേക്കും ട്രോളികളും.. അതിൽ നിറയെ ബാഗുകളും.. വരിഞ്ഞു മുറുക്കിയ കാർട്ടണുകളും.. മനസ്സ്‌ നിറയെ സ്വപ്നങ്ങളുമായി പുറത്തേക്കു ഒഴുകി തുടങ്ങി.. നാലു ചുവരുകളിൽ നിന്നും.. അവിടുത്തെ കൊടും ചൂടിൽ നിന്നും.. സ്വതന്ത്രമായ ലോകത്തേക്ക് …സ്വന്തക്കാരെ കണ്ടവരുടെ സന്തോഷ പ്രകടനങ്ങൾ .. കൈ വീശലുകൾ.. എത്ര നോക്കിയിട്ടും പരിചയമുള്ള ആരെയും കാണാത്തവരുടെ ആശങ്കകൾ .. പ്രവാസികൾക്ക് പുറത്തേക്കുള്ള വഴിയൊരുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ജവാന്മാർ.. അവരുടെ ഹിന്ദിയിലുള്ള ആജ്ഞകൾ…തിരക്കിനിടയിലൂടെ വെളിയിൽ എത്തി വളരെകാലത്തിനു ശേഷം കണ്ട സ്വന്തം മക്കളെ പൊക്കിയെടുത്തു മുത്തം കൊടുക്കുന്ന അച്ഛൻമാർ .. കൊച്ചുമക്കളെ മാറോടണക്കുന്ന മുത്തശ്ശിമാര്‍.. ഭാര്യക്ക് സ്നേഹ ചുംബനം നല്ക്കുന്ന ഭർത്താക്കന്മാർ.. പ്രിയ സുഹൃത്തിനെ കെട്ടിപ്പിടിച്ചു സ്വീകരിക്കുന്ന കൂട്ടുകാർ.. എങ്ങും പോട്ടിച്ചിരികളും സന്തോഷ പ്രകടനങ്ങളും.. ആഘോഷവും ആനന്താശ്രുക്കളും മാത്രം… അവരുടെ ഇടയിലൂടെ വിഷാദഭാവത്തോടെ വിജുവും സുഹൃത്തും മന്ദം മന്ദം നടന്നടുത്തു..

നമ്മൾക്ക് ഈ ഗേറ്റിൽ നിന്നിട്ട് കാര്യമില്ല .. അപ്പുറത്ത് വേറെ ഒരു ഗേറ്റ് ഉണ്ട്…. അവിടയേ ബോഡി വരൂ.. വിജുവിന്റെ സുഹൃത്തറിയിച്ചു.

ഇന്നലെ വരെ ഞങ്ങളിലോരുവനായ വരുണ്‍ .. നീ ഇന്ന് വെറുമൊരു ബോഡി മാത്രം..

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അടുത്തുനിന്ന ദുർബല ഹൃദയരായ മറ്റു ചില സുഹൃത്തുക്കളിലേക്കും അത് പകർന്നൊഴുകി 
..

സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നെങ്കിലും സ്കൂൾ ജീവിതം കഴിഞ്ഞപ്പോൾ മുതൽ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തായിരുന്നു വരുണ്‍ …..

അളിയാ.. ഡിഗ്രീ… കഴിഞ്ഞു ഇനീം അച്ഛനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.. നാട്ടിൽ എന്തെങ്കിലും പണി ചെയ്യണം.. അച്ഛൻ വർഷങ്ങളോളം ആ കൊടും ചൂടിൽ കിടന്നു കഷ്ടപെട്ട് ഉണ്ടാക്കിയ മുതല് ഞാനായിട്ട് നശിപ്പിക്കുന്നത് ശരിയല്ല .. നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം..ഗൾഫിൽ പോകുന്നതിനു കുറെ നാൾ മുമ്പ് നാട്ടിലെത്തിയ എന്നോട് വരുണ്‍ ആവശ്യ പെട്ടതാണിത് .. അവന്റെ അച്ഛന്‍ ഇരുപതു വര്‍ഷങ്ങളോളം ഗള്‍ഫില്‍ ആയിരുന്നു..

അന്ന് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സി ഡിക്ക് അത്ര വലിയ പ്രചാരമായില്ലായിരുന്നു.. കല്യാണങ്ങളും സിനിമകളും മറ്റും വീഡിയോ കാസെറ്റുകൾ ആയിട്ടാണ് കിട്ടുന്നത് .. ആ വീഡിയോ കാസെറ്റുകളെ സി ഡി ആക്കി മാറ്റാൻ അന്ന് അധികം സംരംഭങ്ങൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നില്ല.. അത് ഞാൻ അവനോടു സൂചിപിച്ചു.. അതിന്റെ ചെലവ് അവന്റെ അച്ഛൻ വഹിക്കാമെന്ന് പറഞ്ഞു.. അങ്ങനെ വരുണ്‍ അറിയപ്പെടുന്ന സി ഡി കണ്‍വേർട്ടറായി.. അതിൽ നിന്നും അത്യാവശ്യം വരുമാനം ലഭിച്ചു തുടങ്ങിയപ്പോഴാണ് .. പ്രീ ഡിഗ്രീ മുതൽ സ്നേഹിച്ചിരുന്ന അവന്റെ പ്രണയിനിയെ കല്യാണം കഴിക്കേണ്ടി വന്നത്… കുടുംബ ജീവിതം തുടങ്ങി.. അധികം താമസിയാതെ കുട്ടിയുമായി…. നാട്ടിൽ  വീഡിയോ ടേപ്പിനെ സിഡി ആക്കുന്ന ഒരുപാട് കടകളും ഒപ്പം സിനിമയും കല്യാണവും നേരിട്ട് സി ഡി യിൽ ലഭിക്കുന്നതും പ്രചാരത്തിലാവുകയും ചെയ്ത . അതോടെ മറ്റൊരു ജോലി അനിവാര്യമായിത്തീരുകയും … അടുത്ത ബന്ധത്തിലുള്ള ആരോ  വഴി ബഹറിനിൽ ഒരു ജോലി തരപ്പെടുത്തി അവൻ ഗൾഫിലേക്ക് പറക്കുകയും ചെയ്തു.

ഞങ്ങൾ ആഗമന ഗേറ്റിനും.. അവിടുത്തെ കൊലഹലത്തിനും വിട നല്കി ബോഡി വരുന്ന ഗേറ്റ് ലക്ഷ്യമാക്കി.. വിജുവിനും അവന്റെ സുഹൃത്തിനും പിറകെ വേച്ചു വേച്ചു നടന്നു.. നടക്കുമ്പോൾ മുഴുവൻ വരുണിനെ കുറിച്ചുള്ള ഒർമ്മകളായിരുന്നു എന്റെ മനസ്സിൽ ..

അവസാനം കണ്ടപ്പോൾ “അളിയാ.. എനിക്കവിടെ പറ്റില്ല.. ഭാര്യയേയും കുഞ്ഞിനേയും ഒന്ന് കൊണ്ടു പോയി ബഹ്‌റൈൻ എല്ലാം ചുറ്റി കാണിക്കണം.. പിന്നെ എല്ലാം നിർത്തി നാട്ടിൽ വന്നു സെറ്റിൽ ചെയ്യണം.. ഏറിയാൽ അടുത്ത മാർച്ച് .. അതുവരേ ഞാൻ അവിടെ നില്ക്കൂ.. പിന്നെ നാട്ടിൽ വന്നു എന്തെങ്കിലും ബിസിനസ്സ് ചെയ്തു ജീവിക്കണം ” ..

ഞാനും പറഞ്ഞു .. അതാടാ നല്ലത് .. നാട്ടിൽ നില്ക്കുനതിന്റെ സുഖം വേറെ എവിടെ പോയാലും കിട്ടില്ലല്ലോ.. .

ഇന്ന് ഡിസംബർ 18.. അവൻ പറഞ്ഞ സമയത്തിന് 4 മാസം ബാക്കി.. എല്ലാം അവസാനിപ്പിച്ചു.. സ്വപ്‌നങ്ങൾ ഉള്ളിലൊതുക്കി… അവസാനം വെറുമൊരു ബോഡി മാത്രമായി അവൻ ഇതാ ഏതാനും നിമിഷങ്ങൾക്കുള്ളിൽ പുറത്തേക്കു വരും…

മൂന്നു വർഷങ്ങളേ ആയുള്ളൂ ജോലിക്ക് പോയിട്ട് .. ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷിക്കാൻ ഏതോ ബീച്ചിൽ സുഹൃതുക്കളുമൊത്ത്  പോയിട്ടുള്ള മടക്ക യാത്രയിൽ ഒരു കാർ ആക്സിഡന്റ് .. അവൻ സഞ്ചരിച്ചിരുന്ന കാർ ഒരു അറബിയുടെ കാറിലിടിച്ചു… അറബിയും അവന്റെ കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരും അവനോടൊപ്പം ഈ ലോകത്തുനിന്നും.. ഞങ്ങളിൽ നിന്നും യാത്രയായി..

ഡിസംബർ 16 രാത്രി ഏകദേശം 10 മണിക്കാണ് മറ്റൊരു സുഹൃത്ത്‌ വിളിച്ചു പറയുന്നത്..

എടാ… നമ്മുടെ വരുണ്‍ ഒരു ആക്സിടെന്റിൽ പെട്ടു മരിച്ചു ..

എന്റെ കാതുകളെ അന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.. കേട്ട അന്ന് മുതൽ ഈ നിമിഷം വരെ അതിന്റെ ഞെട്ടൽ മാറിയിട്ടില്ല..

ഞങ്ങളുടെ എല്ലാവരുടെയും നല്ല ഒരു സുഹുത്ത് ആയിരുന്നു വരുണ്‍ .. ഏഴാം ക്ലാസ്സ്‌ വരെ ഗൾഫിൽ പഠിച്ചിട്ട് എട്ടാം ക്ളാസ്സിലാണ് എന്റെ സ്കൂളിൽ വന്നത്.. പക്ഷെ കൂടുതൽ അടുത്തത് നാട്ടിലുള്ള ഒരു ക്രിക്കറ്റ് ക്ളബ്ബിലൂടെ ആയിരുന്നു.. ഞങ്ങൾ ഏകദേശം അമ്പതു പേരോളം ഉണ്ട് ആ ക്ളബ്ബിന്റെ അംഗങ്ങൾ ആയിട്ട്.. എന്താവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന ഒരു സുഹൃത്തായിരുന്നു അവൻ ഞങ്ങൾക്കെല്ലാവർക്കും.. അവന്റെ ഓർമ്മകളിൽ മുഴുകി രണ്ടാം ഗേറ്റിന്റെ മുന്നിൽ ഇരുന്നപ്പോൾ എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു..

ആരോ എന്നെ തട്ടി ഉണർത്തി.. കണ്ണ് തുറന്നപ്പോൾ അവന്റെ ബോഡി കൊണ്ടുവന്ന വലിയ ഒരു പെട്ടി ഞങ്ങളുടെ മുൻപിൽ ഇരിക്കുന്നു.. ഒഴുകുന്ന കണ്ണും വിറയ്ക്കുന്ന കയ്യുമായി ഞങ്ങൾ ആ പെട്ടി തുറന്നു..

ഒരു ദീർഖ നിദ്രയിലെന്നപോലെ അനക്കമില്ലാതെ വരുണ്‍ കിടക്കുന്നു.. ഞങ്ങളോടൊപ്പമുണ്ടായിരുന്ന അവന്റെ അനുജനും മറ്റു ബന്ധുക്കളും അലമുറയിട്ടു കരയാൻ തുടങ്ങി..

ചേട്ടാ.. ഒന്ന് കണ്ണ് തുറക്കൂ ചേട്ടാ .. എന്നുള്ള അവന്റെ അനുജന്റെ നിലവിളി ഞങ്ങൾ എല്ലാവരേയും തീരാ കണ്ണീരിലാഴ്ത്തി..

വികാരങ്ങൾ കൈവിട്ടു പോകുമെന്നു മനസ്സിലാക്കിയ വിജു സാഹചര്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.. ബന്ധുക്കളെ ഒക്കെ അവിടെനിന്നു മാറ്റി ..ബോഡി ആംബുലെൻസിലേക്ക് കയറ്റി .. അവിടെനിന്നും വിലാപ യാത്രയായി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു…

ആ യാത്ര മുഴുവൻ അവനെ പറ്റിയുള്ള ഒർമ്മകളിലായിരുന്നു ഞാൻ..

ഞങ്ങളുടെ സൗഹൃദം ആ നാട്ടിലെ പലർക്കും അസൂയയായിരുന്നു.. അത്രക്കു സ്നേഹത്തോടും ആത്മാർത്ഥതയോടും ആണ് ഞങ്ങൾ സഹകരിച്ചിരുന്നത്‌ ..എപ്പോൾ വേണമെങ്കിലും വരുനിന്റെ വീട്ടിൽ ഞങ്ങൾക്ക് ആർക്കും കയറി ചെല്ലാം… അവന്റെ അച്ഛനും അമ്മയും ഒക്കെ ഞങ്ങളെ എന്നും സ്നേഹത്തോടെ മാത്രമേ സ്വീകരിചിട്ടുള്ളൂ…

അവനെ കൊണ്ടുവന്നോ മക്കളെ … എന്ന അലറി കരഞ്ഞുകൊണ്ടുള്ള ചോദ്യമാണ് എന്നെ വീണ്ടും ഉണർത്തിയത് .. വരുണിന്റെ അച്ഛൻ അലറി കരയുകയാണ് … അവനെയും കൊണ്ട് ഞങ്ങള്‍ അവന്റെ വീട്ടില്‍ എത്തിയിരിക്കുന്നു..

മുറുക്കി ചുവന്ന ചുണ്ടും.. ആത്മാർഥത ഉള്ള ഒരു ചിരിയുമില്ലാതെ അവന്റെ അച്ഛന്റെ ഞങ്ങൾ ഇന്നുവരെ കണ്ടിട്ടില്ല ….

അവൻ അകത്തുണ്ട് ..മോൻ മുകളിലേക്ക് കയറി ചെല്ല് .. സാധാരണ ഞങ്ങൾ അവന്റെ വീട്ടിൽ ചെല്ലുമ്പോഴേക്കും ആ അച്ഛൻ പറയുന്ന വാക്കുകളാണ്.. ഇന്ന് ആകെ തകർന്ന് അലറിക്കരയുകയാണ് അദ്ദേഹം..

ആംബുലൻസിൽ നിന്നും വരുണിന്റെ ശരീരം ഇറക്കി അവന്റെ വീടിന്റെ ഹാളിൽ വച്ചപ്പോഴേക്കും.. തിരക്ക് നിയന്ത്രണാതീതമായി..

കഴിഞ്ഞ രണ്ടുതവണ അവൻ ഗൾഫിൽ നിന്നും വന്നപ്പോൾ അവനെ സ്വീകരിക്കാൻ അവന്റെ കുടുംബക്കാരും അവിടുത്തെ ജോലിക്കാരും ജിമ്മിയെന്ന അവന്റെ പട്ടിയും.. പിന്നെ ഞങ്ങൾ സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ… എന്നാൽ ഇന്ന് ആ നാട് മുഴുവൻ അവന്റെ ബോഡി സ്വീകരിക്കുവാൻ .. ഒരു നോക്ക് കാണുവാൻ.. അവന്റെ സ്തുതി പാടകരായി.. അവന്റെ വിമർശകരായി.. അവിടെ നിറഞ്ഞു നിന്നു..

ചലനമറ്റ അവന്റെ ശരീരത്തിൽ..ഹൃദയം പൊട്ടുമാറുള്ള തേങ്ങലോടു കൂടി അലമുറയിട്ടു കരയുന്ന അവന്റെ അമ്മയും ഭാര്യയു..അച്ഛന് എന്ത് സംഭവിച്ചു എന്ന് മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കുന്ന കുഞ്ഞു മകൾ… കരച്ചിലടക്കിയും നേര്‍ത്ത വിതുമ്പലോടെ ബന്ധുജനങ്ങളും … എല്ലാത്തിനും സാക്ഷികളായി ഞങ്ങളും …

ജിമ്മി അൽപ്പമകലെ അവന്റെ കൂട്ടിൽ അലറി കുരക്കുന്നുണ്ടായിരുന്നു.. ജിമ്മിക്ക് വരുണ്‍ ജീവനായിരുന്നു.. തന്റെ പ്രിയപ്പെട്ട യജമാനന് എന്തോ സംഭവിച്ചുവെന്ന് അവനും മനസ്സിലായെന്ന്  തോന്നുന്നു… ജിമ്മി നിരത്താതെ കുരച്ചുകൊണ്ടേ ഇരുന്നു .. പക്ഷെ അവിടെ ഉള്ള ആരും അവൻറെ കരച്ചില കണ്ടതോ കേട്ടതോ ഇല്ല .. തന്റെ യജമാനനെ അവസാനമായി ഒരു നോക്ക് കാണാൻ ആരും അവനെ അനുവദിച്ചതുമില്ല.. ഒരു പക്ഷെ ആരും അവനെ ഓർത്തും കാണില്ല.. അവന്റെ ദുഃഖം ആര് കാണാന്‍ .. നാല് ചുവരുകള്‍ക്കുള്ളില്‍ ജിമ്മി തന്റെ ദുഃഖം കടിച്ചമര്‍ത്തി കുരച്ചു ക്ഷീണിതനായി കണ്ണീരുമോലിപ്പിച്ചു കിടന്നു..

എല്ലാവരും അന്തിമോപചാരം അർപ്പിച്ച ശേഷം അവന്റെ ബോഡി ചിതയിലേക്കെടുത്തു.. ഞങ്ങളുടെ ഒക്കെ ഹൃദയത്തിൽ നിന്നും എന്തോ പറിച്ചെടുക്കുന്നത് പോലെ.. അവനെ ഞങ്ങൾ തന്നെ അവന്റെ അന്ത്യ വിശ്രമസ്ഥലത്ത് കൊണ്ട് വച്ചു .. കണ്ണീർമഴ നിർത്താതെ പെയ്തുകൊണ്ടേ ഇരുന്നു…

പ്രിയ സുഹൃത്തേ നീ മരിക്കുന്നില്ല.. നിന്റെ ഓർമ്മകൾ എന്നും ജ്വലിക്കും .. നിന്നെ വെറുമൊരു ബോഡിയായി ഞങ്ങൾ വിടില്ല …. നിന്റെ ഓര്‍മ്മകള്‍ ജീവിക്കും…. ഞങ്ങളിലൂടെ ……………

പതിനാലു ദിവസത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രക്കായി ദുബായി എയർപ്പോർട്ടിൽ എത്തിയപ്പോൾ ഞങ്ങൾക്ക് നാലുപേർക്കും യാത്രയയക്കാൻ വന്ന എന്റെ പെങ്ങൾക്കും കുടുംബത്തിനും എന്തൊക്കയൊ ഒരു വിഷമം… എന്റെ മകൾക്ക് .. ദുബായിയെയും..അവളുടെ അപ്പയുടെ കുട്ടികളെയും (അപ്പ അപ്പച്ചിയുടെ ചെറു രൂപമാണ് ) .. അപ്പയുടെ ഫ്ളാറ്റിനെയും വിടുന്നതായിരുന്നു പ്രയാസം. മകന് അവിടുത്തെ വിശാലമായ റോഡുകളെയും.. അതിലൂടെ ചീറിപ്പായുന്ന പലതരം കാറുകളെയും.. വമ്പൻ മാളുകളെയും..അപ്പയുടെ ഫ്ളാറ്റിലെ മറ്റു കുട്ടികളൊത്തുള്ള കളികളേയും കളിപ്പാട്ടങ്ങളെയും .. വിട്ടുപിരിയുന്നതായിരുന്നു പ്രയാസം. പതിനാലു ദിവസം കൊണ്ട് കിച്ചുവിന്റെ (കിച്ചു എന്റെ പെങ്ങളുടെ മൂത്ത മകനാണ്) കൂട്ടുകാർ മുഴുവൻ അവന്റെയും കൂട്ടുകാരായിരുന്നു..മമ സഖിക്കും എന്തൊക്കയോ വിഷമങ്ങളൊക്കെ ഉണ്ടെങ്കിലും അത് എന്താണെന്നു വ്യക്തമാക്കിയില്ല.. അവസാനം ദുബായിയോട് വിട പറയുന്നു എന്ന് ഞാൻ ബിനോയിയൊട് (ബിനോയ്‌ എന്റെ പെങ്ങളുടെ ഭർത്താവാണ് ) പറഞ്ഞപ്പോൾ.. അത് തിരുത്തി ‘താത്കാലികമായി വിടപറയുന്നു’ എന്ന് മാറ്റി പറയാൻ ബിനോയ് ആവശ്യപ്പെട്ടു.. അതെ.. ഈ വിടവാങ്ങൽ താത്കാലികമാണ് .. അവസരം ഒത്തുവന്നാൽ ഇനിയും പോകണമെന്ന ദൃഡ നിശ്ചയത്തോടെ ഞങ്ങൾ ദുബായിയിൽ നിന്നും വിമാനം കയറി …

പതിനാലു ദിവസം മുമ്പ് ഒരു വെള്ളിയാഴ്ച രാത്രി ഏകദേശം പതിനൊന്നു മണിക്കാണ് ദുബായിയിൽ ലാന്റ് ചെയ്തത് .. വിവിധ വർണ്ണങ്ങളിലുള്ള പലതരം വൈദ്യുതാലങ്കാരങ്ങൾ കൊണ്ട് അണിഞ്ഞൊരുങ്ങി അതി സുന്ദരിയായി ദുബായി….പകലിനേക്കാളും രാത്രിയെ സ്നേഹിക്കുന്ന… രാത്രിയിൽ ശോഭിക്കുന്ന ദുബായി.. .. അംബര ചുംബികളായ മഹാസൗധങ്ങൾ, ദീപാലങ്കാരങ്ങളിൽ അന്യോന്യം മത്സരിക്കുന്നു .. ലോകത്തെ ഏറ്റവുംഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ അവയുടെ ഇടയിൽ തലയുയർത്തി നില്ക്കുന്നു.. എങ്ങും വിശാലമായ ബഹുവരി പാതകൾ.. അതിലൂടെ ചീറിപ്പായുന്ന ചെറുതും വലുതുമായ പലതരം വാഹനങ്ങൾ.. പാതകൾക്ക് മുകളിലൂടെ ഒച്ചയില്ലാതെ അതിലും വേഗത്തിൽ പായുന്ന ദുബായി മെട്രോ…. അങ്ങിങ്ങ് വെള്ള പൈജാമയും ബെൽറ്റിട്ട തൊപ്പിയും വെച്ച ദുബായിയുടെ സ്വന്തം അറബികൾ.. അവരുടെ പത്തിരട്ടി ഇന്ത്യക്കാർ… അതിൽ പകുതിയും നമ്മൾ ..മലയാളികൾ..പിന്നെ കറുത്തതും വെളുത്തതുമായ കുറെ ടൂറിസ്റ്റുകൾ . കുറച്ചു ഈന്ത പനകളും… അതാണ്‌ ഞാൻ കണ്ട ദുബായ് ..

ദുബായി – ഷാർജ അതിർത്തിയിലാണ് എന്റെ പെങ്ങളുടെ താമസം.. ദുബായിൽ നിന്നും ഷാർജയിലേക്ക് കടന്നപ്പോൾ തന്നെ ദുബായിയല്ല ഷാർജ എന്ന് വ്യക്തമാക്കുന്ന തരത്തിൽ കാഴ്ചകൾ മാറി..ഷാർജയിൽ കൂറ്റൻ കെട്ടിടങ്ങളുടെ ഒരു സമ്മേളനം തന്നെയായിരുന്നു.. അടുത്തടുത്ത്‌ നാൽപ്പതു മുതൽ അമ്പതു നിലവരെ പൊക്കത്തിൽ അന്യോന്യം മത്സരിക്കുന്നകെട്ടിടങ്ങൾ . .. ഷാർജയിൽ വാടക കുറവായതാണ് കെട്ടിടങ്ങളുടെ അതിപ്രസരത്തിന് കാരണമെന്ന് ബിനോയ് പറഞ്ഞു.. അങ്ങിനെയുള്ള ഒരെണ്ണത്തിന്റെ മുപ്പത്തിരണ്ടാം നിലയിലാണ് അവരുടെ അപ്പാർട്ട്മെന്റ്..അതിൽ നാലാമത്തെ നിലയിൽ കാർ പാർക്ക് ചെയ്തു പല തരം മോഹങ്ങളും സ്വപ്നങ്ങളും ആകാംഷയും കൊണ്ടുപോയ ലഗ്ഗേജുമായി നേരേ ഫ്ളാറ്റിൽ എത്തി.

അവിടെ ബിനോയിയുടെ കൂടെ സ്മാളുമടിച്ചു അത്താഴവും കഴിച്ച് .. കണ്ട കാഴ്ചകളും.. കാണാത്ത കാഴ്ചകളും… കാണാനുള്ള കാഴ്ചകളും അയവിറക്കി ആദ്യ ദിനം ഉറങ്ങാൻ കിടന്നപ്പോൾ വെളുപ്പിന് നാലുമണി ..

അപ്പോൾ മനസ്സിലെവിടയോ നാടോടിക്കാറ്റിലെ മാമുക്കോയയുടെ പ്രസിദ്ധമായ ആ ഡയലോഗ് ഓടിയെത്തി .. “മക്കളേ…. ആ കാണുന്നതാണ് ദുബായി ..” പിന്നെ ആ രണ്ടറബി വാക്കുകളും ..” അസലാമു അലെക്കും .. വാ അലേക്കു ഉസലാം …. ”

അതെ.. ഞങ്ങൾക്കനുവദിച്ച മുറിയിലെ ജനാലയിലൂടെ നോക്കിയാൽ ദുബായി കാണാം. ആകാശം മുഴുവൻ പ്രകാശിക്കുന്ന കോടിക്കണക്കിനു നക്ഷത്രങ്ങളെ പോലെ.. ദീപലങ്കാരാങ്ങളാൽ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സുന്ദരിയായ ദുബായി….

പിറ്റേ ദിവസം കണ്ണ് തുറന്നത് ഉച്ചക്ക് ഒരു മണിക്കാണ് .. പിന്നീടങ്ങോട്ടുള്ള മിക്കദിവസങ്ങളിലും അതുതന്നെയായിരുന്നു സ്ഥിതി .. ഓരോ ദിവസവും നിറമുള്ള കാഴ്ചകള്‍ ആയിരുന്നു.. ഏക്കറു കണക്കിന് പടര്‍ന്നു പന്തലിച്ചു കിടക്കുന്ന… ലോകത്തിലെ ഏറ്റവും വലിയ മാളായ ദുബായ് മാൾ ഉൾപ്പടെയുള്ള കൂറ്റന്‍ മാളുകള്‍ .. … ഡിസംബറിന്റെ തണുപ്പിൽ പുതപ്പു വിരിച്ചുറങ്ങുന്ന വിശാലമായ ബീച്ചുകള്‍ .. മരം കോച്ചുന്ന തണുപ്പ് നല്കുന്ന മനുഷ്യ നിര്‍മ്മിതമായ മഞ്ഞു മലകള്‍ … അതിലൂടെ ചീറിപ്പായുന്ന സ്കേറ്റിംഗ് അഭ്യാസികള്‍ .. ലോകത്തിലെ ഏറ്റവും വലിയ മറൈൻ അക്വേറിയം..അതിലൂടെ നീന്തി തുടിക്കുന്ന സ്രാവുകളും തിരണ്ടിയും ഉൾപ്പടെ പലതരം മീനുകൾ…കൊതിയൂറും വിഭവങ്ങളുമായി എങ്ങും ഫുഡ്‌ കോർട്ടുകൾ.. എല്ലാവരെയും രസിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്റെ ആജ്നാനുവര്‍ത്തികളായ ഡോള്‍ഫിനുകള്‍ .. എങ്ങും പൂക്കളാല്‍ സമൃദ്ധവും സമ്പുഷ്ടമായ മിറാക്കിള്‍ ഗാര്‍ഡന്‍ .. അവസാനം ബുര്‍ജ് ഖലീഫയിലൂടെ ലോകത്തിന്റെ നെറുകയില്‍ .. എല്ലാത്തിനും മൂക സാക്ഷികളായി അതിശയത്തോടെ ഞങ്ങളും..

ദുബായിയുടെ പ്രൌഡിയും ഷാർജയുടെ തിരക്കും തീരെയില്ലാത്ത ‘ഉം അൽ ഖുവെയിൻ’ എന്ന സ്ഥലംഞങ്ങൾക്ക് കേരളത്തിലെ ഒരു കടലോര പട്ടണത്തിന്റെ ഓർമ്മകൾ സമ്മാനിച്ചു. അവിടെ ഉള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ കോഴിയും മീനും ബാർബിക്ക്യു ചെയ്തു കഴിച്ചത്  തികച്ചും നവ്യാനുഭാവമായിരുന്നു.. വെള്ളിയാഴ്ച പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ വേണ്ടപ്പെട്ട ദിവസമാണ് … അങ്ങിനെ ഒരു വെള്ളിയാഴ്ചയാണ് …ആയിരത്തി മുന്നൂറു ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മുഷ്രിഫ് പാർക്കിൽ പോയത്,, അവിടെ ചെന്നപ്പോഴാണ് ദുബായിയിലെ ദേശീയ ആചാരമാണ്  ബാർബിക്ക്യു എന്ന് മന്നസ്സിലായത്   .. പ്രവാസികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞ ആ പാർക്കിൽ എല്ലായിടത്തും ബാർബിക്ക്യു അടുപ്പിൽ നിന്നു പുക ഉയരുന്നുണ്ടായിരുന്നു … അവിടെ ഞങ്ങൾക്കിരിക്കാനായി ഒരു സ്ഥലം കണ്ടെത്താൻ തന്നെ നന്നേ ബുദ്ധിമുട്ടി.. എങ്കിലും അന്ന് ബാർബിക്ക്യു ചെയ്തു തിന്ന കോഴിയുടെയും.. സുൽത്താൻ (നവര, ചെങ്കലവ) എന്ന മീനിന്റെയും രുചി ഇന്നും നാവിൽ തുടിച്ചു നില്ക്കുന്നു….

ബർദുബായി എന്ന സ്ഥലത്തെ ക്രീക്കിലൂടെയുള്ള തടി വള്ളത്തിലുള്ള യാത്രയും..അവിടുത്തെ മ്യൂസിയത്തിലെ ദുബായിയുടെ വളർച്ച വരച്ചുകാട്ടുന്ന സംഭവങ്ങളും എല്ലാം ആർക്കും ദുബായിയോട് ഒരു ഇഷ്ടം തോന്നിപ്പിക്കും..

ഗൾഫ്‌ എന്ന വാക്ക് കേട്ടനാൾ മുതൽ അനുബന്ധമായി കേട്ടുവരുന്ന ജെബലലി, ഖുസൈസ് , കരാമ, പാം ജുമേറിയ തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനങ്ങളും . അൽ എയിനിലേക്കുള്ള യാത്രയും.. അൽ എയിൻ സൂവിലെ പെൻഗ്വിനുകളും..കിളികളും.. ഭീമാകാരമുള്ള കഴുകൻമാരും പരുന്തുകളും ഉൾപ്പെട്ട പക്ഷി പ്രദർശനവും എല്ലാം ഒരിക്കലും മറക്കാത്ത അല്ലെങ്കിൽ മരിക്കാത്ത ഓർമ്മകളാണ് ..

ഇതെല്ലാം ദുബായിയുടെ നിറമുള്ള കാഴ്ചകൾ .. നാട്ടിലെ ഗൾഫുകാരന്റെ യാതൊരു പത്രാസുമില്ലാതെ അറബികളുടെയും നാടനും മറുനാടനുമായ മുതലാളികളുടെയും മുന്നിൽ ഓഛാനിച്ച് നിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന വലിയൊരു തൊഴിലാളി സമൂഹത്തെയും അവിടെ കാണാൻ പറ്റി. മലയാളികളുടെ സ്വന്തം ഇക്കയുടെ (യൂസഫലി) ലുലു മാൾ മുതൽ ലോകത്തെ ഏറ്റവും വലിയ മാളായ ദുബായി മാൾ വരെ എവിടെ ചെന്നാലും കാണാം.. തൂപ്പുകാരനായി..ഡ്രൈവറായി… വേസ്റ്റ് എടുക്കുന്നവനായി..പാചകക്കാരനായി .. ബില്ലടിക്കുന്നവനായി.. കാഷ് കൌണ്ടറിൽ.. അങ്ങിനെ എവിടെയും എല്ലു മുറിയെ പണിയെടുക്കുന്ന മലയാളികളെന്ന തൊഴിലാളി പ്രവാസ സമൂഹം.. അവരുടെ യാതനകളും വേദനകളും അടുത്തറിയാൻ ഒരവസരം ലഭിച്ചില്ല…

ഏതായാലും പതിനാലു ദിവസം.. പതിനാലു മണിക്കൂറിന്റെ വേഗതയിൽ പാഞ്ഞു പോയി.. അവസാന ദിവസം നാട്ടിലേക്കുള്ള പെട്ടി പാക്ക്  ചെയ്തുകൊണ്ടിരുന്നപ്പോൾ മകൾ വന്നൊരു ചോദ്യം.. അച്ഛാ.. അച്ഛക്കു ദുബായിൽ ജോലി കിട്ടില്ലേ .. എനിക്ക് നാട്ടിൽ  പോകേണ്ടാ.. ഇവിടെ നിന്നാൽ മതി… ഞാൻ അവളെ സമാധാനിപ്പിച്ചു.. നമ്മുടെ നാടെന്നു പറഞ്ഞാൽ  ദൈവത്തിന്റെ സ്വന്തം നാടാ .. അച്ഛക്ക് അവിടെ നില്ക്കുന്നതാണി ഷ്ടം.. നമുക്ക് ഇനി രണ്ടായിരത്തി ഇരുപതിൽ ദുബായി എക്സ്പൊ നടക്കുമ്പോൾ വരാം.. ഏതായാലും നാളെ നമ്മൾ പോകും..പാക്കിംഗ് എല്ലാം കഴിഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ..ദുബായിയോട് വിടപറയാൻ നേരമായി..ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പുറത്തു അതി ഭയങ്കരമായ മഴ.. ഞങ്ങളുടെ ദുഃഖത്തിൽ ദുബായിയും പങ്കു ചെരുകയാണോ എന്ന് തോന്നി.. ആ മഴയത്തും ദുബായി സുന്ദരിയായിരുന്നു….

അങ്ങനെ ഞങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടില വന്നിറങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു.. ഇന്നലെ വൈകുന്നേരം ഓഫീസിൽ നിന്നും തിരികെ വന്നപ്പോൾ മകൾ ഓടി വന്നു എന്നോട് ചോദിച്ചു

“അച്ഛാ… ദുബായി എക്സ്പൊയിക്കിനി എത്ര ദിവസം ഉണ്ട്  !!!!”

അങ്ങനെ വീണ്ടുമോരു ചിങ്ങ മാസം വന്നെത്തി .. മറ്റൊരു ഓണക്കാലത്തിന്റെ തയ്യാറെടുപ്പിലാണ് എല്ലാ മലയാളികളും…രൂപ ഒരു ഡോളറിനു 70 ലേക്ക്  കൂപ്പു കുത്തികൊണ്ടിരിക്കുന്ന ഈ സമയത്ത് .. ചിക്കന് 150 രൂപയും.. രസകദളി അഥവാ ഞാലിപൂവൻ പഴത്തിന് 70 രൂപയും… അരിക്ക് 50 രൂപയും.. സവാളക്ക് 100 രൂപയുമുള്ള  ഈ ഓണക്കാലത്ത് എന്തല്ലാം വിറ്റാൽ മല്ലൂസിനു ഓണം ഉണ്ണാം എന്ന്  കണ്ടറിയണം.. എന്നാലും എന്നൊക്കെ ആയാലും മിക്കവർക്കും  ഓണം എന്നു കേൾക്കുമ്പോൾ കുട്ടിക്കാലവും അന്നത്തെ ഓണവും അതിന്റെ ഒരു സന്തോഷവും അഭിമാനവും.. ആഭിജാത്യവും.. ആഘോഷവും.. ഒക്കെയാണ്  ..

പച്ച വിരിച്ച നെൽപ്പാടങ്ങളും.. ചറിയ തോടുകളും..ചെറുതും വലുതുമായ കുളങ്ങളും.. പലതരം ചെടികളും.. ഇടതൂർന്നു വളർന്ന മരങ്ങളും സ്നേഹം നിറഞ്ഞനാട്ടുകാരും എല്ലാമുള്ള (എല്ലാം ഉണ്ടായിരുന്ന എന്ന് വേണം ഇപ്പോൾ പറയാൻ) മുതുകുളം എന്ന ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലവും അന്നത്തെ ഓണവും..അന്നത്തെ ആഘോഷങ്ങളുമാണ് എന്റെ മനസ്സിൽ ഓണമെന്നു  കേൾക്കുമ്പോൾ ഇന്നും ഓടിയെത്തുന്നത്.. അവിടെ എന്റെ അച്ഛന്റെ കുടുംബ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.. കുടുംബം ഇന്നും അവിടത്തന്നെ..

കൂട്ടുകുടുംബമായിരുന്നില്ലെങ്കിലും കുടുംബത്ത്  താമസിക്കുന്നത് കൊണ്ട്  അച്ഛന്റെ സഹോദരീസഹോദരൻമാരുടെ മക്കളെല്ലാം ഓണത്തിന് വീട്ടിലെത്തുമെന്നതായിരുന്നു അക്കാലത്തെ ഓണത്തിന്റെ ഒരു പ്രത്യേകത.. എല്ലാവർക്കും അവിട്ടം നാളിൽ ഞങ്ങളുടെ വീട്ടിലാണ്  ഓണസദ്യ.. അന്നൊക്കെ വല്ലപ്പൊഴുമൊരിക്കലാണ്  വീടുകളിൽ ഇറച്ചിക്കറി  ഉണ്ടാക്കുന്നത്. ഇന്നത്തെ പോലെ ബ്രോയിലർ ചിക്കണ്‍ അന്ന് സുലഭമല്ലാത്തത് കൊണ്ട് വീട്ടിൽ  വളർത്തുന്ന പൂവൻ കോഴികളുടെയും പ്രായമായ പിട കോഴികളുടെയും, പൂവൻ താറാവുകളുടേയും  കഷ്ടകാലമാണ് ഓണക്കാലം..  പല നാട്ടിലും ഓണത്തിന് ഇറച്ചി വയ്ക്കുമോ എന്ന്  എനിക്കിപ്പോഴും നിശ്ചയമില്ല.. പക്ഷെ ഞങ്ങളുടെ നാട്ടിൽ മിക്കവീട്ടിലും ഓണത്തിന്  ഇറച്ചിക്കറി അന്നും ഇന്നും ഒരു അവിഭാജ്യ ഘടകം തന്നെയാണ്.. അന്നത്തെ ആ ഇറച്ചി കറിയുടെ രുചി ഓർക്കുമ്പോൾ ഇന്നും നാവിൽ വെള്ളമൂറും..

ഓണത്തിന് മുന്നോടിയായി വീട്ടിലെ രണ്ടു പ്ളാവുകളിൽ ഊഞ്ഞാലിടുമായിരുന്നു. ഇന്നത്‌ വീടിന്റെ സണ്‍ ഷെയ്ഡിന്റെ രണ്ടു കൊളുത്തിൽ ഒതുങ്ങി.. അന്ന് ഊഞ്ഞാലിൽ ചില്ലാട്ടം പറക്കുക എന്നോരഭ്യാസം ഉണ്ട്. ഊഞ്ഞാലിൽ നിന്ന് കൊണ്ട് ആടുന്ന ഒരു രീതിയാണ് അത് . പിറകിലോട്ടു പോയി കാലുകൊണ്ട്‌ ആയം എടുത്തു മുൻപോട്ടു വരികയും മുന്നിൽ എത്തുമ്പോൾ ഊഞ്ഞാലിന്റെ കയറുകൾ കൈകൊണ്ടു അകത്തുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ഊഞ്ഞാലാട്ടം.. ഏതായാലും പേര് സൂചിപ്പിക്കുന്നത് പോലെ ഊഞ്ഞാലിൽ പറക്കുന്ന ഒരു പ്രതീതി അത് ഉണ്ടാക്കുമായിരുന്നു.. ചില്ലാട്ടം പറന്നു പ്ളാവിലെ ഇല കടിചെടുക്കുന്ന ഒരു മത്സരവും അന്നുണ്ടായിരുന്നു.. ഇന്നും പല വീടുകളിലും ഊഞ്ഞാലു കാണാറുണ്ട്‌ .. പക്ഷെ ചില്ലാട്ടം എന്ന ഈ കല ഇന്നത്തെ കുട്ടികൾക്ക്  അറിയുമോ എന്നു എനിക്ക് സംശയമുണ്ട്‌ …

ഓണ ദിവസങ്ങളിൽ രാവിലെ പേരിനൊരു പൂക്കളമിട്ടുകഴിഞ്ഞാൽ  ഞങ്ങളുടെ പ്രധാന പണിയാണ് ഊഞ്ഞാലിലുള്ള ഈ അഭ്യാസം. കൂടുതൽ  പ്ലാവില കടിച്ചെടുക്കുന്നവർ മത്സരത്തിൽ ജയിക്കും. അതുപോലെ മറ്റൊരു കളിയായിരുന്നു ആശാൻ പന്ത് കളി.. ഓല കൊണ്ടുണ്ടാക്കിയ പന്തും കമ്പ് കൊണ്ടുള്ള ആശാനും വച്ചുള്ള ഒരു കളി.. ഇതൊക്കെ ഇന്ന് അന്ന്യം നിന്നിരിക്കുന്നു എന്ന് വേണം കരുതാൻ.. ഓണത്തിന് മുമ്പുതന്നെ വീട്ടിൽ പലതരം ഉപ്പേരികൾ വറക്കും.. അച്ചപ്പം, മുറുക്ക്, പക്കാവട, ഡയമണ്ട്, വഴക്കാ ഉപ്പേരി .. തുടങ്ങി പലതരം നിറത്തിലും രുചിയിലും  പല രൂപത്തിലും ഭാവത്തിലുമുള്ള ഉപ്പേരികൾ അന്നുണ്ടാക്കുമായിരുന്നു.. വീട്ടിൽ വരുന്ന ബന്ധുക്കൾ അവരുടെ വീട്ടിലുണ്ടാക്കുന്ന ഐറ്റംസ് കൊണ്ടുവരുന്നതും പതിവായിരുന്നു.. അങ്ങിനെ വിവിധ തരം ഉപ്പേരിയും തിന്നു പലതരം കളികളും കളിച്ചു ഉച്ചയാകുമ്പോഴേക്കും കുളിച്ചു ഓണക്കോടിയും അണിഞ്ഞു ഓണ സദ്യ കഴിക്കാൻ ഞങ്ങൾ തയ്യാറാകും .. സദ്യക്ക് ഇറച്ചി കൂടാതെ പലതരം കറികൾ കാണും.. തറയിൽ ഇരുന്നു വാഴയിലയിൽ ഉപ്പെരിമുതൽ ഇറച്ചി വരെ വിളമ്പി ഞങ്ങൾ കഴിക്കനിരിക്കും.. പിന്നെ ഒരു മത്സരമാണ് ..അവസാനം എന്റെ അമ്മയുടെയും അച്ഛന്റെയും മാസ്റ്റർപീസ്‌ ഐറ്റം ആയ കസ്റ്റേർഡ്‌ വിത്ത്‌ ഫ്രൂട്സും കൂടി കഴിച്ചു കഴിയുമ്പോൾ വയറു പൊട്ടാറാകും..അപ്പോൾ മാത്രമേ കഴിപ്പുനിർത്തി എല്ലാവരും എണീക്കൂ..

സദ്യ കഴിഞ്ഞാൽ ഞങ്ങളുടെ അടുത്ത പരിപാടി തിരുവാതിര കാണാൻ പോകലാണ്. എന്റെ വീട്ടില് നിന്നും അര മണിക്കൂറെങ്കിലും നടന്നാലാണ് തിരുവാതിര നടക്കുന്ന സ്ഥലത്ത് എത്തുക. മുണ്ടാകപാടവരമ്പുകളിലൂടെ നടന്നു വേണം തിരുവാതിര സൈറ്റിൽ പോകാൻ.. പോകുന്ന വഴിയിൽ പലയിടത്തും ചെറിയ ചാലുകളും തോടുകളുംഉണ്ടായിരുന്നു..  ചാലുകളിലും തോട്ടിലും എല്ലാം അന്ന് നല്ല തെളിഞ്ഞ ശുദ്ധമായ വെള്ളമായിരുന്നു.. ആമ്പൽ ചെടികളും  അതിന്റെ വെള്ളയും റോസും നിറത്തിലുള്ള പൂക്കളും ആ ചാലുകളുടെ ഭംഗി ഒന്നുകൂടി വർധിപ്പിച്ചിരുന്നു.. ആമ്പലിന്റെ കായ് പറിച്ചു തിന്നുക എന്നത് അന്ന് ഞങ്ങളുടെ ഒരു ഇഷ്ട  വിനോദമായിരുന്നു.. പോകുന്ന വഴിയിലെ മറ്റൊരു രസകരമായ കളി തെളിഞ്ഞ വെള്ളത്തിൽ മീൻ പിടുത്തമായിരുന്നു.. രണ്ടു കമ്പുകൾ കൊണ്ട് പള്ളത്തി എന്ന മീനിനെ നിഷ്പ്രയാസം ഞങ്ങൾ പിടികൂടുമായിരുന്നു.. പാവം പള്ളത്തി, അതിന്റെ വിചാരം രണ്ട് കമ്പ് വച്ചാൽ പിന്നെ കീഴടങ്ങാതെ നിവൃത്തി ഇല്ല എന്നാണ്..  കമ്പിന്റെ ഇടയിലെ മണ്ണിൽ അത് ഒളിക്കും.. ഒരു രസത്തിനു അതിനെ പിടിച്ചിട്ട്  അപ്പോൾ തന്നെ വെള്ളത്തിലേക്ക്  തിരിച്ചുവിടും.. അതിൽ ഞങ്ങൾ സായൂജ്യമടയും..

അങ്ങിനെ വെള്ളത്തിലും ചാടി.. മീനും പിടിച്ചു… ആമ്പലും പറിച്ചു.. അതിന്റെ കായും തിന്നു ..  ഒരുവിധം തിരുവാതിര നടക്കുന്ന സ്ഥലത്തെത്തുമ്പോഴേക്കും മിക്കവാറും ഓണക്കൊടിയുടെ പുതുമ നഷ്ടപെട്ടിരിക്കും ..  അടുത്തടുത്ത രണ്ടു സ്ഥലങ്ങളിലായാണ് തിരുവാതിര നടക്കുന്നത് .. ആദ്യം ഒരെടുത്തിരുന്നു കുറേനേരം തിരുവാതിര കാണും പിന്നെ അടുത്ത സ്ഥലത്തേക്ക് പോകും.. പലതരം പാട്ടുകളാണ് തിരുവാതിരക്കാർ ആലപിക്കുന്നത്.. പാടാൻ കുറെ പേർ ഉണ്ടാകും കളിക്കാൻ മറ്റു ചിലർ അങ്ങിനെ വൈകുന്നേരം ആകുമ്പോൾ തിരുവാതിരയും കഴിഞ്ഞു തിരികെ  വീട്ടിലെത്തും…

മഹാബലിയെ സ്വീകരിക്കാൻ ഞങ്ങളുടെ നാട്ടിൽ എല്ലാവരും വീട്ടിലേക്കുള്ള വഴിയുടെ (ഇന്നത്തെ ഗേറ്റിന്റെ) ഇരു വശത്തും വാഴയുടെ തട കുഴിച്ചിട്ടു അതിൽ ഓലയുടെ വഴുക കുത്തിവച്ചിട്ട് അതിന്റെ പുറത്തു മരോട്ടിക്കായ്  പൊട്ടിച്ചു വച്ച് വിളക്കുണ്ടാക്കി അത് കത്തിക്കും.. ഇന്ന് മരോട്ടിക്കായ്  വിളക്ക്  ഓട്ടുവിളക്കിനു വഴിമാറി.. വാഴ പലയിടത്തും ഓല മടലിനും മാറി കൊടുത്തു .. എന്നാലും ഇന്നും മറ്റു പലയിടത്തും ദീപാവലിക്കും വിഷുവിനും വിളക്ക് കത്തിക്കുന്ന പോലെ ഓണത്തിന് ഞങ്ങൾ വിളക്ക് കത്തിച്ച് മഹാബലിക്കു വേണ്ടി കാത്തിരിക്കും..

ഓണത്തിന്  പടക്കം പോട്ടിക്കുന്നു എന്നാ സവിശേഷതയും എന്റെ ഗ്രാമത്തെ മറ്റു സ്ഥലങ്ങളില നിന്നും വിഭിന്നമാക്കുന്നു. ഞങ്ങളുടെ നാട്ടിൽ വിഷുവിനും ദീപാവലിക്കും ഒന്നും പടക്കം കിട്ടില്ല.. ഓണത്തിന് മാത്രമേ കിട്ടൂ.. ഓലപ്പടക്കവും എലിവാണവും കോടചക്ക്രവും പൂക്കുറ്റിയുമെല്ലാം സന്ധ്യയാകുമ്പോഴേക്കും വരവറിയിക്കും.. പിന്നെ ശബ്ധഘോഷമാണ് .. പടക്കം പൊട്ടിക്കൽ കലാപരിപാടി ഒരു എട്ടുമണി വരെ നീണ്ടു നില്ക്കും.. പടക്കവും അതിന്റെ ശബ്ദവും പേടിയുള്ളവർ പൂത്തിരിയിൽ ഒതുങ്ങും..

മറ്റൊരു രസകരമായ സംഭവം ഞങ്ങളുടെ നാട്ടില  ഓണത്തിന് കരോൾ ഇറങ്ങുമെന്നതാണ് .. മഹാബലിയും വാമനനും ശുക്രാചാര്യരും എല്ലാം ഈ കരോളിനായി വേഷം കെട്ടും.. ഒരു വലിയ ഗ്യാങ്ങ് ആണ് ഈ കരോൾ നടത്തിയിരുന്നത്.. അവർ വീട്ടില് വരുന്നതും കാത്തു ഞങ്ങൾ ഉറക്കമൊഴിഞ്ഞ് നോക്കിയിരിക്കുമായിരുന്നു. മഹാബലി യാഗം നടത്തുമ്പോൾ വാമനൻ വരുന്നതും… മൂന്നടി ഭൂമി ചോദിക്കുന്നതും മഹാബലി അത് നല്കാൻ തയ്യറാകുന്നതും. അതുകണ്ട് ശുക്ക്രാചാര്യർ കലിക്കുന്നതും.. കലിപ്പ് വകവയ്ക്കാതെ മഹാബലി വാമനനു മൂന്നടി സ്ഥലം അളക്കാൻ അനുവാദം നല്കുന്നതും വാമനൻ മഹാബലിയുടെ സ്ഥാവരജംഗമങ്ങളെല്ലാം അളന്നു അവസാനം പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തുന്നതും എല്ലാം വളരെ തന്മയത്തത്തോടും വികാര വിക്ഷോഭത്തോടും കൂടി ഒരു പാട്ടിലൂടെ അവർ അവതരിപ്പിക്കുമായിരുന്നു.. ആ പാട്ട് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട് ..

അങ്ങിനെ പലതരം ആഘോഷങ്ങളിലൂടെ ആയിരുന്നു  അന്നൊക്കെ ഓണം കടന്നുപോയിരുന്നത് ..

ഇന്ന് അതെല്ലാം പോയി .. ഓണത്തിന് സദ്യക്ക് ഞങ്ങൾ വീട്ടുകാർ മാത്രം..ഊഞ്ഞാലുകൾ വിരളമാണ് .. ഉള്ള ഊഞ്ഞാലിൽ ആടാൻ ആരുമില്ല.. ഊഞ്ഞാലിട്ടിരുന്ന പ്ളാവുമിന്നില്ല..പല ചാലുകളും ഉള്ള ചാലുകളിൽ തെളിഞ്ഞ വെള്ളവും ഇന്നില്ല. ഉള്ള വെള്ളത്തിൽ  പള്ളത്തിയുമില്ല.. ആ മീനിനു വംശനാശം സംഭവിച്ചെന്നു തോന്നുന്നു.. തിരുവാതിരയുമില്ല… കരോളുമില്ല.. എന്തിനു ഓണത്തിന് ഉപ്പേരി വറക്കുന്ന വീടുകൾ  പോലും വിരളമായിരിക്കുന്നു .. ആർക്കും ഒന്നിനും സമയവുമില്ല…ഒന്നും ചെയ്യാനുള്ള മനസ്സും..ആരൊഗ്യവുമില്ല.. ഇന്നത്തെ ഓണം രണ്ടെണ്ണം അടിക്കണം എവിടെങ്കിലും കിടന്നുറങ്ങണം … അങ്ങിനെ മാറിയിരിക്കുന്നു.. വിളക്ക് കത്തിക്കലും പടക്കം പൊട്ടിക്കലും ഇന്നും മാറ്റമില്ലാതെ തുടരുന്നു… മഹാബലിക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌ ഇന്നും ഒരർത്ഥത്തിൽ തുടരുന്നതിൽ നിർവൃതിയടഞ്ഞുകൊണ്ട് നിർത്തുന്നു !!!

 

എന്റെ മകൾ ഈ വർഷം ഒന്നാം ക്ളാസ്സിൽ പഠിക്കാൻ കയറി എന്നുള്ളതു എന്റെ ജീവിതചര്യകളിൽ കാര്യമായ മാറ്റം വരുത്തിയ ഒന്നാണ് . കഴിഞ്ഞ വർഷം വരെ ഒരാളെ (മകനെ) മാത്രം രാവിലെ എഴരക്ക്‌ റെഡിയാക്കിയെന്നു വരുത്തി ബസ്‌ സ്റ്റോപ്പിൽ എത്തിച്ചാൽ മതിയായിരുന്നു.. ഈ വർഷം കഥ മാറി..രണ്ടു പേരേയും റെഡി ആക്കി ഏഴരക്ക്‌ ഇറക്കുക എന്നുള്ളത് കട്ടേം പടോം മടങ്ങുന്ന പണിയാണെന്ന് ആദ്യത്തെ ആഴ്ച തന്നെ എനിക്കും സഖിക്കും മനസ്സിലായി.. ആദ്യമാദ്യം മകൾക്ക് സ്കൂളിൽ പോകാൻ ഒരു ആവേശമായിരുന്നു ..എന്നാൽ പയ്യെപയ്യെ അതില്ലാതായി ..

യുകെജിയിൽ ഒരുടീച്ചറും കുറച്ചു പഠിത്തവും കൂട്ടുതൽ കളികളുമായികഴിഞ്ഞ എന്റെ മകൾ ഒന്നാം ക്ളാസ്സിലെ പഠനം സ്വൽപ്പം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കാൻ അൽപ്പം താമസിച്ചു.. അതുവരെ രാവിലെ ആറരക്കു വിളിച്ചാൽ ചാടി എണീറ്റവൾ ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയ അന്ന്മുതൽ വിളിച്ചാൽ എണീക്കാതെയായി.. അഞ്ചാറു റൗണ്ട് വിളികളും വെള്ളമോഴിക്കലും ഒക്കെകഴിഞ്ഞു ഏകദേശം ആറ്അമ്പതാകും എണീക്കാൻ. പിന്നെ നിന്നും ഇരുന്നും ഒരഞ്ചു മിനിട്ടുകൂടി ഉറങ്ങും.. പണ്ട് ഞാൻ സ്കൂളിൽ പോകാൻ മടിപിടിച്ചിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട് … അന്ന്സ്കൂളിൽ പോകാതിരിക്കാൻ ഞാൻ ഇറക്കിയ പല നമ്പറുകളേയും കവച്ചുവയ്ക്കുന്ന പുതിയ പല നമ്പറുകളും അവൾ ഇറക്കിതുടങ്ങി..മാത്സ് ടീച്ചർ ചിരിക്കൂല്ല ..ഹിന്ദിടീച്ചർ ഒച്ചവെക്കും.. ഡാൻസ് ക്ളാസ്സിൽ വെട്ടമില്ല .. ടീച്ചർ ഡോർ അടച്ചിടും ..അതവൾക്ക് പേടിയാ.. തുടങ്ങി പലതരം നമ്പറുകൾ.. എന്നാൽ അതിനൊന്നും വശംവദരാകാതെ ഞാനും സഖിയും അവളെ ഒരുവിധം റെഡി ആക്കി കൃത്യസമയത്ത് തന്നെ ബസ്‌ സ്റ്റോപ്പിൽ എത്തിച്ചു കൊണ്ടേഇരുന്നു .. മകൻ ഏതായാലും നാലാം ക്ലാസ്സിൽ ആയതിന്റെ പക്വത റെഡി ആകുന്ന കാര്യത്തിൽ പ്രകടിപ്പിച്ചു തുടങ്ങി.. അത് ഞങ്ങളുടെ ജോലിഭാരം തെല്ലൊന്നു കുറച്ചു..

അങ്ങിനെ പലതരം പ്രഭാതപ്രതിസന്ധികളേയും തരണം ചെയ്തു പോക്കൊണ്ടിരിക്കവേ പെട്ടന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച മകൾ വന്നു പറഞ്ഞത് അന്ന് വൈകുന്നേരം ഫോണ്‍ വിളിക്കണമെന്ന് അവളുടെ ഹിന്ദി ടീച്ചർ പറഞ്ഞു വിട്ടിരിക്കുന്നു എന്ന കാര്യം…അന്ന് അവൾ ഹിന്ദിയുടെ നോട്ട്ബുക്ക്‌ കൊണ്ടുപോകാൻ മറന്നിരുന്നു.. അത്കൊണ്ടായിരിക്കും അങ്ങിനെ ടീച്ചർ പറഞ്ഞുവിട്ടിരിക്കുന്നത് എന്നാണ് ഞങ്ങൾ കരുതിയത് … കൊച്ചു കുട്ടികളെ സ്കൂളിൽ വിടുമ്പോൾ രക്ഷകർത്താക്കളിൽ നിക്ഷിപ്റ്റമായിരിക്കുന്ന ഭാരിച്ച ഉത്തരവാദത്തെപറ്റി ഒരു പ്രഭാക്ഷണം നടത്താൻ വേദിയൊരുക്കാൻ വേണ്ടിയാണ് ടീച്ചർ വിളിക്കാൻ പറഞ്ഞതെന്ന് എനിക്കും സഖിക്കും ലവലേശം സംശയമില്ലായിരുന്നു .. അങ്ങനത്തെ കാര്യങ്ങളിൽ ഒന്നും ഞാൻ കൈകടത്താതത്കൊണ്ടും സഖി അത് മോശമല്ലാതെ കൈകാര്യം ചെയ്യുന്നത്കൊണ്ടും ഞാനൊന്നുംഅറിഞ്ഞില്ലേ രാമനാരായാണ എന്നമട്ടിൽ ഞാൻ ഓഫീസിൽ പോയി ..

തിരികെ വന്നപ്പോൾ കേട്ട കഥ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു .. സഖി ടീച്ചറെ വിളിച്ചു നന്ദനയുടെ അമ്മയാ … എന്തിനാ ടീച്ചർ വിളിക്കാൻ പറഞ്ഞതെന്ന് സഖി ചോദിച്ചു… ആദ്യം ടീച്ചറിന് മനസ്സിലായില്ല… ഏതു നന്ദന എന്നായി ടീച്ചർ.. പിന്നെ സഖി മകളെ പറ്റി വിവരിച്ചു.. കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ ടീച്ചറിന് ആളെ മനസ്സിലായി.. എന്നിട്ട് ടീച്ചർ പറഞ്ഞു ..ഓ ആ നന്ദനയെ എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റില്ല .. എന്റെ അധ്യാപന ജീവിതത്തിൽ ആദ്യമായാ ഒരു കുട്ടി എന്നോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്

സഖി : അവൾ എന്ത് ചോദിച്ചു ടീച്ചർ

ടീചർ : ഇന്ന് ഹിന്ദി നോട്ട് ബുക്ക്‌ കൊണ്ടുവരാത്തതിനു ഞാൻ വഴക്ക് പറഞ്ഞു.. അപ്പോൾ മോള് സീറ്റിൽ നിന്നും എണീറ്റ്‌ എന്റെ അടുത്തുവന്നിട്ട്‌ ചോദിച്ചു.. ടീച്ചർ എന്തിനാ ഇങ്ങനെ ഒച്ചത്തിൽ വഴക്ക് പറയുന്നത് .. കേട്ടിട്ട് എനിക്ക് പെടിയാകുവാ എന്ന്.. അപ്പോൾ ഞാൻ മോളോട് പറഞ്ഞു മോള് നോട്ട് ബുക്ക്‌ കൊണ്ട് വരാത്തത് കൊണ്ടല്ലേ ഞാൻ വഴക്ക് പറഞ്ഞത് എന്ന് .. അപ്പോൾ അവൾ പറഞ്ഞു അതിനു പതിയെ പറഞ്ഞാൽ പോരെ… വെറുതെ ഒച്ചവെച്ച് എന്നെ പേടിപ്പിക്കണോ എന്ന് .. ബാക്കിയുള്ള കുട്ടികളും പേടിക്കില്ലേ എന്നും ചോദിച്ചു ..

സഖി : അയ്യോ ടീച്ചർ സോറി .. അവൾ അങ്ങിനെ ചോദിക്കുമെന്ന് ഞാൻ കരുതിയില്ല

ടീചർ :എന്റെ ഇത്രയും കാലത്തെ അധ്യാപന ജീവിതത്തിൽ ആദ്യമായാ ഒരു കുട്ടി അങ്ങിനെ ചോദിക്കുന്നത് .. അപ്പോൾ ഞാൻ മോളോട് ചോദിച്ചു .. മോളെ വീട്ടിൽ തെറ്റ് ചെയ്‌താൽ അമ്മ വഴക്ക് പറയില്ലേ.. സ്കൂളിൽ ഞങ്ങൾ ടീച്ചറുംമ്മാർ നിങ്ങളുടെ അമ്മമാരെ പോലെയാ.. തെറ്റ് ചെയ്‌താൽ ഞങ്ങൾ വഴക്ക് പറയും .. അപ്പോൾ അവൾ പറഞ്ഞു.. വഴക്ക് പറയണ്ടാ എന്ന് ആര് പറഞ്ഞു .. പറയാണം .. പക്ഷെ അതിനു ഒച്ച വെക്കണ്ട കാര്യമുണ്ടോ .. ഏതായാലും അവൾ എന്റെ കണ്ണ് തുറപ്പിച്ചു .. ഒരിക്കലും ഞാനിതു മറക്കത്തില്ല ..

സഖി അത് കേട്ട് ബ്ളിങ്കസ്സ്യാന്നായി .. പിന്നെ അതിനെ പറ്റി കൂടുതൽ ചോദിക്കാതെ ബാക്കി കാര്യങ്ങൾ സംസാരിച്ചു ഫോണ്‍ വച്ചു ..

ഏതായാലും അവൾ ചോദിച്ചത് ശരിയല്ലേ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു .. ഒന്നാം ക്ളാസ്സിൽ ആയപ്പോൾ ഇതാ സ്ഥിതിയെങ്കിൽ ബാക്കിയുള്ള ക്ളാസ്സുകളിൽ എന്താകുമോ എന്തോ..`ടീച്ചറുംമാർ ഇനി എന്തെല്ലാം പഠിക്കാൻ കിടക്കുന്നു !!!!!!

ഞങ്ങൾ എല്ലാവരും ഉറക്കമായിരുന്നെങ്കിലും പ്രഭാതം പതിവിലും ഭംഗിയായി പൊട്ടിവിരിഞ്ഞു.. ഞങ്ങളിൽ പലരും ഉണരുന്നതിനു മുമ്പ് തന്നെ ബിനു ബാലകൃഷ്ണനിലെ ക്യാമറമാൻ ഉണർന്നിരുന്നു.. മലയണ്ണാന്റേയും കിളികളുടെയും മറ്റു പലതിന്റെയും പിറകെ ക്യാമറയും കടിച്ചു തൂക്കി നടന്നിട്ട് ബിനു തിരികെ എത്തി വിളിച്ചപ്പോഴാണ് ഞങ്ങൾ പലരും എണീറ്റത്..

സുമേഷ് എണീറ്റപ്പോൾ മുതൽ …എനിക്ക് വിശക്കുന്നേ എന്നലറുന്നുണ്ടായിരുന്നു.. ഏതായാലും എല്ലാവരും എണീറ്റ്‌ ചായക്കു ഓർഡർ കൊടുത്തിട്ട് വീണ്ടും ഫ്ലാഷ് കളിക്കാനിരുന്നു.. തലേദിവസത്തെ പോലെ അന്നും ഭാഗ്യദേവത വലിയേട്ടനെ വിട്ടുപിരിഞ്ഞില്ല.. പലരും പാതി വഴിക്ക് കളി ഉപേക്ഷിച്ചു.. വലിയേട്ടന്റെ പോക്കെറ്റ്‌ കനത്തുകൊണ്ടേ ഇരുന്നു ..

മുരളിചെട്ടന്റെ ബ്രേക്ക്‌ ഫാസ്റ്റ് റെഡിയായി എന്ന അനൗണ്‍സ്മെന്റ് കേട്ടതും കളി നിന്നതും ഒരുമിച്ചായിരുന്നു.. പിന്നെ പുതിയൊരു മത്സരമായിരുന്നു.. ഇത്തവണയും തീറ്റി മത്സരത്തിൽ സുമേഷ് തന്നെ ജയിച്ചു.. ബ്രെഡും ബട്ടറും പഞ്ചസാരയും കൂടി ഇത്ര നല്ല ഒരു കോമ്പിനേഷൻ ആണെന്ന് അന്നാ ഞാൻ ഉൾപ്പടെ പലർക്കും മനസ്സിലായത് …

ബ്രേക്ക്‌ ഫാസ്റ്റ് കഴിഞു ആത്മാവിനു ഒരു പുക കൊടുത്തുകൊണ്ട് നിന്നപ്പോഴേക്കും കഥാ നായകൻ സണ്ണിച്ചായൻ സ്ഥലത്തെത്തി.. 45-50 വയസ്സ് പ്രായം വരും.. കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ.. 25 ഏക്കർ കാടിന്റെ ഉടമസ്ഥൻ.. സ്വന്തമായി ഹൈഡ്രോ ഇലക്ട്രിക്‌ പവർ പ്ളാന്റുള്ള മലയാളി.. അങ്ങിനെ പല രീതിയിലും വ്യത്യസ്തനാമൊരു പ്ളാന്ററാം സണ്ണിച്ചൻ…

ഇത്തവണ നിങ്ങളെ ഞാൻ ഫാന്റം ഫാൾസിന്റെ അടുത്ത് കൊണ്ടുപോകാം.. കഴിഞ്ഞ തവണ മഴ ആയതുകൊണ്ട് പോകാൻ പറ്റിയില്ല.. എല്ലാവരും പെട്ടന്ന് റെഡി ആകൂ.. അച്ചായൻ പറഞ്ഞു..

കഴിഞ്ഞ തവണത്തെ ഞങ്ങളുടെ വിസിറ്റ് അച്ചായൻ ഇപ്പോഴും ഓർത്തിരിക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോൾ ഞങ്ങളിൽ പലർക്കും അതിശയവും ഒപ്പം അഭിമാനവും തോന്നി..

വയനാട്ടുകാരനായ സജി പക്ഷെ ഞങ്ങളോടൊപ്പം ഫാന്റം ഫാൾസിൽ വരാനില്ലായിരുന്നു.. വീട്ടിൽ എന്തോ അത്യാവശ്യമുള്ളത് കൊണ്ട് സജി വീട്ടിലേക്കായി മടങ്ങി

സജിയെ യാത്ര അയച്ച ശേഷം ഞങ്ങൾ എല്ലാവരും റെഡി ആയി. അച്ചായന്റെ അട്ട വിടച്യാതി കൊഴംബും ഡറ്റോളും മറ്റു സാധന സാമഗ്രികളുമായി അച്ചായന്റെ കൂടെ ഫാന്റം ഫാൾസ് ലക്ഷിയമാക്കി നടന്നു.. കാടിന്റെ നടുവിലൂടെ തികച്ചും ദുർഖടമായ വഴിയാണ് ഫാന്റം ഫാൾസിലേക്കുള്ള വഴി. ഞാൻ ഉൾപ്പടെ പലരും പോകുന്ന വഴിക്ക് തെന്നി വീണു. അട്ടവിടച്യാതി കുഴമ്പ് പുരട്ടാത്ത പല സ്ഥലങ്ങളിലും അട്ട പിടി മുറുക്കി.. പക്ഷെ ഡറ്റോൾ തൊട്ടപ്പോൾ തന്നെ അട്ട പിടിയും വിട്ടു.. വഴിയിൽ പലതര പ്രതിബന്തങ്ങളും ഉണ്ടായി.. ഇതൊന്നും വകവയ്ക്കാതെ സണ്ണിച്ചായൻ ഞങ്ങൾക്ക് വഴികാട്ടിയായി മുന്നിൽ നടന്നു.. പോകുന്ന വഴിക്ക് മണ്ണിൽ പതിഞ്ഞ ചില മൃഗങ്ങളുടെ കാൽ പാടുകൾ പുലിയുടെ കാല്പാടുകൾ ആണെന്ന് വരെ അച്ചായാൻ പറഞ്ഞു.. വയനാടും അവിടുത്തെ ഒരു കൊടും കാടുമായതു കൊണ്ട് പുലിയല്ലെങ്കിലും മാനിന്റെ കാൽ ആണെന്ന് ഞങ്ങൾക്ക് വിശ്വസിക്കെണ്ടാതായി വന്നു.. കുത്തനെ ഉള്ള ഇറക്കത്തിലൂടെ തെന്നിയും തെറിച്ചും നിരങ്ങിയും വീണും ഒരുവിധം ഞങ്ങൾ അരുവിയുടെ അടുത്തെത്തി..

കുറച്ചകലയായി കളകളാരവം മുഴക്കി പാറകളെയും ഇലകളെയും തഴുകി ഒഴുകുന്ന കള്ളാടി പുഴയുടെ ശ്രുതി മധുരമായ ശബ്ദം ഞങ്ങളുടെ കർണ്ണങ്ങൾക്ക്‌ ഇമ്പമേകി കേട്ട് തുടങ്ങി.. പിന്നെ ഒരാവേശമായിരുന്നു.. ഒരാക്രാന്തം.. എത്രയും പെട്ടന്ന് ആ പുഴയിലേക്ക് ചാടണം.. മനസ്സും ശരീരവും ഒക്കെ ആ പുഴയിൽ സമർപ്പിക്കണം. കുറെ നേരം പ്രകൃതിയുടെ ആ തഴുകലിലും തലോടലിലും ചിലവഴിക്കണം …

അത്തരം ചിന്തകളായിരിക്കും ഒരുപക്ഷെ ഞങ്ങളെ ഞൊടിയിടയിൽ പുഴയുടെ അടുത്തെത്തിച്ചത് .. ഞങ്ങൾ എത്തിചേർന്നതിനു തൊട്ടടുത്തായിരുന്നു ഫാന്റം ഫാൾസിന്റെ ഉറവിടം.. ആഴമില്ലാത്ത ഒരു സ്ഥലത്തുകൂടി വളരെ ശ്രദ്ധയോടെ ഞങ്ങൾ പുഴ മുറിച്ചു കടന്നു. എവറസ്റ്റ്‌ കീഴടക്കിയ ടെൻസിങ്ങിനെയും ഹിലാരിയേം പോലത്തെ ഒരവസ്ഥയായിരുന്നു അവിടെ എത്തിയപ്പോൾ എല്ലാവര്ക്കും .. അത്രയും പ്രയസമേറിയാതായിരുന്നു ദുർഖട പാതയിലൂടെ ഉള്ള ആ യാത്ര. എല്ലാവരുടെയും തളർച്ച മാറ്റാൻ സുമേഷ് എനർജ്ജി ഡ്രിങ്ക്സ് കൊണ്ട് വന്നു.. അതിനു ടച്ചിങ്ങ്സായി നല്ല പൊടിമീൻ ഫ്രൈയും ഉണ്ടായിരുന്നു..

പല വെള്ളച്ചാട്ടങ്ങളുടെയും താഴെ നിന്ന് ഫോട്ടോ എടുത്തിട്ടുള്ള ചരിത്രമേ ഞങ്ങളിൽ പലർക്കുമുള്ളൂ ആദ്യമായിട്ടാണ് ഒരു വെള്ളച്ചാതടത്തിന്റെ പ്രഭവ കേന്ദ്രത്തിൽ എത്തുന്നത്‌ .. തികച്ചും ഭയാനകവും ഒപ്പം അദ്ഭുതാവഹവുമായിരുന്നു ആ കാഴ്ച.. ഞങ്ങൾ നില്ക്കുന്ന ഭാഗത്ത്‌ നിന്ന് വെള്ളം ഒരു പാറയുടെ പുറത്തുകൂടി ഒഴുകി ഏകദേശം 40 അടി താഴേക്ക്‌ പതിക്കുന്ന ആ ദൃശ്യം ആരെയും ഭീതിപ്പെടുത്തും.. ഒപ്പം അതിശയതിന്റെ ആത്മ നിർവൃതിയിലേക്ക് കൊണ്ട് പോവുകയും ചെയ്യും.. എതായലും ആ മനോഹര ദൃശ്യം പലരും ക്യാമറയിൽ പകർത്തി..

തികച്ചും ആളൊഴിഞ്ഞ പ്രദേശമായത് കൊണ്ട് വശ്യചാരുതയുള്ള പലതരം കാഴ്ചകളുടെയും സമ്മേളന സ്ഥലമായിരുന്നു അവിടം. ബിനു ഒരുകൂട്ടം ശലഭങ്ങൾക്ക് പിറകെ ആയിരുന്നു.ഒരേ പോലത്തെ ഒരു കൂട്ടം ശലഭങ്ങൾ ബിനുവിന്റെ കഷ്ടപ്പാട് കണ്ടു ഒരിടത്ത് ഫോട്ടോ എടുക്കാൻ പാകത്തിന് വരി വരിയായി ഇരുന്നു കൊടുത്തു.. ഫോട്ടോ സെഷൻ ഒരു സൈഡിൽ നടന്നപ്പോൾ ഞങ്ങൾ ഓരോരുത്തരായി കള്ളാടി പ്പുഴയിൽ ലയിച്ചു..

പലരീതിയിൽ ആ ജലക്രീട ഞങ്ങൾ ആസ്വദിച്ചു.. പുഴയുടെ അടിത്തട്ടിൽ നിന്ന് ഞാൻ മുങ്ങിയെടുത്ത ഒരു ഉരുളൻ പാറ സുമേഷ് തന്റെ ഫിഷ്‌ ടാങ്കിലേക്ക് വേണമെന്ന് പറഞ്ഞു മാറ്റി വച്ചു. സണ്ണിച്ചായാൻ ഇരുന്നും കിടന്നും പല പോസുകളും ക്യാമറയിൽ ഒപ്പുന്നുണ്ടായിരുന്നു. ഏകദേശം മൂന്നു മണിക്കൂർ അവിടെ അർമ്മാദിച്ചു ഞങ്ങൾ തിരികെ റിസോർട്ട് ലക്ഷ്യമാക്കി നടന്നു.

തിരികയുള്ള യാത്ര കയറ്റമായതിനാൽ തികച്ചും ദുഷ്കരമായിരുന്നു.. കുത്തനെയുള്ള കയറ്റം ഒഴിവാക്കി സണ്ണിച്ചായാൻ മറ്റൊരു വഴിയിൽ കൂടിയാ ഞങ്ങളെ കൊണ്ടുപോയത്.. ആ വഴിയായിലായിരുന്നു അച്ചായന്റെ സ്വന്തം ജല വൈദ്യുതി കേന്ദ്രം.. അതൊരു വേറിട്ട കാഴ്ചയായിരുന്നു.. ഒഴുകുന്ന വെള്ളത്തിൽ നിന്നും എങ്ങിനെ വൈദ്യുതി ഉണ്ടാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്.. കുറെ നേരം ആ അസുലഭ നിമിഷം ആസ്വദിച്ചു ഞങ്ങൾ തിരികെ കോട്ടെജിലേക്ക് നടന്നു.. ഫിഷ്‌ ടാങ്കിലിടാനുള്ള പാറയുമായി ശരിക്കും കഷ്ടപെട്ടാണ് സുമേഷ് ആ കയറ്റം മുഴുവം കയറിയത് .. തിരികെ വന്നപ്പോൾ പലരെയും അട്ട കടിച്ചിരുന്നു. ക്ഷീണം കാരണം വരുന്ന വഴി ആരും അതത്ര ശ്രദ്ധിച്ചിരുന്നില്ല..

റിസോർട്ടിൽ എത്തിയപ്പോഴേക്കും ഏകദേശം 4 മണിയായി.. സമയം താമസിച്ചതും വെള്ളത്തിലെ അഭ്യാസവും ഉള്ളിലെ വെള്ളത്തിന്റെ അഭ്യാസവും കൂടി ആയപ്പോൾ എല്ലാവരും തളർന്നിരുന്നു. എനിക്ക് വിശക്കുന്നേ എന്ന് വിളിച്ചു കൂവാൻ പോലും ആർക്കും ആരോഗ്യമില്ലായിരുന്നു.. ഏതായാലും ഞങ്ങളുടെ അവസ്ഥ അറിഞ്ഞട്ടാണെന്ന് തോന്നുന്നു മുരളിചേട്ടൻ വളരെ പെട്ടന്ന് തന്നെ ഊണ് റെഡിയായി എന്ന അനൗണ്‍സ്മെന്റ് നടത്തി.. അതുകേട്ടതും വർധിച്ച ആവേശത്തോടെ എല്ലാരും ഊണ് മേശക്കരികിൽ എത്തിയതും ഒരുമിച്ചായിരുന്നു.

പതിവുപോലെ പിന്നെ ഒരു മത്സരമായിരുന്നു.. ബീഫ് കറിയും മീൻ വറത്തതും മറ്റു കറികളും എല്ലാം ഒന്നിനൊന്നും മെച്ചം.. ആ ഊണിനു ഞങ്ങളോടൊപ്പം സണ്ണിച്ചായനും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കേരള കോണ്‍ഗ്രസ്സ് എം ന്റെ ജില്ലാ പ്രസിഡന്റായ സണ്ണിച്ചായനും മാണി സാറും തമ്മിലുള്ള ബന്ധം പുറത്തു കൊണ്ടുവരാൻ ഉമ്മൻചാണ്ടിയുടെ ബന്ധുവായ സ്വരൂപ്‌ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടായിരുന്നു. സണ്ണിച്ചായന്റെ റിസോർട്ട് യഥാർത്ഥത്തിൽ മാണിസാറിന്റെ റിസോർട്ട് ആണോ എന്നുവരെ സ്വരൂപ്‌ ചോദിച്ചു.. ഒരു തികഞ്ഞ രാഷ്ട്രീയക്കാരനെ പോലെ സണ്ണിച്ചായൻ പല ചോദ്യങ്ങൾക്കും പിടി കൊടുക്കാതെ വഴുതി മാറിക്കൊണ്ടേ ഇരുന്നു.

ഭക്ഷണം കഴിഞ്ഞു എല്ലാവരും അല്പ്പനേരം വിശ്രമിച്ചു.. അതിനുശേഷം പിന്നയും ഫ്ളാഷ് കളി ആരംഭിച്ചു. ഇത്തവണയും വല്ലിയേട്ടൻ എന്ന സുശാന്ത് തന്നെയായിരുന്നു താരം. കുറെ നേരം ഫ്ലാഷ് കളിച്ചതിനു ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു.. അടുത്ത ദിവസം പലരും പല സമയത്ത് തിരിക്കുന്നതുകൊണ്ട് ഈ ഒത്തുചേരൽ എല്ലാ വർഷവും വേണമെന്ന നിശ്ചയദാർഡ്യത്തോടെയും ഇത്തവണത്തെ ഒത്തുചേരൽ അവസാനിച്ചല്ലോ എന്നാ വിഷമത്തോടെയും പിന്നെയും കാണാമെന്നും കാനനമെന്നുമുള്ള ദൃഡ നിശ്ചയത്തോടും എല്ലാവരും പിരിയാൻ തീരുമാനിച്ചു.. അടുത്ത ഒത്തുചേരലിന്റെ ചേരുവകകൾ സ്വപ്നം കണ്ടുകൊണ്ടു ഞങ്ങൾ എല്ലാവരും ഉറങ്ങാൻ കിടന്നു..
ശുഭം !

കോളേജ് ജീവിതം ഏകദേശം അസ്തമിക്കാറായ കാലം… എല്ലാവരും ഇനിയെന്ത് എന്ന ചോദ്യം അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു നെട്ടോട്ടമോടുന്ന കാലം… സാധാരണ എഞ്ചിനീയറിംഗ് കോളേജുകളിൽ കാണുന്ന ക്യാമ്പസ്‌ റിക്രൂട്ട്മെന്റ് ഞങ്ങളുടെ കോളേജിനെ നോക്കി കൊഞ്ഞനം കുത്തുന്ന കാലം..     ഏകദേശം നാലുവർഷത്തെ സുഖദുഃഖ ഗുണദോഷ  സമ്മിശ്രമായ ജീവിതത്തിനു തീർപ്പ് കൽപ്പിച്ച് അടുത്ത പരിപാടിയെന്തെന്നു കൂലംകഷമായി ചർച്ചകൾ ചെയ്യുന്ന കാലം .. ആ സമയത്താണ് ഒരു ന്യൂസ്‌ കാട്ടുതീ പോലെ പടർന്നത് .. .”സുമേഷിനു ഐ ബി എമ്മിൽ ജോലി കിട്ടിയിരിക്കുന്നു … അതും അഞ്ചക്ക ശമ്പളത്തോട് കൂടി..”

അന്നാണ്  ജോലിയെന്നതും അതിലുപരിയായി അഞ്ചക്ക ശമ്പളമെന്നതും പെണ്‍കുട്ടികള ആകർഷിക്കാൻ ഏറ്റവും നല്ല ഉപാധിയാണെന്ന് ഞാനുൾപ്പടെ പലരും  മനസ്സിലാക്കിയത്.. ഏതായാലും ഈ ന്യൂസ്‌ വന്നതിനു തൊട്ടുപിന്നാലെ ഞങ്ങളുടെ ബാച്ചിലെ പല പെണ്‍കുട്ടികളും സുമേഷിന്റെ പിറകെ കൂടി.. അതിൽ ചിലർ സുമേഷിനെ വിവാഹം കഴിക്കാൻ തങ്ങളുടെ സന്നദ്ധത അറിയിച്ചു എന്നുമാണ്  അന്നത്തെ ആർ എസ് എസ്  (രഞ്ജിത്ത് ഷാഹിൻ സ്വരൂപ്‌ ) എന്ന ന്യൂസ്‌ ശ്രിംഖല റിപ്പോർട്ട്‌ ചെയ്തത്.. ഏതായാലും അധികം താമസിയാതെ വിവാഹ വാഗ്ദാനം നല്കിയ പെണ്‍കുട്ടികളെയും ഞങ്ങളെയും ഞെട്ടിച്ചു കൊണ്ട് മറ്റൊരു ന്യൂസ്‌ എത്തി..

കണ്ണൂരുകാരൻ അണ്ണന്റെ ഒരു ആന്റി കോട്ടയത്ത്‌ താമസമുണ്ടായിരുന്നു.. പഠിച്ചുകൊണ്ടിരുന്നപ്പോൾ ഇടയ്ക്കിടയ്ക്ക് നല്ല ഭക്ഷണം കഴിക്കാൻ ഈ ആന്റിയെ അണ്ണൻ ബുദ്ധിമുട്ടിക്കാറൂണ്ടായിരുന്നു.. കോളേജ് ജീവിതം അവസാനിച്ചു അണ്ണൻ കണ്ണൂരിലേക്ക് മടങ്ങി പോകുവാണെന്ന് ആന്റിയെ അറിയിക്കാനായി കോട്ടയത്ത് പോയിട്ട് തിരികെ ചെങ്ങന്നൂരേക്ക്  മടങ്ങുന്നതിനു മുമ്പ് ഒരു ചായ കുടിക്കാനായി ഒരു ഹോട്ടലിൽ കയറി .. ഒരു സീറ്റിനു വേണ്ടി പരതി നടന്നപ്പോൾ  പരിചിതമായ രണ്ടു മുഖങ്ങൾ അണ്ണനെ നോക്കിയതും ഞൊടിയിടയിൽ തല താഴ്ത്തിയതും അണ്ണൻ കണ്ടു.. ചായ പോലും കുടിക്കാതെ അണ്ണൻ ബസ്‌ സ്റ്റാന്റ് ലക്ഷ്യമാക്കി പാഞ്ഞു.. സാധാരണ ചെലവ് ചുരുക്കാൻ സാദാ ഫാസ്റ്റ് പാസഞ്ചറിൽ വരുന്ന അണ്ണൻ അന്ന് എക്സ്പ്രസ്സ്‌ ബസ്സിലാണ് ചെങ്ങന്നൂരിൽ എത്തിയത് .. ബസ് സ്റ്റാന്റിൽ നിന്നും കോളേജിലേക്ക് ഉള്ള അര കിലോമീറ്റർ ദൂരം അണ്ണൻ അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു.. കോളേജിലെ അവസാന ദിവസങ്ങളായത്  കൊണ്ട്  ഞങ്ങളിൽ  പലരും അവധിയാണെങ്കിലും രാത്രി വൈകിയാലും  കോളേജിൽ തന്നെ കാണും .. പ്രസിദ്ധമായ വാകമരചോട്ടിൽ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വെടിയും പോട്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌  വെടിയുണ്ട കണക്കെ അണ്ണൻ പാഞ്ഞെത്തിത്  …  വിയർത്തു കുളിച്ചു അണച്ച് വന്ന അണ്ണന് എന്തൊക്കയോ പറയാനുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി.. പക്ഷെ അണ്ണന് ശബ്ദം പുറത്തു വരുന്നില്ല ..

അവസാനം എങ്ങിനോക്കയോ അണ്ണൻ ആ വാർത്ത പറഞ്ഞു

കോട്ടയത്തൊരു ഹോട്ടലിൽ ചായകുടിക്കാൻ ചെന്നപ്പോൾ  സുമെഷിനൊപ്പം മേരിയെ കണ്ടെന്നും.. അണ്ണനെ കണ്ടപ്പോൾ അവർ തല കുനിച്ചെന്നും … അതുകൊണ്ട്  അവര് തമ്മിൽ പ്രണയമാണോ എന്ന് സംശയമുണ്ടെന്നും അണ്ണൻ പറഞ്ഞു

കേട്ടപാതി കേൾക്കാത്ത പാതി ന്യൂസ്‌ ആർ എസ് എസ് ഏറ്റെടുത്തു.. അടുത്ത ദിവസത്തെ പ്രഭാതം പൊട്ടിവിടർന്നത് സുമേഷിന്റെയും മേരിയുടെയും പ്രണയ വാർത്തയോടെ ആയിരുന്നു !!!! സുമേഷിനു ജോലി കിട്ടിയതിനു ശേഷമാണോ അതോ അതിനു മുൻപേ തുടങ്ങിയതാണോ ഈ പ്രണയമെന്നത്  ഇന്നും അവർക്ക് മാത്രം അറിയുന്ന ഒരു സത്യമായി അവശേഷിക്കുന്നു ….

ഇങ്ങനെ അറിഞ്ഞതും അറിയാത്തതും പൊട്ടിയതും പൊട്ടാത്തതുമായ  എത്രയെത്ര പ്രണയങ്ങൾ…  അതൊക്കെ പഴയകാലം.. ഏതായാലും സുമേഷ് മേരിയേയും വേളി കഴിച്ചു ബാംഗ്ലൂരിൽ സുഖമായി കഴിയുന്നു… അണ്ണൻ സുമേഷ്-മേരി പ്രണയത്തിൽ  നിന്നും പ്രചോദനം ഉൾക്കൊണ്ടാണെന്ന് തോന്നുന്നു  കാസർഗോഡ്‌ എഞ്ചിനീയറിംഗ് കോളേജിൽ കൂടെ പഠിപ്പിച്ചിരുന്ന ഒരു എറണാകുളം കാരി ലക്ചററെ  പ്രേമിച്ചു കെട്ടി… മൂന്നു ആണ്‍കുട്ടികളുമായി ഇപ്പോൾ ബോയ്സ് ഹൊസ്റ്റലിലെ വാർഡനെ പോലെ കാസർഗോഡ് കഴിയുന്നു..

ഞങ്ങൾ എല്ലാവരും റൂം ലക്ഷ്യമാക്കി നടന്നു.. വെളുപ്പിന്  തുടങ്ങിയ യാത്രയും അതിനു ശേഷമുള്ള നടത്തവും ബാംഗ്ലൂർ ബോയിസ്സിനെ വല്ലാതെ തളർത്തി കളഞ്ഞു … റൂമിൽ വന്നു പെട്ടന്ന് ഫ്രെഷായി ഊണ് കഴിക്കാൻ എല്ലാവരും തയ്യാറായി.. കർണാടകയിൽ കോഴിക്ക് പനി പിടിച്ചതുകൊണ്ട് ചിക്കെണ്‍ പൂർണ്ണമായും ഞങ്ങൾ ഒഴിവാക്കിയിരുന്നു .. അതിനാൽ ബീഫ് ഉലർത്തിയതും.. മട്ടണ്‍ കറിയും … നെമ്മീൻ വറത്തതുമായിരുന്നു ഊണിനു സ്പെഷ്യൽ… കൂടാതെ തോരനും ..സാമ്പാറും.. അച്ചാറും… മോര് കാച്ചിയതും.. കുറ്റം പറയരുതല്ലോ.. അച്ചായന്റെ ഫുഡിന്റെ കാര്യം ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളമൂറും അത്രയ്ക്ക് ടേസ്റ്റ് ആണ് അവിടുത്തെ ഓരോ കറിക്കും.. കഴിച്ചു തീർന്നപ്പോൾ ചോറ് വച്ചിരുന്ന പാത്രത്തില പേരിനു ഒന്നോ രണ്ടോ ചോറ് മണികൾ മാത്രം ബാക്കി.. എല്ലാ കറി പാത്രങ്ങളും വൃത്തിയാക്കിയതിനു  ശേഷമാണ് ഞങ്ങൾ കൈ കഴുകാൻ എണീറ്റത്…

ഇടയിൽ ആരോ വയനാടുകാരനായ സജിയോടു അടുത്ത ദിവസത്തേക്ക് വെടി ഇറച്ചി തരപ്പെടുത്താൻ പറ്റുമോ എന്ന് ചോദിച്ചതും സജി തന്റെ സ്വതസിദ്ധമായ രീതിയിൽ “പറ്റും .. പക്ഷെ വെടി വേറേ .. ഇറച്ചി വേറേ ” എന്ന് മറുപടി നല്കിയതും ഞങ്ങളുടെ ഇടയിൽ ചിരി പടർത്തി

ആഹാരം കഴിച്ചു പല പല വെടികളും പൊട്ടിച്ചു അൽപ്പ നേരം വിശ്രമിച്ചതിനു ശേഷം അച്ചായന്റെ റിസോർട്ടിലെ ഏറ്റവും വലിയ അട്ട്രാക്ഷനായ കള്ളാടിപ്പുഴയിൽ പോകാൻ തീരുമാനിച്ചു

കള്ളാടിപ്പുഴ അച്ചായന്റെ സ്വകാര്യ അഹങ്കാരമാണെന്ന് തോന്നുന്നു.. കേരളത്തിൽ മാത്രമല്ല ദക്ഷിണ ഇന്ത്യയിൽ   പലസ്ഥലങ്ങളിലും ഞാൻ ടൂറുപോയിട്ടുണ്ട്.. പലപല അരുവികളും പുഴകളും വെള്ളച്ചാട്ടങ്ങളും കണ്ടിട്ടുമുണ്ട്.. എന്നാലും കള്ളാടി പുഴപോലെ ഇത്ര പ്രകൃതി രമണീയമായ .. ശുദ്ധമായ… മാലിന്യമുക്തമായ ഒരു  ശുദ്ധ ജലപ്പുഴ വേറെ എങ്ങും കണ്ടിട്ടില്ല എന്ന് തന്നെ പറയാം … വയനാടിനും അച്ചായനും പ്രകൃതിയുടെ വരദാനം  … അതാണ്‌ കള്ളാടി പുഴ…

ഞങ്ങൾ പുഴയിൽ ഇറങ്ങുവാനുള്ള കോസ്റ്യൂംസ് ധരിച്ചു.. പുഴയിൽ എത്തണമെങ്കിൽ ഏകദേശം ഒരു കിലോമീറ്റർ നടക്കണം..  അച്ചായന്റെ കൃഷി ഇടങ്ങളിലൂടെ വേണം നടക്കാൻ..  പുഴയിലേക്കുള്ള വഴി കൂടുതലും ഇറക്കമാണ് .. തിരികെ വരുമ്പോൾ കയറ്റം കയറി ഒരു പരുവമാകും.. വഴി നിറയെ അട്ടകൾ നമ്മെ ആക്രമിക്കാൻ തക്കം പാർത്തിരിക്കും.. കഴിഞ്ഞ തവണ അട്ടകൾക്ക് ഉത്സവമായിരുന്നു.. അട്ടകളെ അകറ്റാനുള്ള സംവിധാനം ആകെ ഒരു തീപ്പട്ടിയും പിന്നെ കയ്യിലുള്ള ബക്കാർഡിയിലും മാത്രം ഒതുങ്ങിയിരുന്നു.. എന്നാൽ ഇത്തവണ ഫുൾ സെറ്റപ്പുമായിട്ടാണ് വന്നിട്ടുള്ളത്…

ഡെറ്റൊളിനു ഡെറ്റോൾ.. ചുണ്ണാമ്പിനു ചുണ്ണാമ്പ് …. പോകയിലയ്ക്ക് പൊകയില എന്ന് വേണ്ടാ ഫുൾ സെറ്റപ്പുമായിട്ടാണ്  ഞങ്ങ എത്തിയിരിക്കുന്നത് പോരാത്തതിന് അച്ചായന്റെ വകയായി ഒരു അട്ടവിടാച്യാതി കുഴമ്പും.. അച്ചായന്റെ അട്ട കടിച്ചാൽ വിടുന്ന കുഴമ്പും പിരട്ടി മറ്റു സാധന സാമഗ്രികളുമായി ഞങ്ങൾ കള്ളാടിപ്പുഴ ലക്ഷ്യമാക്കി നടന്നു.. ഏകദേശം അര കിലോമീറ്റർ നടന്നപ്പോഴേക്കും ബോബിയുടെ കാലിൽ ഒരു അട്ട പിടി കൂടി.. ഡെറ്റോളും അട്ടയും ഇത്രക്കും പ്രശ്നമാണെന്ന് അപ്പോഴാണ്‌ മനസ്സിലായത് .. ഡെറ്റോൾ അട്ടയുടെ ദേഹതോട്ടു തൊട്ടതും അട്ട ബോബിയുടെ കാലിലെ പിടിവിട്ടു തലയടിച്ചു താഴെ വീണതും ഒരുമിച്ചായിരുന്നു .. ഏതായാലും അട്ടയെ അകറ്റാൻ ഡെറ്റോൾ പറഞ്ഞുതന്ന എന്റെ ഒരു ഓഫീസ് സുഹൃത്തിനെ സ്തുതിച്ചു കൊണ്ട് പുഴ ലക്ഷ്യമാകി വീണ്ടും ഞങ്ങൾ യാത്രയായി ..

കുറച്ചു ദൂരംകൂടി ചെന്നപ്പോൾ അകലെ കളകളാരവം മുഴക്കി പാറകളെ തഴുകിയുറക്കി കുതിച്ച് കുതിച്ചു പായുന്ന കള്ളാടിപ്പുഴയുടെ ശബ്ദം ഞങ്ങളുടെ സിരകൾക്ക് ഉണർവ് പകർന്നു… കാതുകൾക്കിമ്പം പകർന്നു കടന്നു വന്നു.. വർധിച്ച ഉത്സാഹത്തോടുകൂടി ഞങ്ങൾ പുഴയിലേക്ക് ഓടി… ഓടുന്നവഴിയിൽ പലരെയും അട്ടകൾ അറ്റാക്ക് ചെയ്തു .. ഡെറ്റോൾ അട്ടയേയും അറ്റാക്ക്‌ ചെയ്തു.. ഏതായാലും അൽപ്പ സമയത്തിനുള്ളിൽ ഞങ്ങളെല്ലാവരും കല്ലാടിപ്പുഴയുടെ അരികില എത്തി.. കഴിഞ്ഞ തവണ കണ്ട അത്ര വെള്ളം ഇത്തവണ ഇല്ല എന്നതൊഴിച്ചാൽ യാതൊരു മാറ്റവുമില്ല.. എല്ലാം പഴയതുപോലെ തന്നെ.. പാലുപോലുള്ള വെള്ളം … അതങ്ങനെ മുകളിൽ നിന്നം ഒടിഞ്ഞു വീണ മരങ്ങളേയും വലിയ വലിയ പാറകളെയും തഴുകി കുത്തനെ ഒഴുകി പാറകളുടെ ഇടയിൽ ചെറു വെള്ളച്ചാട്ടങ്ങൾ ഉണ്ടാക്കി ചെറിയ തടാകങ്ങൾ തീർത്തു അവിടവിടെ ശാന്തമായി ഒഴുകി വീണ്ടു താഴോട്ട് കുത്തനെ ഒഴുകി കളകളാരവം മുഴക്കി ഇങ്ങനെ പോകുന്ന നയനാന്ദകരമായ ആ കാഴ്ച ആരെയും കൊതിപ്പിക്കുന്ന ഒന്നാണ് ..

അതും കണ്ട് അധിക നേരം നില്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല തണുപ്പ് വകവയ്ക്കാതെ  ഓരോരുത്തരായി പതിയെ പതിയെ വെള്ളത്തിലേക്കിറങ്ങി.. അൽപ്പസമയത്തിനകം മൂന്ന് പേരൊഴികെ (ബിനു, ബോബി, ബിജു ) ഞങ്ങൾ എല്ലാവരും വെള്ളത്തിലായി.. അകത്തും വെള്ളം പുറത്തും വെള്ളം എന്ന വല്ലപ്പോഴും മാത്രം കാണുന്ന പ്രതിഭാസം !!.. പിന്നെ ഒരു അർമാദിക്കലായിരുന്നു.. ഷിറാസ് നാച്വറൽ മസ്സാജിംഗ് സ്ഥലങ്ങൾ എവിടൊക്കെയുണ്ടന്നു കണ്ടെത്തി.. പാറകളുടെ ഇടയിലൂടെ ശക്തമായി വെള്ളം കുത്തിയൊഴുകുന്ന സ്ഥലങ്ങളാണ് നാച്വറൽ മസ്സാജിംഗ് സ്ഥലങ്ങൾ..  ശക്തമായുള്ള ആ കുത്തൊഴുക്കിൽ നമ്മുടെ ശരീരം കൊണ്ട് വച്ചാൽ മതി.. ബാക്കി വെള്ളം ചെയ്തു കൊള്ളും… നല്ലയൊരു മസ്സജിങ്ങിന്റെ ഗുണം കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.. അങ്ങിനെയുള്ള രണ്ടു മൂന്നു സ്ഥലങ്ങളിൽ ഞങ്ങൾ മാറി മാറി ഇരുന്നു… സജിയും സുമേഷും പുഴയുടെ ഉത്ഭവ സ്ഥാനം കണ്ടുപിടിക്കനെന്നോണം പുഴയിലെ വലിയ പാറകളിലൂടെ മുകളിലേക്ക് നടന്നു.. ഏതായാലും പുഴയിലെ വെള്ളത്തിന്റെ രുചിയും തെളിമയും കണ്ടാൽ അറിയാം ഞങ്ങൾ നിൽക്കുന്നതിനും മുകളിയായി ഇതിനെ വൃത്തികേടാക്കാൻ ആരുമില്ല എന്ന്.. അങ്ങിനെ കുളിച്ചും കളിച്ചും മസ്സാജ് ചെയ്തും ഒന്ന് രണ്ടു മണിക്കൂർ അവിടെ ചിലവഴിച്ചു … ബിനുവിന്റെ ക്യാമറകളിൽ നിന്നും ഫ്ലാഷുകൾ മിന്നി കൊണ്ടേ ഇരുന്നു.. ബിനു ഇരുന്നും കിടന്നും പലതരം പോസുകളും കാമറയിൽ പകർത്തി… സന്ധ്യയോടടുത്തപ്പോൾ  ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങി ..

റിസോർട്ടിൽ ഞങ്ങളെ കാത്തു ചൂട് ചായയും മൊട്ട ബജിയും ഉണ്ടായിരുന്നു.. പിന്നെ ഒരു മത്സരമായിരുന്നു.. അത്രയും ടേസ്റ്റ് ഉള്ള മൊട്ട ബജി ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല.. പലരും ആ അഭിപ്രായക്കാരായിരുന്നു.. ചായയും ബജിയും തീർന്ന വഴി കണ്ടില്ല.. അൽപ്പസമയത്തിന് ശേഷം എല്ലാവരും റെഡിയായി രാത്രി കാല വിനോദമായ ഫ്ലാഷ് കളിയിലേക്ക് മുഴുകി..

ഫ്ലാഷ് കളിക്കുന്നവർക്ക് പ്രത്യേക ബുദ്ധിയുടെ ആവശ്യം ഒന്നുമില്ലന്നു തെളിയിക്കുന്നതാണ്‌ ഞങ്ങളുടെ കളി.. ഭാഗ്യം ഒന്ന് മാത്രമാണ് ഫ്ലാഷ് കളിക്കാൻ വേണ്ടത്.. പലരുടെയും കാശ് പോയി.. ചിലർ കാശു  വാരുകയും ചെയ്തു.. അങ്ങിനെ കളി കുറച്ചു നേരമായപ്പോൾ ക്യാമ്പ്ഫയറിനുള്ള തീ കത്തിച്ചു എന്ന അറിയിപ്പുമായി മുരളിചെട്ടനെത്തി.. ഫ്ലാഷ് കളിക്ക് വിരാമമിട്ടുകൊണ്ട് അൽപ്പസമയത്തിനുള്ളിൽ ഞങ്ങൾ  ക്യാമ്പ്ഫയറിനരികിൽ എത്തി .. ക്യാമ്പ്‌ഫയറിനു ഹരം പകരാൻ പാട്ടിനു പുറമേ ടക്വീലയും സ്മിർണോഫും  ഉണ്ടായിരുന്നു.. ഞങ്ങളുടെ കാലത്തെ സി ഇ സി യുടെ വാനംപാടി ബിജു, ഏറെ നേരത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം മേരെ നൈനയും .. ചാഹൂംഗ മേം തുഛെ … തുടങ്ങിയ മാസ്റ്റർ പീസുകൾ പാടി..ഞങ്ങളെ എല്ലാവരെയും ഒരു പ്രത്യേക മൂടിലേക്ക് എത്തിച്ചു .. പാട്ട് കഴിഞ്ഞു ഞങ്ങൾ മറ്റു സുഹൃത്തുക്കളുടെ കഥകൾ പങ്കുവച്ചു..

രഞ്ജിത്തും ബാച്ചും അമേരിക്കയിൽ ഗെറ്റുഗതർ പ്ലാൻ ചെയ്യന്ന കാര്യം .. ജെർമനിയിലുള്ള മോനയുടെ വിശേഷങ്ങൾ ..  കൂടെ പഠിച്ച പല പെണ്‍കുട്ടികളുടെയും കാര്യങ്ങൾ ..  അങ്ങിനെ പലതും പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആഹാരവുമായി മുരളിചേട്ടനെത്തി.. കഥകൾക്ക് വിരാമമിട്ടു എല്ലാവരും മറ്റൊരു മത്സരത്തിനു തയ്യാറെടുത്തപ്പോൾ സജിയുടെ ഫോണ്‍ ചിലച്ചു..

സുശാന്ത് എന്ന വലിയേട്ടനാണ് മറു തലക്കൽ… സാന്റി കൊടുംകാറ്റിനെയും ..ഒബാമയും ഒക്കെ  നിശ്ചലമാക്കിക്കൊണ്ട് വലിയേട്ടൻ അച്ചായന്റെ റിസോർട്ടിന്റെ പ്രാന്ത പ്രദേശത്ത് എത്തിയിരിക്കുന്നു. സജി വഴി കൃത്യമായി പറഞ്ഞു കൊടുത്തു. അൽപ്പസമയത്തിനുള്ളിൽ ഒരു ബ്ലാക്ക്‌ ലേബലുമായി വലിയേട്ടൻ വരവറിയിച്ചു..

സുശാന്ത് എന്ന വലിയേട്ടനാണ് മറു തലക്കൽ… സാന്റി കൊടുംകാറ്റിനെയും ..ഒബാമയും ഒക്കെ  നിശ്ചലമാക്കിക്കൊണ്ട് വലിയേട്ടൻ അച്ചായന്റെ റിസോർട്ടിന്റെ പ്രാന്ത പ്രദേശത്ത് എത്തിയിരിക്കുന്നു. സജി വഴി കൃത്യമായി പറഞ്ഞു കൊടുത്തു. അൽപ്പസമയത്തിനുള്ളിൽ ഒരു ബ്ലാക്ക്‌ ലേബലുമായി വലിയേട്ടൻ വരവറിയിച്ചു..

8 മണിക്കൂർ നിർത്താതെ ഡ്രൈവ് ചെയ്താണ് വലിയേട്ടൻ എത്തിയത്.. വിശപ്പും ക്ഷീണവും മാറ്റി ഞങ്ങൾ ഫ്ലാഷ് കളിക്കാനിരുന്നു.. ഫ്ലാഷ് കളിക്കാൻ പ്രത്യേകിച്ച് വിവരം ഒന്നും വേണ്ടാ എന്ന് വീണ്ടും വലിയേട്ടൻ തെളിയിച്ചു.. ബ്ലാക്ക് ലേബലും പലരുടെ  കീശയും  കാലിയായി .. വലിയേട്ടൻ വലിയ കാശുകാരനുമായി..അങ്ങനെ അന്നത്തെ അഭ്യാസങ്ങൾക്ക് വിട നല്കി ഞങ്ങൾ കട്ടിലിലേക്ക് ചാഞ്ഞു

(തുടരും)

ഞങ്ങള്‍ വിശ്രമിച്ച പാറയുടെ ലഗ്നത്തില്‍ നിന്ന ഒരു മരത്തിന്റെ ശാഖ ഒടിഞ്ഞു വീണ ശബ്ദമാണ് സുഖകരമായ ആ നിദ്രക്കു വിഘ്നം വരുത്തി ഞങ്ങളെ ഞെട്ടിച്ച് ഉണര്‍ത്തിയത് .. ഏതായാലും ശരിക്കും ഞങ്ങള്‍ പേടിച്ചു പോയി.. ജീപ്പ് ഡ്രൈവര്‍ പറഞ്ഞ പോലെ വല്ല കടുവയോ ആനയോ വല്ലതുമാണോ എന്ന് ഒരു നിമിഷം ഞങ്ങളും ചിന്തിച്ചു പോയി.. ഏതായാലും പിന്നെ അവിടെ നില്‍ക്കുന്നത് ഞങ്ങളുടെ ആരോഗ്യത്തിനു നല്ലതല്ല എന്ന് തീരുമാനിച്ചു റൂം ലക്ഷ്യമാക്കി ഞങ്ങള്‍ തിരിച്ചു നടന്നു.. അച്ചായന്റെ ഓറഞ്ച് തോട്ടത്തിലൂടയാണ് റൂമിലേക്കുള്ള വഴി.. ഓറഞ്ചുകള്‍ പാകമാകാന്‍ ഇനിയും ഒരു മാസം കൂടി വേണമെന്ന് മുരളിചേട്ടന്‍ പോകും വഴി പറഞ്ഞതായിരുന്നു… വരുന്നവഴി ഒരുവിധംനിറം മാറി തുടങ്ങിയ ഒരു ഓറഞ്ച് പറിക്കാന്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തി.. ജിതേഷ് നീളമുള്ള ഒരു കമ്പെടുത്ത് ഓറഞ്ചിനിട്ട് ഒരടി കൊടുത്തത്തു … ഓറഞ്ചിനും… ആ മരത്തില്‍ ഉണ്ടായിരുന്ന ഒരു കടന്നല്‍ കൂടിനും… ഇളക്കം സംഭവിച്ചത് ഒരുമിച്ചായിരുന്നു…കടന്നലുകള്‍ മൂളിപ്പാട്ടും പാടി കൂട്ടമായി ഇരച്ചു ഞങ്ങളുടെ പിന്നാലെ വന്നു… താഴെ വീണ ഓറഞ്ച്  ഒരുവിധത്തില്‍  എടുത്തു ഞാനും ജിതെഷും ബിജുവും കൂടി ജീവനും കൊണ്ട് റൂം ലക്ഷ്യമാക്കി ഓടി.. ഓട്ടം നിര്‍ത്തിയത് റൂമിന്റെ മുന്‍പില്‍ എത്തിയപ്പോളാണ്  .. തിരിഞ്ഞു നോക്കിയപ്പോള്‍ മാത്രമാണ് കടന്നലുകള്‍ ഞങ്ങളെ ഫോളോ ചെയ്യുന്നില്ല എന്ന നഗ്ന സത്യം  മനസ്സില്ലായത് .. ഏതായാലും ഭാഗ്യത്തിന് ആര്‍ക്കിട്ടും കുത്തു കൊണ്ടില്ല…. ഈ പ്രായത്തില്‍ പാറയുടെ മുകളിലൂടെയും മരങ്ങളുടെ  ഇടയിലൂടെ ഇത്രയും വേഗത്തില്‍ ഓടാന്‍ പറ്റുമെന്ന് ഞങ്ങള്‍ ആരും തന്നെ കരുതിയില്ല.. ഓടിയതിന്റെ കിതപ്പും അതിന്റെ ക്ഷീണവും കാരണം ഞങ്ങള്‍ റിസോര്‍ട്ടിന്റെ വരാന്തയില്‍ വീണു പോയി.. അവിടെ വിശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ ഫോണ്‍ ചിലച്ചു.. ഫോണ്‍ എടുത്തപ്പോഴാണ്  സമയം ഉച്ചക്ക് ഏകദേശം  രണ്ടു മണിയായെന്ന ബോധം ഞങ്ങള്‍ തിരിച്ചറിഞ്ഞത്

ഷിറാസ് ആണ് വിളിച്ചത് ..അവര്‍ റിസോര്‍ട്ടിലേക്കുള്ള ദുര്‍ഘട പാതയുടെ അടുത്തെത്തിയെന്ന് അറിയിക്കാനും   … ഇനിയുമുള്ള യാത്ര എങ്ങനെ എന്നറിയാനും വേണ്ടി വിളിച്ചതാണ്… ബാംഗ്ലൂരില്‍ നിന്നും രണ്ടു കാറിലാണ് അവര്‍ വരുന്നത്…  കഴിഞ്ഞ തവണ വന്നത് ഒരു സ്കോര്‍പിയോയിലും ഒരു കാറിലുമായിരുന്നു… അന്ന് കാര്‍ ഈ ദുര്‍ഘട പാതയുടെ തുടക്കത്തിലുള്ള ഒരു വീട്ടില്‍ പാര്‍ക്ക് ചെയ്തിട്ട് സണ്ണിച്ചായാന്‍ അറേഞ്ച് ചെയ്ത ജീപ്പിലാണ് റിസോര്‍ട്ടിലേക്ക് വന്നത് … ഇത്തവണയും സണ്ണിച്ചായന്‍ ജീപ്പ് അറേഞ്ച് ചെയ്യുമോ എന്ന് അറിയാന്‍ വേണ്ടി  വിളിച്ചതാണ്… ഇത്രയും ചോദിച്ചപ്പോഴെക്കു റേഞ്ച് പോയീ.. പിന്നെ ഷിറാസ് പറയുന്നത് എന്താണെന്ന്എനിക്ക് മനസ്സിലായില്ല.. ഞാന്‍ പറഞ്ഞത് എന്താണെന്ന് അവനും കേട്ടില്ലന്നു  എനിക്ക് മനസ്സില്ലായത് കുറച്ചു നേരം കഴിഞ്ഞാണ്.. അവസാനം എന്തൊക്കെയോ പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.. പിന്നീട് ബാംഗ്ലൂര്‍ ബോയിസില്‍ പലരെയും ഞങ്ങള്‍ മാറി മാറി വിളിച്ചു നോക്കി.. എല്ലാവരും ഔട്ട്‌ ഓഫ് റേഞ്ച് .. ഇത്രയും അടുത്തെത്തിയ സ്ഥിതിക്ക് അവര്‍ എങ്ങിനെ എങ്കിലും റിസോര്‍ട്ടില്‍ എത്തുമെന്ന ഉറച്ച പ്രതീക്ഷയില്‍ ഞങ്ങള്‍ മൂവരും ബാംഗ്ലൂര്‍ ബോയിസിനെ സ്വീകരിക്കാന്‍ റിസോര്‍ട്ടിന്റെ മുമ്പില്‍ ചെന്നു..

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു കാറിന്റെ ശബ്ദം കേട്ടു.. പയ്യെ പയ്യെ കാര്‍ ഞങ്ങളുടെ ദൃഷ്ടിയുടെ സീമയില്‍ പ്രത്യക്ഷമായി…ആദ്യ കാറിന്റെ പിന്നിലായി മറ്റൊരു കാറും വന്നു.. ബാംഗ്ലൂര്‍ ബോയിസിനെ ഇത്രയും നേരം താമസിച്ചതിനു പള്ള് വിളിക്കാന്‍ തയ്യാറായി ഞങ്ങള്‍ കാറുകളുടെ അടുത്തേക്ക് ചെന്നപ്പോഴാണ് ആ സത്യം ഞങ്ങള്‍ക്ക് മനസ്സിലായത് … ആദ്യ കാറില്‍ പരമുവും.. രണ്ടാമത്തെ കാറില്‍ ബോബിയും മാത്രമേ ഉള്ളൂ… അന്വേക്ഷിച്ചപ്പോഴാണ് അറിയുന്നത് കാറുകള്‍ക്ക് ഗ്രൌണ്ട് ക്ലീയറന്‍സ് കുറവായത് കൊണ്ട് സഹ യാത്രികരെ റിസോര്‍ട്ടിലേക്കുള്ള വഴിയുടെ തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചു എന്നും.. ഷിറാസിനോട്, ഞാന്‍ ജീപ്പ് അറേഞ്ച് ചെയ്തു കൊടുക്കാമെന്നു പറഞ്ഞെന്നും.. അവര്‍ അതും നോക്കി അവിടെ നില്‍ക്കുവാണോ എന്ന് സംശയമുണ്ടെന്നും പരമു പറഞ്ഞു.. ഏതായാലും മറ്റുള്ളവരെ വഴിയില്‍ ഇറക്കി  ഇവര്‍ ഇരുവരും കാറും കൊണ്ട് കടന്നു കളഞ്ഞു എന്ന് വേണം കരുതാന്‍ .. അവരുടെ അവസ്ഥ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ക്ക് ശരിക്കും ചിരി വന്നു.. ഏകദേശം 4 കിലോമീറ്റര്‍ ദൂരം.. അതും നല്ല കയറ്റം.. സമയം ഉച്ചക്ക് 2 മണി കഴിഞ്ഞിരിക്കുന്നു  .. വിശന്നു വലഞ്ഞിരിക്കുകയാണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.. പിന്നെ നല്ല കയറ്റവും പറ്റിയ പ്രായവും.. എല്ലാം കൂടി നോക്കുമ്പോള്‍  ഈ കയറ്റം കയറി എല്ലാവരും റിസോര്‍ട്ടില്‍ എത്തുമോ എന്ന് തന്നെ ഞങ്ങള്‍ സംശയിച്ചു…അതോ ഇനി ജീപ്പും നോക്കി അവിടെ തന്നെ നില്‍ക്കുവാണോ.. ആര്‍ക്കറിയാം.. ഇത് കേട്ടപ്പോള്‍ തെറിവിളിക്കാനുള്ള ഞങ്ങളുടെ ആര്‍ജ്ജവത്തിനു അല്‍പ്പം അയവു വന്നു.. എന്നാലും താമസിച്ചതിനുള്ള  വഴക്ക് കൊടുക്കാന്‍ ഞങ്ങള്‍ ഡോറിന്റെ അടുത്തേക്ക് ചെന്നു ..

പരമു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു കൊണ്ട് ഡോര്‍ തുറന്നു കാറില്‍ നിന്നുമിറങ്ങി.. ആ ചിരി കണ്ടാല്‍ തെറി വിളിക്കാന്‍ തോന്നുകേല..പരമു ആളൊരു ജെന്റില്‍ മാന്‍ ആണ്.. പ്രമോദ് എന്നാണ് ശരിക്കുമുള്ള പേര് .. പഠന കാലത്ത്  അത് ലോപിച്ച് പരമുവായി.. തൃശൂര്‍ സ്വദേശിയാണ് .. രാജകുടുംബാംഗമാണ്… ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സുന്ദരന്‍ ആയ ചെറുപ്പക്കാരന്‍ ആയിരുന്നു.. ഇപ്പോള്‍ ഗ്ലാമറിന് ശരിക്കും ഇടിവ് സംഭവിച്ചിട്ടുണ്ട് .. തലയില്‍ ഒറ്റ മുടിയില്ല .. വയറില്‍ ഒരു കുടം സ്ഥാനം പിടിച്ചിരിക്കുന്നു ..മൊത്തത്തില്‍ നല്ലതായി തടിച്ചിട്ടുമുണ്ട് … ഞങ്ങളുടെ ജൂനിയര്‍ ബാച്ചിലെ ഒരു കുട്ടിയെ പ്രണയിച്ചു അവളെ തന്നെ വേളി കഴിച്ച് ഇപ്പോള്‍ ബാംഗ്ലൂരില്‍ ആണ് താമസം …

രണ്ടാമത്തെ കാറിലെ ബോബി കോതമംഗലം കാരനാണ് … അച്ചായനാണ് .. ബാംഗ്ലൂരിലെ ഒട്ടുമിക്ക കമ്പനികളിലും കഴിഞ്ഞ  പതിമൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജോലി ചെയ്തിട്ടുണ്ട് .. എല്ലാ കമ്പിനികളും മടുത്തു ഇപ്പോള്‍ വീണ്ടും ആദ്യ കമ്പിനിയായ ഐ ബി എമ്മില്‍ തന്നെ ചേക്കേറി ..  കുടുംബവുമായി ബാംഗ്ലൂരില്‍ താമസിക്കുന്നു… സ്വതസിദ്ധമായ വളിച്ച ചിരിയും ചിരിച്ചു കാറില്‍ നിന്നും ഇറങ്ങി.. വരാന്‍ താമസിച്ചതിലുള്ള ഞങ്ങളുടെ അടങ്ങാത്ത ദേഷ്യം ഞാനും ബിജുവും ജിതെഷും കൂടി .. ബോബിയുടെ മണ്ടക്ക് തീര്‍ത്തു .. പരമുവിനെയും ചെറുതായി പള്ളുപറഞ്ഞു …

വരാന്‍ താമസിച്ച കാരണങ്ങള്‍ ഓരോന്നായി പരമു വിശദീകരിച്ചു .. വരുന്നവഴി ഓവര്‍ സ്പീഡിനും  സീറ്റ് ബെല്‍റ്റിടാത്തതിനും  ബോബിയെ പോലീസ് പിടിച്ചെന്നും… അവിടുന്ന് അവനെ ഊരിക്കൊണ്ടുവരാന്‍ ഒരുപാട് പാട് പെട്ടന്നും… അവസാനം സ്വരൂപിനു മുഖ്യന്‍ ഉമ്മന്‍ചാണ്ടിയുമായുള്ള തന്റെ  ബന്ധം വെളിപ്പെടുത്തേണ്ടി വന്നെന്നും.. അത് കേട്ടപ്പോള്‍ അതുവരെ പുലിപോലെ നിന്ന പോലീസുകാര്‍ എലിപോലെയായെന്നും .. സ്വരൂപിനിട്ടൊരു സല്യൂട്ട് അടിച്ചെന്നും…  ഒക്കെ പലതരം വെടികളും…. താമസിച്ചു വന്നതിന്റെ കാരണമായി പരമു പൊട്ടിച്ചു .. അതൊക്കെ ഞങ്ങള്‍ അവിശ്വാസത്തോടെയെങ്കിലും ചിരിച്ചുകൊണ്ട്  കേട്ടുകൊണ്ട്.. അപ്പോഴേക്കും മുരളിച്ചേട്ടന്‍ വന്നു കാറില്‍ നിന്നും ബാഗുകള്‍ ഓരോന്നായി റൂമിലേക്ക്‌ കൊണ്ട് പോയി.. പരമുവിന്റെയും ബോബിയുടെയും വിശേഷങ്ങള്‍ ഒക്കെ കേട്ടുകൊണ്ട് നിന്നപ്പോള്‍ ദൂരെ നിന്നും ആരോ കൂവുന്ന ഒരു ഒച്ച കേട്ടു…

ഞങ്ങള്‍ തിരിച്ചും കൂവി .. വീണ്ടും അപ്പുറത്തു നിന്നും കൂവല്‍ കേട്ട് … എവിടെയോ കേട്ട് മറന്ന ഒരു ശബ്ദം.. വീണ്ടും ഞങ്ങള്‍ കൂവി … ഇത്തവണത്തെ തിരിച്ചു കൂവലില്‍ ഞങ്ങള്‍ക്ക് ആളെ മനസ്സിലായി.. വയനാടിന്റെ സ്വന്തം പുത്രം ബത്തേരിക്കാരന്‍ സജിയാണ് കൂവുന്നത്.. മെല്ലെ മെല്ലെ അവരുടെ കാലടികള്‍ ഞങ്ങളെ പുളകം കൊള്ളിച്ചുകൊണ്ട് അടുത്തടുത്തു വന്നു..

അതാണ്‌ അച്ചായന്റെ റിസോര്‍ട്ടിലെ അടുത്ത പ്രത്യേകത .. ,എന്തൊരു നിശബ്ദമാണന്നോ അവിടം.. പകല്‍ കാറ്റിന്റെയും… അതുകാരണം അനങ്ങുന്ന ഇലകളുടെയും മാത്രം ശബ്ദമേ അവിടെ ഉള്ളൂ ..ഇതല്ലാതെ കേള്‍ക്കുന്നത് …വല്ലാപ്പോഴും അട്ടഹസിക്കുന്ന മലയണ്ണാന്റെ ശബ്ദം.. ദിവസത്തില്‍ ഒന്നുരണ്ട് തവണ വരുന്ന സണ്ണിച്ചായന്റെ ജീപ്പിന്റെ ശബ്ദം… പിന്നെ അവിടുത്തെ സന്ദര്‍ശകരായ ഞങ്ങളെ പോലെ ഉള്ളവര്‍  ചിലക്കുന്ന അല്ലെങ്കില്‍ അട്ടഹസിക്കുന്ന ശബ്ദം… പക്ഷെ രാത്രിയായാല്‍ കളി മാറും..  ചീവിടുകളുടെ നിലവിളി മത്സരമാണ്  … മഴകൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.. നമ്മുടെ നാട്ടിലെ ഒരു പത്തു പതിനഞ്ചു തുള്ളികള്‍ ചേരുന്നതാ അവിടുത്തെ ഒരു തുള്ളി.. അത് വന്നു റിസോര്‍ട്ടിന്റെ മേലുള്ള മെറ്റല്‍ ഷീറ്റില്‍ പതിക്കുന്ന സൌണ്ട് കേട്ടാല്‍ .. ആരോ കല്ല് വലിച്ചു നമ്മുടെ റിസോര്‍ട്ടിനിട്ടു എറിയുന്നതാണെന്ന് തോന്നും.. കഴിഞ്ഞ തവണ വന്നപ്പോള്‍ ഉറക്കത്തില്‍ ആ സൌണ്ട് കേട്ട് പല തവണ ഞാന്‍ ഞെട്ടി ഉണര്‍ന്നായിരുന്നു .. ഉണര്‍ന്നു നോക്കുമ്പോള്‍ പലപ്പോഴും ബിജുവും ഉണര്‍ന്നിരിക്കുന്നത് കാണാമായിരുന്നു.. ഏതായാലും എല്ലാവരെയും കൊതിപ്പിക്കുകയും ത്രസിപ്പിക്കുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു സ്ഥലമാണ് അച്ചായന്റെ റിസോര്‍ട്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല..

ആദ്യം വന്നത് ഷിറാസും സജിയും കൂടിയാണ് … പിന്നെ ഓരോരുത്തരായി പ്രത്യക്ഷപെട്ട് തുടങ്ങി .. സഫീര്‍, സ്വരൂപ്‌, സുമേഷ് , ബിനു ബാലകൃഷ്ണന്‍ .. തുടങ്ങിയവര്‍ പിന്നാലെ എത്തി..  ഏതായാലും അവരുടെ ബോഡി ലാംഗ്വേജ് കണ്ടാല്‍ അറിയാം നടന്നു നടന്നു കട്ടേം പടോം മടങ്ങിയെന്ന്…. റിസോര്‍ട്ടില്‍ വന്നു കയറിയതും ഷിറാസും      സജിയും.. സുമേഷും കൂടി ബോബ്ബിയെയും പരമുവിനെയും നല്ലവണ്ണം പള്ള് പറഞ്ഞു .. കാര്യം അന്വേക്ഷിച്ചപ്പോഴാണ് സംഗതി ഞങ്ങള്‍ക്ക് മനസ്സില്ലായത് .. ദുര്‍ഘട പാതയുടെ തുടക്കത്തില്‍ കുറച്ചു കല്ലുകള്‍  ഇളകി കിടപ്പുണ്ട്… കാറിന്റെ അടി തട്ടാതിരിക്കാന്‍ വേണ്ടി ഡ്രൈവര്‍ ഒഴികെ ബാക്കി ഉള്ളവര്‍ അവിടെ ഇറങ്ങി.. മുഴുവന്‍ വളവും തിരിവും ആയ റോഡില്‍ അവര്‍ കാറുകള്‍ പയ്യെ ഓടിച്ചു പോയി.. മോശമായ വഴി കഴിയുമ്പോള്‍ കാറ് നിര്‍ത്തുമെന്നും അപ്പോള്‍ തിരികെ കയറാമെന്നുമുള്ള പ്രതീക്ഷയില്‍  ബാക്കിയുള്ളവര്‍ പിന്നാലെ നടന്നു.. ഓരോ വളവു തിരിയുമ്പോഴും അവിടെ കാറുണ്ടാവുമെന്ന പ്രതീക്ഷയില്‍ നടന്നു നടന്നു അവസാനം എല്ലാ വളവും തിരിവം കഴിഞ്ഞു റിസോര്‍ട്ടില്‍ എത്തി.. അതിന്റെ അരിശമാണ് പരമുവിന്റെയും ബോബിയുടെയും മേല്‍ തീര്‍ത്തത്.. ആ സംവാദം ഞങ്ങള്‍ക്ക് ശരിക്കും ചിരിക്കാനുള്ള വക നല്‍കി..

ദേഷ്യം വരുമ്പോള്‍ ഷിറാസിനെ കാണാന്‍ ഒരു പ്രത്യേക രസമാണ് .. ചുണ്ടുകളും തലമുടിയും കൈകളും എല്ലാം കിടന്നു വിറക്കും .. വാക്കുകള്‍ നിയന്ത്രണാതീതമാകും .. പലതും പറയണമെന്ന് ഷിറാസിനു ആഗ്രഹമുണ്ടെങ്കിലും വിറയല്‍ കാരണം വാക്കുകള്‍ ഒന്നും പുറത്തു വരില്ല.. നീലക്കുറുഞ്ഞി പൂക്കും പോലെ വല്ലപ്പോഴും ഒരിക്കലാണ് ഷിറാസിന്റെ ക്ഷമയുടെ പരധി വിട്ടു  ദേഷ്യത്തിന്റെ വികാര വിക്ഷോഭങ്ങള്‍ പുറത്തു വരുന്നത്..പക്ഷെ അത് പലപ്പോഴും ഓവര്‍ ദേഷ്യം കാരണം പോട്ടത്തില്ല…  ചീറ്റി പോകും.. ഏതായാലും പ്രായത്തിന്റെ മാറ്റം ഷിറാസില്‍ വല്ലാതെ പ്രകടമായിരിക്കുന്നു.. തലമുടി കൂടുതല്‍ നരച്ചിരിക്കുന്നു.. മുഖവും ശരീരവും ഞാന്‍ പ്രായമായി എന്നറിയിക്കുന്ന പോലെയും തോന്നി..

സുമേഷ് …സ്നഗ്ഗി എന്ന അപര നാമത്തിലാണ് അറിയപെട്ടിരുന്നത്.. കുട്ടിത്തമുള്ള മുഖവും നിഷ്കളങ്കമായ ചിരിയും സുമേഷിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട്‌ നിര്‍ത്തി.. മുഖം ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ തന്നെ….ശരീരം കുറച്ചു തടിചിട്ടുള്ളതൊഴിച്ചാല്‍ സുമെഷില്‍ വലിയ മാറ്റങ്ങളൊന്നും ദൃശ്യമല്ല..ഞങ്ങളുടെ ബാച്ച്മേറ്റായ മേരി ജോണിനെ വിവാഹം ചെയ്തു ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസമാണ് .ഞങ്ങളുടെ ബാച്ചിലെ ആദ്യ ജോലിക്കാരനും ആദ്യമായി വിവാഹിതനായതും സുമേഷ് ആണെന്നാണ് എന്റെ ഓര്‍മ്മ..

സുമേഷിന്റെയും മേരിയുടെയും പ്രണയം ഞങ്ങളുടെ കോഴ്സ് അവസാനിക്കാറാകും വരെ തികച്ചും രഹസ്യമായിരുന്നു..അത് പരസ്യമായത്തിന്റെ പിന്നില്‍ രസകരമായ ഒരു കഥയുണ്ട്..

(തുടരും)

Tag Cloud